ഒാർമ കൊണ്ട്​ കൊയ്​ത റെക്കോഡ്​

12:08 PM
06/03/2018
santhi sathyan
ശാ​ന്തി

ഒാർമശക്​തി വിഭാഗത്തിൽ ഗിന്നസ് ​റെക്കോഡ്​ ഒരു മലയാളിയുടെ പേരിലാണ്​. കൊല്ലം കടയ്​ക്കൽ ചായിക്കോട്​ പാറവിള പുത്തൻവീട്ടിൽ അനിത്​ സൂര്യയുടെ ഭാര്യ ശാന്തി സത്യനാണ്​ 2015 ൽ നേപ്പാൾ സ്വദേശി സ്വന്തമാക്കിയ റെക്കോഡ്​ തിരുത്തി ഇൗ നേട്ടം സ്വന്തമാക്കിയത്​. ഒരു മിനിറ്റ്​ സമയം കൊണ്ട്​ മുന്നിൽ നിരത്തിവെച്ചിരിക്കുന്ന വസ്​തുക്കൾ ക്രമമായി ഒാർമിക്കുകയും പിന്നീട്​ അതേ ക്രമത്തിൽ തിരികെ അടുക്കിവെക്കുകയും ചെയ്യുന്ന ‘ലോങസ്​റ്റ്​​ സ്വീകൻസ്​ ഒാഫ്​ ഒബ്​ജക്​ട്​ മെ​മ്മറൈസ്​ഡ്​ ഇൻ വൺ മിനിറ്റ്​’​ എന്ന ഇനത്തിലാണ്​ റെക്കോഡ്​. 

2015ൽ അർപ്പൻ ശർമ 42 വസ്​തുക്കളിൽ നേടിയ ​റെക്കോഡാണ്​ 45 വസ്​തുക്കളായി ഉയർത്തി ശാന്തി ​തിരുത്തിയത്​. രണ്ടു മിനിറ്റും 34 സെക്കൻഡും കൊണ്ടാണ്​ 45 വസ്​തുക്കളെയും തിരികെ ക്രമപ്പെടുത്തിയത്​. ത​​​െൻറ റെക്കോഡ്​ സ്​​േകാർ 60 ആയി ഉയർത്തുകയാണ്​ അടുത്ത ലക്ഷ്യമെന്ന്​ ശാന്തി. ഏഴു​ വർഷമായി പരിശീലനം തുടങ്ങിയെങ്കിലും ഗിന്നസ് വേൾഡ് റെക്കോഡ് അറ്റംപ്റ്റ് നടത്തിയതോടെ അതിനായി രണ്ടു വർഷത്തിലേറെയായി പൂർണമായി പരിശീലനം നടത്തുകയാണ്​.

നമ്മൾക്കെല്ലാം നടക്കാനും ഓടാനും അറിയാം, കൂടുതൽ ഓടി പരിശീലിച്ചാൽ ഓട്ടമത്സരത്തിൽ പങ്കെടുക്കാം എന്നതുപോലെ തന്നെയാണ് മെമ്മറൈസ് ചെയ്യുന്ന കാര്യവും. അല്ലാതെ ഇത് ഒറ്റ ദിവസംകൊണ്ട് നേടാൻ പറ്റ​ുന്നതല്ല. പരിശീലനത്തി​​​െൻറ മെതേഡുകൾ ഡിസൈൻ ചെയ്തതും പരിശീലിപ്പിച്ചതുമെല്ലാം ഭർത്താവ് അനിത് സൂര്യയായിരുന്നു. പരിശീലനം നടത്തുമ്പോൾ പ്രായോഗികമായ പല ന്യൂനതകളുമുണ്ടായി. ചിലതൊന്നും എനിക്ക് ഫോളോ ചെയ്യാൻ കഴിഞ്ഞില്ല. അപ്പോഴൊക്കെ എ​​​െൻറ ചിന്തകളുടെ പാറ്റേണിന് ഇണങ്ങുന്ന രീതിയിൽ പുതിയ പരിശീലന പദ്ധതികൾ രൂപകൽപന ചെയ്​തതോടെയാണ്​ പരിശീലനം എളുപ്പത്തിലായത്​. 

santhi
ശാ​ന്തി, ഭർത്താവ്​ അ​നി​ത്​ സൂ​ര്യ​, മ​ക​ൾ യാ​മി
 


ഓരോ ദിവസവും പ്രാക്​ടിസ്​ ചെയ്യു​േമ്പാൾ സ്​​േകാർ വ്യത്യാസപ്പെട്ടുകൊണ്ടിരുന്നു. ചില ദിവസങ്ങളിൽ മികച്ച പെർഫോമൻസ് ചെയ്യുമ്പോൾ പിറ്റേദിവസം സ്കോർ വളരെ താഴെപ്പോകും. പരിശീലനസമയങ്ങളിൽ പല പ്രതിസന്ധികളുമുണ്ടാകും. ജീവിതത്തിൽ അപ്രതീക്ഷിതമായി ഉണ്ടാകുന്ന പ്രശ്‌നങ്ങളൊക്കെ മനസ്സിനെ ബാലൻസ് ചെയ്യിക്കാനും ഏകാഗ്രമാക്കാനുമുള്ള കഴിവിനെ ബാധിച്ചിട്ടുണ്ട്. പലപ്പോഴും പരിശീലനം നിർത്തിയാലെന്ന് ആലോചിച്ചിട്ടുണ്ട്. മിക്കപ്പോഴും മകൾ യാമിയെ ഒക്കത്തു​െവച്ചു കൊണ്ടായിരുന്നു പരിശീലനം. വീട്ടിലെ എല്ലാവരും സുഹൃത്തുക്കളും നൽകിയ മുഴുവൻ പിന്തുണയുമായിരുന്നു വിജയത്തിന്​ പിന്നിൽ. 

വീടിനു പുറത്തുപോയി പരിശീലനം നടത്തേണ്ടുന്ന സമയം വന്നപ്പോൾ കടയ്ക്കൽ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ്​ ആർ.എസ്. ബിജുവിനെ സമീപിച്ചു. ഒഫീഷ്യൽ പ്രോഗ്രാം ഇല്ലാത്ത സമയങ്ങളിലൊക്കെ  പഞ്ചായത്തി​​​െൻറ കോൺഫറൻസ് ഹാളിൽ ​െവച്ച് പരിശീലനം നടത്താൻ അദ്ദേഹം അനുമതി തന്നതോടെയാണ്​ കാര്യങ്ങൾ എളുപ്പമായത്​. പുതിയ അഞ്ചോളം റിക്കോഡിനങ്ങളിൽ അറ്റംപ്റ്റ് നടത്തുക എന്നതാണ്​ ഭാവി പരിപാടി. ഇത്തരം പരിശീലനങ്ങൾ പ്രായോഗിക തലത്തിൽ വിദ്യാഭ്യാസരംഗത്തും തൊഴിൽ രംഗത്തും നിത്യ ജീവിതത്തിലും കൊണ്ടുവരത്തക്കരീതിയിലുള്ള പരിശീലന പദ്ധതി തയാറാക്കി കൊണ്ടിരിക്കുകയാണ്.

COMMENTS