Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightOpinionchevron_rightOffbeatchevron_rightലേഡി ബോണ്ട്​ @...

ലേഡി ബോണ്ട്​ @ കോണാട്ട്​ പ്ലേസ്

text_fields
bookmark_border
Shooting Champion ayisha
cancel
camera_alt????

ആ മൊബൈല്‍ കാള്‍ എടുത്തതു മുതല്‍ ഒരു ആക്ഷന്‍ ത്രില്ലര്‍ സിനിമയെ അനുസ്മരിപ്പിക്കുന്ന സംഭവങ്ങളാണ് ഫലഖിന് മുന്നില്‍ അരങ്ങേറിയത്. പക്ഷേ, ആ രംഗങ്ങളില്‍ ആക്ഷന്‍ ഹീറോ ആകാനുള്ള നിയോഗം ഫലഖിന്‍റെ പ്രിയപത്നിയും ദേശീയ ഷൂട്ടിങ് ചാമ്പ്യനുമായ ആയിഷക്കായിരുന്നു...

മേയ് 26ന്‍റെ വൈകുന്നേരം വിടപറയുമ്പോൾ റമദാൻ മാസാരംഭത്തെ വരവേൽക്കാനുള്ള ഒരുക്കത്തിലായിരുന്നു ഡൽഹി കോണാട്ട്​പ്ലേസ്​ ഫിറോസ്​ഷാ റോഡിലെ ഫലഖ് ഷേർ ആലമും ഭാര്യ ആയിഷയും കുടുംബാംഗങ്ങളും. സാധാരണ ഒരു സന്ധ്യയായി കടന്നു പോകേണ്ടിയിരുന്ന ആ നിമിഷങ്ങളിലൊന്നിൽ, മുൻ ഷൂട്ടിങ്​ താരവും ഇപ്പോൾ സർക്കാർ ജീവനക്കാരനുമായ ഫലഖിന്‍റെ ഫോണിലേക്ക് അനുജൻ ആസിഫിന്‍റെ കാളെത്തി. കുഞ്ഞനുജ​ന്‍റെ നമ്പർ മൊബൈലിൽ തെളിഞ്ഞപ്പോൾ ജീവിതത്തിൽ നേരിട്ടതിൽ വെച്ച് ഏറ്റവും വലിയ വെല്ലുവിളിയാണ് കാത്തിരിക്കുന്നതെന്ന് ഫലഖിന്‍റെ വിദൂര വിചാരങ്ങളിൽ പോലും കടന്നുപോയില്ല. എന്നാൽ, കാൾ കണക്ട് ചെയ്ത് ആസിഫിന്‍റെ ശബ്​ദം കാതുകളിൽ മുഴങ്ങിയ നിമിഷം മുതൽ ഒരു ആക്​ഷൻ ത്രില്ലർ സിനിമയെ അനുസ്​മരിപ്പിക്കുന്ന സംഭവങ്ങളാണ് ഫലഖിന് മുന്നിൽ അരങ്ങേറിയത്. പക്ഷേ, ആ രംഗങ്ങളിൽ ആക്​ഷൻ ഹീറോ ആകാനുള്ള നിയോഗം മറ്റൊരാൾക്കായിരുന്നു, ഫലഖിന്‍റെ പ്രിയ പത്നിയും ദേശീയ ഷൂട്ടിങ് ചാമ്പ്യനുമായ ആയിഷക്ക്. 

