Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightKudumbamchevron_rightfitnesschevron_rightമാനസികസംഘർഷങ്ങൾ...

മാനസികസംഘർഷങ്ങൾ നിങ്ങളെ അലട്ടുന്നുണ്ടോ? എങ്കിൽ വാ ഇത്തിരിനേരം നീന്താം...

text_fields
bookmark_border
Swimming Is the Best Full-Body Workout for Your Health
cancel

വീട്ടിലടച്ചിരുന്ന കോവിഡ്​ കാലം ആ നാല്​ വയസ്സുകാരനിൽ ഏൽപിച്ചത്​ വലിയ ആഘാതമാണ്​. മൊബൈൽ സ്​ക്രീനിൽ അവന്‍റെ ലോകം ഒതുങ്ങിപ്പോയപ്പോൾ നാളുകൾ ഏറെക്കഴിഞ്ഞാണ്​ മകന്​ നന്നായി സംസാരിക്കാനാകുന്നില്ലെന്ന്​ മാതാപിതാക്കൾ തിരിച്ചറിഞ്ഞത്​.

എറണാകുളത്തെ വിദഗ്​ധർ നടത്തിയ പരിശോധനയിൽ കുട്ടിയുടെ സംസാരിക്കാൻ സഹായിക്കുന്ന പേശികൾക്ക്​ ബലക്കുറവാണെന്ന്​ കണ്ടെത്തി. പരിഹാരവഴിയും കുറിച്ചു- നീന്തൽ പഠിപ്പിക്കുക.
അങ്ങനെ കുഞ്ഞുമകന്​ ആഴപ്പരപ്പിൽനിന്ന്​ ആരോഗ്യം നേടിയെടുക്കാൻ പറ്റിയ പരിശീലകനെ വീട്ടുകാർ കണ്ടെത്തി. നീന്തൽ പാഠങ്ങൾക്കൊപ്പം സംസാരത്തിന്‍റെ തെളിച്ചവും അവനെ തുഴഞ്ഞെടുത്തു.​

നേരംപോക്കിനല്ല നീന്തൽ

ഒളിമ്പിക്സിൽ മെഡൽ നേടാനും നേരംപോക്കിനും മാത്രമല്ല, ലോകത്തിലെ മികച്ച വ്യായാമം കൂടിയാണ്​ നീന്തൽ. കാലിലെ പെരുവിരൽ മുതൽ തലമുടിത്തുമ്പുവരെ നവോന്മേഷം പകരുന്ന വ്യായാമം. ജിമ്മിൽ പോകുന്ന പോലെ സ്വിമ്മിങ്​ പൂളിലേക്കോ പുഴയിലേക്കോ നീന്താൻ പോകണം.

ഭാരം കുറക്കാനും ബി.പി താഴ്ത്താനും തുടങ്ങി ശരീരത്തിന്‍റെ പ്രശ്നങ്ങൾക്ക്​ ഇതിലും നല്ല മരുന്നില്ല. എന്നാൽ, നീന്തൽ ഇന്നും നാട്ടിൽ ജനകീയമല്ല. നീന്തൽ പഠിക്കുന്നതിൽനിന്ന്​ വലിയൊരുവിഭാഗം വിട്ടുനിൽക്കുന്നു. അറിയാവുന്നവരിൽ ഭൂരിഭാഗവും നിത്യേനയുള്ള നീന്തൽ എന്ന ഈസി എക്സർസൈസ്​ പരിഗണിക്കുന്നുമില്ല.


