Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightKudumbamchevron_rightfitnesschevron_right‘വിഷാദരോഗം:...

‘വിഷാദരോഗം: കൃത്യസമയത്ത് തിരിച്ചറിഞ്ഞ് ചികിത്സിച്ചില്ലെങ്കിൽ മരണംവരെ സംഭവിച്ചേക്കാം’

text_fields
bookmark_border
mental health
cancel
camera_alt

ചി​​​ത്ര​​​ങ്ങ​​​ൾ:

അ​​​ഷ്​​​​ക​​​ർ

ഒ​​​രു​​​മ​​​ന​​​യൂ​​​ർ

ജീവിതത്തിന്റെ എല്ലാ ഘട്ടത്തിലും വളരെ പ്രധാനമാണ് മാനസികാരോഗ്യം. പൂർണമായ അർഥത്തിൽ മാനസികാരോഗ്യം നിലനിർത്തുക എന്നത് വെല്ലുവിളി നിറഞ്ഞ പ്രക്രിയയാണ്. കാരണം, പ്രശ്നങ്ങളും പ്രതിസന്ധികളും എപ്പോഴും ഉണ്ടാകും. അതിൽ ഉലയാതെ ആരോഗ്യത്തോടെ മുന്നോട്ടുപോകാനാവുക എന്നത് ചെറിയ കാര്യമല്ല.

മാനസികാരോഗ്യം എന്നാൽ ശാരീരിക-വൈകാരിക-സാമൂഹിക ക്ഷേമമാണ്. നാം എങ്ങനെ ചിന്തിക്കുന്നു, നമുക്ക് എങ്ങനെ അനുഭവപ്പെടുന്നു, നാം എന്ത് തിരഞ്ഞെടുപ്പുകൾ നടത്തുന്നു എന്നതെല്ലാം മാനസികാരോഗ്യവുമായി ബന്ധപ്പെടുന്നു.

ആരോഗ്യം എന്നതിനെക്കാൾ സമഗ്രമായ ഒരു ക്ഷേമാവസ്ഥയാണത്. ഒരു വ്യക്തിക്ക് സ്വന്തം കഴിവുകൾ കണ്ടെത്തി സമ്മർദങ്ങളെ അതിജീവിക്കാനും ഫലപ്രദമായി ജോലിചെയ്യാനും ബന്ധങ്ങൾ നിലനിർത്താനും ഒരു സമൂഹത്തിന് വേണ്ട സംഭാവനകൾ നൽകാനും കഴിയുമ്പോഴാണ് മാനസികാരോഗ്യം ശരിയായ നിലയിലാണെന്ന് പറയാൻ കഴിയുക.


യുവാക്കൾ പ്രധാനം

യുവജനങ്ങൾ കൂടുതലുള്ള രാജ്യമാണ് ഇന്ത്യ. അവരുടെ മാനസികാരോഗ്യം രാജ്യത്തിന്റെ തന്നെ ഏറ്റവും വലിയ വെല്ലുവിളികളിൽ ഒന്നാണ്. മാനസികാരോഗ്യമില്ലാത്ത യുവത ഉൽപാദനക്ഷമതയില്ലാത്തവരാകും. സമ്മർദം, ഉത്കണ്ഠ, വിഷാദരോഗം എന്നിവയാണ് പ്രാഥമികമായി വ്യക്തികളുടെ മാനസികാരോഗ്യത്തെ ബാധിക്കുന്ന പ്രശ്നങ്ങൾ. ഇത് ദൈനംദിന ജീവിതത്തെയും തൊഴിലിനെയും ബന്ധങ്ങളെയും സാമൂഹിക പ്രവർത്തനങ്ങളെയും സാരമായും മോശമായും ബാധിക്കുന്നു. കൃത്യമായ നിരീക്ഷണം, പരിഹാരമാർഗങ്ങൾ എന്നിവയിലൂടെ ഇവയെ മറികടക്കാനാകും.