കാളിന്‍റെ മറുതലക്കൽ പേടിച്ചരണ്ട് കരയുന്ന ആസിഫിന്‍റെ ശബ്​ദമാണ് ഫലഖിന് കേൾക്കാനായത്. ‘‘എന്നെ ചിലർ തട്ടിക്കൊണ്ടുപോയി. 25,000 രൂപ കൊടുത്താലേ വിടുകയുള്ളൂ. എന്നെ എത്രയും പെട്ടെന്ന് രക്ഷിക്കണം’’ –കരച്ചിലിൽ മുങ്ങി ആസിഫ് അത് പറയുമ്പോൾ എന്തുചെയ്യണമെന്നറിയാതെ ഭയന്നു നിൽക്കുകയായിരുന്നു ഫലഖ്. കാര്യമറിഞ്ഞ ആയിഷ പക്ഷേ, പതറിയില്ല. ഭർത്താവിന് ധൈര്യം കൊടുത്ത അവർ പെട്ടെന്നുതന്നെ വിവരം പൊലീസിൽ അറിയിച്ചു. പിന്നീട് നടന്നത് സിനിമയെ വെല്ലും രംഗങ്ങൾ. സംഭവബഹുലമായ ആ രാത്രിയെ ആയിഷയും ഫലഖും ഓർത്തെടുക്കുന്നു.

Shooting Champion Ayisha Falaq
ആയിഷ
 


ഡൽഹി സർവകലാശാലയിൽ അവസാന വർഷ ബിരുദ വിദ്യാർഥിയായ ആസിഫ് ഒഴിവുവേളകളിൽ ടാക്സി ൈഡ്രവറുടെ കുപ്പായവുമണിയാറുണ്ട്. അന്നും ടാക്സിയുമായി യാത്രക്കാരെ ലക്ഷ്യസ്​ഥാനത്തെത്തിക്കുന്നതിന്‍റെ തിരക്കിലായിരുന്നു ആസിഫ്. ഡൽഹിയിലെ തിരക്കേറിയ പ്രദേശമായ ദരിയാഗഞ്ചിലേക്ക് രണ്ടുപേർ ഓട്ടം വിളിച്ചു. വീടിന് അടുത്തുള്ള പ്രദേശമായതുകൊണ്ട് ദരിയാഗഞ്ചിലേക്കുള്ള വഴി ആസിഫിന് നന്നായി അറിയാം. എന്നാൽ, കുറച്ചു ദൂരം പിന്നിട്ടപ്പോൾ കാറിലുണ്ടായിരുന്നവർ പെട്ടെന്ന് വഴിതിരിച്ച് പോവാൻ ആവശ്യപ്പെട്ടു. അപ്പോഴേ ആസിഫിന് അപകടം മണത്തു. വിജനമായ സ്​ഥലത്ത് എത്തിയപ്പോൾ ബലമായി കാർ നിർത്തിച്ച സംഘം ആസിഫിനെ ക്രൂരമായി മർദിച്ച് അവശനാക്കി പഴ്സ്​ കൈക്കലാക്കി. പക്ഷേ, വെറും 150 രൂപയേ ലഭിച്ചുള്ളൂ. വീണ്ടും ക്രൂരമായി ഉപദ്രവിച്ച സംഘം വീട്ടിൽ വിളിച്ച്​ 25,000 രൂപ കൊണ്ടുവരണമെന്നും അല്ലെങ്കിൽ കൊന്നുകളയുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു. അങ്ങനെയാണ് ഫലഖിന്‍റെ ഫോണിലേക്ക് ആസിഫിന്‍റെ വിളിയെത്തിയത്. പണവുമായി ഡൽഹിയിലെ ശാസ്​ത്രി പാർക്കിൽ എത്താനായിരുന്നു ആക്രമികൾ ആവശ്യപ്പെട്ടിരുന്നത്. 

