അനുഗ്രഹങ്ങൾ: രണ്ട് സമീപനങ്ങൾ
text_fieldsഅനുഗ്രഹങ്ങൾ ലഭിച്ചവരിൽ രണ്ട് തരം ആളുകളുണ്ട്. ചിലയാളുകൾ അഹങ്കരിക്കുകയും പെരുമ നടിക്കുകയും ചെയ്യുന്നു. മറ്റു ചിലർ വിനയവും നന്ദിമനോഭാവവും അനുഗ്രഹ ദാദാവിനോട് അനുസരണയും വെച്ച് പുലർത്തുന്നു. ജീവിതത്തിന് വെളിച്ചം നൽകുന്ന ഒരു മാർഗദർശനമുണ്ടാവുക എന്നതാണ് ഏറ്റവും വലിയ അനുഗ്രഹം. ശരിയായ തീരുമാനങ്ങൾ എടുക്കാനും, ഉത്തരവാദിത്തങ്ങൾ നിർവഹിക്കാനും, സംരംഭങ്ങളെ വിജയിപ്പിക്കാനും, നേട്ടങ്ങൾ കരസ്ഥമാക്കാനും, സങ്കീർണതകളിൽ നിന്ന് രക്ഷപ്പെടാനും മനുഷ്യന് മാർഗദർശനം ആവശ്യമാണ്. അറിവ്, ജീവിതപരിചയം, വിജ്ഞരുടെ ഉപദേശങ്ങൾ പോലെയുള്ള നല്ല മാർഗദർശികൾ നമുക്കുണ്ട്. എന്നാൽ ധാർമികവും സദാചാരപരവും നൈതികവുമായ മാർഗ്ഗദർശനമാണ് ഏറ്റവും പ്രധാനപ്പെട്ടത്.
ജീവിതത്തിന്റെ സകല മേഖലകളെയും സ്പർശിക്കുന്നതും, ഭൗതികവും ആത്മീയവുമായ ഏതൊരു കാര്യത്തിലും മനുഷ്യനെ ശരിയായ ദിശയിലേക്ക് നയിക്കുന്നതുമായ മാർഗ്ഗദർശനമാണ് ഏറ്റവും വലിയ അനുഗ്രഹം. അതിനെ ജീവിത വഴികാട്ടിയായി സ്വീകരിച്ചും, സമസൃഷ്ടികളിലേക്ക് പകർന്നുകൊണ്ടുമാണ് മനുഷ്യൻ നന്ദി പ്രകാശിപ്പിക്കേണ്ടത്.
ഐശ്വര്യം, സനാഥത്വം, സമ്പത്തിന്റെ സുരക്ഷിതത്വം, ദാരിദ്ര്യത്തിൽ നിന്നുള്ള മോചനം തുടങ്ങിയവയാണ് വിലമതിക്കാനാവാത്ത മറ്റു അനുഗ്രഹങ്ങൾ. നന്ദിമനോഭാവം ഉള്ളവൻ അനാഥയെ തലോടുകയും, ചോദിക്കുന്നവന് നൽകുകയും ചെയ്യണമെന്ന് ഖുർആൻ നിർദ്ദേശിക്കുന്നു. സർവോപരി, ജീവിതത്തിന്റെ എല്ലാ രംഗങ്ങളിലും അല്ലാഹുവിന്റെ അനുഗ്രഹങ്ങളെ ക്രിയാത്മകമായി പ്രകടിപ്പിക്കുകയും പ്രകീർത്തിക്കുകയും ചെയ്യേണ്ടതുണ്ട്. അവയുടെ അടയാളങ്ങൾ ജീവിത രീതികളിലും പ്രവർത്തനങ്ങളിലും പ്രകടമാകണം. ജ്ഞാനം വർദ്ധിക്കുമ്പോൾ അതിന്റെ നേട്ടം സ്വന്തത്തിലേക്കും മറ്റുള്ളവരിലേക്കും പകർന്ന് നൽകുന്നതും; ദരിദ്രൻ സമ്പന്നനാകുമ്പോൾ അതിന്റെ മാറ്റം അവനിൽ പ്രകടമാകുന്നതും അനുഗ്രഹ ദാദാവിന് ഇഷ്ടമാണ്.
സ്രഷ്ടാവിനോട് നന്ദി കാണിക്കാനും, സ്വജീവിതം നന്നാക്കാനും, സമസൃഷ്ടികളെ സേവിക്കാനും വേണ്ടി ദൈവാനുഗ്രഹങ്ങളെ ഉപയോഗിക്കുന്നവർ ശാശ്വത വിജയം നേടുന്നു. അഹങ്കരിക്കുകയും പെരുമ നടിക്കുകയും ചെയ്യുന്നവർക്ക് അത് ലഭിക്കുകയില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

