അഭിമാനം ശ്രീ
text_fieldsശ്രീശങ്കർ
സാബിർ അഹ്സൻ
ബർമിങ്ഹാമിൽ നടന്ന കോമൺവെൽത്ത് ഗെയിംസിൽ ലോ ങ്ജംപിൽ വെള്ളി നേടി മലയാളികളുടെ അഭിമാന താരമായി പാലക്കാട് യാക്കര സ്വദേശി എം. ശ്രീശങ്കർ. ദേശീയതലത്തിൽ റെക്കോഡിട്ട് രാജ്യത്തെ ഏറ്റവും മികച്ച ലോങ്ജംപ് താരമായി അരങ്ങുവാഴുന്ന ശ്രീശങ്കർ കോമൺവെൽത്ത് ഗെയിംസിലെ വിജയത്തോടെ അന്താരാഷ്ട്ര അത്‌ലറ്റിക്സ് രംഗത്തും തിളങ്ങുന്ന താരമായിരിക്കുകയാണ്. ശ്രീശങ്കറിന്റെ വർത്തമാനങ്ങൾ
ദൃഢനിശ്ചയത്തിന്റെ വിജയം
കോമൺവെൽത്തിൽ മെഡൽ നേടുകയെന്നത് ശ്രീശങ്കറിന്റെ ആഗ്രഹമായിരുന്നില്ല, ദൃഢനിശ്ചയമായിരുന്നു. സ്വന്തം ബയോഡേറ്റയിൽ തന്റെ അടുത്ത പ്രധാനലക്ഷ്യം അന്താരാഷ്ട്ര വേദികളിൽ മെഡൽ നേടലാണെന്ന് ശ്രീ മുമ്പേ കുറിച്ചുവെച്ചിട്ടുണ്ട്. ബർമിങ്ഹാമിൽ മെഡലണിഞ്ഞ് തലയുയർത്തി നിൽക്കുമ്പോൾ വരാനിരിക്കുന്ന മറ്റു ചാമ്പ്യൻഷിപ്പുകളിലും ലക്ഷ്യം പൂർത്തിയാക്കാൻ കഴിയുമെന്ന ആത്മവിശ്വാസവും ശ്രീ പങ്കുവെക്കുന്നു.
13 വർഷം; സംഭവബഹുലം
22കാരനായ ശ്രീ കായികരംഗത്തേക്ക് ആദ്യ ചുവടുവെച്ചത് ഒമ്പതാം വയസ്സിലാണ്. സ്കൂൾ തലത്തിലെ മികച്ച പ്രകടനത്തോടെ പല ജില്ല മീറ്റുകളിലും ചെറുപ്പത്തിൽ തന്നെ പങ്കെടുത്തുതുടങ്ങി. സംസ്ഥാന മീറ്റുകളിൽ അണ്ടർ 12 ലോങ്ജംപ് ഇനത്തിൽ 5.22 മീറ്റർ ദൂരം ചാടി സംസ്ഥാന റെക്കോഡ് കുറിച്ചു. അതോടെ മകന്റെ കഴിവ് മനസ്സിലാക്കിയ രക്ഷിതാക്കൾ കൂടുതൽ പ്രോത്സാഹനവുമായി ഒപ്പംനിന്നു.
പിന്നീടങ്ങോട്ട് ജൂനിയർ, സീനിയർ വിഭാഗങ്ങളിലെല്ലാം ശ്രീയുടെ കുതിച്ചുചാട്ടത്തിന് രാജ്യം സാക്ഷ്യംവഹിച്ചു. പലരും കുറിച്ചുവെച്ച ദേശീയ റെക്കോഡുകൾ ഈ മലയാളി പയ്യന് മുന്നിൽ വഴിമാറി. അൻജിത് ശർമ കുറിച്ച 8.19 എന്ന റെക്കോഡ് 8.20 മീറ്റർ ചാടി 2018ൽ തിരുത്തി ആദ്യം റെക്കോഡിട്ട ശ്രീ പിന്നീട് 2021ൽ 8.26 ചാടി സ്വന്തം പേരിലുള്ള റെക്കോഡ് മറികടന്നു. പിന്നീട് 2022 ആദ്യത്തിൽ 8.36 മീറ്റർ ചാടി തന്റെ തന്നെ ദേശീയ റെക്കോഡിനെ വീണ്ടും തിരുത്തി. 8.20 മീറ്റർ എന്ന ശ്രീയുടെ കോമൺവെൽത്ത് അണ്ടർ 20 വിഭാഗത്തിലെ നേട്ടം റെക്കോഡായിത്തന്നെ നിലനിൽക്കുന്നു.
