Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
tired woman
cancel

‘ഭാര്യക്കെന്താ ജോലി..?’ ‘ജോലിയൊന്നുമില്ല, ഹൗസ്​ വൈഫാണ്​’ ഈ സംഭാഷണം നമ്മുടെ നിത്യജീവിതത്തിൽ നിരന്തരം കേൾക്കുന്ന ഒന്നാണ്​. പറയുന്നവർക്കോ കേൾക്കുന്നവർക്കോ അതിൽ ഒരു അസാധാരണത്വവും തോന്നാറില്ല. എന്നാൽ, പറയുമ്പോൾ കുറ്റബോധം തോന്നാത്തതും കേൾക്കുമ്പോൾ വലിയ നുണയാണെന്ന്​ തിരിച്ചറിയാത്തതുമായ അടിസ്ഥാനമില്ലാത്ത പ്രസ്​താവനയാണ്​ ഇത്.

മറ്റേതൊരു ജോലിയേക്കാളും ഭാരമേറിയതാണ്​ ഒരു വീട്ടമ്മ ദിവസേന ചെയ്യേണ്ടിവരുന്നത്​ എന്ന കാര്യം നമ്മൾ തിരിച്ചറിയേണ്ടതുണ്ട്​. ജോലിയുള്ള സ്​ത്രീകളുടെ അവസ്ഥ ഇതിലും പരിതാപകരമാണ്​. ഓഫിസ്​ ജോലി, യാത്ര, വീട്ടിലെ കാര്യങ്ങൾ എന്നിവയെല്ലാം ഒരുമിച്ച്​ സൃഷ്ടിക്കുന്ന ഭാരം ഒരു വ്യക്തിക്ക്​ താങ്ങാനാവാത്തതാണ്​.

മൂന്നു നേരത്തെ ഭക്ഷണം, ഇടനേരത്തെ ചായ-ലഘുഭക്ഷണം എന്നിവ പാചകംചെയ്യൽ, പാത്രങ്ങൾ കഴുകൽ, വീട് അടിച്ചുവാരൽ, തുണിയലക്കൽ, ഉണങ്ങിയ തുണി മടക്കിവെക്കൽ, ചെറിയ കുട്ടികളുണ്ടെങ്കിൽ അവരെ പരിപാലിക്കൽ, സ്കൂളിൽ പോകുന്ന കുട്ടികളുടെ പഠനകാര്യങ്ങൾ ശ്രദ്ധിക്കൽ, കുടുംബബന്ധങ്ങൾ കാത്തുസൂക്ഷിക്കൽ, ചെടി നനക്കൽ എന്നുതുടങ്ങി പുലരുംമുമ്പ്​ ആരംഭിച്ച് രാത്രി ഏറെ വൈകുംവരെ തുടരുന്ന ജോലിയാണ്​ ഒരു വീട്ടമ്മയെ എല്ലാ ദിവസവും വലയംചെയ്യുന്നത്.

സർക്കാർ-സ്വകാര്യ സ്ഥാപനങ്ങളിൽ ജോലിയെടുക്കുന്ന സ്​ത്രീകൾക്കാവട്ടെ വീട്ടുജോലിക്ക്​ ആരുമില്ലെങ്കിൽ മേൽപറഞ്ഞ എല്ലാ ജോലികളും അവധിയില്ലാതെ കൂടെയുണ്ടാവും. ഭൂരിപക്ഷവും അണുകുടുംബ വ്യവസ്ഥിതിയിലേക്ക്​ മാറിക്കഴിഞ്ഞ കേരളത്തിലാവട്ടെ വീട്ടുജോലിക്ക്​ ആളെക്കിട്ടാത്ത അവസ്ഥയുമാണ്​.

