ആരോഗ്യവും സൗന്ദര്യവും കൂട്ടുന്ന മൊറോക്കൻ റമദാൻ

അസ്മ സാലിം ബറാ

സാരിയുടുക്കുന്ന സ്ത്രീകള്‍ ഇന്ത്യയില്‍ മാത്രമല്ലെന്നു മൊറോക്കോയുടെ ഭാഗമായ സഹാറ മരുഭൂമിയില്‍ ജീവിക്കുന്ന സ്ത്രീകളെ കാണു​േമ്പാൾ ബോധ്യമാകും. ഇവര്‍ സ്വയം ‘അമസിഅ’ (Amazigh) എന്ന്‍ അറിയപ്പെടാന്‍ ആഗ്രഹിക്കുന്നു. ഇവർക്ക്​ സ്വന്തമായി ഭാഷയും സംസ്കാരവും ഒക്കെയുണ്ട്. ആഫ്രോ ആസിയാറ്റിക് ഭാഷാകുടുംബത്തിലെ വളരെ പുരാതനമായ ഭാഷയാണിത്. ഇവിടെയുള്ളത് അറബികള്‍ മൊറോക്കോ കീഴടക്കുന്നതിന് മുമ്പുള്ള ആഫ്രിക്കന്‍ വംശജരാണ്​.

ഇവര്‍ ഇന്നും തനതു ജീവിതശൈലി സൂക്ഷിച്ചുപോരുന്നു. ഇവരുടെ നോമ്പും പെരുന്നാളും അതുകൊണ്ടുതന്നെ അറബ് രീതിയില്‍നിന്ന്​ വേറിട്ടുനിൽക്കുന്നു. കുടുംബവുമൊത്ത് കൂടുതല്‍ അടുപ്പത്തോടെ ഒന്നിച്ച് ജീവിക്കുന്ന ഇവര്‍ ആഫ്രിക്കന്‍ മരുഭൂമിയിലെ ജീവിതചുറ്റുപാടുകള്‍ നോമ്പുമായി ചേർത്തു വെച്ചവരാണ്. മൊറോക്കോയില്‍നിന്നുള്ള ഏക ഫേസ്ബുക്ക് സുഹൃത്തായിരുന്നു അസ്മ സാലിം ബറാ. മൊ​േറാക്കോയിലേക്ക് ഇത് രണ്ടാം യാത്രയാണെങ്കിലും അഗദീറിലേക്ക്​ ആദ്യം പോകുകയാണ്. 

മൊറോ​േക്കായിലെ ഒരു സൗഹൃദക്കാഴ്​ച
 


അസ്മ സഹാറയില്‍നിന്നു വന്നു അഗദീറിൽ താമസിക്കുന്നത് പഠന ആവശ്യങ്ങൾക്കുവേണ്ടിയാണ്. ഇംഗ്ലീഷ് ഭാഷയില്‍ ഗ്രാജ്വേറ്റ് ആയ അവള്‍ നന്നായി ഇംഗ്ലീഷ് സംസാരിക്കും. ഒരു പ്രാദേശിക റേഡിയോയില്‍ പാർട്ട്​ടൈം ജോലിയുണ്ട്. അസ്മയുടെ സഹാറയിലെ വീട്ടില്‍ കട്ടിലുകളില്ല. ഇരിക്കാന്‍ കസേര ഉപയോഗിക്കാറില്ല. നിലത്തു കിടക്കാനും നിലത്തിരിക്കാനുമാണ് ഇവർക്ക്​ ഏറെ ഇഷ്​ടം. അതാണ് അവരുടെ കുലത്തി​​​െൻറ, വംശത്തി​​​െൻറ രീതി. അടുപ്പവും സത്യസന്ധതയും കാത്തുസൂക്ഷിക്കുന്ന സഹാറയിലെ ജീവിതത്തെക്കുറിച്ച്​ അസ്മ പറഞ്ഞു. ഏറെ ആരോഗ്യം നൽകുന്ന, സൗന്ദര്യം നിലനിർത്തുന്ന അർഗന്‍ എണ്ണയെക്കുറിച്ചും അത് ചേർത്തുണ്ടാക്കുന്ന അംലോയേക്കുറിച്ചും വിശദീകരിച്ചു. 

