പെട്ടെന്ന് ഞെട്ടിയുണർന്ന് ചാടിയെഴുന്നേറ്റാൽ....
text_fieldsരാത്രി വിശ്രമത്തിലുള്ള നമ്മുടെ നട്ടെല്ലും വിശ്രമാവസ്ഥയിലായിരിക്കും. പെട്ടെന്ന് എഴുന്നേറ്റാൽ നട്ടെല്ലിന് അമിത സമ്മർദം കാരണം പ്രശ്നങ്ങളുണ്ടാകാൻ സാധ്യതയെന്ന് വിദഗ്ധർ
രാവിലെ അലാറം മുഴങ്ങുന്നതോടെ പലരും കിടക്കയിൽനിന്ന് ചാടി എഴുന്നേറ്റ് ഓടാറുണ്ട്. എന്നാൽ, ഉണർന്നയുടൻ തന്നെയുള്ള ഇൗ ചലനങ്ങൾ നട്ടെല്ലിന് അധിക സമ്മർദം സൃഷ്ടിക്കാമെന്നാണ് വിദഗ്ധരുടെ മുന്നറിയിപ്പ്. രാത്രി വിശ്രമത്തിലുള്ള നമ്മുടെ നട്ടെല്ലും വിശ്രമാവസ്ഥയിലായിരിക്കുമല്ലോ. അതുെകാണ്ട് രാവിലെ നട്ടെല്ല് അൽപം ഉറച്ച അവസ്ഥയിലായിരിക്കുമെന്നും ആ സമയത്ത് ചാടിയെഴുന്നേൽക്കൽ ഡിസ്കുകൾക്ക് അനാവശ്യ സമ്മർദം നൽകുമെന്നുമാണ് വിദഗ്ധർ പറയുന്നത്.
‘‘നട്ടെല്ലിലെ കശേരുക്കൾക്കിടയിലുള്ള ഇന്റർവെർടിബ്രൽ ഡിസ്കുകൾ ശരീരത്തിന്റെ ‘ഷോക്ക് അബ്സോർബറുകൾ’ പോലെയാണ്. പകൽ ശരീരഭാരവും ഗുരുത്വാകർഷണവും കാരണം ഇവയിലെ ദ്രാവകം കുറയുന്നു. എന്നാൽ, രാത്രി വിശ്രമ സമയത്ത് നട്ടെല്ലിനുമേലുള്ള സമ്മർദം കുറയുന്നതിനാൽ ഡിസ്കുകൾ വീണ്ടും ജലാംശമുള്ളവയാകും. രാവിലെ ഈ അധിക ജലാംശം ഡിസ്കുകൾക്കുള്ളിലെ മർദം താൽക്കാലികമായി വർധിപ്പിക്കുകയും വഴക്കം കുറക്കുകയും ചെയ്യുന്നു.
ഒപ്പം, മണിക്കൂറുകളോളം ഒരേ നിലയിൽ വിശ്രമിച്ചിരുന്ന പേശികളും ലിഗ്മെന്റുകളും സന്ധികളും ചെറിയ തോതിൽ കട്ടപിടിച്ച അവസ്ഥയിലുമായിരിക്കും. ഇൗ സാഹചര്യത്തിൽ പെട്ടെന്നുള്ള ചലനങ്ങൾ നട്ടെല്ലിൽ അധിക സമ്മർദമുണ്ടാക്കാൻ സാധ്യതയുണ്ട്’’ -ന്യൂറോസർജൻ ഡോ. മുകേഷ് പാണ്ഡെ അഭിപ്രായപ്പെടുന്നു. ഇത് നടുവേദന, പേശിവലിവ്, നിലവിലുള്ള നട്ടെല്ല് പ്രശ്നങ്ങൾ വഷളാകൽ തുടങ്ങിയവക്ക് കാരണമാകാമെന്നും അദ്ദേഹം പറയുന്നു.
സമയം നൽകി എഴുന്നേൽക്കാം
- ഉണരുമ്പോൾ ശരീരത്തിന് ഒന്നോ രണ്ടോ മിനിറ്റ് സമയം നൽകണം. ആദ്യം കണങ്കാൽ, മുട്ട്, ഇടുപ്പ്, തോളുകൾ, കഴുത്ത് എന്നിവ മെല്ലെ ചലിപ്പിക്കുക. ഇത് രക്തചംക്രമണം മെച്ചപ്പെടുത്തുകയും പേശികളെ പ്രവർത്തനസജ്ജമാക്കുകയും ചെയ്യും.
- നേരെ എഴുന്നേൽക്കാൻ ശ്രമിക്കുന്നതിനുപകരം ആദ്യം ഒരു വശത്തേക്ക് തിരിയുക. തുടർന്ന് കൈകളുടെ സഹായത്തോടെ പതുക്കെ എഴുന്നേറ്റിരിക്കുക. ഇതുവഴി നടുവിന് സമ്മർദം കുറയുന്നു. ശേഷം കിടക്കയുടെ അരികിൽ ഒരു മിനിറ്റ് ഇരുന്നശേഷം മാത്രമേ നിൽക്കാവൂ.
- എഴുന്നേറ്റശേഷം മുറിക്കുള്ളിൽ ചെറിയ നടത്തമോ ലഘു ചലന വ്യായാമങ്ങളോ ചെയ്യാം. എന്നാൽ, ശക്തമായ സ്ട്രെച്ചിങ് ചെയ്യുന്നത് ഒഴിവാക്കണം. പ്രത്യേകിച്ച് മുന്നോട്ടു കുനിയുകയോ ശരീരം ശക്തമായി തിരിക്കുകയോ ചെയ്യുന്ന വ്യായാമങ്ങൾ ഡിസ്കുകൾക്ക് അധിക സമ്മർദം നൽകാൻ സാധ്യതയുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

