പൊന്നാനിയിൽനിന്ന് ലഡാക്കിലേക്ക് ബൈക്ക് യാത്ര; ദമ്പതികൾക്ക് ആദരം
text_fieldsഅഡ്വ. അശ്വതിയും ഭർത്താവ് പൃഥ്വിരാജും
പൊന്നാനി: യുവത്വത്തിന്റെ സാഹസിക യാത്രാസ്നേഹത്തിന് മാതൃകയായി പൊന്നാനി സ്വദേശികളായ അഡ്വ. അശ്വതിയും ഭർത്താവും ബിസിനസുകാരനുമായ പൃഥ്വിരാജും നടത്തിയ ലഡാക്ക് ബൈക്ക് യാത്ര ശ്രദ്ധേയമാകുന്നു. ചെറുപ്പകാലത്തെ സ്വപ്നം യാഥാർഥ്യമാക്കിയ ഇവർ ലോകത്തിലെ ഏറ്റവും ഉയരം കൂടിയ മോട്ടോർ വാഹന സഞ്ചാരയോഗ്യമായ ഉംലിങ് ലാ പാസിലെത്തിയാണ് നാടിന്റെ അഭിമാനമായത്.
സെപ്റ്റംബർ മൂന്നിന് രാവിലെ പൊന്നാനിയിൽനിന്ന് പുതിയ ടി.വി.എസ് റോണിൻ ബൈക്കിൽ യാത്ര തുടങ്ങിയ ഇവർ, വഴിയിൽ ടെന്റടിച്ചും ആവശ്യസാധനങ്ങൾ കരുതിയുമാണ് ലക്ഷ്യത്തിലെത്തിയത്. 18 ദിവസം നീണ്ടുനിന്ന ആദ്യഘട്ട യാത്രയിൽ ദിവസവും ശരാശരി 450 കിലോമീറ്റർ പിന്നിട്ടു. സമുദ്രനിരപ്പിൽനിന്ന് 19,024 അടി ഉയരത്തിലുള്ള ഉംലിങ് ലാ പാസ് കീഴടക്കിയ ദമ്പതികളുടെ സാഹസികത മാനിച്ച് ബോർഡർ റോഡ്സ് ഓർഗനൈസേഷൻ സർട്ടിഫിക്കറ്റ് നൽകി ആദരിച്ചു.
ലഡാക്കിൽ 15 ദിവസം ചെലവഴിച്ച ഇവർ പാങ്‌ഗോങ് തടാകവും ഇന്ത്യ-ചൈന അതിർത്തിയിലെ ഡുംചോക്കും അവിടത്തെ ഗ്രാമീണ ജീവിതരീതികളും അടുത്തറിഞ്ഞു. ഹിമാചൽപ്രദേശ്, ഡൽഹി, ഉത്തർപ്രദേശ്, മധ്യപ്രദേശ്, മഹാരാഷ്ട്ര, തെലങ്കാന, കർണാടക സംസ്ഥാനങ്ങൾ താണ്ടി 12 ദിവസംകൊണ്ട് ഇവർ കേരളത്തിൽ തിരിച്ചെത്തി. യാത്ര പൂർത്തിയാക്കി മടങ്ങിയെത്തിയ ദമ്പതികൾക്ക് പൊന്നാനിയിലെ അഭിഭാഷകരും പൗരാവലിയും ചേർന്ന് ഊഷ്മള സ്വീകരണം നൽകി. അഡ്വ. എൻ.പി. സഹീറ, അഡ്വ. ബിജു നമ്പൂതിരി, അഡ്വ. കെ.എസ്. വൈശാഖ് തുടങ്ങിയവർ സംസാരിച്ചു. അഡ്വ. അഹമ്മദ് മാമൻ സ്വാഗതവും അഡ്വക്കേറ്റ് ക്ലർക്ക് കെ. സുഗുണൻ നന്ദിയും പറഞ്ഞു.

