Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightKudumbamchevron_rightWomenchevron_rightFashionchevron_rightലോകത്തെ...

ലോകത്തെ കേള്‍ക്കരുതെന്ന വിധിയെ തോൽപ്പിച്ച് പാര്‍വതിയും ലക്ഷ്മിയും, അമ്മയുടെ കരുത്തിൽ നേടിയത് അപൂർവ സുന്ദര വിജയം...

text_fields
bookmark_border
engineering service exam, deaf twins win ies exam, paravathi and lakshmi
cancel
camera_alt

ലക്ഷ്മിയും പാർവതിയും അമ്മ സീതക്കൊപ്പം. ചി​​​ത്ര​​​ങ്ങ​​​ൾ: പി.​​​ബി. ബി​​​ജു

'ശ്രീവൈകുണ്ഠം ഫാമിലി' വാട്സ്ആപ് ഗ്രൂപ്പിൽ മെസേജ് വന്നെങ്കിലും അമ്മ സീത അത് കണ്ടിരുന്നില്ല. കൊല്ലത്ത് വിവാഹച്ചടങ്ങിൽ പങ്കെടുത്തശേഷം തിരുവനന്തപുരത്തേക്ക് ബസിൽ യാത്രയിലായിരുന്നു അവർ. എപ്പോഴോ ഫോൺ തുറന്നപ്പോഴാണ് മക്കളുടെ മെസേജുകൾ കാണുന്നത്.

തുടക്കത്തിലെ 'കിട്ടി' എന്ന മെസേജിലെ ഭാഗമാണ് ആദ്യം കണ്ണിലുടക്കിയത്. 'ഒരാൾക്കാണോ അതോ രണ്ടു പേർക്കുമോ?' ആദ്യം മനസ്സിലുയർന്നത് പകുതി ആശങ്കയും പകുതി സന്തോഷവും ഇടകലർന്ന ചോദ്യം, മറക്കാതെ തന്നെ ഗ്രൂപ്പിൽ മെസേജിട്ടു. 'അമ്മയിതൊന്നും അറിയുന്നില്ലേ, രണ്ടു പേർക്കും കിട്ടി' എന്ന മകന്‍റെ സന്ദേശം ഗ്രൂപ്പിൽ തെളിഞ്ഞതോടെ സന്തോഷംകൊണ്ട് താൻ വല്ലാത്ത ഷോക്കിലായിപ്പോയതായി സീത പറയുന്നു.

''കുറെ നേരം ഞാനങ്ങനെ കണ്ണുമടച്ച് ഇരുന്നുപോയി. മനസ്സു നിറയെ പറഞ്ഞറിയിക്കാനാകാത്ത സന്തോഷം. പിന്നീടാണ് ബസിലുള്ളവരോടെല്ലാം കാര്യം പറഞ്ഞത്...'' കേൾവിയില്ലായ്മയുടെ വേദനകളെയും പരിമിതികളെയും ആർജവത്തോടെ പൊരുതിത്തോൽപിച്ച് ഇന്ത്യൻ എൻജിനീയറിങ് സർവിസിൽ ഇടമുറപ്പിച്ച ഇരട്ടകളായ ലക്ഷ്മിയുടെയും പാർവതിയുടെയും ഇരട്ടിമധുരമേകിയ നേട്ടത്തെ കുറിച്ചുള്ള ഈ അമ്മയുടെ വാക്കുകളിൽ എല്ലാമുണ്ട്. കേൾവിയില്ലാത്ത ഇരുവരുടെയും കാതും നാവുമാണ് സീത. പ്രയാസങ്ങൾ തിങ്ങിനിറഞ്ഞ വഴികളിലെ കണ്ണീരോർമകളെയെല്ലാം മായ്ക്കുന്ന സന്തോഷക്കാറ്റാണ് സീതയെ സംബന്ധിച്ച് മക്കളുടെ ഈ നേട്ടം.


