സമാനതകളില്ലാത്ത പുണ്യകാലം
text_fieldsനോമ്പുകാലം ഒന്നുകൂടി വന്നെത്തി. അന്തരീക്ഷത്തിൽ ആത്മീയതയുടെ നനുത്ത തെന്നലുണ്ട്. കാറ്റിന് വിശുദ്ധിയുടെ പരിമളമുണ്ട്. നമസ്കാരത്തിലും സകാതിലും നോമ്പിലുമടക്കം ഇസ്ലാമിലെ മറ്റ് ആരാധനകർമങ്ങളിലുമെന്നപോലെ, വിശ്വാസിയുടെ ശരീരവും ആത്മാവും ഒരുപോലെ പങ്കെടുക്കുന്നുണ്ട് വ്രതത്തിലും. ശരീരത്തിലെ ദുർമേദസ്സുകളെയും ആത്മാവിലെ ഉറക്കുത്തുകളെയും കുടഞ്ഞൊഴിവാക്കുന്ന ഉറയൂരൽ പ്രക്രിയയാണ് വിശ്വാസിക്ക് നോമ്പ്. അതയാളുടെ ജീവിതത്തിന് സുതാര്യത നൽകുന്നു. വ്രതമനുഷ്ഠിക്കുക; അതിന് സമാനതകളില്ല എന്ന് നബി പറയുന്നുണ്ട്.
തന്റെ ജീവിതത്തിലെ ആശാസ്യമല്ലാത്ത പ്രവണതകളെ മാറ്റിയെടുക്കാനുള്ള അവസരമായി മുസ്ലിം റമദാൻകാലത്തെ കാണുന്നു. ചിലർ പുതിയ പ്രതിജ്ഞകളെടുക്കുമ്പോൾ മറ്റുചിലർ പ്രായോഗികമായിത്തന്നെ സ്വയം മാറുന്നു. ആത്മീയകാര്യങ്ങളിൽ മാത്രമായി ഒതുങ്ങിനിൽക്കുന്നില്ല ഈ മാറ്റങ്ങൾ. അതുവരെയുള്ള ജീവിതരീതികളിൽനിന്ന് റമദാനിലെ ശീലങ്ങളിലൂടെ തിരിഞ്ഞുനടക്കുന്നവരും കുറവല്ല; ആരാധനകർമങ്ങളിൽ, ജീവിതശൈലികളിൽ, തുടർരീതികളിൽ എല്ലാം.
പുലരിമുതൽ അന്തിവരെ തീനുംകുടിയുമുപേക്ഷിച്ച് ഭോഗേച്ഛയടക്കം ആസക്തികളെ തടഞ്ഞുനിർത്തി, നിഷിദ്ധവൃത്തികളിൽനിന്നും ആത്മീയമായ വിശുദ്ധിക്കു ചേരാത്ത വ്യവഹാരങ്ങളിൽനിന്നും ബഹളങ്ങളിൽനിന്നുമകന്ന് ഏകാഗ്രചിത്തതയോടെ അല്ലാഹുവിനെ ഉപാസിക്കുക എന്നതാണ് സാങ്കേതികമായി സൗ ം അഥവാ നോമ്പ്.
രൂപങ്ങൾ വ്യത്യസ്തമാണെങ്കിലും ഉപവാസം എല്ലാ സമൂഹങ്ങളിലുമുണ്ട്. പ്രാക്തന ഈജിപ്തിലെ വിഗ്രഹാരാധകർക്കിടയിലും ഗ്രീക്കുകാർക്കിടയിലും, വിശിഷ്യ, സ്ത്രീകൾക്കിടയിൽ, റോമക്കാർക്കിടയിലും അത് നിലനിന്നിരുന്നു. യഹൂദമതം ഉപവാസം അനുശാസിക്കുന്നുണ്ട്. ഉപവാസത്തെ പ്രോത്സാഹിപ്പിക്കുന്നതായും ഉപവാസിയെ പ്രശംസിക്കുന്നതായും തോറയിൽ കാണാം. മോശെ പ്രവാചകൻ നാൽപതുനാൾ ഉപവാസമനുഷ്ഠിച്ചിരുന്നു. ജെറൂസലേം പതനത്തിന്റെ ഓർമക്കായി യഹൂദർ ഇപ്പോഴും ഒരാഴ്ചക്കാലത്തെ ഉപവാസം അനുഷ്ഠിച്ചുവരുന്നു.
