ജീവിതത്തിന്റെ അഞ്ച് തൂണുകൾ
text_fieldsവിശ്വാസ കാര്യങ്ങൾ കഴിഞ്ഞാൽ ഏറ്റവും പ്രധാനപ്പെട്ടത് കർമങ്ങളാണ്. അടിസ്ഥാനപരവും മിനിമം നിർവഹിക്കേണ്ടതുമായ കാര്യങ്ങൾ അഞ്ചെണ്ണമാണ് -ശഹാദത്ത്, നമസ്കാരം, നോമ്പ്, സകാത്ത്, ഹജ്ജ്. ഇവ ഇസ്ലാം കാര്യങ്ങൾ (ഇസ്ലാമിന്റെ പഞ്ചസ്തംഭങ്ങൾ) എന്നറിയപ്പെടുന്നു. വിശ്വാസത്തെയും പ്രവർത്തിയെയും ബന്ധിപ്പിക്കുന്ന പാലമാണ് ശഹാദത്ത് അഥവാ സാക്ഷ്യപ്രഖ്യാപനം.
ഉറച്ച ബോധ്യവും, തുറന്നു പറച്ചിലും, പ്രവൃത്തിയിലൂടെ തെളിയിക്കേണ്ടതും, മുഴുജീവിതത്തെ സ്പർശിക്കുന്നതുമായ ഒന്നാകണമത്. നിർബന്ധ നമസ്കാരം ദിവസത്തിൽ അഞ്ച് നേരമാണ്. മനുഷ്യനെ അല്ലാഹുവുമായി ബന്ധിപ്പിച്ച് നിർത്തുന്ന പ്രധാന ആരാധന. ദൈവസ്മരണ, പ്രാർഥന, ആത്മസംസ്കരണം, വ്യക്തി ശുചിത്വം, കർമ സംസ്കരണം തുടങ്ങിയ കാര്യങ്ങൾ നമസ്കാരത്തിലൂടെ സാധ്യമാകുന്നു.
നോമ്പ് ആത്മനിയന്ത്രണത്തിന്റെ വിദ്യാലയമാണ്. റമദാൻ മാസത്തിലാണ് അത് നിർബന്ധമാകുന്നത്. അച്ചടക്കം, സാമൂഹികബോധം, പരസഹായം, ദാനം, പാപമുക്തി തുടങ്ങിയ ആത്മീയവും ശാരീരികവുമായ ഫലങ്ങൾ നോമ്പിലൂടെ ലഭിക്കുന്നു. സകാത്ത് സമ്പത്തിന്റെയും മനസ്സിന്റെയും ശുദ്ധീകരണമാണ്. ഒരേ സമയം ആരാധനയും സാമൂഹിക ബാധ്യതയുമാണത്. കൃത്യമായ വ്യവസ്ഥകളും കണക്കുകളും ഉള്ള ഒരു സമ്പ്രദായം.
അത് സമൂഹത്തിൽ സാമ്പത്തിക സുരക്ഷിതത്വം സൃഷ്ടിക്കുന്നു. ജീവിതത്തിൽ ഒരിക്കൽ മാത്രം നിർബന്ധമായിട്ടുള്ള കർമ്മമാണ് ഹജ്ജ് - നിർവഹിക്കാൻ കഴിവുള്ളവർക്ക് മാത്രം. വിവിധ ഭാഷകളും രാജ്യങ്ങളും ഒരുമിക്കുന്ന അതുല്യ അനുഭവമാണത്. മനുഷ്യനെ മുഴുവനായി ശുദ്ധീകരിക്കുന്ന, ജീവിതത്തെ പുനഃസംഘടിപ്പിക്കുന്ന, ഏകദൈവ വിശ്വാസവും ഏകമാനവികതയും ഊട്ടിയുറപ്പിക്കുന്ന വലിയ കർമമാണ് ഹജ്ജ്. ഈ പഞ്ചസ്തംഭങ്ങളിലാണ് ഇസ്ലാക സൗധം നിർമിക്കപ്പെടുന്നത്. ഇതിന്റെ അടിത്തറയായി വിശ്വാസകാര്യങ്ങൾ കൂടി ചേരുമ്പോൾ അത് തകരാതെ നിൽക്കുന്ന ഘടനയായി മാറുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