വീട്ടിൽ പ്രായമായവരുണ്ടെങ്കിൽ അവരെ പരിപാലിക്കൽ എന്ന അധികജോലിയും പലപ്പോഴും സ്​ത്രീകളുടെ ചുമതലയാണ്​. പുതിയ കുടുംബാന്തരീക്ഷത്തിൽ ഭർത്താവും കുട്ടികളും വീട്ടുകാര്യങ്ങളിൽ സഹായിക്കുന്നുണ്ടെന്ന്​ കരുതിയാലും കൂടുതൽ ഭാരം ചുമക്കേണ്ടിവരുന്നത്​ സ്​ത്രീകൾതന്നെ.


വീട്ടുജോലിയുടെ പ്രതിസന്ധികൾ

വീട്ടുജോലിയെടുക്കുന്ന സ്​ത്രീകൾ നേരിടുന്ന ഏറ്റവും വലിയ പ്രതിസന്ധി മറ്റുള്ളവർ അതൊരു ജോലിയായി കാണുന്നില്ല എന്നതാണ്​. ഏതെങ്കിലും തരത്തിലുള്ള പ്രതിഫലമോ അംഗീകാരമോ ലഭിക്കുന്നില്ല എന്നുമാത്രമല്ല, പലപ്പോഴും കുറ്റപ്പെടുത്തലുകൾ മാത്രം സഹിക്കേണ്ടിവരുകയും ചെയ്യുന്നു. അതുകൊണ്ടുതന്നെ ശാരീരിക അധ്വാനത്തോടൊപ്പം കടുത്ത മാനസിക സമ്മർദങ്ങളും ഇവർ നേരിടേണ്ടിവരുന്നു.

ഈ പ്രശ്നത്തിനുള്ള ഏക പരിഹാരം മറ്റു കുടുംബാംഗങ്ങളുടെ പിന്തുണയും സഹകരണവും ഉറപ്പാക്കുക എന്നത് മാത്രമാണ്​. ഒരു കുടുംബനാഥനേക്കാൾ അധ്വാനവും വിശ്രമമില്ലായ്മയും അനുഭവിക്കേണ്ടിവരുന്നത്​ വീട്ടമ്മമാർക്കാണെന്ന യാഥാർഥ‍്യത്തെ ചുറ്റുമുള്ളവർ ഉൾക്കൊള്ളുകയും ഓരോ കുടുംബാംഗവും വീട്ടുജോലികൾ പങ്കിട്ടെടുക്കുകയും വേണം.

ഇതിലൂടെ ശാരീരികാധ്വാനം ഒരു പരിധി വരെ കുറക്കാനാവും. സാമ്പത്തികസ്ഥിതിയുള്ളവർക്ക്​ ജോലിക്കാരെ നിയമിച്ചും ആവശ്യത്തിന്​ വീട്ടുപകരണങ്ങൾ വാങ്ങി നൽകിയും ജോലിഭാരം കുറക്കാം. കൂടാതെ ആഹാരത്തിന്​ രുചിയില്ല, വീട്​ വൃത്തിയായില്ല, വിളിച്ചയുടൻ ഫോണെടുത്തില്ല... തുടങ്ങിയ കുറ്റപ്പെടുത്തലുകൾ ഒഴിവാക്കി, പ്രോത്സാഹനങ്ങൾ നൽകുന്ന പോസിറ്റിവായ പ്രതികരണങ്ങളിലൂടെ മാനസിക സമ്മർദങ്ങൾ കുറക്കാനാവും.

അസുഖങ്ങളെ അവഗണിക്കരുത് ​

പലപ്പോഴും സ്വന്തം ആരോഗ്യം നോക്കാതെ ജോലിയെടുക്കേണ്ടിവരുന്നവരാണ് വീട്ടമ്മമാർ. ഒരു ദിവസംപോലും അവധിയെടുക്കാതെയുള്ള തുടർച്ചയായ ജോലികൾ ഇവരെ പലപ്പോഴും അനാരോഗ്യത്തിലേക്ക്​ നയിക്കാറുണ്ട്​.

