ധർമപാത
text_fieldsവ്രതാനുഷ്ഠാനം സൃഷ്ടാവ് സൃഷ്ടികൾക്ക് തങ്ങളുടെ ജീവിതയാത്ര സുഗമവും സാർഥകവുമാക്കാൻ നൽകിയ പരിചയാണ്. കേവലം പട്ടിണിക്കും പ്രകടനപരമായ ആരാധനാപരതക്കുമപ്പുറം വ്രതത്തിന്റെ ആത്മാവിനെ തൊട്ടറിഞ്ഞ് നോമ്പെടുക്കുമ്പോഴാണ് ആ പരിച നമുക്ക് സ്വായത്തമാവുക. ‘‘വിശ്വാസികളേ, നിങ്ങളുടെമേൽ വ്രതാനുഷ്ഠാനം നിർബന്ധമാക്കപ്പെട്ടിരിക്കുന്നു, നിങ്ങളുടെ മുമ്പുള്ള സമൂഹങ്ങളുടെമേൽ നിർബന്ധമാക്കപ്പെട്ടതുപോലെ, നിങ്ങൾ തഖ്വയുള്ളവരായിത്തീരാൻ’’ എന്ന ഖുർആനിക സൂക്തം വ്രതാനുഷ്ഠാനത്തിന്റെ അകപ്പൊരുൾ കൃത്യമായി വരച്ചുകാട്ടുന്നു. ‘തഖ്വ’ എന്ന പദത്തിന്റെ അർഥം വളരെ വിശാലമാണ്. ഏതു പ്രതികൂല ഘട്ടത്തിലും നന്മയുടെ പാശത്തെ മുറുകെ പിടിക്കാനും തിന്മയെ വിപാടനം ചെയ്യാനുമുള്ള മനോഭാവവും സൂക്ഷ്മതയുമാണ് അതുകൊണ്ട് വിവക്ഷിക്കുന്നത്.
ഓരോ വിശ്വാസിയും ആത്മവിചാരത്തിനും ആത്മ പരിശോധനക്കും വിധേയമാകേണ്ട മാസമാണ് റമദാൻ. തന്റെ കഴിഞ്ഞകാല ജീവിതത്തിന്റെ കൃത്യമായ കണക്കെടുപ്പുകാലം. സകല അനുഗ്രഹങ്ങളും ചൊരിഞ്ഞ് ഭൂമിയിൽ സൃഷ്ടാവിന്റെ പ്രാതിനിധ്യവും നൽകിയ സൃഷ്ടാവിനെ അനുസരിക്കാനും സഹജീവികളോട് നീതിപുലർത്താനും എത്രത്തോളം സാധിച്ചെന്ന സ്വയം വിലയിരുത്തലിന് വിധേയമാകുമ്പോഴാണ് തുടർജീവിതം വിജയപ്രദമാകുന്നത്.
മനുഷ്യന്റെ ജീവിതപ്രയാണത്തിൽ മനഃപൂർവമോ അല്ലാതെയോ തിന്മകളുമായി ബന്ധപ്പെടാൻ ഇടവന്നെന്നിരിക്കും. എന്നാൽ, അവ പരിശോധിച്ചറിഞ്ഞ് തിരുത്തലിന് സന്നദ്ധരാകുമ്പോഴാണ് ജീവിതം സാർഥകമായിത്തീരുന്നത്. അത്തരമൊരു തിരുത്തൽ പ്രക്രിയയാണ് വ്രതാനുഷ്ഠാനത്തിലൂടെ റമദാനിൽ നടക്കേണ്ടത്. ചെയ്ത പാപങ്ങൾ തിരിച്ചറിഞ്ഞ്, പശ്ചാത്തപിച്ച് രക്ഷിതാവിലേക്ക് മടങ്ങാനുള്ള മാസമാണ് റമദാൻ.
