ഇരുളും വെളിച്ചവും
text_fieldsകപടവിശ്വാസികൾ അവസരവാദികളാണ്. സുഖവും സൗകര്യവും നോക്കി അവർ നിലപാടുകൾ മാറ്റും. ഒരിടത്തും ഉറച്ചു നിൽക്കാൻ അവർക്ക് കഴിയില്ല. സ്വന്തമായി ആദർശമോ നിലപാടോ അവർക്ക് ഉണ്ടായിരിക്കുകയില്ല. അല്ലാഹു അവരെ അടയാളപ്പെടുത്തുന്നത് നോക്കുക.
‘തീര്‍ച്ചയായും ഈ കപടവിശ്വാസികള്‍ അല്ലാഹുവെ വഞ്ചിക്കാന്‍ നോക്കുകയാണ്. യഥാര്‍ഥത്തില്‍ അല്ലാഹു അവരെ സ്വയം വഞ്ചിതരാക്കുകയാണ്. അവര്‍ നമസ്കാരത്തിനു നില്‍ക്കുന്നതുപോലും അലസന്മാരായാണ്. ആളുകളെ കാണിക്കാന്‍ വേണ്ടിയും. അവര്‍ വളരെ കുറച്ചേ അല്ലാഹുവെ ഓര്‍ക്കുന്നുള്ളൂ. ഇവരോടോ അവരോടോ ചേരാതെ രണ്ടുകൂട്ടര്‍ക്കുമിടയില്‍ ചാഞ്ചാടിക്കൊണ്ടിരിക്കുകയാണവര്‍. അല്ലാഹു ആരെ വഴികേടിലാക്കിയോ അവന് വിജയമാര്ഗം കണ്ടെത്താന്‍ നിനക്കാവില്ല. (വിശുദ്ധ ഖുർആൻ 4:142,143).
വിശ്വാസികളുടെ അടുത്തെത്തുമ്പോൾ അവർ പറയും ഞങ്ങളും വിശ്വാസികളാണെന്ന്, നിഷേധികളുടെ കൂട്ടത്തിലാവുമ്പോൾ അവർ പറയും ഞങ്ങൾ നിങ്ങളുടെ കൂടെയാണെന്ന്. കൂരിരുട്ടിൽ വെളിച്ചം കിട്ടിയപ്പോൾ കാഴ്ച പോയവരെപോലെയാണ് അവരുടെ അവസ്ഥ എന്ന് ഖുർആൻ ഉദാഹരിക്കുന്നു. ഒരു വസ്തുവിനെ നമുക്ക് കാണാൻ രണ്ട് കാര്യങ്ങൾ നിർബന്ധമായും വേണം. ഒന്ന് വെളിച്ചം മറ്റൊന്ന് അത് കാണാനുള്ള കണ്ണ്.
എല്ലാവരും ഇരുട്ടിൽ തപ്പിത്തടയുകയായിരുന്നു. അപ്പോൾ അവരുടെ കൂട്ടത്തിലുള്ള ദൈവദൂതൻ വിളക്ക് കൊളുത്തുന്നു. പ്രകാശം പരക്കുന്നു. പലരും ആ വെളിച്ചം ഉപയോഗപ്പെടുത്തുന്നു. പക്ഷെ അപ്പോഴേക്കും സ്വയം കൃതാനർഥം കാരണം അവസരവാദികൾക്ക് കാഴ്ച പോയി. വെളിച്ചം അല്ലാഹു കൊണ്ട് പോയി. ഫലം ഇരുട്ട് തന്നെ. വെളിച്ചം വരുന്നതിനു മുമ്പും ഇരുട്ട് വെളിച്ചം കിട്ടിയതിനു ശേഷവും ഇരുട്ട്. വല്ലാത്തൊരു ദുരവസ്ഥയാണ് കപടവിശ്വാസികൾക്ക്!
അല്ലാഹു അവരെ ഉദാഹരിക്കുന്നത് ഇങ്ങനെയാണ്. അവരുടെ ഉപമ ഇവ്വിധമാകുന്നു: ഒരാള്‍ തീകൊളുത്തി. ചുറ്റും പ്രകാശം പരന്നപ്പോള്‍ അല്ലാഹു അവരുടെ വെളിച്ചം അണച്ചു. എന്നിട്ടവരെ ഒന്നും കാണാത്തവരായി കൂരിരുളിലുപേക്ഷിച്ചു. ബധിരരും മൂകരും കുരുടരുമാണവര്‍. അതിനാലവരൊരിക്കലും നേര്‍വഴിയിലേക്കു തിരിച്ചുവരില്ല (വിശുദ്ധ ഖുർആൻ 2:17, 18).
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

