അല്ലാഹ് കരീം... സബ്ർ.. സബ്ർ.. യാ അഖീ
text_fieldsവായനക്കാർക്ക് തങ്ങളുടെ മറക്കാൻ പറ്റാത്ത നോമ്പനുഭവങ്ങൾ ഗൾഫ് മാധ്യമവുമായി പങ്കുവെക്കാം. 79103221 എന്ന നമ്പറിൽ വാട്സ്ആപ് ചെയ്യുകയോ oman@gulfmadhyamam.net എന്ന മെയിലേക്ക് അയക്കുകയോ ചെയ്യാം. തിരഞ്ഞെടുക്കുന്ന കുറിപ്പുകൾ മധുരകാരക്ക കോളത്തിലുടെ പ്രസിദ്ധീകരിക്കും.
2020ൽ ലോകം മുഴുവൻ ഭീതി വിതച്ചു കൊണ്ട് വന്നെത്തിയ കോവിഡ് മഹാമാരിയിലകപ്പെട്ട ഒരു നോമ്പുകാലം. ലോകം മുഴുവൻ വീടകങ്ങളിലേക്കും ഭയത്താൽ തീർത്ത പുറം തോടിന്റെ ഉള്ളിലേക്കും വലിഞ്ഞ കാലം. നിർബന്ധിതമായ ഈ സാഹചര്യത്തിലെന്നെ വരിഞ്ഞു മുറുക്കുന്ന ഒട്ടേറെ ആകുലതകളുമായി പുതിയ ഒരിടത്തേക്ക് സ്വയം പറിച്ചു നടേണ്ടിവന്ന നാളുകൾ. പുതിയ അയൽക്കാരാകട്ടെ, സ്വദേശികളായ ഒമാനി കുടുംബങ്ങൾ.. അവർ കാണുമ്പോൾ വശ്യമായി ചിരിക്കുന്നുണ്ടെങ്കിലും എന്റെ ഉള്ളിൽ ഒരു അപരിചിതത്വം നിരന്തമായി അലട്ടി കൊണ്ടിരുന്നു...
കഠിനമായ ചൂട് കാരണം വസ്ത്രങ്ങൾ കഴുകി ഉണക്കാനിടുന്നത് രാത്രി കാലങ്ങളിലാണ്. ഒരു ദിവസം രാവിലെ പതിവ് പോലെ ഉണങ്ങിയ വസ്ത്രങ്ങളെടുക്കാൻ ചെന്നപ്പോൾ അവിടെ ശൂന്യമായി കിടക്കുന്നു. എന്ത് അത്ഭുതമാണ് സംഭവിച്ചതെന്നറിയാതെ ചുറ്റും പരതി നടന്നുവെങ്കിലും വസ്ത്രങ്ങളെല്ലാം നഷ്ടപ്പെട്ടിരിക്കുന്നു എന്ന കാര്യം പതുക്കെ മനസിലായി.
നിസ്സഹായതയും നിരാശയും എന്നെ തളർത്തിയെങ്കിലും വിട്ടുകൊടുക്കാൻ മനസ്സ് സമ്മതിച്ചില്ല.. തൊട്ടടുത്ത സി.സി.ടിവി പരിശോധിക്കാൻ ശ്രമിച്ചു. പക്ഷേ അതെന്നോ പണി മുടക്കി വിശ്രമത്തിലാണെന്ന് മനസിലായി.. ഒടുക്കം ആവലാതിയുമായി കെട്ടിട ഉടമയുടെ മുന്നിലെത്തി. അല്ലാഹ് കരീം... സബ്ർ.. സബ്ർ..യാ അഖീ.. എന്ന് പുഞ്ചിരിയോടെ അദ്ദേഹം പരിഹാരം നിർദേശിക്കുന്ന പോലെ ചിരിച്ചു കൊണ്ട് പറഞ്ഞു.
എന്നാൽ ആ നോമ്പ് കാലമാകട്ടെ, എനിക്ക് വിഭവസമൃദ്ധിയുടെ കാലം തന്നെയായിരുന്നു എല്ലാ ദിവസവും രുചികരമായ ഭക്ഷണസാധനങ്ങൾ എത്തിക്കൊണ്ടേയിരുന്നു. അയൽവാസികളായ ഒമാനി കുടുംബങ്ങൾ ഈ കോവിഡിന്റെ കെട്ട കാലത്തും, എന്നെയും കുടുംബത്തെയും ഇത്രമേൽ കരുതലോടെ ഓർക്കുന്നുവെന്നത് എനിക്ക് അത്ഭുതമായി തോന്നി. ബന്ധങ്ങളെല്ലാം പരിസമാപ്തി കുറിച്ചു കൊണ്ടാണ് ഇനിയുള്ള ജീവിതമെന്ന് മസ്കത്തിലേക്ക് വിമാനം കാത്ത് നിൽക്കുമ്പോൾ തന്നെ മനസിനെ പറഞ്ഞു പഠിപ്പിച്ചിരുന്നു.. പ്രവാസ ലോകം അവനവൻ മാത്രമായ ജീവിതമാണെന്നായിരുന്നു പലരുടെയും ഉപദേശം. അന്യരാജ്യക്കാരൻ എന്ന അപകർഷതയുടെ വേലിക്കെട്ടുകൾ പൊളിച്ചുകൊണ്ട് ഈ ഒമാനി സഹോദരങ്ങൾ ഭക്ഷണരൂപത്തിൽ എന്നിലേക്ക് പ്രവഹിച്ചു കൊണ്ടേയിരുന്നു. മനുഷ്യർ കോറിയിട്ട അതിർത്തികളെ അതേപോലെയുള്ള മറ്റു ചില മനുഷ്യരാൽ സ്നേഹവും സാഹോദര്യവും അതിജയിക്കുന്നത് നനുത്ത ചിന്തയായി എന്റെ ഉള്ളിൽ നിറഞ്ഞു വന്നു. വീടിന്റെ അകത്തളങ്ങളിലുള്ളത് മുസല്ലയോ, കുറിയോ, കുരിശോ എന്ന് നോക്കാതെ മനുഷ്യൻ എന്ന് പരിഗണിക്കുന്ന സ്വപ്നതുല്യമായ അനുഭവം ഞാനിപ്പോൾ തിരിച്ചറിയുകയായിരുന്നു.