മനസ്സിനാണ്​ അസുഖം

മനസ്സിനാണ് ആദ്യം അസുഖങ്ങൾ വരുന്നത്. മനസ്സിൽ കെട്ടിക്കിടക്കുന്ന ദുഃഖം, ദേഷ്യം, ഉത്കണ്ഠ, അമർഷം, വെറുപ്പ്, വൈരാഗ്യം തുടങ്ങിയ വികാരങ്ങൾ സാവധാനം ശരീരത്തെ ബാധിക്കുന്നു. സാമൂഹികവും ശാരീരികവും വൈകാരികവും ആത്മീയവുമായ കാരണങ്ങളാണ് മാനസികാരോഗ്യത്തെ ബാധിക്കുന്നത്. അതിനാൽ അതേ ഘടകങ്ങളിലൂടെ തന്നെ വേണം മാനസികാരോഗ്യത്തിനു നേരിട്ട വെല്ലുവിളികളെ തരണം ചെയ്യാനും.


സമ്മർദം, വിഷാദം, ഉത്കണ്ഠ

പ്രതികൂല സാഹചര്യങ്ങളോടും പ്രതിസന്ധികളോടുമുള്ള ഒരു വ്യക്തിയുടെ പ്രതിപ്രവർത്തനങ്ങളെയാണ് മാനസിക സമ്മർദം എന്നു പറയുന്നത്. ഹൃദ്രോഗം, രക്തസമ്മർദം, അൾസർ, ആസ്ത്മ എന്നീ രോഗങ്ങൾക്ക് ഒരു പരിധിവരെ കാരണം മാനസിക സമ്മർദമാണെന്ന് ലോകാരോഗ്യ സംഘടന പറയുന്നു.

കോപം, നിരാശ, ദേഷ്യം, വെറുപ്പ് എന്നിവ മനസ്സിനെ കീഴ്പ്പെടുത്തും. അനാവശ്യ ഭയവും ആത്മവിശ്വാസ കുറവും പരാജയഭീതിയും വ്യക്തിയെ ചിലപ്പോൾ നിരന്തര ലഹരി ഉപയോഗത്തിലേക്ക് നയിക്കും. ദീർഘനാളായി സമ്മർദം അനുഭവിക്കുന്ന ഒരാളുടെ മാനസിക സന്തുലിതാവസ്ഥ നഷ്ടപ്പെടുകയും ബ്രെയിൻ സംബന്ധമായ അസുഖങ്ങൾ പോലും ഉണ്ടാകുകയും ചെയ്യുന്നു.

എന്തുകൊണ്ടാണ് സമ്മർദം ഉണ്ടാകുന്നതെന്നു തിരിച്ചറിയാൻ ശ്രമിക്കുകയാണ് ആദ്യം ചെയ്യേണ്ടത്. നിങ്ങളുടെ നിയന്ത്രണത്തിന് അല്ലെങ്കിൽ പരിധിക്ക് അകത്തുള്ള കാര്യങ്ങൾക്കാണ് സ്​ട്രെസ് ഉണ്ടാകുന്നതെങ്കിൽ അത് പരിഹരിക്കാനുള്ള ശ്രമം നടത്താമല്ലോ.

അതേസമയം, നിങ്ങളുടെ പരിധിക്കപ്പുറമുള്ള കാര്യമാണെങ്കിൽ അതിനെ മറികടക്കാനായി നിങ്ങൾക്കൊന്നും തന്നെ ചെയ്യാനുമില്ല. എങ്കിൽ പിന്നെ ആ സ്​ട്രെസ് എടുക്കുന്നതുകൊണ്ട് എന്താണ് പ്രയോജനം? സ്​ട്രെസിനെ വളരാൻ അനുവദിക്കാതിരിക്കുകയാണ് ആദ്യം ചെയ്യേണ്ടത്. അതിനു പറ്റാത്തവർക്ക് അതിജീവനശ്രമങ്ങൾ നടത്താം.


