മെന്റലിസ്റ്റ് ആദി പൊളിയാണ്
text_fields‘ഗൾഫ് മാധ്യമം’ അജ്മാനിൽ സംഘടിപ്പിച്ച അജ്മാൻ കോൾസ് എന്ന പരിപാടിയിൽ ആദി തന്റെ സിഗ്നേച്ചർ ഷോ ആയ ‘ഇൻസോംനിയ’ അവതരിപ്പിക്കുന്നു
ൈകയിൽ കിട്ടുന്നതെന്തും വായിക്കും. അന്ന് പുസ്തകങ്ങളോട് കൂട്ടു കൂടാൻ സഹായിച്ചത് കാഞ്ഞങ്ങാട് മുൻസിപ്പൽ ലൈബ്രറിയിലെ ദാമോദരേട്ടനാണ് എന്ന് ആദി നന്ദിയോടെ സ്മരിക്കുന്നു. ഷെർലക്ക് ഹോംസ് കഥകളിലെ കുറ്റാന്വേഷണ രീതികളും കുറ്റവാളികളുടെ ശരീരഭാഷയും തുമ്പുകൾ ശേഖരിക്കുന്നതിലെ സങ്കീർണ്ണതകളും തലയ്ക്ക് പിടിച്ചാണ് മനുഷ്യരെ നിരീക്ഷിക്കുന്നതും മനസ്സ് വായിച്ചെടുക്കാനുള്ള ത്വരയും രക്തത്തിൽ കയറിയത്. പിന്നീട് അതിന്റെ അനന്ത സാധ്യതകളെ തേടി തന്റെ മിടുക്കും അധ്വാനവും സമയവും ചെലവഴിച്ചാണ് ഇന്ന് ലോകമൊട്ടാകെ അറിയപ്പെടുന്ന മെന്റലിസ്റ്റ് ആദിയായി ആദർശ് മാറുന്നത്.
ആദിയെ നേരിട്ട് പരിചയപ്പെടുന്നത് ഡിന്നറിനു പോകാനായി താമസിക്കുന്ന ഹോട്ടലിൽ നിന്നും പിക്ക് ചെയ്യാൻ പോയ സമയത്താണ്. ലോബിയിൽ എത്തുന്നതിനു തൊട്ടുമുമ്പ് കാറിലിരുന്ന് ഞാൻ ചിന്തിച്ചത് ഞങ്ങൾ തമ്മിലുള്ള സംസാരം തുടങ്ങുന്നത് എങ്ങനെയായിരിക്കും എന്നായിരുന്നു. ആളുകളുടെ മനസ്സ് വായിക്കുന്ന കേമന്റെ മനസ്സ് ഞാൻ വായിക്കുന്നതായി വെറുതെ ഒന്ന് സങ്കൽപ്പിച്ചു നോക്കി. വെറും വെറുതെ ഇങ്ങനെ ഒരു നിഗമനത്തിലെത്തി.
‘ഫോൺ ചാർജർ ആയിരിക്കും ആദ്യം ചോദിക്കുക’. ലോബിയിൽ കാത്തുനിൽക്കുകയായിരുന്ന ആദി എന്നെ കണ്ടതും വണ്ടിയിൽ കയറി നമസ്കാരം പറഞ്ഞ് കൈ തന്ന് ആദ്യ ചോദ്യം, ‘ചേട്ടാ, സി ടൈപ്പ് ചാർജർ കാണുമോ ൈകയിൽ?’. അത്ഭുതം കൂറാൻ ഇതിൽപ്പരം എന്തുവേണം? ഞാൻ ആദിയുടെ മനസ്സ് വായിച്ചതാണോ, ആദി എന്റെ മനസ്സ് വായിച്ചതാണോ എന്ന് ഇപ്പോഴും തിട്ടപ്പെടുത്താൻ സാധിച്ചിട്ടില്ല എന്നതാണ് സത്യം!!