നോമ്പി​​​െൻറ സൗന്ദര്യം, ശരീരത്തി​​​െൻറയും
വറുത്തെടുത്ത ബദാമും അർഗന്‍ എണ്ണയും നല്ല തേനും ഒരുപോലെ ചേർത്താണ്​ അംലോ ഉണ്ടാക്കുന്നത്. ഇവർക്ക്​ നോമ്പുതുറക്ക്​ ഇത് ഒഴിച്ചുകൂടാനാവാത്ത വിഭവമാണ്. തനതു ആഫ്രിക്കന്‍ റൊട്ടിയുടെ കൂടെ ഇതു ചേർത്തുകഴിച്ചാല്‍ ഉന്മേഷവും ആരോഗ്യവും ശരീരത്തില്‍ വന്നുചേരും. പരമ്പരാഗത രീതി ഉപയോഗിച്ചാണ് ബദാം പൊടിച്ചെടുക്കുന്നത്. അർഗന്‍ മരത്തി​​​െൻറ എണ്ണ ലോകത്ത് വളരെ അപൂർവമായി മാത്രം ലഭിക്കുന്നതാണ്. മൊറോക്കോയില്‍തന്നെ അഗദീര്‍ ഭാഗത്താണ് ഇത് കണ്ടുവരുന്നത്. ആരോഗ്യവും സൗന്ദര്യവും നൽകുന്നതിനാല്‍ ഈ മരത്തെ ജീവിതമരമെന്നും ഓയിലിനെ അദ്​ഭുത മരത്തില്‍നിന്നുള്ള എണ്ണയെന്നും (Miracle Tree Oil) വിളിക്കാറുണ്ട്. ഇന്ന് ലോകത്ത് അർഗന്‍ എണ്ണ ഉണ്ടാക്കുന്നതിനുള്ള വിത്ത് ലഭിക്കുന്ന ഏക പ്രദേശം അഗദീര്‍ മാത്രമാണ്​. വിറ്റമിന്‍ ഇ ധാരാളമുള്ള ഈ എണ്ണ ശരീരസൗന്ദര്യ വർധക എണ്ണയായി കണക്കാക്കിവരുന്നു. അതുകൊണ്ട്​ ഇവിടത്തെ ഗോത്രവിഭാഗങ്ങളുടെ നോമ്പുകാലം ശരീരപുഷ്​ടിയും ഭംഗിയും വർധിപ്പിക്കാനുള്ള ദിനങ്ങള്‍കൂടിയാണ്. 

മൊറോക്കോ ഒരു കാഴ്​ച
 


ഉല്ലാസരാവുകൾ
അസ്മ കുട്ടിക്കാലത്തെ നോമ്പോർമകളെക്കുറിച്ചു പറഞ്ഞു. നോമ്പുവരുന്നതോടെ കുട്ടികള്‍ ഉല്ലാസത്തിലാകും. റമദാന്‍ വന്നാല്‍ പിന്നെ സ്കൂള്‍ ക്ലാസുകള്‍ അടയ്​ക്കും. പരീക്ഷകൾക്കും ഹോംവർക്കുകൾക്കും വിരാമമാകും. പ്രധാനമായും റമദാന്‍ നല്ല വിഭവങ്ങള്‍ ലഭിക്കുന്ന കാലമാണ്. സൽക്കാരങ്ങളില്‍ സമ്മാനങ്ങൾക്കൊപ്പം പുതിയ കളിക്കൂട്ടുകാരെയും ലഭിക്കും. റമദാന്‍ തുടങ്ങുന്നതി​​െൻറ മുമ്പുതന്നെ ഉമ്മമാര്‍ സാധങ്ങള്‍ വാങ്ങിക്കൂട്ടുന്ന തിരക്കിലാകും. കുട്ടിക്കാലത്ത് ഇഷ്​ടംപോലെ കൊതിയൂറും മധുരവിഭവങ്ങള്‍ കഴിക്കാം എന്നതായിരുന്നു ഒന്നാമത്തെ സന്തോഷം. അങ്ങാടി നിറയെ ഫലവർഗങ്ങളും പച്ചക്കറികളും വിൽക്കുന്ന ഷോപ്പുകള്‍ പുതുമോടിയോടെ ആവശ്യക്കാരെ വരവേൽക്കും. വിവിധ തരത്തിലുള്ള ഈത്തപ്പഴവും എണ്ണമറ്റ ഡ്രൈഫ്രൂട്​സും റമദാന്‍ വിപണിയില്‍ ഡിമാൻഡുള്ളവയാണ്. 