പൊ​ലീ​സിന്‍റെ നി​ർ​ദേ​ശ​ത്തിന്‍റെ കൂ​ടി അ​ടി​സ്​​ഥാ​ന​ത്തി​ൽ ഫ​ല​ഖും ആ​യി​ഷ​യും പാ​ർ​ക്കി​ലേ​ക്ക് പു​റ​പ്പെ​ട്ടു. വീ​ട്ടി​ൽ​ നി​ന്നി​റ​ങ്ങു​മ്പോ​ൾ ത​ന്‍റെ ലൈ​സ​ൻ​സു​ള്ള തോ​ക്കും വ​സ്​​ത്ര​ത്തി​ന​ടി​യി​ൽ ക​രു​താ​ൻ ആ​യി​ഷ മ​റ​ന്നി​ല്ല. അവർ ശാസ്​ത്രി പാർക്കിലെത്തിയപ്പോഴേക്കും പൊലീസ്​ സാന്നിധ്യം മനസ്സിലാക്കിയ ആക്രമിസംഘം അടവ് മാറ്റി. ഇരുവരോടും ഹരിയാന–ഡൽഹി അതിർത്തിപ്രദേശമായ ഭജൻപുരിലേക്ക് പണവുമായി വരണമെന്ന് ആസിഫിനെക്കൊണ്ട് ഫോണിൽ വിളിപ്പിച്ച് ആവശ്യപ്പെടുകയും ചെയ്തു. പൊലീസ്​ സംഘത്തെ കാര്യങ്ങൾ വ്യക്തമായി ധരിപ്പിച്ച ശേഷം ഭജൻപുരിലേക്ക് ആയിഷയും ഭർത്താവും നീങ്ങി. ഇതിനിടെ ആസിഫുമായി സംസാരിക്കുന്നതിനിടെ ആക്രമികൾ എത്രപേരുണ്ടെന്ന് ആയിഷ മനസ്സിലാക്കി. ആക്രമികൾക്കു പിന്നാലെ ഇവരും ഭജൻപുരിലെത്തി. 

Shooting Champion Ayisha Falaq Sher Alam
ആയിഷ ഭർത്താവ് ഫലഖ് ഷേർ ആലമിനൊപ്പം
 


ആസിഫിനെ കാറിൽനിന്ന് പുറത്തിറക്കി കാണിച്ച്, ആക്രമികൾ ഫലഖിൽനിന്ന് പണം വാങ്ങാൻ തയാറെടുക്കുന്നതിനിടെ എല്ലാവരുടെയും കണക്കുകൂട്ടലുകൾ തെറ്റിച്ച് ഞൊടിയിടകൊണ്ട് ആയിഷ തോക്കെടുത്ത് ഉന്നംപിടിച്ചു. ക്കൻഡുകൾക്കുള്ളിൽ ആക്രമികളിൽ ഒരാൾ ഇടുപ്പിനും മറ്റൊരാൾ കാലിലും വെടിയേറ്റ് നിലത്തുവീണു. പിന്നാലെ എത്തിയ പൊലീസിന് രണ്ടുപേരെയും പിടികൂടേണ്ട കാര്യമേ ഉണ്ടായിരുന്നുള്ളൂ. പിറ്റേന്ന് മാധ്യമങ്ങൾ ആഘോഷിച്ചത് ഷൂട്ടിങ് താരം ആയിഷയുടെ റിയൽ ലൈഫ് സാഹസികത. ഭാര്യയുടെ കൈയിൽ ആറുവർഷങ്ങൾക്കു മുമ്പ് തോക്കു പിടിപ്പിച്ച ഫലഖിനു പോലും അദ്ഭുതമായിരുന്നു നന്മയിലേക്കുള്ള ആ വെടിയൊച്ച. ‘‘ചെറുപ്പത്തിൽ സിനിമകളിൽ തട്ടിക്കൊണ്ടുപോകലും വെടിവെക്കലും പലതവണ കണ്ടിട്ടുണ്ട്. എന്നാൽ, ഞാൻ ആക്രമികളെ പിന്തുടരുന്നതും വെടിവെക്കുന്നതും  സ്വപ്നത്തിൽ പോലും കരുതിയില്ല’’ –ആയിഷ മനസ്സ്​ തുറക്കുന്നു. 