തിരുമല ടി.വി നഗറിലാണ് അപൂർവ സുന്ദര വിജയാരവങ്ങൾക്ക് വേദിയായ 'ശ്രീവൈകുണ്ഠം'. വീട്ടുപേരിൽ തന്നെയാണ് വാട്സ്ആപ് ഗ്രൂപ്പും. പൊതുമരാമത്ത് വകുപ്പിൽ ജൂനിയർ സൂപ്രണ്ടായ സീതയുടെയും പരേതനായ അജികുമാറിന്‍റെയും മക്കളായ ലക്ഷ്മിക്കും പാർവതിക്കും വിഷ്ണുവിനും ജന്മനാ കേൾവിശക്തിയില്ല.

അതുകൊണ്ട് തന്നെ വാട്സ്ആപ് ഗ്രൂപ്പാണ് കുടുംബത്തിലെ പ്രധാന ആശയവിനിമയ മുറി. സഹോദരങ്ങൾ പരസ്പരം ഫോൺവിളിയില്ല. മെസേജ് വഴിയാണ് കാര്യങ്ങൾ പറയുക. അതുകൊണ്ട് തന്നെ സ്വപ്നസമാന നേട്ടം ആദ്യം കുടുംബമറിഞ്ഞതും ഈ ഫാമിലി ഗ്രൂപ് വഴി തന്നെ. എൻജിനീയറിങ് സർവിസിൽ 74ാം റാങ്കാണ് പാർവതിക്ക്, ലക്ഷ്മിക്ക് 75ഉം. വിജയപ്പട്ടികയിൽ മലയാളികളാരുമില്ലെന്നതും ഈ ഇരട്ടകളുടെ നേട്ടത്തിന് മാറ്റേകുന്നു.

ലക്ഷ്മി ജലവിഭവ വകുപ്പിൽ അസിസ്റ്റന്‍റ് എൻജിനീയറാണിപ്പോൾ. എംപ്ലോയ്മെന്‍റ് എക്സ്ചേഞ്ച് വഴി തദ്ദേശ സ്വയംഭരണ വകുപ്പിൽ കടപ്ലാമറ്റം പഞ്ചായത്തിൽ അസിസ്റ്റന്‍റ് എൻജിനീയറായി ജോലി ചെയ്യുകയാണ് പാർവതി. കേന്ദ്ര പൊതുമരാമത്ത് വകുപ്പിൽ ജൂനിയർ എൻജിനീയർ പദവിയിൽ നിയമനം പ്രതീക്ഷിച്ചിരിക്കുമ്പോഴാണ് പാർവതിക്ക് എൻജിനീയറിങ് സർവിസ് മേഖലയിലെ ഉയർന്ന പരീക്ഷ നേട്ടം തേടിയെത്തുന്നത്.

ആത്മവിശ്വാസത്തിന്‍റെ കരുത്ത്

കേൾവിശക്തിയില്ലായ്മ വല്ലാത്തൊരു പ്രതിസന്ധിയാണ്. മൂത്തമകന് പുറമെ പെൺകുഞ്ഞുങ്ങൾക്കും കേൾക്കാനാകില്ലെന്നത് ആദ്യം ഈ അമ്മയെ തളർത്തിയെങ്കിലും ആത്മധൈര്യം കൈവിട്ടില്ല. കേൾവിക്കുറവുള്ള കുഞ്ഞുങ്ങളെ പരിശീലിപ്പിക്കുന്ന 'നിഷ്' നെക്കുറിച്ച് ആയിടക്കാണ് സീത കേട്ടറിയുന്നത്. ഒന്നര വയസ്സു പ്രായമുള്ള കുഞ്ഞുങ്ങളുമായി നിഷിലേക്കുള്ള യാത്രയെല്ലാം പ്രയാസമായിരുന്നെങ്കിലും പിന്മാറാൻ സീത ഒരുക്കമായിരുന്നില്ല. സ്പീച്ച് തെറപ്പിയായിരുന്നു അവിടെ. ചുണ്ടനക്കം കൊണ്ട് കാര്യങ്ങൾ മനസ്സിലാക്കിയെടുക്കാനും ഗ്രഹിക്കാനുമുള്ള പരിശീലനം ശരിക്കും തുണയായി.