വേനൽ നോമ്പ്​
വേനലിലാണ് ഇത്തവണയും മൊറോക്കോയില്‍ റമദാന്‍ എത്തുന്നത്. നല്ല ഈത്തപ്പഴം ലഭിക്കുന്ന കാലം. വേനലി​​െൻറ ആദ്യ ദിനങ്ങളായതിനാല്‍ മധുരനാരങ്ങയുടെ സീസണ്‍ പൂർണമായും കഴിഞ്ഞിട്ടുണ്ടാവില്ല. പിന്നെ ജൂണ്‍ അത്തിപ്പഴം പാകമാകുന്ന കാലമാണ്. എന്നാല്‍, വേനൽക്കാലത്ത് നോമ്പി​​െൻറ സമയം കൂടുതലാണ്. 16 മണിക്കൂറോളം വരും നോമ്പ്​. ഇത് സാധാരണ പുലർച്ചെ 3.50 മുതല്‍ വൈകീട്ട്​ 7.40 വരെ നീളും. മൊ​േറാക്കോയുടെ വിവിധ പ്രദേശങ്ങളില്‍ ചെറിയ സമയവ്യത്യാസം ഉണ്ടെങ്കിലും പൊതുവേ ചൂടുകാലത്തെ നോമ്പ്​ അൽപം കടുത്തതാണ്. ഇവിടത്തെ കൂടിയ ചൂട് 47 മുതല്‍ 50 ഡിഗ്രി വരെ ഉണ്ടാകും. ഇത് ഓരോ പട്ടണത്തിലും വ്യത്യാസപ്പെട്ടിരിക്കുന്നു. 

റമദാൻ രാവുകൾ
പകലിനെക്കാള്‍ ഏറെ സജീവമാകുന്നത് റമദാന്‍ രാത്രികളാണ്. നമസ്കാരവും പഠനവും സൗഹൃദങ്ങളും കുടുംബകൂട്ടായ്മകളും പുലരുവോളം രാത്രിയെ പകലാക്കിനിർത്തും. പലരും ഉറങ്ങുന്നത് സുബ്​ഹി നമസ്കാരത്തിനുശേഷമാണ്. ഉച്ചവരെ ഷോപ്പുകള്‍പോലും അടഞ്ഞുകിടക്കും. ഉച്ചകഴിഞ്ഞു സജീവമാകുന്ന അങ്ങാടികള്‍ നോമ്പുതുറയുടെ നേരമാകുമ്പോള്‍ തിരക്കൊഴിയും. പിന്നെ ഇശാ നമസ്കാരത്തോടെയാണ് വീണ്ടും സജീവമാകുന്നത്. 