കഴിഞ്ഞ വാരത്തിൽ അജ്മാൻ കോൾസ് എന്ന പേരിൽ ‘ഗൾഫ് മാധ്യമം’ അജ്മാനിൽ സംഘടിപ്പിച്ച ബിസിനസ് പരിപാടിയിൽ തന്റെ സിഗ്നേച്ചർ ഷോ ആയ ‘ഇൻസോംനിയ’ അവതരിപ്പിക്കാനാണ് ആദി യു.എ.ഇയിൽ എത്തിയത്. ആയിരത്തിഅഞ്ഞൂറോളം ആളുകൾ തിങ്ങിനിറഞ്ഞ ഹാളിൽ ഷോ തുടങ്ങിയതുമുതൽ ഉദ്യോഗഭരിതമായ രംഗങ്ങളായിരുന്നു കാണാൻ കഴിഞ്ഞത്. രസച്ചരട് ഒട്ടും മുറിയാതെ നീണ്ട രണ്ടര മണിക്കൂർ പരിപാടിയിൽ പലരും മൂത്രശങ്ക തീർക്കാൻ പോലും എഴുന്നേറ്റുപോകാതെയാണ് ഷോയിൽ ലയിച്ചിരുന്നത്. ഉരുളക്കുപ്പേരിപോലെ ആദി തൊടുത്തുവിടുന്ന സ്പോട്ട് ഹ്യൂമറുകളും ചിന്തക്ക് വഴിമരുന്നിടുന്ന വ്യാഖ്യാത ഉദ്ധരണികളും ഒരേസമയം വിനോദവും വിജ്ഞാനവും പകർന്നു നൽകുന്നതായിരുന്നു.
ആദിയാകുന്നതിനു മുമ്പുള്ള ആദർശ് എന്ന ഉണ്ണിക്കുട്ടനെ ഒന്ന് പരിചയപ്പെടാം. ഏറെ പ്രിയപ്പെട്ടവർക്ക് ഉണ്ണിയില്ലാത്ത വെറും കുട്ടനും. അഞ്ചാം വയസ്സിലാണ് കഥാപ്രസംഗവും മോണോ ആക്റ്റും ഒക്കെയായി ആദ്യത്തെ അരങ്ങേറ്റം. ഒമ്പതാം വയസ്സിൽ ഒരു പ്രൊഫഷണൽ ട്രൂപ്പിന്റെ പുരാണ നാടകത്തിൽ ഹരീശ്ചന്ദ്ര രാജാവിന്റെ മകൻ രോഹിതാശ്വൻ ആയി അഭിനയിക്കാൻ ഒരു റോൾ വീണു കിട്ടി. നീണ്ട റോളൊന്നുമല്ല; മരണപ്പെട്ട രോഹിതാശ്വൻ ചിതയിൽനിന്നും ജീവിതത്തിലേക്ക് തിരിച്ചു വരുന്നതാണ് രംഗം.
രാത്രി ഏറെ വൈകി നടന്ന നാടകമായതിനാൽ ചിതയിൽ കിടന്ന് ആദി ക്ഷീണിച്ചുറങ്ങിപ്പോയി. പിന്നീട് ജീവൻ തിരിച്ചു കിട്ടിയ മകനായി ഹരീശ്ചന്ദ്രന്റെ മുന്നിൽ നിൽക്കാൻ മുഖത്ത് നന്നായി വെള്ളം തളിക്കേണ്ട അവസ്ഥ വന്നതും മറ്റൊരു നടനോട് ‘ഇരിക്കൂ’ എന്ന നിർദ്ദേശം പിറകിൽ നിന്നും വന്നപ്പോൾ തെറ്റിദ്ധരിച്ച് ആദി വീണ്ടും ചിതയിൽ പോയിരുന്നതും കാണികൾ കയ്യടിയോടെ ആസ്വദിച്ചത് നിറചിരിയോടെ ആദി ഇന്നും ഓർക്കുന്നു. അന്ന് മനസ്സുകൾ വായിച്ചു തുടങ്ങിയിട്ടില്ലെങ്കിലും പുസ്തകങ്ങൾ ഏറെ വായിക്കാറുണ്ടായിരുന്നു. (ഇന്ന് അവ രണ്ടും).
എങ്ങനെ മെന്റലിസം തലയ്ക്ക് പിടിച്ചു എന്ന ചോദ്യത്തിന്, ഷെർലക്ക് ഹോംസ് എന്നായിരുന്നു ആദ്യ പ്രതികരണം. കുഞ്ഞുപ്രായത്തിലെ ധാരാളം വായിക്കുമെന്ന് സൂചിപ്പിച്ചല്ലോ. ഷെർലക്ക് ഹോംസിന്റെ സമ്പൂർണ്ണ കൃതികൾ അടങ്ങുന്ന രണ്ട് തടിയൻ പുസ്തകങ്ങൾ പതിനൊന്നാം വയസിൽ മൂന്നുവട്ടം വായിച്ചു തീർത്തിട്ടുണ്ട് ആദർശ്. ഇതുകൂടാതെ ൈകയിൽ കിട്ടുന്നതെന്തും വായിക്കും. അന്ന് പുസ്തകങ്ങളോട് കൂട്ടു കൂടാൻ സഹായിച്ചത് കാഞ്ഞങ്ങാട് മുൻസിപ്പൽ ലൈബ്രറിയിലെ ദാമോദരേട്ടനാണ് എന്ന് ആദി നന്ദിയോടെ സ്മരിക്കുന്നു.