ഇതിനിടെ, ഇരട്ടക്കുഞ്ഞുങ്ങൾക്ക് രണ്ടു വയസ്സുള്ളപ്പോൾ ഭർത്താവ് അജികുമാറിന്‍റെ വിയോഗം. വീണ്ടും അനിശ്ചിതത്വം കനക്കുന്ന കറുത്ത ദിനങ്ങൾ. പ്രത്യേക ശ്രദ്ധ വേണ്ട പറക്കമുറ്റാത്ത മൂന്നു കുഞ്ഞുങ്ങളാണ് ഒപ്പം, മുന്നിലാകട്ടെ, പ്രാരബ്ധങ്ങളുടെ കയറ്റങ്ങളും. പക്ഷേ, വിധിയെ പഴിക്കാനോ വിഷമിച്ചിരിക്കാനോ ഒട്ടും നേരമുണ്ടായിരുന്നില്ല. അന്ന് സർക്കാർ ജോലിയൊന്നും കിട്ടിയിരുന്നില്ല. എൽ.ഐ.സി ഏജന്‍റായുള്ള ഉപജീവനമായിരുന്നു ജീവിതമാർഗം. അതും മുറുകെ പിടിച്ച് മുന്നോട്ടുതന്നെ. ലക്ഷ്മിക്കും പാർവതിക്കും നിഷിലെ പരിശീലനം മുടക്കിയില്ല.

അഞ്ചു വയസ്സുവരെ അവിടെ തുടർന്നു. മക്കൾക്ക് സംസാരിക്കാനാവില്ലെങ്കിലും ആംഗ്യഭാഷ പഠിപ്പിക്കാൻ സീത താൽപര്യം കാണിച്ചില്ല. 'സംസാരിക്കാൻ കഴിയുന്നിടത്തോളം അവർ സംസാരിക്കട്ടെ' എന്നായിരുന്നു മനസ്സിൽ. അതും ഗുണം ചെയ്തു. കുഞ്ഞുങ്ങളോട് കൂടുതൽ സംസാരിക്കാനായിരുന്നു നിഷിൽ നിന്നുള്ള നിർദേശം. ഇരുവരോടും ഒരേസമയം സംസാരിക്കുക എന്നത് ആദ്യം പ്രയാസമായെങ്കിലും പിന്നീട് വശമായി.


ചുണ്ടനക്കം കണ്ട് അറിഞ്ഞും പറഞ്ഞും

കേൾക്കാനാകാത്ത ഭാഷ ചുണ്ടനക്കം കണ്ട് അറിയാനും പറയാനും ശീലിച്ചതോടെ കാര്യങ്ങൾ കൂടുതൽ എളുപ്പമായി. കേൾവിപരിമിതിയുള്ള സഹോദരൻ വിഷ്ണുവും അമ്മയും ഇവർക്കു താങ്ങും തുണയുമായി ഒപ്പമുണ്ടായിരുന്നു. മൂന്നര വർഷത്തിലേറെ നീണ്ട ഭാഷ, സംസാര പരിശീലനം പൂർത്തിയാക്കിയതോടെ കുട്ടികൾക്കും ആത്മവിശ്വാസം. ഇതോടെ സാധാരണ സ്കൂളിൽ ചേർന്നു.

