റമദാൻ കിറ്റിൽ ഈത്തപ്പഴം നിറച്ച് ബ്രിട്ടീഷ് രാജാവും രാജ്ഞിയും
text_fieldsബ്രിട്ടീഷ് രാജാവ് ചാൾസും രാജ്ഞി കാമില പാർക്കറും
ലണ്ടനിലെ ‘ഡാർജിലിങ് എക്സ്പ്രസി’ൽ
ലോകമെങ്ങും ഇസ്ലാം മത വിശ്വാസികൾ റമദാൻ വ്രതക്കാലത്തെ വരവേൽക്കാൻ ഒരുക്കങ്ങൾ നടത്തുകയാണിപ്പോൾ. ഇതിന് ഐക്യദാർഢ്യം പ്രകടിപ്പിച്ച് ബ്രിട്ടീഷ് രാജാവ് ചാൾസും രാജ്ഞി കാമില പാർക്കറും ലണ്ടനിലെ പ്രശസ്തമായ ഡാർജിലിങ് എക്സ്പ്രസ് റസ്റ്റാറന്റിൽ ഈത്തപ്പഴം പാക്ക് ചെയ്യുന്ന വിഡിയോ ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുകയാണ്. ഇന്ത്യൻ വംശജയും ഡാർജിലിങ് എക്സ്പ്രസിന്റെ ഉടമയുമായ പ്രശസ്ത ഷെഫ് അസ്മ ഖാനാണ് ആതിഥേയത്വം വഹിച്ചത്. ഇഫ്താറിന് വിതരണം ചെയ്യാനുള്ള ഈത്തപ്പഴം കമ്യൂണിറ്റി സർവിസിന്റെ ഭാഗമായി രാജാവും രാജ്ഞിയും കഴിഞ്ഞ ദിവസമാണ് റസ്റ്റാറന്റിൽ വെച്ച് പാക്ക് ചെയ്തത്.
രാജകുടുംബത്തിന്റെ ഔദ്യോഗിക എക്സ് ഹാൻഡിലിലും വിഡിയോ പോസ്റ്റ് ചെയ്തിട്ടുണ്ട്. ‘‘ഡാർജിലിങ് എക്സ്പ്രസിൽ ഈത്തപ്പഴം പാക്ക് ചെയ്യുകയാണ് രാജാവും രാജ്ഞിയും! റമദാനിൽ സൂര്യാസ്തമയനേരത്ത് നോമ്പ് മുറിക്കുമ്പോൾ കഴിക്കുന്ന ആദ്യ ഭക്ഷണമാണിത്. പ്രദേശത്തെ ആശുപത്രികളിൽ വിതരണം ചെയ്യാനുള്ളതാണിത്’’ -വിഡിയോക്കൊപ്പമുള്ള അടിക്കുറിപ്പിൽ പറയുന്നു.
‘‘രാജാവ് ഇത്ര വേഗത്തിൽ പാക്ക് ചെയ്യുമെന്ന് ഞാൻ കരുതിയില്ല’’ എന്ന ഷെഫ് അസ്മ ഖാന്റെ കമന്റിന്, ‘‘ഞാൻ സമയം പാഴാക്കാറില്ല’’ എന്ന ചാൾസിന്റെ മറുപടിയും രസകരമായി.
റസ്റ്റാറന്റിന്റെ അടുക്കള സന്ദർശിച്ച രാജദമ്പതിമാർ, സ്ഥിരം താമസസൗകര്യമില്ലാത്തവർക്ക് സൗജന്യ വിതരണം നടത്താനുള്ള ബിരിയാണി തയാറാക്കുന്ന ഹെഡ് ഷെഫ് ആശ പ്രധാനൊപ്പം അതിലും പങ്കു കൊണ്ടു.
ഷെഫ് അസ്മ ഖാനും ഡാർജിലിങ്എക്സ്പ്രസും
കൊൽക്കത്തയിൽ ജനിച്ച, ബ്രിട്ടീഷ് ഷെഫും എഴുത്തുകാരിയും ഹോട്ടലുടമയുമായ അസ്മ ഖാൻ നിയമത്തിൽ ഗവേഷണ പഠനത്തിനായി 1991ലാണ് ലണ്ടനിലെത്തിയത്. ലണ്ടനിലെ തന്റെ വീട്ടിൽ ഇന്ത്യൻ വിഭവങ്ങളുമായി ‘അത്താഴ ക്ലബ്’ ആരംഭിച്ചു. ഇതിന് പ്രചാരം ലഭിച്ചതോടെ ലണ്ടനിൽ ഡാർജിലിങ് എക്സ്പ്രസ് എന്ന പേരിൽ 2017ൽ ഇന്ത്യൻ റസ്റ്റാറന്റ് ആരംഭിച്ചു. പരമ്പരാഗത ഇന്ത്യൻ വിഭവങ്ങൾക്കു മാത്രമല്ല, സാമൂഹിക സേവന പ്രവർത്തനങ്ങൾക്കും മുന്നിലുള്ള ഡാർജിലിങ് എക്സ്പ്രസിൽ വനിത ജീവനക്കാരാണുള്ളത്.
ഷെഫ് അസ്മ ഖാൻ
ദക്ഷിണേഷ്യയിൽനിന്നുള്ള കുടിയേറ്റ വനിതകൾക്ക്, പാചക രംഗത്ത് പരിചയമില്ലാത്തവരാണെങ്കിലും അവർക്ക് പരിശീലനവും ജോലിയും നൽകി ശാക്തീകരിക്കുന്ന അസ്മ ഖാൻ രാജ്യത്ത് ഏറെ ആദരിക്കപ്പെടുന്ന സാമൂഹിക പ്രവർത്തകകൂടിയാണ്. ‘ടൈം’ മാസികയുടെ 2024ലെ ‘സമൂഹത്തെ സ്വാധീനിച്ച 100 വനിതകളി’ൽ അസ്മയുണ്ടായിരുന്നു. നെറ്റ്ഫ്ലിക്സിന്റെ 2019ൽ ‘ഷെഫ്സ് ടേബ്ളി’ൽ അവതരിപ്പിക്കപ്പെട്ട ആദ്യ ബ്രിട്ടീഷ് ഷെഫും ഇവരായിരുന്നു. യു.എന്നിന്റെ ഭക്ഷ്യപദ്ധതിയുടെ ഷെഫ് അഡ്വക്കറ്റുമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