പകലുകളിലെ അന്നപാനീയങ്ങളുപേക്ഷിച്ചും ശരീരതൃഷ്ണകളെ തടഞ്ഞുനിർത്തിയുമുള്ള ഉപവാസമില്ലെങ്കിലും ഈസ്റ്റർ കാലത്തടക്കം വ്യത്യസ്തമായ ഉപവാസങ്ങൾ ക്രൈസ്തവർക്കിടയിൽ നിലനിൽക്കുന്നുണ്ട്. എന്നാൽ, യേശു, അദ്ദേഹമുൾക്കൊണ്ട യഹൂദപാരമ്പര്യമനുസരിച്ച് നാൽപതു ദിവസം ഉപവാസമനുഷ്ഠിച്ചിരുന്നതായി ബൈബിളിലുണ്ട്. ഹൈന്ദവ പാരമ്പര്യങ്ങളിലും വ്യത്യസ്ത തരത്തിലുള്ള ഉപവാസങ്ങൾ പ്രാദേശികമായ വകഭേദങ്ങളോടെ കാണാം. ഇക്കാര്യമാണ്, ‘‘നിങ്ങളുടെ മുമ്പെയുള്ളവർക്കെന്നപോലെ നിങ്ങൾക്കും നോമ്പ് നിർബന്ധമാക്കിയിരിക്കുന്നു’’ എന്ന് ഖുർആൻ സൂചിപ്പിക്കുന്നത്. അതേസമയം, ജാഹിലി അറബികൾക്കിടയിൽ, അവരിലെ ഹനീഫികൾക്കിടയിലല്ലാതെ നോമ്പ് നിലനിന്നിരുന്നതായി കാണുന്നില്ല.
ഭക്തനായിരിക്കുന്നതിനായി നോമ്പുകാരൻ സ്വന്തം മനസ്സിനെ സന്നദ്ധമാക്കുകയാണ് ചെയ്യുന്നത്. അല്ലാഹുവിന്റെ പ്രീതിയും പ്രതിഫലവും ലഭിക്കാനായി അയാൾ തന്റെ ശാരീരികമായ ദുഷ്പ്രവണതകളെ നിയന്ത്രിക്കാൻ ശീലിക്കുന്നു. തെറ്റിലേക്ക് വഴുതാതെ സ്വയംതടയിടലിന് മനസ്സിനെ പ്രാപ്തനാക്കുന്നു.
നോമ്പിന്റെ ഏറ്റവും വലിയ ലക്ഷ്യം തഖ്വ അഥവാ, വിശ്വാസികളിൽ ഭക്തി ബലപ്പെടുത്തുക എന്നതാണ്; ദുരയും ഭോഗതൃഷ്ണയും ഇല്ലാതാക്കുക എന്നതാണ്; ക്ഷമയും സഹനവും പരിശീലിപ്പിക്കുക എന്നതാണ്. സഹനം വിശ്വാസത്തിന്റെ പാതിയാണ്; നോമ്പ് സഹനത്തിന്റെയും എന്നാണൊരിക്കൽ പ്രവാചകൻ പറഞ്ഞത്. സഹനവും ക്ഷമയും സൂക്ഷ്മതയും ഭക്തിയും പരിശീലിച്ചെടുക്കാനുള്ള അവസരമായി അയാൾക്കു മുന്നിൽ അനുഗ്രഹംപോലെ നോമ്പ് പ്രത്യക്ഷപ്പെടുന്നു. അതുവഴി വിശ്വാസികൾ ഭക്തരാകാനുള്ള സാധ്യതയുണ്ടെന്ന് പ്രതീക്ഷപുലർത്തിക്കൊണ്ടാണ് (ലഅല്ലകും തത്തഖൂൻ) വ്രതം നിർബന്ധമാക്കിക്കൊണ്ടുള്ള സൂക്തം അവസാനിക്കുന്നത്.
ഉദ്ദേശ്യശുദ്ധി (നിയ്യത്) ഇല്ലാതെയും, സ്രഷ്ടാവിലേക്കടുക്കാൻ അഭിലാഷമില്ലാതെയും നോമ്പനുഷ്ഠിക്കുന്നത് ഫലശൂന്യമാണ്. ശാരീരികമായ സ്വയംപീഡയിലൂടെ തങ്ങളുടെ ആരാധനാമൂർത്തികളെ തൃപ്തിപ്പെടുത്താമെന്നും അവയുടെ താപകോപങ്ങളെ പ്രതിരോധിക്കാമെന്നും കരുതുന്ന വിശ്വാസസമൂഹങ്ങളുണ്ട്. എന്നാൽ, സ്വയംപീഡ ഇസ്ലാമിലെ വ്രതത്തിന്റെ ലക്ഷ്യങ്ങളിലൊന്നുപോലുമല്ല; മനസ്സിന്റെ ശിക്ഷണവും വളർച്ചയുമാണതിന്റെ ലാക്ക്. വിശ്വാസിക്ക് ഭക്തിയാൽ സുഭഗനാകാനുള്ള മാർഗമാണത്. സൃഷ്ടിയുടെ നന്മയല്ലാതെ നോമ്പിന് മറ്റു ലക്ഷ്യങ്ങളൊന്നുമില്ല.