അസുഖമുണ്ടെങ്കിലും അത്​ അവഗണിച്ച്​ ചികിത്സയെടുക്കാതെ വീണ്ടും വീട്ടുകാര്യങ്ങളിൽ മുഴുകുന്നതിനാൽ മിക്കപ്പോഴും രോഗാവസ്ഥകൾ അധികരിക്കാനാണ്​ സാധ്യത. ഇതിന്‍റെ ഫലമായി ശാരീരികരോഗങ്ങൾ സങ്കീർണമാവുകയും പിന്നീട്​ കൂടുതൽ പണവും സമയവും ചെലവിട്ട്​ ചികിത്സിക്കേണ്ടിവരുകയും ചെയ്യുന്നു​.

ആർത്തവം, ആർത്തവ വിരാമം തുടങ്ങി സ്​ത്രീശരീരവുമായി ബന്ധപ്പെട്ട ആരോഗ്യപ്രശ്നങ്ങൾ പലപ്പോഴും വീട്ടമ്മമാരെ തളർത്താറുണ്ട്​. അതുകൊണ്ടുതന്നെ ഏതു​ തരത്തിലുള്ളതായാലും രോഗലക്ഷണങ്ങൾ ​ശ്രദ്ധയിൽപെട്ടാൽ ഉടൻ ചികിത്സ തേടേണ്ടതും രോഗമുക്തിയുണ്ടാവുന്നതുവരെ പൂർണ വിശ്രമം നൽകേണ്ടതുമാണ്​.


അസുഖങ്ങൾ ക്ഷണിച്ചുവരുത്തരുത് ​

വീട്ടമ്മമാരിൽ കണ്ടുവരുന്ന പലതരത്തിലുള്ള ശാരീരികപ്രശ്നങ്ങൾ അവഗണനയും അറിവില്ലായ്മയും മൂലം ഉണ്ടാവുന്നതാണ്​. കൃത്യമായി ഉറങ്ങാതിരിക്കുക, വിശ്രമമില്ലാതെ ജോലിയെടുക്കുക, പഴകിയ ഭക്ഷണം കഴിക്കുക, രോഗങ്ങളെ ചികിത്സതേടാതെ അവഗണിക്കുക, ചികിത്സയുടെ ഭാഗമായി കഴിക്കേണ്ട മരുന്നുകളും ഭക്ഷണവും കൃത്യമായി കഴിക്കാതിരിക്കുക തുടങ്ങിയ ​കാര്യങ്ങളാണ്​ വീട്ടമ്മമാരെ രോഗിയാക്കിത്തീർക്കുന്നത്​.

പരിഹാരം

● ജോലികൾക്കിടയിൽ ആവശ്യത്തിന്​ വിശ്രമമെടുക്കുക.

● രാത്രി കുറഞ്ഞത്​ ഏഴു​ മണിക്കൂറെങ്കിലും തുടർച്ചയായി ഉറങ്ങുക.

● പോഷകസമ്പന്നമായ ആഹാരം കഴിക്കുക.

● പഴകിയ ഭക്ഷണം കഴിക്കുന്ന ശീലം അവസാനിപ്പിക്കുക.

● ആവശ്യത്തിന്​ ശുദ്ധജലം കുടിക്കുക.

● രോഗലക്ഷണങ്ങൾ ശ്രദ്ധയിൽപെട്ടാലുടൻ വിദഗ്ധ ചികിത്സ തേടുക.

● കൃത്യമായി മരുന്നുകൾ കഴിക്കുക.

● മാനസികോല്ലാസത്തിന് സമയം കണ്ടെത്തുക​.

● കുടുംബാംഗങ്ങളുടെ പിന്തുണയോടെ ആരോഗ്യം വീണ്ടെടുക്കുന്നതു​വരെ വിശ്രമമെടുക്കുക.