ഷെർലക്ക് ഹോംസ് കഥകളിലെ കുറ്റാന്വേഷണ രീതികളും കുറ്റവാളികളുടെ ശരീരഭാഷയും തുമ്പുകൾ ശേഖരിക്കുന്നതിലെ സങ്കീർണ്ണതകളും തലയ്ക്ക് പിടിച്ചാണ് മനുഷ്യരെ നിരീക്ഷിക്കുന്നതും മനസ്സ് വായിച്ചെടുക്കാനുള്ള ത്വരയും രക്തത്തിൽ കയറിയത്. പിന്നീട് അതിന്റെ അനന്ത സാധ്യതകളെ തേടി തന്റെ മിടുക്കും അധ്വാനവും സമയവും ചെലവഴിച്ചാണ് ഇന്ന് ലോകമൊട്ടാകെ അറിയപ്പെടുന്ന മെന്റലിസ്റ്റ് ആദിയായി ആദർശ് മാറുന്നത്.
കാസർകോട് ജില്ലക്കാരനായ ആദി നാലു വർഷത്തോളം പഠനവും പ്രദർശനവുമായി അമേരിക്കയിൽ ചെലവിട്ടപ്പോഴാണ് ആദി എന്ന പേരിലേക്ക് മാറുന്നത്. യു.എസിൽ നിരവധി തിയേറ്ററുകളിലും ആഡംബര ക്രൂസ് കപ്പലുകളിലും തന്റെ കഴിവ് തെളിയിച്ച് ആയിരങ്ങളെ വിസ്മയിപ്പിച്ച ആദിയുടെ ഷോകളിൽ ഹോളിവുഡിലെ പ്രമുഖരും, ലോകോത്തര വ്യവസായികളും, രാഷ്ട്രീയ-സർക്കാർ രംഗത്തെ ഉന്നതരും ഉണ്ടായിരുന്നു.
കപ്പൽ യാത്രയിലെ ഒരിടവേളയിൽ ഒരു കൊച്ചുമിടുക്കിക്ക് ചില വിദ്യകൾ കാണിച്ചുകൊടുത്ത് അമ്പരപ്പിച്ചതിന്, കുട്ടിയുടെ അമ്മ പേഴ്സിൽ നിന്നും ഒരു ഡോളർ എടുത്ത് അതിൽ തന്റെ കൈയൊപ്പ് ചാർത്തി സമ്മാനമായി നൽകിയത്രെ. ഇതെന്ത് സംഗതിയാണെന്ന് പിടി കിട്ടാതെ ആ ഡോളറിലേക്ക് മിഴിച്ച് നോക്കിയപ്പോഴാണ് അതിന്റെ ഗുട്ടൻസ് പിടികിട്ടിയത്. നോട്ടിൽ അച്ചടിച്ച രണ്ട് ഒപ്പുകളിൽ ഒന്നും, അവരിട്ട് നൽകിയ ഒപ്പും കിറുകൃത്യം.
റോസ ജി റയോസ് എന്ന അമേരിക്കൻ ഡോളറിൽ ഒപ്പ് ചാർത്തുന്ന ട്രഷറി സെക്രട്ടറി പോലുള്ള ഉന്നതരെയാണ് ആദി വിസ്മയിപ്പിച്ചിരുന്നത് എന്നത് ഏതൊരു മലയാളിക്കും അഭിമാനിക്കാവുന്ന സംഗതിയാണ്. മലയാള സിനിമ മേഖലയിലെ ഒട്ടുമിക്ക നടീ-നടന്മാരും ആദിയുടെ ഉറ്റ ചങ്ങാതിമാരാണ്. മോഹൻലാലുമായുള്ള ആദിയുടെ കെമിസ്ട്രി എത്ര ഗാഢമാണെന്ന് ആദിയെ സമൂഹമാധ്യമങ്ങളിൽ ഫോളോ ചെയ്യുന്നവർക്ക് നന്നായി അറിയാം. ‘സിനിമക്കാരുമായിട്ട് എന്തേ ഇത്ര കൂട്ട്?’ എന്ന് ചോദിക്കുന്നവരോട് പറയാൻ ആദിക്ക് വ്യക്തമായ ഉത്തരമുണ്ട്.
