അന്ധത തടസ്സമല്ല; റമദാൻ വ്രതം ഇത്തവണയും പൂർത്തിയാക്കാൻ പുഷ്പ
text_fieldsപുഷ്പ
പയ്യോളി: അന്ധത ബാധിച്ച കണ്ണുകളും വീട്ടിലെ പ്രാരബ്ധങ്ങളും റമദാനിലെ 30 വ്രതങ്ങളും സ്ഥിരമായി അനുഷ്ഠിക്കാൻ പുഷ്പക്ക് ഇതുവരെ തടസ്സമായിട്ടില്ല. കഴിഞ്ഞ 10 വർഷമായി തുടർച്ചയായി റമദാനിലെ നോമ്പ് ഒന്നൊഴിയാതെ എടുത്തുവരുന്ന നന്തിബസാർ ഓടോത്താഴ പുഷ്പക്ക് (40) കണ്ണിനു കാഴ്ചയില്ലാതായിട്ട് വർഷങ്ങളായി. നാഡീസംബന്ധമായ രോഗം പിടിപെട്ടത് കാരണമാണ് കണ്ണിന്റെ കാഴ്ച നഷ്ടമായതെന്ന് പുഷ്പ പറയുന്നു.
എങ്കിലും റമദാൻ മാസം തുടങ്ങിയാൽ എല്ലാ ദിവസവും സുബ്ഹി ബാങ്കിന് മുമ്പായി എഴുന്നേറ്റ് ലഘുഭക്ഷണം കഴിച്ച് ‘നിയ്യത്ത്’ വെച്ചാണ് പുഷ്പ വ്രതമനുഷ്ഠിക്കാറുള്ളത്. ആദ്യകാലങ്ങളിൽ തുടക്കത്തിൽ പകുതിയോളം ദിവസം നോമ്പ് എടുത്ത് തുടങ്ങിയെങ്കിലും പിന്നീട് മുഴുവനായും എടുത്തപ്പോൾ ഒരുവിധ ക്ഷീണവും തോന്നാറില്ലെന്നും ജീവിതത്തിലെ ഏറ്റവും വലിയ പുണ്യകർമമാണ് റമദാനിലെ നോമ്പെന്നും പുഷ്പ വ്യക്തമാക്കുന്നു.
കാഴ്ച നഷ്ടപ്പെടുന്നതിന് മുമ്പ് വീട്ടുജോലികൾ ചെയ്താണ് നിർധനകുടുംബാംഗമായ പുഷ്പ ജീവിതം മുന്നോട്ട് കൊണ്ടുപോയിരുന്നത്. കാഴ്ചയില്ലാതായതോടെ ജോലി ചെയ്യാൻ പറ്റാത്ത അവസ്ഥയായി. പ്രായമായ മാതാവും മറ്റു രണ്ട് മൂത്ത സഹോദരിമാരുമാണ് വീട്ടിലുള്ളത്. ഇപ്പോൾ സഹോദരിമാർ തൊഴിലുറപ്പും മറ്റു ജോലികളും ചെയ്താണ് കുടുംബം കഴിഞ്ഞുപോരുന്നത്. മഴക്കാലങ്ങളിൽ ചോർെന്നാലിക്കുന്ന വീടിനുള്ളിൽ മാതാവും മൂന്ന് പെൺമക്കളുമടങ്ങുന്ന കുടുംബം ഏറെ ഭീതിയോടെയാണ് കഴിയുന്നത്.