മനസ്സിനും വേണം ആരോഗ്യം

വിഷാദരോഗംപോലുള്ള മാനസികപ്രശ്നങ്ങൾ പുരുഷന്മാരെ അപേക്ഷിച്ച്​ സ്​ത്രീകളിലാണ്​ കൂടുതലായി കണ്ടുവരുന്നത്​. സ്​ത്രീശരീരത്തിന്‍റെ ​ചില പ്രത്യേകതകളും ഹോർമോൺ വ്യതിയാനങ്ങളും മാനസികാരോഗ്യത്തെ പ്രതികൂലമായി ബാധിക്കാറുണ്ട്​. പ്രസവശേഷം കണ്ടുവരുന്ന പോസ്റ്റ്​പാർട്ടം ഡിപ്രഷൻ (Postpartum depression), പോസ്റ്റ്​ പാർട്ടം സൈക്കോസിസ്​ (Postpartum psychosis), ആർത്തവത്തോടനുബന്ധിച്ച്​ കണ്ടുവരുന്ന മാനസികാസ്വാസ്​ഥ്യങ്ങൾ (Premenstrual syndrome) എന്നിവ ഇതിൽ ചിലതു മാത്രമാണ്​.

ഉറക്കക്കുറവ്​, വിശ്രമമില്ലാത്ത ജോലി, നിരന്തരമുള്ള കുറ്റപ്പെടുത്തലുകൾ, അവഗണനകൾ, മാനസികോല്ലാസത്തിനുള്ള സമയക്കുറവ്​, കുട്ടികളെയും മറ്റു​ കുടുംബാംഗങ്ങളെയുംകുറിച്ചുള്ള അമിതമായ ഉത്​കണ്​ഠ, പോഷകാഹാരക്കുറവ്​ തുടങ്ങിയവയെല്ലാം വീട്ടമ്മമാരെ മാനസികാരോഗ്യപ്രശ്നങ്ങളിലേക്ക്​ നയിക്കാം.

മാനസികാരോഗ്യം മെച്ചപ്പെടുത്താം

● മതിയായ ഉറക്കം, വിശ്രമം

● കുടുംബാംഗങ്ങളുടെ പിന്തുണ

● അസുഖംവന്നാലുള്ള പരിചരണം, ചികിത്സ

● ലഘു വ്യായാമം

● സിനിമ-ടെലിവിഷൻ കാണൽ, മറ്റു വിനോദങ്ങളിൽ ഏർപ്പെടൽ

● കുടുംബശ്രീ പോലുള്ള ലളിതമായ സാമൂഹിക പ്രവർത്തനങ്ങളിൽ പ​​ങ്കെടുക്കൽ

● സൗഹൃദ കൂട്ടായ്മകളിൽ സജീവമായി ഇട​പെടൽ

● സുഹൃത്തുക്കളോട്​ മനസ്സുതുറന്ന്​ സംസാരിക്കൽ, ആശങ്കകളും വിഷമങ്ങളും പങ്കുവെക്കൽ

ഇഷ്ടങ്ങളെ കൂടെക്കൂട്ടാം

പഠനകാലത്ത് കലാതിലകവും റാങ്ക് ജേതാക്കളുമായ ചില സ്ത്രീകളെങ്കിലും തങ്ങളുടെ കഴിവുകളെല്ലാം മാറ്റിവെച്ച് അടുക്കളയിൽ ഒതുങ്ങിപ്പോകാറുണ്ട്. കലാതിലകമല്ലെങ്കിലും പലതരത്തിലുള്ള കഴിവുകളുള്ള അനേകം വീട്ടമ്മമാർ നമുക്കിടയിലുണ്ട്.