തമിഴ്നാട്ടിലെ ചെ​െന്നെക്കടുത്ത് അമ്പൂരാണ് ആയിഷയുടെ സ്വദേശം. കുടുംബത്തോടൊപ്പം ചെറുപ്പത്തിൽതന്നെ രാജ്യതലസ്​ഥാനത്തേക്ക് കുടിയേറി. ഡൽഹി സർവകലാശാലയിൽ നിന്ന് ബിരുദം നേടിയ ശേഷം നഴ്സറി ടീ​േച്ചഴ്സ് ​​ട്രെയ്​നിങ്​ കോഴ്സും പൂർത്തിയാക്കി. വീടിനടുത്തുള്ള നഴ്സറിയിൽ ജോലിചെയ്യുന്നതിനിടയിലാണ് പഠന സമയത്ത് കളിക്കൂട്ടുകാരനും അയൽവാസിയുമായ ഫലഖ് ഷേർ ആലം 2008ൽ ജീവിതപങ്കാളിയാകുന്നത്. യു.പി സ്വദേശികളായ ആലമിന്‍റെ കുടുംബവും വർഷങ്ങൾക്കു മുമ്പ് ഡൽഹിയിലേക്ക് കുടിയേറിയവരാണ്. മികച്ച ഫുട്ബാൾ കളിക്കാരനായിരുന്നു ആലം. കളിക്കിടെ അപകടം പറ്റിയതിനെത്തുടർന്ന് ഫുട്ബാളിൽ തുടരാൻ സാധിച്ചില്ല. പിന്നീടാണ് ആലം ഷൂട്ടിങ് മേഖലയിലേക്ക് തിരിഞ്ഞത്.  

പരിശീലനം നടത്തുന്ന ആയിഷ
 


വിവാഹ ശേഷം രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളിൽ മത്സരത്തിനും പരിശീലനത്തിനും പോകുമ്പോൾ ആയിഷയെയും ഒപ്പം കൂട്ടുമായിരുന്നു ആലം. കാതടപ്പിക്കുന്ന ആ വെടിയൊച്ചകളും യാത്രകളും ആലമിന്‍റെ േപ്രാത്സാഹനവും കൂടിയായതോടെ 2011ൽ ആയിഷയും തീരുമാനിച്ചു തോക്കേന്താൻ. പിസ്​റ്റൾ, ഷോട്ട്ഗൺ വിഭാഗങ്ങളിലായിരുന്നു ആയിഷക്ക് താൽപര്യം. പിസ്​റ്റളിൽ ഭർത്താവും ഷോട്ട്ഗണിൽ മുൻ ദേശിയ താരം യോഗീന്ദ്ര പാട സിങ്ങും പരിശീലകരായി.  ആദ്യ വർഷംതന്നെ പിസ്​റ്റളിൽ ഡൽഹി സംസ്​ഥാനതല മത്സരത്തിൽ വെങ്കല മെഡൽ വെടിവെച്ചിട്ടു. പിന്നീട് മെഡൽ കൊയ്ത്തുകളുടെ വർഷമായിരുന്നു ആയിഷ ഉന്നം പിഴക്കാതെ താണ്ടിയത്. പിസ്​റ്റളിൽ  2013ൽ ഡൽഹി സംസ്​ഥാനതല സ്വർണ മെഡലും ലഭിച്ചു. പിന്നീട് 2015ൽ ഷോട്ട് ഗണിൽ ഉത്തര മേഖലയിലും ദേശീയതലത്തിലും വെങ്കല മെഡലുകൾ ലഭിച്ചു. 