അണ്ടർ 16 വിഭാഗത്തിലാണ് ശ്രീ ആദ്യമായി ദേശീയ മീറ്റിൽ സ്വർണം നേടുന്നത്. അണ്ടർ 18 വിഭാഗത്തിൽ ജൂനിയർ, സീനിയർ ദേശീയ റെക്കോഡുകൾ കുറിച്ച. പിന്നീടങ്ങോട്ട് അന്താരാഷ്ട്ര വേദികളിലേക്കുള്ള കുതിച്ചുചാട്ടമായിരുന്നു. ദേശീയ മീറ്റുകളിലെ സ്വർണവും റെക്കോഡുകളുമെല്ലാം ശ്രീയെ ലോക ജൂനിയർ അത്‍ലറ്റിക്സ് മീറ്റ്, ഏഷ്യൻ ജൂനിയർ അത്‍ലറ്റിക്സ് മീറ്റ്, ഏഷ്യൻ ഗെയിംസ് വേദികളിൽ എത്തിച്ചു. ഒരു സർജറിക്ക് വിധേയനാകേണ്ടിവന്നതിനാൽ ആ സമയത്ത് പ്രതീക്ഷിച്ച രീതിയിൽ അന്താരാഷ്ട്ര വേദികളിൽ തിളങ്ങാനായില്ല. എങ്കിലും ഏഷ്യൻ ജൂനിയർ മീറ്റിൽ വെങ്കലവും ലോക ജൂനിയർ മീറ്റിൽ അഞ്ചാം സ്ഥാനവും ഏഷ്യൻ ഗെയിംസിൽ ആറാം സ്ഥാനവും കരസ്ഥമാക്കി.
ഒന്നാമനാകുന്ന ശ്രീ
2018 മുതൽ ദേശീയ സീനിയർ മീറ്റുകളിൽ മത്സരിക്കുന്ന ശ്രീ ഇതുവരെ നടന്ന മീറ്റുകളിലെല്ലാം ഒന്നാം സ്ഥാനം എത്തിപ്പിടിച്ചു. ചെന്നൈയിൽ നടന്ന ഇന്റർ സ്‌റ്റേറ്റ് മീറ്റിലാണ് 8.26 എന്ന തന്റെ തന്നെ ദേശീയ റെക്കോഡിനെ 8.36 മീറ്റർ ചാടി ശ്രീ തിരുത്തിയത്. 2019ൽ ലോക ചാമ്പ്യൻഷിപ്പിൽ പങ്കെടുത്തു. 2021 ടോക്യോ ഒളിമ്പിക്സിന് യോഗ്യത നേടി. അന്ന് പല ആരോഗ്യപ്രശ്നങ്ങളും കാരണം 8.26 മീറ്റർ ദൂരമേ ചാടാൻ സാധിച്ചുള്ളൂ.
ഇതിനിടയിൽ വിദേശത്ത് പല മീറ്റുകളിലും ശ്രീ മാറ്റുരച്ചു. വേൾഡ് ഇൻഡോർ മീറ്റിൽ 7.92 മീറ്റർ ദൂരം ചാടി ഏഴാം സ്ഥാനത്തെത്തി. പാരിസിൽ നടന്ന മീറ്റിൽ സ്വർണം നേടി. ഒളിമ്പിക്സും കോമൺവെൽത്തും ഏഷ്യൻ ഗെയിംസുമടക്കം അന്താരാഷ്ട്ര വേദികളിൽ 18 തവണ രാജ്യത്തെ പ്രതിനിധാനംചെയ്ത് അഞ്ചു സ്വർണവും രണ്ടു വെള്ളിയും ഒരു വെങ്കലവും ശ്രീ കരസ്ഥമാക്കി. 2019ൽ ഇന്ത്യയെപ്രതിനിധാനംചെയ്ത് ഏഷ്യൻ, യൂറോപ്യൻ സർക്യൂട്ടുകളിൽ പങ്കെടുത്ത് നാലു സ്വർണവും ഒരു വെങ്കലവും കരസ്ഥമാക്കിയിരുന്നു.