പാർവതിയും ലക്ഷ്മിയും സ്കൂളിൽ പോകാൻ തുടങ്ങിയ ഘട്ടത്തിലാണ് സീതക്ക് പൊതുമരാമത്ത് വകുപ്പിൽ ക്ലർക്കായി ജോലി കിട്ടുന്നത്. പ്രയാസങ്ങൾക്കിടയിലെ പിടിവള്ളിയായിരുന്നു ജോലി. ഒന്നു മുതൽ നാലുവരെ പേയാട് കണ്ണശ്ശ മിഷൻ സ്‌കൂളിലായിരുന്നു ഇരുവരുടെയും പഠനം.

അഞ്ചു മുതൽ പന്ത്രണ്ടുവരെ തിരുമല എബ്രഹാം സ്മാരക സ്കൂളിലും. സ്നേഹസമ്പന്നരായ അധ്യാപകരും മികച്ച സ്കൂളന്തരീക്ഷവും സുഹൃത്തുക്കളുമെല്ലാം ഇരുവർക്കും വളരെയേറെ തുണയായി. ഓരോ ക്ലാസിലും ഉയർന്ന വിജയം നേടിയായിരുന്നു ഇരുവരുടെ പഠനയാത്ര. പ്ലസ് ടു പഠനം പൂർത്തിയാക്കി ഇരുവരും തിരുവനന്തപുരം സി.ഇ.ടിയിൽ ബി.ടെക്കിന് ചേർന്നു. 2019ലാണ് ബി.ടെക് പാസായത്.

എല്ലാ ദിവസവും ക്ലാസിൽ ഹാജരാകുമെങ്കിലും ടീച്ചർ പറയുന്നതെല്ലാം മനസ്സിലാകണമെന്നില്ല. ബോർഡിൽ എഴുതിക്കൊടുക്കുന്നതെല്ലാം മനസ്സിലാകും. അല്ലാത്തവ പ്രയാസമാണ്. കേൾവിശക്തിയില്ലാത്തതിനാൽ സഹായിയായി ക്ലാസിലെ തന്നെ ഒരു കുട്ടിയെ ചുമതലപ്പെടുത്തണമെന്ന് അമ്മ നേരത്തേ തന്നെ ടീച്ചറിനോട് പറഞ്ഞേൽപിക്കുമായിരുന്നു. ആ സഹായവും കൂട്ടും സ്കൂൾ ക്ലാസുകളിലും കോളജിലും ഇരുവർക്കും കിട്ടിയിരുന്നു. അതാണ് ഇവർക്ക് തുണയായതും. ആ കുട്ടി എഴുതിയെടുക്കുന്ന നോട്ട് ഇവർക്ക് കൈമാറും. ഇരുവരും അതെഴുതിയെടുക്കും. മനസ്സിലാകാത്തവ പറഞ്ഞുകൊടുക്കും.

മക്കളായ വിഷ്ണു, ലക്ഷ്മി, പാർവതി, മരുമകൾ ഐശ്വര്യ, പേരക്കുട്ടി അമേയ എന്നിവർക്കൊപ്പം സീത

കോച്ചിങ് സെന്‍റർ തേടിയലഞ്ഞു, പക്ഷേ...

സ്വന്തം കാലിൽ നിൽക്കണമെന്ന് മൂന്നു പേർക്കും ചെറുപ്പംതൊട്ടേ ആഗ്രഹമുണ്ടായിരുന്നുവെന്ന് അമ്മ സീത പറയുന്നു. മകൻ സിവിൽ എൻജിനീയറിങ് എടുത്തപ്പോഴും ചിലർ ബുദ്ധിമുട്ടുകളൊക്കെ പറഞ്ഞെങ്കിലും അവൻ സ്വന്തം തീരുമാനത്തിൽ ഉറച്ചുനിന്നു. സഹോദരിമാരെയും എൻജിനീയറിങ് രംഗത്തേക്ക് എത്തിക്കുക എന്നതും മകന്‍റെ ആഗ്രഹമായിരുന്നു. ഇതിനിടെ, ഇരട്ടകളിൽ ഒരാൾക്ക് സിവിൽ സർവിസ് മോഹമുണ്ടായിരുന്നു.