ആഘോഷത്തുറകൾ
നോമ്പുതുറ ആഘോഷമാണ്. കുടുംബങ്ങൾക്കും കൂട്ടുകാർക്കും ഒത്തുകൂടാനും ഉല്ലസിക്കാനുമുള്ള അവസരം. എല്ലാവരും കുടുംബസമേതം ഒന്നിച്ചിരുന്ന്​ കൊതിയൂറും വിഭവങ്ങള്‍ കഴിക്കുന്നു. പിന്നെ ഖുർആൻ ഓതുന്നതി​​െൻറ വ്യത്യസ്ത ശൈലികള്‍ ആസ്വദിക്കുന്നു. കുടുംബവിശേഷങ്ങള്‍ പങ്കുവെക്കുന്നു. പരമ്പരാഗത കലകളുടെ അവതരണവും പ്രത്യേക പാട്ടുകള്‍ ഒരുമിച്ചിരുന്നു കൂട്ടമായി പാടുന്നതും ആഘോഷത്തി​​െൻറ ഭാഗമാണ്. തരബ് അന്തലൂസി എന്ന മൊറോക്കന്‍ ക്ലാസിക്കല്‍ മ്യൂസിക്കും കഥ പറച്ചിലും ഉണ്ടാക്കിയ വിഭവങ്ങളുടെ ചേരുവകള്‍ പരസ്പരം പങ്കുവെക്കലും ഇത്തരം കൂട്ടായ്മകളില്‍ എടുത്തുപറയേണ്ട വസ്തുതകളാണ്. കുടുംബങ്ങളുടെ വലുപ്പത്തിനൊത്ത്​ ആളുകളുടെ എണ്ണക്കൂടുതലുണ്ടാവും. ഇത്തരം കൂട്ടായ്മകള്‍ മണിക്കൂറുകള്‍ നീണ്ടുപോകും. കൂടുതല്‍ വിപുലമായ പാർട്ടികളില്‍ നിശാ നമസ്​കാരത്തിനുള്ള എല്ലാ ഏർപ്പാടുകളും ഒരുക്കിയിട്ടുണ്ടാകും. അതുകൊണ്ടു രാവിനെ പകലാക്കിയാവും എല്ലാവരും പിരിഞ്ഞുപോകുന്നത്. 

പ്രത്യേക വിഭവങ്ങൾ
മൊറോക്കോയില്‍ വൈകുന്നേരം വിഭവങ്ങൾക്ക്​ കുറവുണ്ടാകില്ല. ആളുകള്‍ ഇവിടെ കുറച്ചു ഭക്ഷണം കഴിക്കുന്നു എന്ന ധാരണ ശരിയല്ല. എണ്ണവും രുചിവൈവിധ്യവും മൊറോക്കോയിലെ റമദാ​​​െൻറ പ്രത്യേകതകളാണ്. വിവിധ നഗരങ്ങളില്‍ വ്യത്യസ്ത ഭക്ഷണരീതികളാണ് നിലനിൽക്കുന്നത്. ദേശീയഭക്ഷണമായ തജീനുമുണ്ട് വകഭേദങ്ങള്‍. താൻജിയയിലും (ഇബ്ന്‍ ബത്തൂത്തയുടെ പട്ടണം) മൊറോക്കോയുടെ തലസ്ഥാനമായ റബാത്തിലും പിങ്ക് സിറ്റിയായ മറാകിഷ്, പ്രധാന നഗരമായ കസബ്ലാങ്ക, അറിവി​​െൻറ പട്ടണമായ ഫെസ്, അർഗന്‍ മരങ്ങളുടെ നഗരമായ അഗദിര്‍ തുടങ്ങിയ ഓരോ പട്ടണത്തിലും തജീന്‍ വ്യത്യസ്ത രീതിയിലാണ് തയാറാക്കുന്നത്.