നോമ്പുകൊണ്ട് ശരീരത്തിലെ കൊഴുപ്പൊഴിവാക്കാം എന്നു കരുതുന്നവരുണ്ട്. കൊഴുപ്പെല്ലാം ഒഴുകിപ്പോയി, ദുർമേദസ്സില്ലാതായി ഒരാൾക്ക് സ്വാസ്ഥ്യം ലഭിക്കുന്നുവെങ്കിൽ അതു നല്ലത്. എന്നാൽ അത് ലക്ഷ്യമല്ല; ഉപോൽപന്നം ആയെങ്കിലായി എന്നുമാത്രമാണ്. ആരോഗ്യം ലാക്കാക്കി ഒരാൾ നോമ്പനുഷ്ഠിക്കുന്നത് കച്ചവടം ലക്ഷ്യമാക്കി ഹജ്ജ് ചെയ്യുന്നതുപോലെയേ ആകുന്നുള്ളൂ. ആത്മീയതയൊഴിഞ്ഞാൽ പിന്നെ ഉപവാസം വിശപ്പും ദാഹവും മാത്രമായിരിക്കും. ‘‘വ്രതത്തിന്റെ നീക്കിബാക്കിയായി പൈദാഹം മാത്രമായവശേഷിച്ച നോമ്പുകാരെത്ര!’’ എന്ന് പ്രവാചകൻ അതിശയിക്കുന്നുണ്ട്.
ശുണ്ഠിയും ശണ്ഠയുമെല്ലാം നോമ്പുകാരന്റെ നേർവിപരീത ഗുണങ്ങളാണ്. കാരണമില്ലാതെ വക്കാണങ്ങളിലേർപ്പെടുന്നവർ വിചാരിക്കുന്നത് അവ വ്രതം മനുഷ്യനിലുണ്ടാക്കുന്ന ജൈവികമായ മാറ്റങ്ങളാണെന്നാണ്. അയാൾ നോമ്പു നോറ്റതാണ്, ചൂടാകുന്നതിന് കുറ്റംപറയാനാവില്ലെന്ന് ചുറ്റുമുള്ളവരും പലപ്പോഴും വഴക്കാളിയുടെ അവകാശത്തെ വകവെച്ചുകൊടുക്കാറുണ്ട്. അതാകട്ടെ, നോമ്പിന്റെ യഥാർഥ ലക്ഷ്യമായ ഭക്തിയെ റദ്ദ് ചെയ്യുന്നതോടൊപ്പം ‘‘നോമ്പൊരു പരിചയാണ്’’ എന്ന പ്രവാചക വചനത്തിന്റെ നിരാസവുമാണ്. തിന്മകളുടെ ശരമാരിയിൽനിന്നും വെട്ടുകുത്തുകളിൽനിന്നും മനുഷ്യമനസ്സിനെ രക്ഷിച്ചുനിർത്തുമല്ലോ പരിച.
വിശ്വാസിക്കും ദൈവത്തിനുമിടയിലുള്ള രഹസ്യ ഇടപാടാണ് വ്രതം. ഒരാൾ വ്രതമനുഷ്ഠിക്കുന്നുണ്ടോ ഇല്ലേ എന്നത് അയാൾക്കും അല്ലാഹുവിനും മാത്രം അറിയാവുന്ന കാര്യമാണ്. മാസമുറയിലൂടെ കടന്നുപോകുന്ന സ്ത്രീകൾ പരസ്യമായി ഭക്ഷണംകഴിക്കാൻ മടികാണിക്കും. മതത്തിന്റെ ബാഹ്യചിഹ്നങ്ങൾ സൂക്ഷിക്കുന്നതിനെ കുറ്റപ്പെടുത്തേണ്ട കാര്യമില്ല. ആരോഗ്യപരമായ കാരണങ്ങളാൽ നോമ്പനുഷ്ഠിക്കാൻ പ്രയാസമുള്ളവരും പരസ്യമായി ഭക്ഷണം കഴിക്കുന്നത് ഒഴിവാക്കുന്നതും ഇതേ ഗണത്തിൽപെടും.
പകൽ വ്രതവും ഖുർആൻ പാരായണവും, രാത്രി നമസ്കാരവും പ്രാർഥനകളുമായി സജീവമാകേണ്ടതാണ് റമദാനിലെ പകലിരവുകൾ. നന്മക്കോരോന്നിനും ഇരട്ടിയിലിരട്ടിയിൽ പ്രതിഫലം ലഭിക്കുന്ന പുണ്യമാസത്തിൽ ദാനംചെയ്ത് ഇരട്ടി ലാഭംകൊയ്യാനുള്ള അസുലഭ സന്ദർഭമായി റമദാനിനെ കാണുന്ന വിശ്വാസികളാണ് സമർഥർ. ദാനധർമങ്ങളെ പേർത്തുംപേർത്തും പ്രോത്സാഹിപ്പിക്കുന്ന ഖുർആൻ അവതരിച്ച മാസത്തെ, ആ ഗ്രന്ഥം പാരായണം ചെയ്തും ദാനംനിർവഹിച്ചും പ്രാർഥനകൾ നടത്തിയും സജീവമാക്കുക.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