'വാട്ട് എ പീസ് വർക്ക് ഈസ് എ മാൻ' എന്ന ഷേക്സ്പിയറിന്റെ വരികളുടെ തനിയാവർത്തനം പോലെ മനുഷ്യർക്ക് സുന്ദരന്മാരും സുന്ദരികളുമാവാൻ ആഗോള സൗന്ദര്യ സൂചകങ്ങളോ മാനകങ്ങളോ നിർമിത ബുദ്ധിയുടെ ഈ കാലത്ത് പോലും ആവശ്യമില്ലെന്നും നിൽക്കുന്ന ഇടങ്ങളിൽ മാത്രം നിന്നുകൊണ്ട്തന്നെ സഹജീവികളുടെ പ്രശ്നങ്ങൾ മനസിലാക്കാനും അതിലിടപെടാനും ഒരു ആഗോള ഭാഷയും, വ്യാകരണവും ലവലേശം ആവശ്യമില്ലെന്നും മനുഷ്യ കേന്ദ്രീകൃതമായ കാഴ്ചപാടുകൾക്ക് മനുഷ്യനെ ശത്രുപക്ഷത്ത് നിർത്താനാവില്ലെന്നുള്ള തിരിച്ചറിവുകൾ കൂടി ഇതിനോട് ചേർത്തു വായിക്കേണ്ടതുണ്ട്.
റമദാൻ വ്രതവിശുദ്ധിയുടെ നാളുകൾ പെരുന്നാളിന്റെ ആഘോഷത്തിലേക്ക് വഴി മാറുന്ന ഒരു ദിവസം വാതിലിൽ ഒരു മുട്ടു കേൾക്കുന്നു. വാതിൽ തുറന്നപ്പോൾ നേരത്തെ സബ്ർ.. സബ്ർ എന്ന് പറഞ്ഞാശ്വസിപ്പിച്ചു വിട്ട എന്റെ ഒമാനിയായ കെട്ടിട ഉടമ അതേ പുഞ്ചിരിയുമായി നിൽക്കുന്നു. രണ്ടു മൂന്നു പ്ലാസ്റ്റിക് കവറുകൾ എനിക്ക് നേരെ നീട്ടി കൊണ്ട് അറബിയിലും, ഇംഗ്ലീഷിലുമായി അദ്ദേഹം പറഞ്ഞു. ‘ പെരുന്നാളിന് വസ്ത്രങ്ങൾ വാങ്ങുമ്പോൾ നിങ്ങൾക്ക് കൂടി വാങ്ങി, നഷ്ടമായത് തിരിച്ചു തരാൻ പറ്റില്ലെങ്കിലും സഹോദരാ... നിങ്ങളിത് സ്വീകരിക്കൂ’.... എന്ത് പറയണമെന്നറിയാതെ ഞാൻ കുഴങ്ങി.
ഒടുവിൽ സ്നേഹപൂർവം നിരസിച്ചു കൊണ്ട് ഞാൻ പറഞ്ഞു. ‘വളരെ സന്തോഷം ഉണ്ട്. എനിക്ക് തരക്കേടില്ലാത്ത ജോലിയും ശമ്പളവും ഉണ്ട്. അതില്ലാത്ത ഏതെങ്കിലും പാവങ്ങൾക്ക് കൊടുക്കൂ. അതല്ലേ കൂടുതൽ നല്ലത്’’. അദ്ദേഹം കുറെയേറെ നിർബന്ധിച്ചുവെങ്കിലും അവസാനം എന്റെ അപേക്ഷ സ്വീകരിച്ചുതിരിച്ചു പോയി. ആ കവറുകൾ ഏറ്റവും അർഹതയുള്ള ഏതെങ്കിലും കയ്യിലേക്കാണ് പോകുന്നത് എന്ന് എന്റെ മനസ്സ് അപ്പോഴേക്കും എന്നെ പഠിപ്പിച്ചു കഴിഞ്ഞിരുന്നു. അതിനു ഞാനും ഒരു നിമിത്തമായല്ലോയെന്ന ചാരുതാർഥ്യത്തോടെ തിരിഞ്ഞു നടക്കുന്ന ആ മനുഷ്യനെ ഞാൻ വീണ്ടും നോക്കി.
വിധവയെ കണ്ടുമുട്ടിയ ഖലീഫ ഉമറുൽ ഫാറൂഖിന്റെ കഥ മനസ്സിലേക്ക് അറിയാതെ കടന്നു വന്നു. മനുഷ്യരെ അടുത്തു നിന്നു നോക്കുമ്പോൾ ഈ ലോകമെത്ര സുന്ദരമാണെന്നും, ഈ അറേബ്യൻ മണലാരുണ്യത്തിലെ റമദാൻ പുണ്യം കൊണ്ടെത്ര അനുഗ്രഹിക്കപ്പെട്ടതാണെന്നും പറയാൻ ഇതിലുമധികമെന്താണ് വേണ്ടത്.
( ഇന്ത്യൻ സ്കൂൾ മസ്കത്ത് അധ്യാപകനാണ് ലേഖകൻ)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