തജീൻ: ദേശീയ വിഭവം
മൊറോക്കോയില്‍ എത്തിയാല്‍ തജീന്‍ കഴിക്കാതെ മടങ്ങരുതെന്നാണ്. തജീന്‍ ഇറച്ചികൊണ്ടും കോഴിമുട്ടകൊണ്ടും വെജിറ്റബ്ള്‍ ഉപയോഗിച്ചും തയാറാക്കാറുണ്ട്. ഇതെല്ലാം ഒന്നിച്ചുള്ള മിക്​സഡ് തജീനും കാണാന്‍ കഴിഞ്ഞു. എന്നാല്‍, ഇറച്ചികൊണ്ടുള്ള തജീന്‍ ആണ് ഇവിടത്തുകാർക്ക്​ ഏറെ ഇഷ്​ടം. ഇറച്ചിയും വെളുത്തുള്ളിയും മല്ലിയും സവാളയും നല്ലവണ്ണം വേവിക്കുക. ആട്ടിൻ വാലു കൊണ്ടുള്ള സൂപ്പ്​ വെള്ളത്തിലാണ് ഇതു വറ്റിച്ചെടുക്കുന്നത്. ഈത്തപ്പഴവും ആപ്രികോട്ടും തുടങ്ങി ഡ്രൈ ഫ്രൂട്​സ്​ ചേർത്ത്​ ഇതിനെ കൂടുതല്‍ സ്വദിഷ്​ടമാക്കുന്നു. ഇത് ഉണ്ടാക്കുന്ന പാത്രം ട്രഡീഷനല്‍ ആഫ്രിക്കന്‍ രീതിയിലുള്ള മണ്‍ചട്ടിയാണ്. കനലുകൾക്കുമേലെ അടുക്കിവെച്ചാണ് ഇതു തയാറാക്കുന്നത്. ഓരോ പ്രദേശത്തും ഇതി​ന്​ രുചിവ്യത്യാസമുണ്ട്. വളരെ സാവധാനം വേവിച്ചെടുക്കുന്ന വിഭവമാണിത്. ആടും ബദാമും ചേർത്തതും ആട്ടിറച്ചിയോടൊപ്പംതന്നെ കോഴിമുട്ടയും പ്ലമും, അല്ലെങ്കില്‍ ഒലിവും വെജിറ്റബിളും തുടങ്ങി വൈവിധ്യങ്ങള്‍ ഇതിനുണ്ട്. കൂടുതല്‍ പച്ചക്കറികളും ഉരുളക്കിഴങ്ങും കാരറ്റും ചേർത്ത്​ തയാറാക്കുന്നവരുമുണ്ട്. കോഴിയും ബീഫും മീനും പ്രധാന ചേരുവകള്‍ ആകാറുണ്ട്. സഹാറയിലെ തജീനോളം വരില്ല മറ്റിടങ്ങളിലേതെന്നാണ് എ​​​െൻറ അനുഭവം. 

ശബകിയ്യയുടെ സ്വാദ്
കൊതിയൂറും ശബകിയ്യയെക്കുറിച്ച് പറഞ്ഞപ്പോള്‍ അവളുടെ നാവില്‍ വെള്ളമൂറി. ശബകിയ്യയില്ലാതെ ഒരു മൊറോക്കന്‍ റമദാന്‍ ദിനവും കടന്നുപോകില്ല. അത്രക്ക് പ്രധാനമാണ് ഈ മധുരപലഹാരം ഇഫ്താര്‍ മേശകളില്‍. സാധാരണ ആഘോഷവേളകളില്‍ ഇത് ഒഴിവാക്കാന്‍ കഴിയാത്തതാ​െണങ്കിലും റമദാനില്‍ ഇതിന് ആവശ്യക്കാര്‍ കൂടും. തേനില്‍ ചാലിച്ചെടുക്കുന്ന ഈ പലഹാരം ആരോഗ്യദായകമാണ്. ബദാമും എള്ളും ഒലിവ് എണ്ണയും കോഴിമുട്ടയും ചേർത്ത്​ ഉണ്ടാക്കിയെടുക്കുന്ന ശബകിയ്യ തേനിലിട്ടാണ് മധുരപലഹാരമാക്കുന്നത്. പിന്നെ മുകളില്‍ വെളുത്ത എള്ള് വിതറുന്നു. നീണ്ട പകല്‍ മുഴുവന്‍ നോ​െമ്പടുത്ത് ക്ഷീണിച്ചവർക്ക്​ കരുത്ത് പകരുന്ന ആരോഗ്യദായക വിഭവമായാണ് ശബകിയ്യയെ കാണുന്നത്. 

