അഭിമാനമായി നിഹാദ്; ജീവൻരക്ഷ അവാർഡ് സ്വീകരിക്കാൻ ഡൽഹിക്ക്
text_fieldsജീവൻരക്ഷ അവാർഡ് സ്വീകരിക്കാൻ പുറപ്പെടുന്ന നിഹാദിനെ ഡൽഹിയിലേക്ക് യാത്രയയക്കാൻ ഇ.കെ. വിജയൻ എം.എൽ.എ എത്തിയപ്പോൾ
കുറ്റ്യാടി: കഴിഞ്ഞവർഷം തളീക്കര കൂട്ടൂർ കല്ലുരസി തടയണയിൽ വീണ നാലുവയസ്സുകാരന്റെ ജീവൻ രക്ഷിച്ചതിന് രാഷ്ട്രപതിയുടെ ജീവൻരക്ഷ അവാർഡിന് തെരഞ്ഞെടുക്കപ്പെട്ട മാണിക്കോത്ത് റഹീമിന്റെ മകൻ നിഹാദ് നാടിന്റെ അഭിമാനമായി.
കുറ്റ്യാടി ഗവ. ഹൈസ്കൂൾ എട്ടാം ക്ലാസ് വിദ്യാർഥിയായ നിഹാദ് അവാർഡ് സ്വീകരിക്കാൻ ഞായറാഴ്ച ഡൽഹിയിലേക്ക് പുറപ്പെട്ടു. ജീവൻ പണയംവെച്ച് നാലടിയോളം ആഴമുള്ള തടയണയിൽ എടുത്തുചാടിയാണ് രക്ഷപ്രവർത്തനം നടത്തിയത്.
ഉച്ചസമയത്ത് വീട്ടുകാരറിയാതെ വന്ന സമീപവാസിയായ കുട്ടിയാണ് കാലുതെറ്റി വെള്ളക്കെട്ടിൽ വീണത്. അതുവഴി വന്ന നിഹാദ് വെള്ളത്തിന് മുകളിൽ കൈ പൊങ്ങി നിൽക്കുന്നത് കാണുകയായിരുന്നു. നിഹാദിനെ യാത്രയയക്കാൻ ഇ.കെ. വിജയൻ എം.എൽ.എ, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഒ.പി. ഷിജിൽ, ഗ്രാമപഞ്ചായത്തംഗങ്ങൾ, അധ്യാപകർ എന്നിവരെത്തി.