താൻ പലയിടങ്ങളിലും പരിശീലന ക്ലാസിന്‍റെ കാര്യം അന്വേഷിച്ചു. പക്ഷേ, ഇവിടങ്ങളിലെല്ലാം പഠിപ്പിക്കുന്ന രീതി ഇരുവർക്കും പറ്റുന്ന തരത്തിലായിരുന്നില്ല. ശബ്ദം കേൾക്കാതെ ചുണ്ടനക്കം കണ്ടാണ് ഇവർ കാര്യങ്ങൾ ഗ്രഹിക്കുന്നത്. പക്ഷേ അന്വേഷിച്ച, സിവിൽ സർവിസ് കോച്ചിങ് സെന്‍ററുകളിലെല്ലാം പരിശീലനം മൈക്കിലൂടെയാണ്. തീരെ കേൾക്കാൻ കഴിയാത്ത ഇവർക്കാകട്ടെ, മൈക്ക് വെച്ച് പഠിപ്പിച്ചാൽ മനസ്സിലാവുകയുമില്ല. 100 ശതമാനവും കേൾവിയില്ലാത്തവരാണ് രണ്ടുപേരും. അതോടെ സിവിൽ സർവിസ് മോഹം ഉപേക്ഷിക്കുകയായിരുന്നുവെന്ന് സീത പറയുന്നു.

2019 മുതലാണ് എൻജിനീയറിങ് സർവിസ് പരീക്ഷ എഴുതിത്തുടങ്ങുന്നത്. ആദ്യവർഷം പ്രിലിമിനറി പോലും പാസാകാൻ കഴിഞ്ഞില്ല. 2020ൽ വീണ്ടും എഴുതിയെങ്കിലും പാർവതി ഇന്റർവ്യൂ വരെയെത്തി. ലക്ഷ്മിക്ക് കിട്ടിയിരുന്നില്ല. പക്ഷേ, പാർവതിക്ക് ഇന്റർവ്യൂവിൽ പോയി. 2021ലാണ് രണ്ടുപേരും വീണ്ടും എഴുതിയത്. ഒരു കോച്ചിങ് സെന്‍ററിലും പോകാതെയായിരുന്നു പഠനം. പക്ഷേ, കൃത്യമായി നോട്ടുകളൊക്കെ തയാറാക്കിയിരുന്നു. ജോലിയുടെ ഇടവേളകളിലും രാത്രിയിലും അവധി ദിവസങ്ങളിലുമെല്ലാമായി പഠനം. ഒരാൾക്ക് കോട്ടയത്ത് ജോലി കിട്ടിയതോടെ രണ്ടു പേരും രണ്ടിടത്തായി.

ആശങ്ക വഴിമാറിയ ദിനം

ഡൽഹിയിലായിരുന്നു ഇന്‍റർവ്യൂ. അഭിമുഖത്തിന് ചോദ്യകർത്താക്കൾ എഴുതിക്കാണിക്കുന്ന ചോദ്യത്തിന് ഉത്തരം എഴുതി നൽകുകയോ ടൈപ് ചെയ്ത് നൽകുകയോ ആണ് ചെയ്തത്. ഇന്‍റർവ്യൂ കഴിഞ്ഞ് ഇറങ്ങിയതോടെ ആകപ്പാടെ നിരാശയായി. ഇന്‍റർവ്യൂവിന് എത്തിയവരിലധികവും ഡൽഹിയിലെ വലിയ സ്ഥാപനങ്ങളിൽനിന്ന് പരിശീലനം പൂർത്തിയാക്കിയവരാണ്. ഇതിനിടയിൽ ഒരു കോച്ചിങ്ങിനും പോകാതെ തനിയെ പഠിച്ച തങ്ങൾക്ക് എവിടെ കിട്ടാൻ.