‘അവർ ചെയ്യുന്നതും ഞാൻ ചെയ്യുന്നതും അഭിനയമാണ്; രണ്ടും പെർഫോമിങ് ആർട്ടുകളുമാണ്’. എന്നാൽ, സിനിമാ നിർമാണത്തിൽ കിട്ടുന്ന പല അനുകൂല ഘടകങ്ങളായ ഒന്നിലധികം ടേക്കുകൾ, ടെക്നീഷ്യന്മാരുടെ സഹായങ്ങൾ, എഡിറ്റ് ചെയ്യാനുള്ള അവസരങ്ങൾ തുടങ്ങി ഒന്നും സാധിക്കാത്ത ഒരു പ്രകടനമാണ് സ്റ്റേജിലെ ലൈവ് പെർഫോമൻസുകൾ. അതിൽ സിനിമയേക്കാൾ കൂടുതൽ സൂക്ഷ്മതയും മനസ്സാന്നിധ്യവും ഹോംവർക്കുകളും ആവശ്യമായിരിക്കെ, ഇതൊക്കെ കഠിനാധ്വാനത്തിലൂടെ പരിശീലിച്ച് സ്വതസിദ്ധമായി അവതരിപ്പിക്കുന്ന ഒരു കലാകാരനെ സിനിമക്കാർ ഇഷ്ടപ്പെടുന്നതിൽ അത്ഭുതപ്പെടാൻ ഒന്നുമില്ല. ജയസൂര്യ നായകനായി അഭിനയിച്ച ‘പ്രേതം’ സിനിമ ആദിയുടെ ജീവിതകഥയിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട കഥയാണ്.
80’s എന്ന പേരിൽ തെന്നിന്ത്യൻ സിനിമയിലെ 80കളിലെ താരങ്ങളുടെ ഒരു ഒത്തുചേരലിൽ, ആദിയിൽ നിന്നും സ്വായത്തമാക്കിയ ചില വിദ്യകൾ ലാലേട്ടൻ അവതരിപ്പിച്ച് സഹതാരങ്ങളെ വിസ്മയിപ്പിച്ച സംഭവം മുമ്പ് വാർത്തയായിരുന്നു. ചിരഞ്ജീവിയുടെ ഹൈദരാബാദിലുള്ള വീട്ടിലായിരുന്നു ഈ മാസ്മരിക പ്രകടനം. മെന്റലിസവും മാജിക്കിലെ പൊടിക്കൈകളും തങ്ങളുടെ ഭക്തി ചൂഷണത്തിന് മുതൽക്കൂട്ടാക്കാൻ ചില ആൾദൈവങ്ങളും സിദ്ധന്മാരും തന്നെ സമീപിച്ചിട്ടുണ്ടെന്ന് ആദി തുറന്നുപറയുന്നുണ്ട്. അവരുടെയെല്ലാം ആകർഷകമായ ‘ഓഫറുകൾ’ ആദി അർഹിക്കുന്ന അവജ്ഞയോടെ തള്ളിക്കളയുകയാണുണ്ടായത്.
മെന്റലിസ്റ്റ് എന്ന മേൽവിലാസക്കാരനല്ലാതെ, എഴുത്തുകാരനായും മോട്ടിവേഷണൽ സ്പീക്കറായും സെലിബ്രിറ്റികൾക്കും മറ്റും മെന്ററായും ആദി പ്രവർത്തിക്കുന്നുണ്ട്. ‘ലൈബ്രറി ഓഫ് ഹാപ്പിനെസ്’ എന്ന യൂട്യൂബ് ചാനൽ ഒന്നു കണ്ടാൽ നിങ്ങൾക്ക് ആദിയിലെ എഴുത്തുകാരനെയും ചിന്തകനെയും അടുത്തറിയാം. തന്റെ ‘ഇൻസോംനിയ’ എന്ന പരിപാടിയുമായി കേരളത്തിലെ പത്തു ജില്ലകളിൽ പര്യടനം നടത്തുന്നതിന്റെ ഇടവേളയിലാണ് ആദി യു.എ.ഇയിൽ എത്തിയത്. 'ഇൻസോംനിയ'യിലെ പ്രകടനങ്ങൾ ശ്വാസമടക്കിപ്പിടിച്ചുകണ്ടാസ്വദിച്ചവർ ഒന്നടങ്കം സമ്മതിക്കും, ‘ആദി സൂപ്പർ ആണ്, നാച്ചുറൽ ആണ്’ എന്നൊക്കെ. ഇത്തരം പ്രശംസകൾ താഴ്മയോടെ ആസ്വദിക്കുന്ന ആദിക്ക് നന്ദിയോടെ മറുപടിയായി പറയാനുള്ളത് മറ്റൊന്നാണ്: ‘എന്നാൽ ഞാൻ സൂപ്പർനാച്ചുറൽ ഒന്നുമല്ല കേട്ടോ..!!’. ഭാര്യ ഷെറിനും മകൾ കല്യാണിയും അടങ്ങിയ ആദിയുടെ കുടുംബം ഇപ്പോൾ കൊച്ചിയിലാണ് താമസിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