ഉത്​കണ്​ഠ സാധാരണം, പക്ഷേ

ഉത്കണ്ഠ സാധാരണമായ കാര്യമാണ്. എന്നാൽ, ഒരു വ്യക്തിയുടെ ജീവിതത്തിലെ സ്വാഭാവിക പ്രവർത്തനങ്ങൾ, അയാളുടെ സാമൂഹിക ബന്ധങ്ങൾ, തൊഴിൽമേഖല ഇതിനെയൊക്കെ ബാധിക്കുന്ന രീതിയിലേക്ക് ഉത്കണ്ഠ വളർന്ന് വഷളാകുമ്പോഴാണ് അതിനെ ഉത്കണ്ഠ രോഗം അഥവാ anxiety Disorder എന്നു പറയുന്നത്. ചിലർക്ക് ഉത്കണ്ഠയോടൊപ്പം വിഷാദരോഗവും ഉണ്ടാകാം.

ഉത്കണ്ഠ പാനിക് അറ്റാക്കുപോലെ വളരെ വേഗത്തിലും വളരെ സാവധാനത്തിലും സംഭവിക്കാം. ഒരുപക്ഷേ, ഈ അവസ്ഥ പെട്ടെന്ന് വരുകയും പോവുകയും ചെയ്യാം. ചിലപ്പോൾ വർഷങ്ങളോളം നീണ്ടുനിൽക്കുകയും ചെയ്യാം. പ്രായ- ലിംഗ വ്യത്യാസങ്ങളില്ലാതെ എല്ലാവരിലും വിഷാദരോഗം ബാധിക്കുന്നുണ്ട്.

വിഷാദരോഗം പിടിപെട്ടത് മനസ്സിലാക്കാതെ മറ്റെന്തെങ്കിലും രോഗാവസ്ഥകളുമായി ആശുപത്രിയിലെത്തുന്നവരിൽ പത്തു ശതമാനം പേരുടെയും യഥാർഥ പ്രശ്നം വിഷാദരോഗമാണ്. കൃത്യസമയത്ത് തിരിച്ചറിഞ്ഞ് ചികിത്സിച്ചില്ലെങ്കിൽ മരണംവരെ സംഭവിക്കാവുന്ന രോഗാവസ്ഥയാണ് വിഷാദരോഗം.

ശാസ്ത്രീയ ചികിത്സ വേണം

2030 ആകുമ്പോഴേക്കും ലോകത്തിലെ ഏറ്റവും വ്യാപകമായ അസുഖമായി വിഷാദരോഗം മാറുമെന്നാണ് ആരോഗ്യ വിദഗ്ധർ പറയുന്നത്. അതിന് ശാസ്ത്രീയമായ ചികിത്സയാണ് ഏറ്റവും അനുയോജ്യം. ജീവിതത്തിൽ ചില മാറ്റങ്ങൾ വരുത്തിയാൽ ഡിപ്രഷൻ ഒഴിവാക്കാം.

ചില ചിട്ടകൾ വരുത്തുക, ആവശ്യത്തിന് ഉറങ്ങുക, വ്യായാമം പതിവാക്കുക എന്നിവ ഉദാഹരണം. ഇത് സ്ട്രെസിനെതിരെ പോരാടുന്ന എൻഡോർഫിൻ പോലുള്ള ഹോർമോണുകളുടെ ഉൽപാദനം കൂട്ടുന്നു. ഒമേഗ- 3-ഫാറ്റി ആസിഡുകൾ, ഫോളിക് ആസിഡ് എന്നിവ ലഭിക്കുന്ന ഭക്ഷണങ്ങൾ (മത്സ്യം, പച്ചക്കറി, പഴങ്ങൾ) ധാരാളം കഴിക്കാം.


യോഗയിൽ കാര്യമുണ്ട്​

യോഗാഭ്യാസം വെറും കായിക പ്രകടനമല്ല. മാംസപേശികൾ, ശ്വാസോച്ഛ്വാസം, വിശ്രമം എന്നിവയിൽ അവബോധം ഉണ്ടാക്കുന്നതാണ് യോഗ. ഇത് മനസ്സിനെ ഇന്ദ്രിയങ്ങളിൽനിന്ന്​ അകറ്റാൻ പര്യാപ്തമാക്കുന്നു.

