കന്നിവോട്ട് ചെയ്യാൻ ഡാനിഷ് എത്തി
text_fieldsകന്നിവോട്ട് ചെയ്യാൻ പിതാവിന് കൂടെയെത്തിയ മുഹമ്മദ്
ഡാനിഷ് എൽ.ഡി.എഫ്, യു.ഡി.എഫ് സ്ഥാനാർഥികൾക്കൊപ്പം
പേരാമ്പ്ര: എല്ല് പൊടിയുന്ന രോഗം കാരണം പരസഹായമില്ലാതെ ചലിക്കാൻ കഴിയാത്ത മുഹമ്മദ് ഡാനിഷ് ചെറുവണ്ണൂർ 15ാം വാർഡിലെ ഉപതെരഞ്ഞെടുപ്പിൽ കന്നിവോട്ട് രേഖപ്പെടുത്തി. പിതാവ് പോക്കർ എടുത്ത് കൊണ്ടുവന്ന ഡാനിഷിന് ഊഷ്മള സ്വീകരണമാണ് ബൂത്തിൽ ലഭിച്ചത്. എൽ.ഡി.എഫ്, യു.ഡി.എഫ് സ്ഥാനാർഥികൾ ഒരുമിച്ച് അവനൊപ്പം നിന്ന് ഫോട്ടോയെടുത്തു.
സ്വന്തമായി വോട്ട് രേഖപ്പെടുത്തിയ ഡാനിഷ് വലിയ ജനാധിപത്യബോധമാണ് പ്രകടിപ്പിച്ചത്. മേപ്പയൂർ ഹയർ സെക്കൻഡറി സ്കൂൾ പ്ലസ് ടു സയൻസ് വിദ്യാർഥിയായ ഈ മിടുക്കൻ എസ്.എസ്.എൽ.സിയിൽ മുഴുവൻ വിഷയത്തിലും എ പ്ലസ് വാങ്ങിയാണ് വിജയിച്ചത്. ചിത്രരചനയിലും മാജിക്കിലുമെല്ലാം ഡാനിഷ് കഴിവ് തെളിയിച്ചിട്ടുണ്ട്.
രോഗംമൂലം ഡാനിഷിന് ശാരീരിക വളർച്ച തീരെ കുറവാണ്. മണിപ്പാലിൽ ഉൾപ്പെടെ ചികിത്സ നൽകിയെങ്കിലും രോഗം ഭേദമായില്ല. ഇപ്പോൾ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലാണ് ചികിത്സ.