റമദാൻ ക്രഷെൽ
ഇത് നോമ്പി​​െൻറ പ്രത്യേക വിഭവമാണ്. പണ്ടുകാലത്ത് റമദാനില്‍ മാത്രമാണ് ക്ര​െഷല്‍ ഉണ്ടാക്കിയിരുന്നത്. വ്യത്യസ്ത ധാന്യങ്ങളുടെ പൊടിയും പാലും പഞ്ചസാരയും വിവിധ വിത്തുകളും ചേർത്ത്​ തയാറാക്കുന്ന മധുരമുള്ള ബണ്‍ ആണ് ക്രഷെല്‍. കാപ്പിയും കോഴിമുട്ടയും ചേർത്താണ്​ ഇതിന് ചന്തം പകരുന്നത്. ഇതി​​െൻറ സ്വാദും ജനപ്രിയതയും കാരണം ഇന്ന് പ്രത്യേക സൽക്കാരങ്ങൾക്ക്​ ഇത് തയാര്‍ ചെയ്യാറുണ്ട്. 

ഹരീറ ഇല്ലാതെ എന്തു നോമ്പുതുറ
ഹരീറ എന്നു വിളിക്കുന്ന ട്രഡീഷനല്‍ സൂപ്പ്​ മൊറോക്കന്‍ നോമ്പുവിഭവങ്ങളില്‍ ഒഴിച്ചുകൂടാനാവാത്ത ഇനമാണ്. കാരക്കയുടെ കൂടെയാണ്​ നൽകുക. ആരോഗ്യപ്രദമായ പാനീയമെന്ന നിലയില്‍ ഇത് ഏറെ ജനപ്രിയമാണ്. നോമ്പുവിഭവങ്ങൾക്ക്​ മൊറോക്കന്‍ ടച്ച് നൽകാന്‍ ഹരീറ തന്നെ വേണം. നല്ല ആട്ടിറച്ചിയും പരിപ്പും സെലറിയും മല്ലിയിലയും ചെറുപയറും ഉള്ളിയും തക്കാളിയും സേമിയയും കുരുമുളകും ഇഞ്ചിയും മഞ്ഞളും കുങ്കുമവും നെയ്യും ഒക്കെ ചേർത്താണ്​ ഈ സ്പെഷൽ സൂപ്പ് തയാറാക്കുന്നത്. 

അൽമോണ്ട് ബ്രിവ 
മൊറോക്കന്‍ അറബിയില്‍ ബ്രിവ എന്നാല്‍ അക്ഷരങ്ങള്‍ എന്നാണ്. ഒരു നാടി​​െൻറ സ്വാദ് പുറംനാടുകളില്‍ എത്തിക്കുന്നതിനാലും ആധികാരിക മൊറോക്കന്‍ രുചിയുടെ വാഹകന്‍ ആയതിനാലുമാണ് ഈ പേരു ലഭിച്ചത്​. ഒരുദിവസം മുഴുവന്‍ അൽമോണ്ട് വെള്ളത്തിലിട്ടോ അല്ലെങ്കില്‍ തിളപ്പിച്ചോ തോലുകളഞ്ഞ ശേഷം പൊടിച്ചെടുത്താണ് ബ്രിവ തയാറാക്കുന്നത്. ഇതി​​െൻറകൂടെ സുഗന്ധവ്യഞ്​ജനങ്ങളും നെയ്യും ചേർത്ത്​ ഉരുട്ടി വറുത്തെടുക്കുന്നു. ബസ്തില്ല, സാലൂ, ഭഗറിര്‍, ഹർഷ എന്നിവയെല്ലാം പ്രത്യേക റമദാന്‍ വിഭവങ്ങളാണ്. എന്തുകൊണ്ടും വ്യത്യസ്​തമാണ് ആഫ്രിക്കന്‍ നോമ്പുകാലം. യൂറോപ്പും അറബും ആഫ്രിക്കനും എല്ലാം ചേർന്നതാണ് ഇന്നത്തെ മൊറോക്കോ. നോമ്പിലും പെരുന്നാളിലും ഈ സാംസ്കാരിക വൈവിധ്യം വ്യക്തമാണ്.

ചിത്രങ്ങൾ: അജീബ് കൊമാച്ചി

COMMENTS