രോഗപ്രതിരോധത്തിനും രോഗനിവാരണത്തിനും മാനസിക നിയന്ത്രണത്തിനും യോഗ അനുയോജ്യമാണ്. യോഗചെയ്യുന്നത് സംഘർഷങ്ങൾ കുറക്കാൻ സഹായിക്കും. ബോധത്തോടു കൂടി സാവധാനം ചെയ്യുന്ന ആസനങ്ങൾ ശാരീരിക നേട്ടങ്ങളോടൊപ്പം മാനസികമായ ഏകാഗ്രതയും നൽകും.

മനുഷ്യന് ശാരീരികവും മാനസികവും വൈകാരികവും ആത്മീയവുമായ സമ്പൂർണ ആരോഗ്യം പ്രദാനം ചെയ്യുന്ന സമഗ്ര വ്യായാമരീതിയാണ് യോഗ. ഇത് ശരീരത്തിലെ എൻഡോക്രൈൻ ഗ്രന്ഥികളെ ഉത്തേജിപ്പിക്കുകയും ആന്തരികവും ബാഹ്യവുമായ അവയവങ്ങളെ ആരോഗ്യപൂർണമായി നിലനിർത്തുകയും ചെയ്യുന്നു. ആന്തരികശക്തി നിലനിർത്താനും സമഗ്രമായ ആരോഗ്യത്തിനും യോഗാസനങ്ങൾ നല്ലതാണ്.


ഡാൻസ് ചെയ്തും മനസ്സിനെ നന്നാക്കാം

ഡാൻസ് ചെയ്യുന്നതിന്റെ പ്രധാന പ്രയോജനം നിങ്ങൾ ഡാൻസ് ചെയ്യുക മാത്രമല്ല, അതോടൊപ്പം മ്യൂസിക് കേൾക്കുക കൂടിയാണ് എന്നതാണ്. ഡാൻസ് ഒരു വ്യക്തിയെ സ്വയം പ്രകടിപ്പിക്കാനും അനായാസം മറ്റൊരവസ്ഥയിലേക്ക് അലിഞ്ഞുചേരാനും അനുവദിക്കുന്നു. നിങ്ങൾ സോളോ നൃത്തം ഇഷ്ടപ്പെടുന്നയാളാണെങ്കിലും ഔപചാരികമായി ചിട്ടപ്പെടുത്തിയ പ്രോഗ്രാമിൽ ഏർപ്പെട്ടയാളാണെങ്കിലും നൃത്തം നിങ്ങളുടെ ആരോഗ്യത്തിന് വ്യക്തമായ നേട്ടങ്ങൾ നൽകുന്നു.

നിങ്ങളുടെ ശരീരം താളാത്മകമായി ചലിപ്പിക്കുകയും വികാരങ്ങൾ പ്രകടിപ്പിക്കുകയും ചെയ്യുക മാത്രമല്ല, കലോറി എരിച്ചുകളയുകയും മാനസികമായി സന്തോഷത്തിലായിരിക്കുകയും ചെയ്യുന്നു. ഈ ക്രിയാത്മകവും രസകരവുമായ ശാരീരിക പ്രവർത്തനങ്ങൾ തലച്ചോറിന്റെ പ്രവർത്തനത്തിന് അനുഗ്രഹമാണ്.

ജോലി, കുടുംബം, ദൈനംദിന സമ്മർദങ്ങൾ എന്നിവയിൽനിന്ന് ഇടവേള എടുക്കുക മാത്രമല്ല, നിരന്തരമായ ഉത്കണ്ഠയും നിഷേധാത്മകമായ സ്വയം സംസാരവും ഒഴിവാക്കുക കൂടിയാണ്. നൃത്തത്തിൽനിന്ന് ലഭിക്കുന്ന മാനസികാരോഗ്യത്തിന്റെ പ്രയോജനങ്ങൾ അത്ര പെട്ടെന്ന് പ്രകടമാകണമെന്നില്ല, എന്നാൽ, അവ പലതും അഗാധമാണ്.

