ദയനീയം ദയാനന്ദന്റെ ജീവിതം
text_fieldsകാസർകോട്: ആഘാതങ്ങൾ വിടാതെ പിന്തുടരുകയാണ് ഒരു കുടുംബത്തെ. മധൂരിൽ പക്ഷാഘാതത്തെ തുടർന്ന് മരിച്ചുപോയ എം. സുമതിയുടെ മകനും മകളും ഇപ്പോൾ ഇതേ രോഗത്താൽ കിടപ്പിലാണ്. അമ്മ സുമതി അടുത്തിടെ മരിച്ചു. അവിവാഹിതനായ മകൻ ദയാനന്ദ(54)നാണ് ഇപ്പോൾ മധൂർ സർവീസ് സഹകരണ ബാങ്ക് പരിസരത്തെ വീട്ടിൽ കിടപ്പിൽ കഴിയുന്നത്. സഹോദരി ഗീത ഇതേ അസുഖത്തെ തുടർന്ന് ബണ്ട്വാളിൽ ഭർതൃവീട്ടിൽ കഴിയുന്നു. ഗീതക്ക് കൂലിപണിക്കാരനായ ഭർത്താവും രണ്ട് ചെറിയ കുട്ടികളുമാണുള്ളത്.
മധൂരിലെ വീട്ടിൽ ഒറ്റക്ക് കിടപ്പിൽ കഴിയുന്ന ദയാന്ദന് സാമൂഹിക പ്രവർത്തകൻ മധൂർ അശോകനാണ് സഹായി. അശോകന്റെ കട അടുത്തുതന്നെയുള്ളതിനാൽ മൂന്നുനേരവും ഭക്ഷണവും മരുന്നും ലഭിക്കുന്നുണ്ട്. 40വർഷങ്ങൾക്കുമുമ്പ് അച്ഛൻ ഇവരെ ഉപേക്ഷിച്ചുപോയി. പിന്നിട് അമ്മ സുമതിയാണ് കഷ്ടപ്പെട്ട് രണ്ടുമക്കളെയും വളർത്തിയത്. അമ്മക്കും മക്കൾക്കും ഒരേ രോഗം വന്നത് ദുരിതത്തിലേക്ക് നീങ്ങുകയായിരുന്നു. ഏഴുവർഷം മുമ്പാണ് ദയാനന്ദന് പക്ഷാഘാതം വന്നത്. നടക്കാനും ഭക്ഷണം കഴിക്കാനും കഴിയുമായിരുന്നു. ഒരുമാസം മുമ്പുണ്ടായ വീഴ്ചയിൽ കിടപ്പിലായി. അതിനുശേഷം എഴുന്നേറ്റ് നടപ്പ് ഉണ്ടായില്ല. തുടർന്നാണ് സഹായത്തിന് അശോകൻ എത്തിയത്.
പുതുവർഷത്തിന്റെ ഭാഗമായി പൊലിസിലെ സോഷ്യൽ പൊലിസിങ് വിഭാഗം ജനുവരി ഒന്നിന് പാവപ്പെട്ട കിടപ്പുരോഗികളെ സന്ദർശിച്ചിരുന്നു. അപ്പോഴാണ് ദയാനന്ദന്റെ സ്ഥിതി പുറത്തറിയുന്നത്. അഡീഷനൽ എസ്.പി. സി.എം. ദേവദാസൻ, എസ്.ഐ രാമകൃഷ്ണൻ ചാലിങ്കാൽ, സുനീഷ്, ചിത്തിര എന്നിവർ വിവിധ ഇടങ്ങളിലെ രോഗികളെ സന്ദർശിക്കുകയും പുതപ്പും വിരിപ്പും കൈമാറുകയും ചെയ്തിരുന്നു. പത്തുവർഷം മുമ്പാണ് ദയാനന്ദന്റെ സഹോദരഗീതക്ക് പക്ഷാഘാതമുണ്ടാകുന്നത്. രണ്ട് ചെറിയ മക്കളുള്ള ഗീതയുടെ ജീവിത സാഹചര്യവും ദയനീയമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

