1963ൽ 153 പേർ, ഇന്ന് ഒരു ലക്ഷം കടന്നു; ജപ്പാനിൽ 100 വയസ്സ് പിന്നിട്ടവരിൽ 88 ശതമാനവും സ്ത്രീകൾ
text_fieldsജപ്പാനിലെ പ്രായമായവർ
ടോക്കിയോ: ദീർഘായുസ്സിന്റെ കാര്യത്തിൽ ലോകത്തിന് തന്നെ മാതൃകയാണ് ജപ്പാൻ. 100 വയസോ അതിൽ കൂടുതലോ പ്രായമുള്ളവരുടെ എണ്ണം ചരിത്രത്തിലാദ്യമായി ഒരു ലക്ഷം കടന്നതായി ജപ്പാൻ ആരോഗ്യ മന്ത്രാലയം അറിയിച്ചു. നിലവിൽ രാജ്യത്ത് 1,07,677 ശതാഭിഷിക്തരുണ്ടെന്നാണ് കണക്ക്. 1963ൽ ജപ്പാൻ ശതായുസ്സുകളുടെ സർവേ ആരംഭിക്കുമ്പോൾ 100 വയസ് കഴിഞ്ഞവർ വെറും 153 പേരായിരുന്നു. 1981ൽ ഇത് 1,000 ആയും 1998ൽ 10,000 ആയും ഉയർന്നു.
ലോകത്ത് ഏറ്റവും കൂടുതൽ ശതായുസ്സുകളുള്ള രാജ്യം എന്ന റെക്കോർഡും ഇതോടെ ജപ്പാൻ നിലനിർത്തി. ഇവരിൽ 88 ശതമാനവും സ്ത്രീകളാണ് എന്നതാണ് ശ്രദ്ധേയം. 114 വയസ്സുള്ള ക്യോട്ടോ സ്വദേശിനി കിഷിമോട്ടോ ഫുയോ ആണ് രാജ്യത്തെ ഏറ്റവും പ്രായം കൂടിയ വനിത. 112 വയസ്സുള്ള കുമാമോട്ടോ സ്വദേശി കാട്ടോ ഹിക്കാരുവാണ് ഏറ്റവും പ്രായം കൂടിയ പുരുഷൻ.
ഇത്രയധികം ആളുകൾ ദീർഘവും ആരോഗ്യകരവും സജീവവുമായ ജീവിതം നയിക്കുന്നതിൽ അതിയായ സന്തോഷമുണ്ടെന്ന് ആരോഗ്യ മന്ത്രി കെനിചിറോ യൂനോ പ്രതികരിച്ചു. വൈദ്യശാസ്ത്രത്തിലെയും സാങ്കേതികവിദ്യയിലെയും പുരോഗതിയാണ് ഇതിന് കാരണമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. എന്നാൽ, ഇത്രയും വലിയ പ്രായമായ ജനസംഖ്യയെ പരിപാലിക്കുന്നതിനുള്ള സുസ്ഥിരമായ സാമൂഹിക സുരക്ഷാ സംവിധാനം നിലനിർത്തുക എന്നത് രാജ്യം നേരിടുന്ന വലിയ വെല്ലുവിളിയാണെന്നും മന്ത്രി മുന്നറിയിപ്പ് നൽകി.
ജപ്പാൻകാരുടെ ദീർഘായുസ്സിന് പിന്നിൽ നിരവധി ഘടകങ്ങളുണ്ടെന്നാണ് വിദഗ്ധർ പറയുന്നത്. ആരോഗ്യകരമായ ഭക്ഷണക്രമവും സജീവമായ ജീവിതശൈലിയുമാണ് പ്രധാനം. മത്സ്യം, പച്ചക്കറികൾ, അരി എന്നിവ അടങ്ങിയതാണ് ജപ്പാന്റെ പരമ്പരാഗത ഭക്ഷണം. പാശ്ചാത്യ ഭക്ഷണങ്ങളെ അപേക്ഷിച്ച് പൂരിത കൊഴുപ്പ് വളരെ കുറവാണ് ജപ്പാൻക്കാരുടെ ഭക്ഷണത്തിൽ. പ്രായമായവർ പോലും നിത്യേന നടക്കുകയും പൊതുഗതാഗതം ഉപയോഗിക്കുകയും സൈക്കിൾ ചവിട്ടുകയും വ്യായാമം ചെയ്യുകയും ചെയ്യുന്നത് പതിവാണ്.
ഒരു പതിറ്റാണ്ടിലേറെയായി രാജ്യത്ത് കുഞ്ഞുങ്ങളുടെ ഡയപ്പറുകളേക്കാൾ കൂടുതൽ വിറ്റഴിക്കപ്പെടുന്നത് മുതിർന്നവർക്കുള്ള ഡയപ്പറുകളാണ് എന്നത് സ്ഥിതിഗതികളുടെ ഗൗരവം വ്യക്തമാക്കുന്നു. പ്രായമായവർക്കായി കമ്പനികൾ പുതിയ ഉൽപ്പന്നങ്ങളും വികസിപ്പിച്ചിട്ടുണ്ട്. ശരീരത്തിന്റെ വിവിധ ഭാഗങ്ങൾ ചലിപ്പിക്കാൻ സഹായിക്കുന്ന പവർഡ് എക്സോസ്കെലിറ്റണുകളും ഓട്ടോമാറ്റിക്കായി ഫോക്കസ് ക്രമീകരിക്കുന്ന കണ്ണടകളും ഇതിൽ ഉൾപ്പെടുന്നു.
നൂറ് വയസ്സുള്ളവരുടെ എണ്ണം കൂടുമ്പോഴും ജനസംഖ്യാ കുറവ് ജപ്പാനെ വലിയ പ്രതിസന്ധിയിലേക്കാണ് കടത്തിവിടുന്നത്. 2008ൽ 12.8 കോടിയായിരുന്ന ജനസംഖ്യ 2070 ആകുമ്പോഴേക്കും 8.7 കോടിയായി കുറയുമെന്നാണ് നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പോപ്പുലേഷൻ ആൻഡ് സോഷ്യൽ സെക്യൂരിറ്റി റിസർച്ചിന്റെ കണക്ക്. അതായത് 30 ശതമാനം ഇടിവ്. നിലവിൽ ജനസംഖ്യയുടെ 30 ശതമാനവും 65 വയസിന് മുകളിലുള്ളവരാണ്. 2070 ആകുമ്പോഴേക്കും ഇത് 40 ശതമാനത്തിനടുത്തെത്തും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