പരിശീലിക്കാം ധ്യാനം

ധ്യാനം രാസമാറ്റം ഉണ്ടാക്കുന്നു. ശ്വാസോച്ഛ്വാസ വേഗത കുറക്കുക, പേശികൾ അയയുക, ഹൃദയമിടിപ്പ് കുറയുക, സ്ട്രെസ് ഹോർമോണുകൾ കുറയുക, ആത്മജ്ഞാനം ലഭിക്കുക, അവനവനിലേക്കുള്ള ശ്രദ്ധ വർധിക്കുക... അങ്ങനെ ധ്യാനത്തിന്റെ പ്രയോജനങ്ങൾ നിരവധിയാണ്.


മൈൻഡ്ഫുൾനെസ്

മൈൻഡ്ഫുൾനെസ് എന്നാൽ ഈ നിമിഷത്തിൽ ജീവിക്കുക എന്നതാണ്. കഴിഞ്ഞുപോയതിനെയോ വരാനിരിക്കുന്നതിനെയോ കുറിച്ച് കൂടുതൽ ചിന്തിക്കാതെ ഈ നിമിഷത്തിലെ ചെറിയ സന്തോഷങ്ങളെക്കരുതി മുന്നോട്ടുപോകുന്ന രീതിയാണിത്. എന്നാൽ ഇത് എല്ലാവർക്കും അനായാസമായി പിന്തുടരാവുന്ന ഒന്നല്ല. ദീർഘനാളത്തെ പരിശീലനവും പരിശ്രമവും ഇതിനാവശ്യമാണ്.

ഹോർമോൺ തെറപ്പി

ശരീരത്തിൽ ഹാപ്പി ഹോർമോണുകളായ സെറോടോണിൻ, ഡോപമിൻ, എൻഡോർഫിൻ, ഓക്സിടോസിൻ തുടങ്ങിയവയുടെ ഉൽപാദനം നടക്കുന്നത് മാനസികാരോഗ്യത്തിന് ഏറ്റവും നല്ലതാണ്.

ടെൻഷൻ ഇല്ലാതെ സന്തോഷത്തോടെയിരിക്കാൻ ഇത് സഹായിക്കുന്നു. ഈ ഹോർമോണുകളുടെ ഉൽപാദനം എങ്ങനെ ത്വരിതപ്പെടുത്താം എന്നു നോക്കാം. ഡയറ്റ്, വ്യായാമം, സപ്ലിമെന്റുകൾ, ബോഡി മസാജ്, നല്ല ഉറക്കം, സോഷ്യലൈസേഷൻ, ചിരി, മറ്റുള്ളവരെ സഹായിക്കൽ എന്നിവ സെറോടോണിൻ ഉൽപാദനത്തെ ഊർജിതപ്പെടുത്തും.

വളരെ അടുത്ത ബന്ധങ്ങൾ ഉണ്ടാകുമ്പോഴും അവരുമായി സമയം ചെലവഴിക്കുമ്പോഴും കെട്ടിപ്പിടിക്കുമ്പോഴും ഒക്കെയാണ് ഓക്സിടോസിൻ ഉൽപാദനം നടക്കുന്നത്. ശാരീരികമായ പ്രവൃത്തികൾ, വ്യായാമം പോലുള്ളവ എൻഡോർഫിന്റെ ഉൽപാദനം കൂട്ടുന്നു. സംഗീതം, യോഗ, സഹജീവികളോട് ദയവുകാണിക്കൽ, സൂര്യപ്രകാശമേൽക്കൽ എന്നിവ ഡോപമിൻ ഉൽപാദനത്തെ ത്വരിതപ്പെടുത്തുന്നു.


