വീണ്ടും ഞാൻ നോമ്പുകാരിയായി
text_fieldsവർഷങ്ങൾക്ക് മുമ്പാണ് ആദ്യമായി ഞാൻ റമദാൻ നോമ്പെടുത്തത്. അതിശയമെന്ന് പറയട്ടെ ഇത്തവണ എന്നെ നോമ്പുകാരിയാക്കിയത് എന്റെ അരുമയായ കുഞ്ഞു വിദ്യാർഥികൾ. സ്കൂളിലെ ചെറിയ ക്ലാസുകളിൽ രാവിലെയുള്ള ഇന്റർവെൽ ടൈമിൽ അധ്യാപകർ ക്ലാസിലിരിക്കണമെന്നാണ് സ്കൂളിലെ നിയമം. അങ്ങനെ ഒരു ദിവസം ഒന്നാം ക്ലാസ് റൂമിലിരിക്കുന്ന സമയത്താണ് ചില കുട്ടികൾ കൈകഴുകാൻ വാഷ് റൂമിൽ പോകാതെ ക്ലാസിൽ തന്നെ ഇരിക്കുന്നത് ശ്രദ്ധയിൽപ്പെട്ടത്.
അവരോട് ക്ലാസിൽ തന്നെ ഇരിക്കുന്നതിന്റെ കാരണമന്വേഷിച്ചപ്പോഴാണ് അവരും നോമ്പുകാരാണെന്ന് ഞാനറിഞ്ഞത്. ഇത്ര ചെറുപ്പത്തിലേ കുട്ടികൾ നോമ്പെടുക്കുമോ? പകൽ മുഴുവൻ ഒരു തുള്ളി വെള്ളം പോലും കുടിക്കാതെ സഹനത്തിന്റെ പ്രാർഥന വഴിയിലൂടെ ഈ കുഞ്ഞുങ്ങൾക്ക് സഞ്ചരിക്കാമെങ്കിൽ എന്തുകൊണ്ടെനിക്കുമായിക്കൂടാ എന്നപ്പോൾ മനസ്സിൽ തോന്നി. ആ ചിന്ത എന്നെ വീണ്ടും റമദാൻ നോമ്പിലെത്തിച്ചു. ഞാനും ഈ റമദാനിൽ എന്റെ മുസ്ലിം സഹോദരങ്ങളുടെ കൂടെ നോമ്പ് എടുക്കുകയാണ്. എത്രത്തോളം കഴിയുമോ അത്രത്തോളം എടുക്കണമെന്നാണ് കരുതുന്നത്. ഇത് എന്റെ കുട്ടികൾ എന്നിലേക്ക് പകർന്ന ആത്മീയ പ്രചോദനമാണ്.
ഒരിക്കൽ അൽ ഖുവൈറിൽ ഒരു പള്ളിയുടെ അടുത്തു കൂടി കടന്നുപോകവേ, കണ്ട കാഴ്ച് എന്നെയേറെ അത്ഭുതപ്പെടുത്തി. വലിയ വാഹനങ്ങളിൽ അരിയും,കുക്കിങ് ഓയിലും ഭക്ഷണത്തിനാവശ്യമായ മറ്റു സാധനങ്ങളും ദാനം ചെയ്യുന്ന ഒമാനി സഹോദരങ്ങൾ. അത് വാങ്ങിച്ചു കൊണ്ടുപോകുന്ന സാധാരണക്കാരുടെ മുഖത്ത് കണ്ട സന്തോഷം വേറൊരു ആഘോഷങ്ങൾക്കും നൽകാനാവുമെന്ന് തോന്നുന്നില്ല. റമദാനിലെ ഈ പുണ്യദാനധർമം ജീവിതത്തിന്റെ പ്രയാസം അനുഭവിക്കുന്ന സാധുക്കൾക്ക് എത്ര ആശ്വാസകരമായിരിക്കും.
