ഓർമകളുടെ നോമ്പുതുറ
text_fieldsമലങ്കര മഖാം ജുമാ മസ്ജിദും മറുകരയിലെ പൂക്കുഞ്ഞി മഖാമും
മുട്ടം: മലങ്കരയാറിന്റെ തീരത്തുനിന്ന് പലയിടത്തേക്ക് ചിതറിപ്പോയവരാണ് അവർ. എങ്കിലും എല്ലാ റമദാനിലും രണ്ടാമത്തെ ഞായറാഴ്ച അവർ ഒത്തുകൂടും. ഓളങ്ങളിളക്കി ഒഴുകുന്ന പുഴയുടെ തീരത്തെ തണുപ്പ് നിറഞ്ഞ പള്ളിയിലിരുന്ന് പഴയകാലത്തിന്റെ ഓർമയിൽ നോമ്പുതുറന്ന് ഓർമകൾ പറഞ്ഞ് ഒരിക്കൽ കൂടി. മലങ്കര മസ്ജിദിലാണ് ഇക്കുറിയും മുറ തെറ്റാതെ അവർ ഒത്തുകൂടി നോമ്പുതുറന്നത്.
വർഷങ്ങൾക്കു മുമ്പ് മലങ്കരയിൽ താമസിച്ചിരുന്നവരാണവർ. മലങ്കര എസ്റ്റേറ്റിൽ ടാപ്പിങ്ങിന് എത്തിയവരായിരുന്നു മലങ്കര ഭാഗത്ത് താമസിച്ചിരുന്ന മുസ്ലിംകളിൽ അധികവും. അതിൽ കുറേ പേർ നാട്ടിലേക്ക് മടങ്ങി. ശേഷിച്ചവർ തൊടുപുഴക്ക് അടുത്ത് ഇടവെട്ടി, മാർത്തോമ, പെരുമ്പിള്ളിച്ചിറ, കുമ്മംകല്ല്, വണ്ണപ്പുറം എന്നിവിടങ്ങളിൽ താമസമാക്കി. അവരാണ് നോമ്പുതുറക്കായി മലങ്കര മസ്ജിദിൽ ഒത്തുചേരുന്നത്.
മലങ്കരയാറിന്റെ തീരത്ത് തൊടുപുഴ-പുളിയന്മല സംസ്ഥാന പാതയുടെ ഓരത്ത് റബർ തോട്ടത്തിലാണ് ഈ മസ്ജിദ് സ്ഥിതി ചെയ്യുന്നത്. വർഷങ്ങളുടെ പഴക്കമുണ്ട് ഈ പള്ളിക്ക്. മലങ്കര റബർ എസ്റ്റേറ്റിൽ ടാപ്പിങ്ങിനെത്തിയവർക്ക് നമസ്കരിക്കാൻ പണിതതാണ് ഈ പള്ളി.
ഈ പള്ളിക്ക് അപ്പുറത്ത് മലങ്കരയാറിന്റെ മറുവശത്ത് പൂക്കുഞ്ഞി സീതിക്കോയ തങ്ങളുടെ മഖ്ബറയും സ്ഥിതി ചെയ്യുന്നു. 1919 കാലഘട്ടത്തിലാണ് മഖാം സ്ഥാപിതമായത്. 1975ലാണ് മലങ്കര മഖാം ജുമാമസ്ജിദ് നിർമിച്ചത്. റബർ തോട്ടത്തിനു നടുവിലെ ശാന്തമായ അന്തരീക്ഷവും തണുപ്പും നിറഞ്ഞ ഈ പള്ളി സഞ്ചാരികളുടെയും ഇഷ്ട കേന്ദ്രമാണ്. നൂറുകണക്കിന് ആളുകൾ മഖാമിലും പള്ളിയിലും വന്നു പോകുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