വളർത്താം ഓമനമൃഗങ്ങളെ

വളർത്തുമൃഗങ്ങളെ പരിപാലിക്കുക (പെറ്റ് തെറപ്പി), പ്രകൃതിയുമായി കൂടുതൽ ഇടപെടുക (നാച്വർ തെറപ്പി) എന്നിവയും മികച്ച മെന്റൽ ഫിറ്റ്നസ് തെറപ്പികളാണ്. പ്രകൃതിയെ മനസ്സിലാക്കുകയും അറിയുകയും അതിനോട് ചേർന്നു ജീവിക്കുകയും ചെയ്യുന്നത് മാനസികാരോഗ്യത്തെ സഹായിക്കും. പ്രകൃതിയിലെ ജീവജാലങ്ങളും ചെടികളും മരങ്ങളുമായുള്ള ബന്ധം മനുഷ്യനെ അനാവശ്യ ഉത്കണ്ഠകളിൽനിന്നും പ്രയാസങ്ങളിൽനിന്നും അകറ്റിനിർത്തുന്നു. അത് വ്യക്തികളെ അലിവുള്ളവരും കരുണയുള്ളവരും സ്നേഹമുള്ളവരുമാക്കുന്നു.

പൂന്തോട്ടം പകരും സന്തോഷം

പതിവായി മരങ്ങൾക്കിടയിലൂടെ നടക്കുക, പൂന്തോട്ടം വെച്ചുപിടിപ്പിക്കുക, നക്ഷത്രങ്ങളെ കാണുക, പച്ചവിരിച്ച നെൽപാടങ്ങൾ സന്ദർശിക്കുക, കൃഷിയിടങ്ങൾ സന്ദർശിക്കുക, കടൽക്കരയിൽ പോയിരിക്കുക എന്നിവ നാച്വർ തെറപ്പിയുടെ ഭാഗമായി ചെയ്യാവുന്നതാണ്.

നല്ല കാര്യങ്ങൾ അല്ലെങ്കിൽ നിങ്ങളാഗ്രഹിക്കുന്ന കാര്യങ്ങൾ സംഭവിക്കുന്നതായി വിഷ്വലൈസേഷൻ നടത്തുന്നത് നല്ലൊരു തെറപ്പിയാണ്. പ്രാർഥന മനുഷ്യന് ആശ്വാസവും പ്രതീക്ഷയും നൽകുന്ന ഒരു തെറപ്പിയാണ്. സുഖപ്രദമായ ഉറക്കം മാനസികാരോഗ്യത്തിനുള്ള ഏറ്റവും നല്ല മരുന്നാണ്.

മാനസികാരോഗ്യ പ്രശ്നങ്ങളുടെ പൊതുവായ കാരണങ്ങൾ

ജോലിയിലെ സമ്മർദം, ബന്ധങ്ങളിലെ വിള്ളലുകൾ, ലഹരി ഉപയോഗം, ഗാഡ്ജറ്റുകളുടെ അമിതോപയോഗം, സമൂഹമാധ്യമങ്ങളുടെ അമിതോപയോഗം, കോവിഡാനന്തര അനിശ്ചിതാവസ്ഥകൾ എന്നിവ ഇന്നത്തെക്കാലത്തെ വ്യക്തികളുടെ മാനസികാരോഗ്യത്തെ മോശമായി ബാധിക്കുന്ന കാരണങ്ങളാണ്.


മാനസിക പ്രശ്നങ്ങളെ കായികമായി നേരിടാം

ശാരീരിക, കായിക പ്രവർത്തനങ്ങൾ കൂട്ടുന്നത് മാനസികാരോഗ്യത്തെ വലിയ അളവിൽ സ്വാധീനിക്കുന്നു. ദിവസവും നടക്കുക, ജിമ്മിലോ അല്ലാതെയോ വ്യായാമം ചെയ്യുക, നീന്തുക, ഡാൻസ്, യോഗ, സൂംബ എന്നിവ പരിശീലിക്കുക എന്നിവയെല്ലാം വളരെ നല്ലതാണ്. ശാരീരിക പ്രവൃത്തികൾ ഹാപ്പി ഹോർമോണായ എൻഡോർഫിന്റെ ഉൽപാദനത്തെ ത്വരിതപ്പെടുത്തുകയും മനസ്സിനെ സദാ ഊർജസ്വലമാക്കി നിർത്തുകയും ചെയ്യുന്നു.

