Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightLIFEchevron_rightSpiritualitychevron_rightRamadanchevron_rightകോൾഡ് സ്റ്റോറേജുകളിലെ...

കോൾഡ് സ്റ്റോറേജുകളിലെ ഈദ് സന്തോഷം

text_fields
bookmark_border
ramadan 2024
cancel

സാധാരണക്കാരായ മനുഷ്യർ കൂടുതലായി അന്നം കണ്ടെത്തുന്ന കോൾഡ് സ്റ്റോർ, കഫ്റ്റീരിയ മേഖലകളിൽ, അവധി എന്നത് അചിന്തനീയമാണ്. പല ദേശങ്ങളിൽ നിന്നും വ്യത്യസ്ത കുടുംബങ്ങളിൽ നിന്നും വന്നു ചേർന്നിട്ടുള്ളവർ, പല മതവിശ്വാസം കാത്തുസൂക്ഷിക്കുന്നവർ. പല തരത്തിലുള്ള മനുഷ്യർ ഒരു മുറിക്കുള്ളിൽ ഒത്തുകൂടുന്ന പെരുന്നാൾ കാഴ്ച വല്ലാത്തൊരു അനുഭൂതിയാണ് മനസ്സിൽ നിറക്കാറ്.

രാവിലെ പള്ളിയിൽ പോയതിനു ശേഷം നേരെ അസീസ്കാന്റെ ഹോട്ടലിൽ പോയി വിശാലമായ പ്രഭാത ഭക്ഷണവും കഴിച്ചു. കട തുറന്നാൽ ഉച്ച വരെ കടയിൽ തന്നെയായിരിക്കും. പിന്നെ ഉച്ച ഭക്ഷണത്തിനാണ് എല്ലാവരും ഒന്നായി വീട്ടിലെത്തുക. വിഭവസമൃദ്ധമായ വിഭവങ്ങളൊരുക്കാൻ ഉറക്കം മാറ്റിവെക്കുന്ന പോക്കർക്ക, അലീക്ക എന്നീ പേരുകൾ മറക്കാൻ കഴിയുന്നതല്ല.

ചെറിയൊരു മയക്കത്തിനും, നാട്ടിലെ പ്രിയപ്പെട്ടവരെയൊക്കെ വിളിച്ചു ഈദ് വിശേഷങ്ങൾ പങ്കുവെച്ചശേഷം മൂന്ന് മണിയോടെ കട വീണ്ടും തുറക്കാനെത്തുമ്പോൾ ഈദിയ എന്ന പേരിൽ മുതിർന്നവർ കൊടുക്കുന്ന കൈനീട്ടക്കാശുമായി കുട്ടികൾ കാത്തുനിൽക്കുന്നുണ്ടാവും. പുത്തനുടുപ്പുകളിട്ട് പൂമ്പാറ്റകളെപ്പോലെ പാറിക്കളിക്കുന്ന പിഞ്ചു മക്കളെ കാണുമ്പോൾ പിതാവിന്റെ പരിചരണം വല്ലാതെയൊന്നും അനുഭവിക്കാൻ കഴിയാതെ പോവുന്ന സ്വന്തം സന്താനങ്ങളെ ഓർത്ത് കണ്ണുകൾ നിറയും.

ബയ്യാ, ബയ്യാ, എന്ന് വിളിച്ചു ബറാദയിലേക്ക് (കോൾഡ് സ്റ്റോർ ) കയറി വരുന്ന കുട്ടികൾ വളർന്നു വിവാഹിതരായി അവരുടെ മക്കളും അതേ വിളിയോടെ കടയിൽ വരുമ്പോഴും പ്രാരബ്ധങ്ങളുടെ പങ്കപ്പാടുകളും പേറി സ്ഥാപനത്തിന്റെ നാലു ചുവരുകൾക്കിടയിൽ നമ്മളിൽ പലരും ഉണ്ടാവും എന്നത് പ്രവാസത്തിന്റെ മറ്റൊരു ദുരന്തവശമാണ്.

