ജാസിമിെൻറ ഫിറ്റ്നസ് പ്രതികാരം
text_fields106 കിലോ ശരീരഭാരവുമായാണ് അയാൾ 2012ൽ യു.എ.ഇയിലെത്തുന്നത്. തടികൂടിയതിൽ സുഹൃത്തുക്കളും പ്രിയപ്പെട്ടവരും ഒളിഞ്ഞും തെളിഞ്ഞും കളിയാക്കാൻ തുടങ്ങി. പരിഹാസം ആർക്കാണ് സഹിക്കാനാവുക? എന്നാൽ 'പ്രതികാരം' ചെയ്തിട്ട് തന്നെ കാര്യം. പ്രതികാരത്തിന് ആ യുവാവ് തെരഞ്ഞെടുത്ത വഴി അൽപം 'കടുത്ത'തായിരുന്നു. അക്ഷരാർഥത്തിൽ കളിയാക്കിയവരെല്ലാം പിന്നീട് 'സല്യൂട്ട്' ചെയ്യേണ്ടി വന്നു. സൂപ്പർ ഹെവി ഭാരം കുറഞ്ഞു. മാർഷൽ ആർട്സിലും മോഡലിങിലും 'പുപ്പുലി'യായി. അവസാനമായി ഇക്കഴിഞ്ഞ എഫ്.ഐ ഈവന്റ്സ് മിസ്റ്റർ കേരള 2021 ചാമ്പ്യനായി.
ഇത് ജാസിം നാലകത്ത് എന്ന ചെറുപ്പക്കാരന്റെ ജീവിതത്തിലെ ഒരേടാണ്. ഫിറ്റ്നസിന് വേണ്ടി കൊതിക്കുന്നവർക്ക് പ്രചോദനം പകരുന്ന സംഭവകഥ. അബൂദബിയിലെ ഇൻവെസ്റ്റ്മെന്റ് കൗൺസിലിൽ ജോലി ചെയ്യുന്ന ഈ 38കാരൻ സ്വയം തിരുത്താൻ തീരുമാനിച്ചതാണ് നേട്ടങ്ങൾക്ക് വഴി തുറന്നത്. മലപ്പുറം പെരിന്തൽമണ്ണ സ്വദേശിയായ ജാസിം, കോഴിക്കോട് ഫാറൂഖ് കോളേജിലാണ് ബിരുദം പൂർത്തിയാക്കിയത്. അക്കാലത്ത് ക്രിക്കറ്റും ഹാൻഡ് ബോളുമൊക്കെയായി ശരീരം ഫിറ്റായിരുന്നു. പിന്നീട് ബാഗ്ലൂരിലും ലണ്ടനിലുമായി പഠനവും ജോലിയുമായി കഴിഞ്ഞ കാലത്ത് ഫിറ്റ്നസ് മറന്നു. ഭക്ഷണത്തിലും ശ്രദ്ധ നഷ്ടമായപ്പോൾ ശരീരഭാരം സെഞ്ചുറിയടിച്ചു.
അങ്ങനെയിരിക്കെയാണ് അബൂദബിയിൽ ജോലി തേടിയെത്തുന്നത്. ഫിറ്റ്നസിന് എല്ലാ സൗകര്യവുമുള്ള മണ്ണിലെത്തിയതോടെ ഉറച്ച തീരുമാനമെടുത്തു. ഫിറ്റ്നസ് വിട്ടൊരു കളിയില്ല. അങ്ങനെ കരാട്ടെ പരിശീലനം തുടങ്ങി. ജോലി സ്ഥലത്തും താമസ സ്ഥലത്തും ജിമ്മും മറ്റു സൗകര്യങ്ങളും ഉള്ളത് സൗകര്യമായി. മടിപിടിച്ച ദിവസങ്ങളിൽ ശരീരത്തെ ശാസിച്ച് കൂടുതൽ വർകൗട്ട് ചെയ്തു. കരാട്ടെയിൽ സെക്കൻഡ് ഹാൻഡ് ബ്ലാക് ബെൽറ്റ് വരെ നേടിയെടുത്തു. തൈകോണ്ടോ അടക്കം മാർഷൽ ആർട്സിലെ മറ്റിനങ്ങളും പരിശീലിച്ചു.
അങ്ങനെ ഭാരം 70കിലോക്ക് താഴെയെത്തിച്ചു. അതിനിടയിൽ മോഡലിങിലേക്കും ചില അവസരങ്ങൾ ലഭിച്ചു. ഒരു ലക്ഷ്യമുണ്ടെങ്കിൽ അത് സ്വന്തത്തിന് ഒരു മോട്ടിവേഷൻ ആകുമല്ലോ എന്ന ചിന്തയിലാണ് ഇത്തരം മേഖലകളിലേക്ക് തിരിഞ്ഞത്. അങ്ങനെ പല മൽസരങ്ങളിലും പങ്കെടുത്തു. മിസ്റ്റർ ഇന്ത്യ മൽസരത്തിൽ സെക്കൻഡ് റണ്ണറപ്പ്, മിസ്റ്റർ കേരള കിരീടം എന്നിങ്ങനെ നേട്ടങ്ങൾ ലഭിച്ചു. നേട്ടങ്ങൾക്കപ്പുറം ഫിറ്റ്നസ് ഒരു ജീവിത ശൈലിയായി കൊണ്ടുപോകാൻ കഴിയുന്നതാണ് ജാസിമിന് സന്തോഷം നൽകുന്ന കാര്യം.
രാവിലെയും വൈകുന്നേരവും തുടർച്ചയായി മണിക്കൂറുകൾ ഇപ്പോൾ വ്യായാമം ചെയ്യുന്നുണ്ട്. അതിന് പുറമെ ആഴ്ചയിൽ ആറുദിവസത്തെ മാർഷൽ ആർട്സ് പരിശീലനവും. ഫിറ്റ്നസിൽ ശ്രദ്ധിക്കുന്നവരോട് ജാസിമിന് പറയാനുള്ളത് ചെയ്യുന്ന വ്യയാമങ്ങളുടെ തുടർച്ച നഷ്ടപ്പെടുത്തരുതെന്നാണ്. കൺസിസ്റ്റൻസിയും ഹാർഡ്വർകുമില്ലാതെ വിജയിക്കാനാവില്ലെന്നുമാണ്. മാർഷൽ ആർട്സിൽ ഉയരങ്ങളിലെത്തണമെന്ന സ്വപ്നമാണ് ജാസിമിനുള്ളത്. വിവാഹിതനായ ജാസിമിന് ഒരു മകനുണ്ട്, റയാൻ ജാസ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.