പുറത്തിറങ്ങിയപ്പോൾ ഒട്ടും പ്രതീക്ഷയില്ലായിരുന്നു. മാത്രമല്ല തങ്ങളെക്കൊണ്ട് കഴിയില്ലെന്നുറച്ച് ഇതോടെ എൻജിനീയറിങ് സർവിസ് മോഹം ഉപേക്ഷിക്കാനായിരുന്നു തീരുമാനം. 2022ലെ പ്രിലിമിനറി പരീക്ഷ ഈ ഇടക്ക് കഴിഞ്ഞിരുന്നു. നേരത്തേ എടുത്ത വേണ്ടാന്നുള്ള തീരുമാനത്തിന്‍റെ പുറത്ത് ഇത്തവണത്തെ പ്രിലിമിനറി എഴുതാനും പോയിരുന്നില്ല. പക്ഷേ, അപ്രതീക്ഷിത വിജയം എല്ലാ നിരാശകളെയും അസ്ഥാനത്താക്കി.

അടുത്തടുത്ത റാങ്കുകാരായി ഇരട്ട സഹോദരിമാർ എത്തിയത് വീടിനും നാടിനും ഇരട്ടിമധുരവുമായി. കോക്ലിയർ ഇംപ്ലാന്‍റേഷനോ മറ്റ് ആധുനിക ഡിജിറ്റൽ കേൾവിയുപകരണങ്ങളോ ഇല്ലാതെ സാധാരണ കേൾവിയുപകരണങ്ങളും പിന്നെ കഠിനാധ്വാനവുംകൊണ്ടു മാത്രം നേടിയ അസാധാരണ വിജയം!

റിസൽട്ട് ഉടൻ വരും എന്നെല്ലാം എന്നും കുട്ടികൾ പറയുമായിരുന്നെങ്കിലും താനത് ശ്രദ്ധിച്ചിരുന്നില്ലെന്ന് സീത പറയുന്നു. ഒരാൾക്ക് മാത്രം കിട്ടിയാൽ വിഷമമാകും. അതുകൊണ്ട് 'കിട്ടുന്നെങ്കിൽ രണ്ടു പേർക്കും കിട്ടട്ടെ, അല്ലെങ്കിൽ രണ്ടു പേർക്കും വേണ്ട' എന്നതായിരുന്നു എന്‍റെ വിചാരം. എന്തായാലും മനസ്സു നിറക്കുന്നതായി പരീക്ഷാഫലം.

സ്വരവും സംഗീതവുമായി അമേയ

പൊതുമരാമത്ത് വകുപ്പിൽ അസിസ്റ്റന്‍റ് എൻജിനീയറായ മൂത്തമകൻ വിഷ്ണു വിവാഹം കഴിച്ചതും കേൾവിപരിമിതിയുള്ള പെൺകുട്ടിയെയാണ്. ഗ്രാമവികസന വകുപ്പിൽ ഉദ്യോഗസ്ഥയാണ് വിഷ്ണുവിന്‍റെ ഭാര്യ ഐശ്വര്യ.

കോക്ലിയർ ഇംപ്ലാന്‍റ് ചെയ്യാൻ ഇരുവർക്കും ആഗ്രഹമുണ്ട്. ഹെലൻ കെല്ലറുടെ ആത്മകഥയാണ് ഇവരുടെ പ്രചോദനം. മക്കൾ എപ്പോഴും അത് വായിക്കാറുണ്ട്. എവിടെ പോയാലും ഞങ്ങൾ ജീവിക്കുമെന്നാണ് അവരുടെ ആത്മവിശ്വാസം. വിഷ്ണുവിന്‍റെയും ഐശ്വര്യയുടെയും മകൾ മൂന്നു വയസ്സുകാരി അമേയയാണിന്ന് ഈ കുടുംബത്തിന്‍റെയാകെ സ്വരവും സംഗീതവും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:engineering service examdeaf twins win ies examparavathi and lakshmi
News Summary - engineering service exam, deaf twins win ies exam, paravathi and lakshmi
Next Story