എത്ര വലിയ പാപിക്കും തെറ്റുതിരുത്തി നന്മയിലേക്ക് മടങ്ങാൻ പ്രേരണയും കരുത്തും നൽകുന്ന മതമാണ് ഇസ്ലാം. റമദാൻ അതിനുള്ള സുവർണവസരമായി അല്ലാഹുവും തിരുനബിയും ഓർമപ്പെടുത്തുന്നു. പാപിയെ കൂടുതൽ പാപങ്ങളിലേക്ക് തള്ളിവിടാനല്ല, ഏതുവിധേനയും അതിൽനിന്ന് പിന്തിരിപ്പിച്ച് പുതിയൊരു ലോകം സാധ്യമാണെന്ന് പ്രതീക്ഷ നൽകി തിരികെ നടത്താനാണ് ഇസ്ലാം ആഹ്വാനം ചെയ്യുന്നത്.
‘‘നബിയേ, താങ്കൾ പറയൂ, സ്വന്തം ആത്മാക്കളോട് അതിക്രമം പ്രവർത്തിച്ചവരായ നിങ്ങൾ അല്ലാഹുവിന്റെ കാരുണ്യത്തിൽ നിരാശരാവേണ്ട. നിശ്ചയം, അല്ലാഹു സകല പാപങ്ങൾക്കും മാപ്പരുളുന്നവനാണ്. അവൻ ഏറെ പൊറുത്തു കൊടുക്കുന്നവനും അളവറ്റ ദയാപരനുമാണ്. നിങ്ങളുടെ രക്ഷിതാവിലേക്ക് മടങ്ങുകയും അവന് കീഴ്പ്പെട്ട് ജീവിക്കുകയും ചെയ്യുവിൻ’’ എന്ന ഖുർആനിക വചനങ്ങളിൽനിന്ന് ദൈവകാരുണ്യത്തിന്റെ ഖജനാവിന്റെ വലുപ്പവും അതിലേക്കുള്ള സൃഷ്ടികളുടെ മടക്കത്തെ എത്ര താൽപര്യത്തോടെയാണ് സൃഷ്ടാവ് ആഗ്രഹിക്കുന്നതെന്നും വ്യക്തമാണ്. ആകാശഭൂമികൾക്കിടയിലെ വലുപ്പത്തോളം പാപം ചെയ്ത അടിമയോടും അവന്റെ പശ്ചാത്താപം സ്വീകരിക്കാൻ പടച്ചവൻ ഒരുക്കമാണെന്ന് പ്രവാചകനും പഠിപ്പിച്ചിട്ടുണ്ട്.
നമ്മെ രൂപകൽപന ചെയ്ത്, ജീവൻ പകർന്ന്, കണ്ണിനു കാഴ്ചയും കാതിന് കേൾവിയും നാവിന് രസവും കൈകാലുകൾക്ക് ചലനവും മനസ്സിന് ഓർമശക്തിയും നൽകി അനുഗ്രഹവർഷം ചൊരിയുന്ന, കരുണാമയനായ ദൈവംതമ്പുരാന്റെ കാരുണ്യത്തിന്റെയും ദയയുടെയും വലുപ്പം ആർക്കും അളക്കാവുന്നതല്ല. ആത്മാർഥ പ്രാർഥനയിലൂടെയും പ്രവർത്തനങ്ങളിലൂടെയും അത് നേടിയെടുക്കാൻ നാം സന്നദ്ധരാകണമെന്നുമാത്രം. അതിനുവേണ്ടത് കേവലം വായ്ത്താരിയല്ല, മറിച്ച് പശ്ചാത്താപവിവശമായ മാനസിക പരിവർത്തനത്തോടെയുള്ള ഹൃദയത്തിന്റെ തേട്ടമാണ്. ഒപ്പം, തെറ്റുകളിലേക്ക് ലവലേശം മടങ്ങാതിരിക്കാനുള്ള ദൃഢപ്രതിജ്ഞയും തികഞ്ഞ ജാഗ്രതയുമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