സാധാരണ ദിവസങ്ങളേക്കാൾ പെരുന്നാൾ ദിവസം നല്ല കച്ചവടം ഉണ്ടാവുമെങ്കിലും രാത്രി ഒരു മണി വരെ തുറന്നുവെക്കുന്ന കട പത്തു മണിക്ക് അടച്ചു ഭക്ഷണവും വാങ്ങി എല്ലാവരും സല്ലാഖ് ബീച്ചിലേക്ക് പുറപ്പെടും. മതിയാവോളം ഉപ്പുവെള്ളത്തിൽ കുളിച്ചു ഭക്ഷണവും കഴിച്ചു തിരികെ മുറിയിലെത്തുമ്പോൾ പാതിര കഴിഞ്ഞിട്ടുണ്ടാവും. വീണ്ടും പിറ്റേന്ന് യാന്ത്രികമായി ചലിക്കുന്ന ചാക്രിക താളത്തിലേക്കു ഉണർന്നെഴുന്നേൽക്കാനായി പുതപ്പിനുള്ളിലേക്ക് നൂണ്ടുകയറുന്നതോടെ ഒരു വിശേഷ ദിവസത്തിനു തിരശ്ശീല വീഴും.

കടലുകൾക്കപ്പുറവും ഇപ്പുറവും ഒന്നാകാനുള്ള വെമ്പലോടെ കാലം കഴിക്കുന്ന നിസ്സഹായരായ മനുഷ്യരുടെ വിരഹ നൊമ്പരങ്ങളുടെ ഉള്ളു പൊള്ളിക്കുന്ന കാത്തിരിപ്പിന്റെ വ്യഥ കലർന്ന കഥ കൂടിയാണ് പ്രവാസം പറഞ്ഞു തരുന്നത്. ജീവിതത്തിന്റെ മനോഹരമായ വർണങ്ങളും സൗന്ദര്യവും വി​ച്ഛേദിക്കപ്പെട്ട അവസ്ഥയിൽ വാസസ്ഥലവും തൊഴിലിടവും എന്ന രണ്ട് ധ്രുവങ്ങളിൽ കറങ്ങിത്തീരുന്ന ഹതഭാഗ്യരായ പാവങ്ങളുടെ കദനകഥ കൂടിയാണ് ഈ മരുഭൂമിയിൽ കാലം കഴിക്കുന്ന മനുഷ്യർക്ക് പറയാനുള്ളത്.

അലിവിന്റെ ഉറവകൾ വറ്റിത്തുടങ്ങിയോ എന്നു സന്ദേഹിക്കുന്ന ഈ കാലത്തും സമൂഹത്തിനും കുടുംബത്തിനും വേണ്ടി പരിധികളില്ലാതെ ചെലവഴിക്കുന്ന പ്രവാസികൾ അല്ലാത്ത മറ്റൊരു വിഭാഗത്തെ അടയാളപ്പെടുത്തുക സാധ്യമല്ല തന്നെ. ഓരോ അവധി കഴിഞ്ഞുള്ള മടക്ക യാത്രകളിലും ഇമകളിൽ തുളുമ്പി നിൽക്കുന്ന കണ്ണീരിനു കടലിനേക്കാൾ ഭാരമുണ്ടെന്ന തിരിച്ചറിവിൽ, ഭൂതകാലത്തിന്റെ തടവറയിൽ സ്വപ്‌നങ്ങൾ യാഥാർഥ്യമാക്കപ്പെടുമെന്ന പ്രതീക്ഷയിൽ മറ്റൊരു യാത്രയുടെ ദിനവും കാത്ത് കലണ്ടറിന്റെ താളുകൾ നോക്കി നെടുവീർപ്പയക്കുന്നവന്റെ പൊള്ളുന്ന ഹൃദയം വരഞ്ഞിടാൻ ഒരു കലാകാരനും കഴിയില്ല. നാട്ടിലെ പെരുന്നാൾ വിശേഷങ്ങൾ ചോദിച്ചറിയുമ്പോൾ ലഭിക്കുന്ന മാനസിക സന്തോഷത്തിന്റെ ബലത്തിൽ, ചോർന്നു തീർന്നുപോവുന്ന ജീവിതത്തെനോക്കി നെടുവീർപ്പയച്ചുകൊണ്ട് തലവഴി പുതപ്പിട്ടു മൂടി വീണ്ടും വരണ്ട തനിയാവർത്തനങ്ങളിലേക്ക് ഉണർന്നെഴുന്നേൽക്കുന്ന പാവം മനുഷ്യരുടെ കഥകൾ എത്ര പറഞ്ഞാലും തീരാത്ത പ്രഹേളികയാണ്. സ്നേഹപ്പുതപ്പ് കൊണ്ട് മനുഷ്യരെ ചേർത്തുപിടിക്കുന്ന ഒരു പെരുന്നാൾ കാലം എല്ലാ പ്രിയപ്പെട്ടവർക്കും നേരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Ramadan memoriesRamadan
News Summary - Eid happiness in cold storages
Next Story