വിജയമന്ത്രവുമായി അച്ഛനും അമ്മയും
കരിയർ ആരംഭിച്ചതുമുതൽ ശ്രീയെ പരിശീലിപ്പിക്കുന്നത് അച്ഛനും അമ്മയുമാണ്. അച്ഛൻ എസ്. മുരളിയും അമ്മ കെ.എസ്. ബിജിമോളും മുൻ അന്താരാഷ്ട്ര അത്‍ലറ്റുകളാണ്. നാളിത്രയും അച്ഛൻ തന്നെയാണ് ശ്രീശങ്കറിന്റെ കോച്ച്. ദേശീയ ക്യാമ്പുകളിൽ വെച്ച് മറ്റു കോച്ചുമാരെ പരീക്ഷിച്ചെങ്കിലും വിജയിക്കാതെ വന്നപ്പോൾ അച്ഛൻ തന്നെ പൂർണ ഉത്തരവാദിത്തം ഏറ്റെടുത്തു. ഒമ്പതാം വയസ്സ് മുതൽ ശാസ്ത്രീയമായ പരിശീലനമാണ് അച്ഛൻ നൽകുന്നതെന്നും അതാണ് അവന്റെ വിജയരഹസ്യമെന്നും അമ്മ ബിജിമോൾ പറയുന്നു. അച്ഛന്റെ പരിശീലനത്തിൽ തന്നെയാണ് ശ്രീക്കും സംതൃപ്തി.
അക്കാദമിക് രംഗത്തും മെഡൽ ചൂടിയവൻ
ട്രാക്ക് ആൻഡ് ഫീൽഡിൽ മാത്രമല്ല ശ്രീ കഴിവുതെളിയിച്ചത്. അക്കാദമിക രംഗത്തും ചെറുപ്പം മുതൽ മിടുക്കനാണ്. പത്താം തരത്തിൽ മുഴുവൻ എ പ്ലസും പ്ലസ്ടുവിൽ 96ശതമാനം മാർക്കും നേടി. 2017ൽ മെഡിസിനും എൻജിനീയറിങ്ങിനും പ്രവേശനം ലഭിച്ചു.എൻജിനീയറിങ്ങിന് ചേർന്നെങ്കിലും ആദ്യ സെമസ്റ്ററിന് ശേഷം നിർത്തി. പിന്നീട് പാലക്കാട് ഗവ.വിക്ടോറിയ കോളജിൽ ബി.എസ്.സി മാത്തമാറ്റിക്സിന് ചേർന്നു. 2020ൽ 90 ശതമാനം മാർക്ക് നേടി കാലിക്കറ്റ് യൂനിവേഴ്സിറ്റിയിലെ പതിനഞ്ചാം റാങ്കോടെ ബിരുദം കരസ്ഥമാക്കി. പി.ജിക്ക് വിക്ടോറിയയിൽ തന്നെ എം.എസ്.സി സ്റ്റാറ്റിസ്റ്റിക്സിന് പ്രവേശനം ലഭിച്ചു.ഇപ്പോൾ രണ്ടാംവർഷ വിദ്യാർഥിയാണ് ശ്രീശങ്കർ.
യാക്കര കാത്തിരിക്കുന്നു
ശ്രീശങ്കറിന്റെ കോമൺവെൽത്ത് മെഡൽ നേട്ടത്തിൽ ആഹ്ലാദത്തിമിർപ്പിലാണ് യാക്കര. തങ്ങളുടെ അഭിമാന പുത്രന് വൻ വരവേൽപ്പ് നൽകാൻ നാട് കാത്തിരിക്കുകയാണ്. ശ്രീയെ അഞ്ചുവർഷമായി നെഞ്ചേറ്റിയ വിക്ടോറിയയുടെ മണ്ണും അവന് സ്വീകരണമൊരുക്കാൻ തയാറായിനിൽക്കുകയാണ്. നാടും കാമ്പസുമെന്നല്ല രാജ്യം തന്നെ കോമൺവെൽത്തിലെ തങ്ങളുടെ വെള്ളിനക്ഷത്രമായ താരത്തിന്റെ പ്രധാന ലോക മീറ്റുകളിലെ സുവർണ നേട്ടം കാത്തിരിക്കുകയാണ്.