2015ൽ േക്രാസ്​ബോ മത്സരത്തിൽ ദേശീയ തലത്തിൽ ഗോൾഡും 2016ൽ ഇതേ വിഭാഗത്തിൽ ദേശീയതലത്തിൽ വെങ്കല മെഡലും ആയിഷയുടെ തോക്കിന് ‘ഇരയായി’. രണ്ടു പെൺമക്കളാണ് ഈ ദമ്പതികൾക്കുള്ളത്. ഏഴുവയസ്സുകാരി ഫാരിഹ ഫലഖും  മൂന്നു വയസ്സുകാരൻ ലോറൻ അലൈന ഫലഖും. രണ്ടുപേരും ജിംനാസ്​റ്റിക്സിൽ പരിശീലനം നേടുന്നു. ഫലഖ് ഷേർ ആലമിന് എം.ടി.എൻ.എ കമ്യൂണിക്കേഷനിലാണ് ജോലി. ഇന്ന് തിരിഞ്ഞുനോക്കുമ്പോൾ പേരും പ്രശസ്​തിയും ധാരാളം ഉണ്ടെങ്കിലും മുള്ളുകൾ നിറഞ്ഞതായിരുന്നു പാതയെന്ന് ദമ്പതികൾ ഓർക്കുന്നു. ആയിഷ ഷൂട്ടിങ് രംഗത്തേക്ക് ഇറങ്ങിയതോടെ ബന്ധുക്കളിൽ പലരും അകന്നിരുന്നു. സുഹൃത്തുക്കളിൽ നിന്ന് ഭർത്താവും നിരന്തരം വിമർശനം കേട്ടു. ഷൂട്ടിങ് സമ്പന്നരുടെ വിനോദമാണ്, ഭാര്യ അൽപ വസ്​ത്രധാരിയായി മാറും... എന്നിങ്ങനെ ഉപദേശവും മുന്നറിയിപ്പും. എന്നാൽ, ആലം ആയിഷക്ക് എല്ലാ പിന്തുണയും നൽകി ഒപ്പം നിന്നു.  

പരിശീലനത്തിനോ മത്സരത്തിനോ എവിടെ പോവുകയാണെങ്കിലും വിശ്വാസത്തിൽ വിട്ടുവീഴ്ചക്ക് ആയിഷ തയാറായിരുന്നില്ല; വസ്​ത്ര ധാരണത്തിലും. നേട്ടങ്ങൾ കൂടി തുരുതുരെ വെടിവെച്ചതോടെ എതിർപ്പുകളുടെ പുകപടലവും പതുക്കെ മാറി. ആയിഷ ഷൂട്ടിങ് രംഗത്തുനിന്ന്​ നല്ല വരുമാനവും കണ്ടെത്തിത്തുടങ്ങിയിട്ടുണ്ട്. ഇരുപതോളം വിദ്യാർഥികൾക്ക് വീട്ടിൽ ഷൂട്ടിങ് പരിശീലനം നൽകുന്നുണ്ട് അവർ. കൂടാതെ, ഡൽഹി പൊലീസ്​ വെൽ​െഫയർ അസോസിയേഷ​ന്‍റെ കീഴിൽ പൊലീസുകാരുടെ മക്കൾക്ക് ഷൂട്ടിങ്ങിൽ ക്ലാസ്​ എടുക്കുകയും ചെയ്യുന്നു. ‘‘എല്ലാ സ്​ത്രീകളും ഏതെങ്കിലും പ്രതിരോധ മാർഗം പഠിക്കണം. ഇന്നത്തെ കാലത്ത് എല്ലാ മേഖലയിലും സ്​ത്രീകൾ അതിക്രമം നേരിടുന്നുണ്ട്. പ്രതിരോധം പഠിച്ചാലേ അതിക്രമങ്ങളിൽനിന്ന്​ ഒരു പരിധിവരെ രക്ഷ നേടാനാവൂ’’ –തന്നെ കാണാൻ വരുന്ന സ്​ത്രീകളോട് പങ്കു​െവക്കുന്ന ഉപദേശം ആയിഷ ആവർത്തിക്കുമ്പോൾ മുഖത്ത് നിശ്ചയദാർഢ്യത്തിന്‍റെ പൊൻചിരി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Ayisha FalaqFalaq Sher AlamShooting ChampionNational levelLifestyle News
News Summary - Life of National Shooting Champion Ayisha Falaq and Falaq Sher Alam from NewDelhi -Lifestyle News
Next Story