മസ്കത്തിൽ വന്നതിന് ശേഷമാണ് മുസ്ലിംകളായ കൂട്ടുകാരെ കിട്ടിയതും, അവരുമായിട്ടിടപഴകുവാൻ അവസരം ഉണ്ടായതും. റമദാൻ നോമ്പു കാലം അവർക്ക് സ്നേഹത്തിന്റേയും കരുണയുടെയും നാളുകൾ തന്നെയാണെന്ന് അടുത്തറിയാൻ കഴിഞ്ഞതപ്പോഴാണ്.
എനിക്ക് മനസ്സിലായിടത്തോളം ജാതി, മത അതിർ വരമ്പുകൾക്കപ്പുറത്തുള്ള ഊഷ്മള ബന്ധമാണ് പ്രവാസികളുടെ ജീവിതമെക്കാലത്തും െവച്ചുപുലർത്തുന്നത്. എല്ലാ മതങ്ങളുടെയും വിശ്വാസങ്ങളും ആഘോഷങ്ങളും പരസ്പരം ബഹുമാനിച്ചും, അംഗീകരിച്ചും അതിൽ സന്തോഷം പങ്ക് വെക്കുന്ന ഒരു ജനസമൂഹത്തെയാണ് പ്രവാസ ലോകത്ത് കാണാൻ കഴിയുന്നത്. അതുകൊണ്ട് തന്നെ മസ്കത്തിൽ വന്നപ്പോൾ കിട്ടിയ സുഹൃത്ത് ആരിഫിലൂടെയാണ് നോമ്പു കാലത്തെക്കുറിച്ച് കൂടുതലറിയാൻ കഴിഞ്ഞത്. നോമ്പിനെക്കുറിച്ചറിഞ്ഞപ്പോൾ ആ വർഷം അവരുടെ കൂടെ ഞാനും റമദാൻ നോമ്പെടുത്തിരുന്നു. പിന്നീട് ആരോഗ്യ പ്രശ്നം മൂലം തുടർന്നുള്ള വർഷങ്ങളിൽ നോമ്പെടുക്കുവാൻ കഴിഞ്ഞിരുന്നില്ല. നേരം പുലരുന്നതിനു മുമ്പ് തുടങ്ങി വൈകീട്ട് വരെ ഭക്ഷണവും വെള്ളവും ഉപേക്ഷിച്ചു നിൽക്കുന്നത് മാത്രമല്ല റമദാൻ നോമ്പെന്ന് മനസ്സിലാക്കിതന്നത് ആരിഫും ഭാര്യ ഷെഫിനും കൂടിയായിരുന്നു. സഹജീവികളോട് കരുണയോടെ പെരുമാറുവാനും,സത്യസന്ധതയോടെ ജീവിക്കുവാനുമാണ് ഈ വിശുദ്ധ നോമ്പു കാലം നമ്മളെ പഠിപ്പിക്കുന്നത്.
ദാ, വർഷങ്ങൾക്ക് ശേഷം ഈ റമദാനിലും നോമ്പ് എന്നിലേക്ക് വന്നണഞ്ഞിരിക്കുന്നു. എന്റെ വിദ്യാർഥികളായ കുരുന്നുകൾ കൊണ്ടുവന്ന് തന്ന വിശിഷ്ട അതിഥിയാണ് റമദാൻ. ആത്മ ഹർഷത്തോടെ തന്നെ നമുക്ക് പ്രാർഥിക്കാം. എല്ലാവർക്കും സർവേശ്വരൻ സുന്ദരമായ ജീവിതം പ്രധാനം ചെയ്യട്ടെ. നന്മ നിറഞ്ഞ സാഹോദര്യസ്നേഹത്തിന്റെ പൊന്നമ്പിളി നമ്മുടെ മനസ്സിലും പ്രകാശം പരത്തട്ടെ. റമദാൻ കരീം
(ഇന്ത്യൻ സ്കൂൾ സീബിലെ അധ്യാപികയാണ് ലേഖിക)

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.