ഹജ്ജിന് പരിസമാപ്തി, മുഴുവൻ ഹാജിമാരും ഇന്ന് മടങ്ങും
text_fieldsമക്ക: തീർഥാടകർ അവസാനത്തെ കല്ലേറ് കർമവും പൂർത്തിയാക്കുന്നതോടെ ഈ വർഷത്തെ ഹജ്ജിന് തിങ്കളാഴ്ച പരിസമാപ്തിയാകും. ഹജ്ജിലെ പ്രധാന കർമങ്ങൾ പൂർത്തിയാക്കിയവർ ഞായറാഴ്ച വൈകുന്നേരത്തോടെ മിനയിൽനിന്നും മടങ്ങി. അവശേഷിക്കുന്നവർ തിങ്കളാഴ്ച രാവിലെ മൂന്ന് ജംറ സ്തൂപങ്ങളിൽ അവസാന കല്ലേറ് പൂർത്തിയാക്കി മിന താഴ്വാരത്തോട് വിടപറയും.
ഹജ്ജ് നിർവഹിക്കുന്നതിലൂടെ ശിശുവിന്റെ പുത്തൻപിറവിപോലെ പരുശുദ്ധിയോടെയാണ് ഹാജിമാർ മിനയോടു യാത്രപറയുക. ഫലസ്തീൻ എന്ന നൊമ്പരത്തിന്റെ വിങ്ങൽ തന്നെയായിരുന്നു തീർഥാടകരുടെ ഹൃദയങ്ങളിലെല്ലാം നിറഞ്ഞത്. ദുരിതം പെയ്യാത്ത മൺസൂൺ പിറക്കണം, ചോരയുടെ ഗന്ധമില്ലാത്ത പുതിയ വസന്തം വിരിയണം, ഇതായിരുന്നു ഹാജിമാരുടെ മനമുരുകിയുള്ള പ്രാർഥന.
ലോകത്തിന്റെ വിവിധദിക്കുകളിൽനിന്നുവന്ന ദേശ വർണ ഭാഷ അതിർവരമ്പുകളില്ലാതെ ആറു നാൾ വിശ്വാസി ലക്ഷങ്ങൾ വിശുദ്ധഭൂമിയിൽ തീർത്ത സ്നേഹത്തിന്റെയും സാഹോദര്യത്തിന്റെയും മനോഹര മുഹൂർത്തങ്ങൾ ലോകത്തിനു മാതൃകയാണ്.
മിന വരച്ചിട്ട മായാചിത്രം നെഞ്ചോടുചേർത്താണ് ഓരോ തീർഥാടകനും മിന താഴ്വരയിൽനിന്ന് യാത്രയാവുന്നത്. തങ്ങൾ അനുഭവിച്ച ഏകമാനവികത, സഹോദര്യം, സ്നേഹം എന്നീ സന്ദേശങ്ങളുടെ ദൂതന്മാരായാണ് ഓരോ ഹാജിയും മക്ക വിടുക.
മിനയിൽനിന്ന് മടങ്ങിയ ഹാജിമാർ ഇനി സ്വന്തം നാടുകളിലേക്ക് മടങ്ങാനുള്ള തിരക്കിലാകും. ഇതിന് മുന്നോടിയായി കഅ്ബക്ക് അരികിലെത്തി ത്വവാഫ് പൂർത്തിയാക്കും. മക്കയോട് വിടപറയുന്ന, ദൈവത്തോട് നന്ദി പറയുന്ന ത്വവാഫാണിത്. നാട്ടിലേക്ക് മടങ്ങുന്ന തീയതികൾക്ക് അനുസൃതമായാണ് തീർഥാടകർ ഇത് പൂർത്തിയാക്കുക.
അതുകൊണ്ട് ഇനിയുള്ള ദിനങ്ങളിൽ മക്ക മസ്ജിദുൽ ഹറമിൽ നല്ല തിരക്കാവും. പല സ്ഥലങ്ങളിലേക്ക് മടങ്ങാനുള്ള തീർഥാടകരെല്ലാം അവരുടെ മടക്കതീയതിക്ക് അനുസരിച്ച് ഹറമിലെത്തി വിടവാങ്ങൽ പ്രദക്ഷിണം നടത്തും. ബുധനാഴ്ച മുതൽ മക്കയിലേക്കുള്ള പ്രവശേന നിയന്ത്രണങ്ങൾ നീക്കും. വിദേശികൾക്കുള്ള ഉംറ പെർമിറ്റുകൾ ഈമാസം 14 മുതൽ അനുവദിക്കും. എന്നാൽ സൗദിക്കകത്തുള്ളവർക്ക് 11 മുതലും പെർമിറ്റുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