‘സമയം കിട്ടുന്നില്ല’ എന്ന കാരണത്താൽ മനസ്സിന്‍റെ ഇത്തരം ആഗ്രഹങ്ങളെ അടക്കിവെക്കാറുണ്ട്. ഇത്തരം ആഗ്രഹങ്ങൾ എന്തായാലും, അതിനുള്ള സമയം കണ്ടെത്തി ജീവിതം ആസ്വാദ്യകരമാക്കണം. അല്ലാത്തപക്ഷം നഷ്ടബോധവും നിരാശയും അധികരിച്ച് വിഷാദത്തിലേക്ക് വഴുതിവീഴാനോ ജീവിതത്തോടുള്ള അഭി​നിവേശം കുറഞ്ഞ് ഒരുതരം നിഷ്ക്രിയാവസ്ഥയിലേക്ക് നയിക്കപ്പെടാനോ സാധ‍്യതയുണ്ട്.

ജീവിതം ആയാസരഹിതമാക്കാം

● വീട്ടുജോലി സൃഷ്ടിക്കുന്ന അമിതഭാരത്തെക്കുറിച്ചും മാനസിക സമ്മർദങ്ങളെക്കുറിച്ചും വീട്ടി​ലുള്ള മറ്റംഗങ്ങളുമായി തുറന്ന് ചർച്ചചെയ്യുകയും ജോലികൾ വീതിച്ചെടുക്കുകയും ചെയ്യുക. അടുക്കളയിൽ ദമ്പതികൾ ഒരുമിച്ചെത്തി ജോലികൾ പങ്കിട്ടെടുക്കുക.

● ചെടികൾ നനക്കുക, തുണി അയലിൽനിന്ന് എടുത്തുവെക്കുക തുടങ്ങിയ അധികഭാരമില്ലാത്ത ജോലികൾ വീട്ടിലെ മുതിർന്ന കുട്ടികളെ ചുമതലപ്പെടുത്തുക.

● എല്ലാ ജോലികളും ഒരുമിച്ച് ചെയ്യാൻ ശ്രമിക്കാതെ, ഓരോ ദിവസവും ചെയ്തുതീർക്കേണ്ട ജോലികൾ ആസൂത്രണം ചെയ്ത് ക്രമീകരിച്ചശേഷം മാത്രം ചെയ്യുക.

● തുടർച്ചയായി ജോലിചെയ്യാതെ ഇടക്ക് ടി.വി കാണാനും വായിക്കാനും സൗഹൃദങ്ങൾ പങ്കുവെക്കാനും സമയം കണ്ടത്തെുക.

● ആഹാരകാര്യങ്ങളിൽ കൂടുതൽ ശ്രദ്ധകൊടുക്കുകയും പോഷകസമൃദ്ധമായ ഭക്ഷണം കഴിക്കാനും ആവശ്യത്തിന് വെള്ളം കുടിക്കാനും ശ്രദ്ധിക്കുക.

● എല്ലാ ദിവസവും ഒരു പ്രത്യേക സമയം നീക്കിവെച്ച് കൃത്യമായും പതിവായും വ്യായാമം ചെയ്യുക.

● കൃത്യമായ സമയങ്ങളിൽ ഉറങ്ങുകയും ഉണരുകയും ചെയ്യുക.

● ജോലിയുള്ള സ്ത്രീകളാണെങ്കിൽ ഓഫിസിലെ ജോലികൾ കൃത്യമായും ചിട്ടയായും ചെയ്യുക. അതേസമയം, മറ്റുള്ളവർ ചെയ്യേണ്ട ജോലി ചെയ്യാൻ ശ്രമിക്കരുത്.

● ഓഫിസിൽ സ്ഥിരമായി ജോലിഭാരം അനുഭവപ്പെടുന്നുണ്ടെങ്കിൽ അക്കാര്യം മേലധികാരികളെ ബോധ്യപ്പെടുത്തി അധിക ചുമതലകളും ഉത്തരവാദിത്തങ്ങളും ഇല്ലാതാക്കുക.

● കുടുംബത്തിലും തൊഴിലിടങ്ങളിലും അയൽപക്കങ്ങളിലും സ്‌നേഹപൂർണമായ അന്തരീക്ഷം നിലനിർത്തുക.




Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Health TipsLifestyle NewsWomen
News Summary - Difficulties faced by women at home
Next Story