പെർമിറ്റ് ഇല്ലാതെ ഹജ്ജ് ചെയ്യുന്നത് ക്രമസമാധാനത്തെ തടസ്സപ്പെടുത്തും -മക്ക ഹറം ഇമാം
text_fieldsമക്ക ഹറം ഇമാം ശൈഖ് ഡോ. മാഹിർ അൽമുഐഖ്ലി ജുമുഅ ഖുതുബ നിർവഹിക്കുന്നു
മക്ക: പെർമിറ്റ് ഇല്ലാതെ ഹജ്ജ് നിർവഹിക്കുന്നത് ക്രമസമാധാനത്തെ തടസ്സപ്പെടുത്തുന്നതും നിയമാനുസൃതമായി ഹജ്ജിനെത്തുന്നവർക്ക് ദോഷം വരുത്തുന്നതും മറ്റുള്ളവരുടെ അവകാശങ്ങളെ ഹനിക്കുന്നതുമാണെന്ന് മക്ക ഹറം ഇമാം ശൈഖ് ഡോ. മാഹിർ അൽമുഐഖ്ലി പറഞ്ഞു. ഹജ്ജ് കർമങ്ങൾ ആരംഭിക്കുന്നതിന് മുമ്പ് അവസാന വെള്ളിയാഴ്ച മക്ക ഹറമിൽ നടത്തിയ ജുമുഅ ഖുതുബയിലാണ് ഇക്കാര്യം പറഞ്ഞത്. എല്ലാവരും ഹജ്ജിന്റെ നിയമങ്ങളും അധ്യാപനങ്ങളും പാലിക്കണം. പെർമിറ്റ് ഇല്ലാതെ ഹജ്ജ് ചെയ്യാൻ വരുന്നത് സൂക്ഷ്മമായി തയാറാക്കിയ ഹജ്ജ് ക്രമീകരണങ്ങളെ ലംഘിക്കലാണെന്നും ഹറം ഇമാം പറഞ്ഞു.
പുണ്യസ്ഥലങ്ങൾ സന്ദർശിക്കാൻ ഉദ്ദേശിക്കുന്നവർ ദൈവത്തിന്റെ ഏകത്വത്തിൽ വിശ്വസിച്ചും അവനെ അനുസരിച്ചും സൗമ്യതയും ശാന്തതയും പുലർത്തിയും നിയമങ്ങളും ചട്ടങ്ങളും പാലിക്കുകയും ഈ മഹത്തായ കർമത്തെയും പുണ്യസ്ഥലങ്ങളെ ബഹുമാനിക്കുകയും വേണം. തീർഥാടകരുടെ സുരക്ഷയും സംരക്ഷണവും ഉറപ്പുവരുത്തുന്നതിനും അവരുടെ ആചാരങ്ങളുടെ നിർവഹണം സുഗമമാക്കുന്നതിനും ലക്ഷ്യമിട്ട് സൗദി എല്ലാ ശ്രമങ്ങളും നടത്തിയിട്ടുണ്ട്.
സുരക്ഷക്ക് എല്ലാ സംവിധാനങ്ങളും ഉപയോഗപ്പെടുത്തിയിട്ടുണ്ട്. സൗകര്യം, സുഖം, സുരക്ഷ എന്നിവക്കുള്ള എല്ലാ മാർഗങ്ങളും സ്വീകരിച്ചിട്ടുണ്ടെന്നും ഹറം ഇമാം പറഞ്ഞു. അറഫ ദിനം ഉപയോഗപ്പെടുത്തുന്നതിന്റെ പ്രാധാന്യം ഹറം ഇമാം ഊന്നിപ്പറഞ്ഞു. അതേസമയം ഹജ്ജ് കർമങ്ങൾ ആരംഭിക്കുന്നതിന് മുമ്പ് അവസാന വെള്ളിയാഴ്ച ജുമുഅ നമസ്കാരവേളയിൽ മസ്ജിദുൽ ഹറാമും അതിന്റെ മുറ്റങ്ങളും തീർഥാടകരാൽ തിങ്ങിനിറഞ്ഞു. പ്രവേശനവും പുറത്തുകടക്കലും സുഗമമാക്കുന്നതിനും തീർഥാടകർക്കാവശ്യമായ സേവനങ്ങൾ നൽകുന്നതിനും ഇരുഹറം കാര്യമായ ഒരുക്കം പൂർത്തിയാക്കിയിരുന്നു.
എല്ലാ ബന്ധപ്പെട്ട വകുപ്പുകൾ സുഖസൗകര്യങ്ങൾക്കും സുരക്ഷക്കും ആവശ്യമായ എല്ലാ സൗകര്യങ്ങളും ഒരുക്കാൻ ശ്രദ്ധിച്ചിരുന്നു. മദീനയിലെ മസ്ജിദുന്നബവിയിൽ ഇമാം ഡോ. അബ്ദുൽ മുഹ്സിൻ അൽ ഖാസിം ജുമുഅ നമസ്കാരത്തിനും ഖുതുബക്കും നേതൃത്വം നൽകി. അറഫ മുസ്ലിംകളുടെ അറിയപ്പെടുന്ന സംഗമസ്ഥലവും അവർക്ക് അനുഗ്രഹീതമായ ദിവസവുമാണ്.അത് പ്രാർഥനയുടെയും പ്രത്യാശയുടെയും വിനയത്തിന്റെയും ഏക ദൈവത്തോടുള്ള സമർപ്പണത്തിന്റെയും ദിവസമാണെന്നും മസ്ജിദുന്നബവി ഇമാം പറഞ്ഞു. ദുൽഹജ്ജ് ആദ്യ 10 ദിവസങ്ങളുടെ പ്രധാന്യം മനസിലാക്കി ആരാധനകൾ, അനുസരണം, ഖുർആൻ പാരായണം, ദാനധർമങ്ങൾ, മറ്റ് സൽകർമങ്ങൾ എന്നിവയിലൂടെ ദൈവത്തോട് കൂടുതൽ അടുക്കുകയും അനുഗ്രഹീത അവസരം പ്രയോജനപ്പെടുത്തണമെന്നും മസ്ജിദുന്നബവി ഇമാം ആഹ്വാനം ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

