മംഗലാപുരത്തെത്തിയ ‘നോമ്പ്’
text_fieldsഏകദേശം നാലു പതിറ്റാണ്ടോളമുള്ള പ്രവാസ ജീവിതത്തിൽ അനുഭവിക്കാത്തൊരു റമദാൻ സ്മരണയാണ് എൺപതുകളുടെ അവസാനത്തിൽ മംഗലാപുരത്ത് നിന്നുണ്ടായത്. ബാല്യ കൗമാരങ്ങളിലെ നോമ്പോർമ്മങ്ങൾ വർണ്ണരഹിതമായിരുന്നു. ആകെയുള്ളത് നോമ്പിന് 15 ദിവസം മുമ്പ് വരുന്ന ബറാഅത്ത് ദിവസം വീടും വീട്ടു സാധനങ്ങളും മറ്റും കഴുകി വൃത്തിയാക്കുന്നോരു ചടങ്ങാണ്. അന്ന് കുട്ടികളായിരുന്ന നമുക്കൊക്കെ കൗതുകമുണർത്തുന്നൊരു കാര്യമായിരുന്നു വീട്ടിൽ ഭക്ഷണം കഴിക്കാനും ഉറങ്ങാനും മറ്റും ഉപയോഗിക്കുന്ന മന്തിരിയ (പുല്ലു പായയുടെ ശുദ്ധ മലയാളം) തറവാടിന്റെ മുൻപിലുള്ള സറാമ്പിയിലെ കുളത്തിൽ കൊണ്ട് പോയി സോപ്പിട്ട് കഴുകുന്ന ചടങ്ങ്. വിവിധ മതക്കാർ ഒരുമിച്ച് താമസിക്കുന്ന ഇടം ആയതിനാൽ തന്നെ റമദാനിൽ പ്രത്യേകമായൊരു വൈബൊന്നും അനുഭവപ്പെട്ടിരുന്നില്ല. അങ്ങിനെയിരിക്കുമ്പോഴാണ് മംഗലാപുരത്തേക്കുള്ള വിളിവന്നത്.
ഡിഗ്രി പൂർത്തിയാക്കി ജോലി അന്വേഷിച്ചു നടക്കുന്ന കാലം. നമ്മൾ വടക്കേ മലബാറുകാരുടെ ഇടയിൽ ഒരു ചൊല്ലുണ്ട് ‘ദുനിയാവും വിട്ട് മംഗലാപുരം പോവുക’ എന്ന്. അതിന് കാരണം നമ്മളൊക്കെ ചെറുപ്പത്തിൽ വിചാരിച്ചിരുന്നത് (ചിലരൊക്കെ ഇപ്പോഴും വിചാരിക്കുന്നത്) മംഗലാപുരം ലോകത്തിന്റെ അറ്റം ആണെന്നാണ്. ഇന്ത്യയുടെ വിവിധ ഭാഗത്ത് നിന്ന് വരുന്ന തീവണ്ടികളൊക്കെ അവസാന സ്റ്റോപ്പ് അന്ന് മംഗലാപുരം ആയിരുന്നു. മംഗലാപുരം കഴിഞ്ഞാൽ പിന്നെ അഗാധമായൊരു ഗർത്തമാണെന്നും അവിടെ ഭൂമി അവസാനിക്കുകയാണെന്നുമായിരുന്നു നമ്മളുടെയൊക്കെ ചിന്ത. മാത്രമല്ല നാട് വിട്ടു പോകാൻ ഏറ്റവും പറ്റിയ സ്ഥലം മംഗലാപുരം ആയിരുന്നു. ഹിന്ദി, ഉറുദു, കന്നഡ, തുളു, ഇംഗ്ലീഷ് ഇങ്ങിനെ തുടങ്ങി വിവിധങ്ങളായ ഭാഷകൾ പഠിക്കാനും ഏറ്റവും പറ്റിയ ഇടവും അത് തന്നെ.
അങ്ങിനെയാണ് നോമ്പിന്റെ രണ്ടു മാസം മുമ്പ് മംഗലാപുരം ബന്ദർ ജുമാ മസ്ജിദ് റോഡിലെ ‘ഹോട്ടൽ സെഞ്ച്വറി’ എന്ന സ്ഥാപനത്തിലേക്ക് ജോലിക്ക് കയറുന്നത്. പള്ളിക്കര ബ്രദേഴ്സിലെ പി.എ. ഇബ്രാഹിം ഹാജിയുടെ ഉടമസ്ഥതയിലുള്ള സ്ഥാപനം. കൂടെ എപ്പോഴും മുതലാളിയുടെ മരുമകൻ ഹാരിസ് ഉണ്ടാകും. നല്ല അടിപൊളി ബാച്ച്ലർ ലൈഫ്. അങ്ങിനെ അവിടെ ആദ്യത്തെ റമദാൻ വരവായി. രാത്രി തറാവീഹ് നമസ്കാരത്തിന് ഇറങ്ങിയപ്പോഴാണ് തെരുവിന്റെ മുഖം ആകെ മാറിയകാര്യം ശ്രദ്ധയിൽ പെട്ടത്. രാവ് ഹയാത്താക്കുക (സജീവമാക്കുക) എന്നൊക്കെ പറഞ്ഞു കേട്ടിട്ടേ ഉള്ളൂ.
പക്ഷെ അത് അക്ഷരാർഥത്തിൽ കണ്ണിനു മുമ്പിൽ കാണുകയായിരുന്നു. റോഡിനിരുവശവും കച്ചവടക്കാരും കാൽനടക്കാരുമടങ്ങിയ പുരുഷാരവും പിന്നെ വെളിച്ചത്തിൽ കുളിച്ചുനിൽക്കുന്ന തെരുവും പരിസരവും. വെറുതെയല്ല റമദാനിലെ പകലിരവുകൾക്ക് മറ്റ് മാസങ്ങളേക്കാൾ സജീവത ഏറെ ഉണ്ടെന്ന് പറയുന്നത്. അത് ഭൗതികവും ആത്മീയവും കൂടിക്കലർന്നതാണെന്ന് അന്ന് മനസ്സിലായി. ആ തെരുവുപോലെ തികച്ചും ദീപ്തമായിരുന്നു അന്നത്തെ ഓർമ്മകളും. ഇന്ന് ഇത്രയും വർഷങ്ങൾ കഴിഞ്ഞിട്ടും മംഗലാപുരത്തെ ആ രാത്രികൾ ജീവസ്സുറ്റതായി ഓർമ്മയുടെ ഓരത്ത് തിളങ്ങി നിൽക്കുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