ദിവസവും അരമണിക്കൂറെങ്കിലും നടക്കുന്നത് ഒരാളുടെ സൗഖ്യത്തിന് സംഭാവന നൽകുന്നു. നടക്കാൻ പോകുമ്പോൾ കാണുന്ന കാഴ്ചകളും ലഭിക്കുന്ന സൗഹൃദങ്ങളും മനസ്സിന് സുഖം നൽകുന്നു. വ്യായാമം ചെയ്യുമ്പോൾ എൻഡോർഫിൻ എന്ന ന്യൂറോ ട്രാൻസ്മിറ്റർ ഉൽപാദിപ്പിക്കുന്നു.

അത് സംഘർഷങ്ങളെയും നിരാശകളെയും മറികടക്കാനും സന്തോഷവും ഉന്മേഷവും നിലനിർത്താനും സഹായിക്കുന്നു. ജിമ്മിൽ പോയി വ്യായാമം ചെയ്യുകയോ വീടുകളിൽ തന്നെ ചെയ്യുകയോ ആവാം. ജിമ്മിൽ ഒരു സുഹൃദ് വലയം ഉണ്ടാക്കിയെടുക്കാൻ സാധിച്ചാൽ സ്ഥിരമായി പോകാനും ഉത്സാഹം നിലനിർത്താനും കഴിയും.


അംഗമാകാം, ചിരി ക്ലബുകളിൽ

‘‘നിങ്ങളൊരു പ്രശ്നത്തിൽപെട്ട് വിഷമിക്കുമ്പോൾ ഉറക്കെ ചിരിക്കുക. മാനസിക സംഘർഷം പെട്ടെന്ന് കുറക്കാൻ സഹായിക്കുന്ന ഒന്നാണ് ചിരി’' -രണ്ടായിരം വർഷങ്ങൾക്കുമുമ്പ് തിരുവള്ളുവർ പറഞ്ഞു. ചിരി ക്ലബുകൾ സർവ സാധാരണമല്ലെങ്കിലും മികച്ച റിസൽട്ടുണ്ടാക്കുന്ന ഒരു തെറപ്പിയാണിത്.

ചിരിക്കുന്നതിലൂടെ ഹാപ്പി ഹോർമോണുകൾ ഉൽപാദിപ്പിക്കപ്പെടും. നല്ലയാളുകളുമായുള്ള സോഷ്യലൈസേഷനാണ് ഇതിന്റെ മറ്റൊരു ഗുണം. ചിരിപോലെ തന്നെ തികച്ചും ആരോഗ്യപ്രദമായ മാർഗമാണ് കരച്ചിലും. വിഷമം കരഞ്ഞുതീർക്കുന്നതും മറ്റുള്ളവരോട് പങ്കിടുന്നതും തുറന്ന് സംസാരിക്കുന്നതും നല്ലൊരു ഉപാധിയാണ്.

ചിട്ടയായ ഭക്ഷണരീതി

വിറ്റമിൻ എ, ബി, സി, ഫാറ്റി ആസിഡുകൾ, പഴങ്ങൾ, പച്ചക്കറികൾ, ധാന്യങ്ങൾ, കാരറ്റ്, വെള്ളരി, തക്കാളി, നാരങ്ങനീര് ചേർത്ത സാലഡുകൾ എന്നിവ ഭക്ഷണക്രമത്തിൽ ഉൾപ്പെടുത്തുന്നത് നല്ലതാണ്. സെറോടോണിൻ ഉൽപാദിപ്പിക്കുന്ന ഭക്ഷണ സാധനങ്ങൾ കഴിക്കാനും ശ്രദ്ധിക്കുക. പോപ്കോൺ, ഉരുളക്കിഴങ്ങ്, പഴങ്ങൾ, പച്ചില ചേർത്ത സാൻഡ് വിച്ച് എന്നിവ സ്ട്രെസ് കുറയാൻ സഹായിക്കുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:madhyamam kudumbamHealth TipskudumbamLifestyle NewsMental FitnessExercising Your Brain
News Summary - What Is Mental Fitness? A How-To for Exercising Your Brain
Next Story