ബെസ്റ്റാണ്​ മനസ്സിനും ശരീരത്തിനും

നീന്തൽ മനസ്സും ശരീരവും പൂർണമായി ഫിറ്റാക്കുന്നതിലൂടെ ആള്​ പൊളിയാകും എന്നതിൽ ഒരു മറുവാദവുമില്ല. മാനസികസംഘർഷങ്ങളുടെ ചുഴിയിൽനിന്ന്​ കര കയറാൻ നീന്തലിനേക്കാൾ ബെസ്റ്റ്​ മരുന്നില്ല. ദിവസവും അരമണിക്കൂർ നേരത്തെ നീന്തൽ മണിക്കൂറുകൾ നീളുന്ന മറ്റ്​ വർക്കൗട്ടുകളുടെ ഫലം തരും. ശരീരത്തിന്‍റെ ചൂട്​ ക്രമപ്പെടുത്തി, ഹൃദയത്തിനും ശ്വാസകോശത്തിനും പേശികൾക്കും ആരോഗ്യം ഉറപ്പ്​ നൽകും.

ശരീരത്തിന്​ സമ്മർദം നൽകാതെ ഹൃദയമിടിപ്പ്​ ഉയർത്തുകയാണ്​ നീന്തൽ ചെയ്യുന്നത്​. മസിലുകളുടെ ഉറപ്പിനും സഹായിക്കുന്നു. കത്തിപ്പോകുന്ന കലോറി കണക്ക് പറയുകയേ വേണ്ട.​ ശരീരത്തിലെ കൊഴുപ്പ് കുറക്കാനും എല്ലുകൾക്ക്​ ബലംപകരാനും ശ്വാസകോശത്തിന്‍റെ കപ്പാസിറ്റി കൂട്ടാനും നീന്തൽ സഹായിക്കുന്നു. വയർ കുറക്കാൻ മറ്റൊരു വ്യായാമം തേടിപ്പോകേണ്ടെന്ന്​ സാരം.

ഭയം അകറ്റൽ പ്രധാനം

ആളുകൾ നീന്തൽ പഠിക്കാത്തതിനും ജലാശയങ്ങളിൽ മുങ്ങിമരണങ്ങൾ കൂടുന്നതിനും പിന്നിലെ കാരണം ഒന്നേയുള്ളൂ- പേടി. വെള്ളത്തിൽ വീണാൽ അപകടമുണ്ടാകും എന്ന ബോധ്യമാണ്​ പേടിക്ക്​ പിന്നിൽ. ആ ആധിയാണ്​ നീന്തലിൽനിന്ന്​ പലരെയും പിറകിലേക്ക്​ വലിക്കുന്നത്​.

നീന്തലറിയാവുന്നവർ പോലും ജലാശയങ്ങളിൽ പെട്ടെന്നൊരു അപകടനിമിഷം നേരിട്ടാൽ പേടിക്കുന്ന​താണ്​ മുങ്ങിമരണങ്ങൾക്ക്​ ഒരു കാരണം. ഈ പേടിയെ മറികടക്കുകയാണ്​ നീന്തൽ പഠിപ്പിക്കുന്നവർ നൽകുന്ന ആദ്യപാഠം. വെള്ളത്തിനോടുള്ള പേടി മാറ്റാൻ അതേ വെള്ളത്തിൽ ഇറക്കുക എന്നതാണ്​ പോംവഴി.

ആവശ്യമായ സുരക്ഷാ മുൻകരുതലിനൊപ്പം വെള്ളത്തിലേക്ക്​ ഇറങ്ങുന്നവർ സ്വയം പൊങ്ങിവരും. ഇത്​ ആവർത്തിച്ച്​ വൈകാതെ പേടി മാറുകയും ​ചെയ്യും. എപ്പോഴും സുരക്ഷാമുൻകരുതലോടെ വേണം നീന്തൽ പഠിക്കാൻ. ആ സുരക്ഷിതത്വബോധവും ആദ്യമായി വെള്ളത്തിൽ ഇറങ്ങുന്നവർക്ക്​ ആത്​മവിശ്വാസം നൽകും.

സ്വിമ്മിങ് പൂളിൽ പഠിക്കുന്നവർ ഒരിക്കലും ജലാശയങ്ങളിലേക്ക്​ എടുത്തുചാടരുത്​. പൂളിലെ കാലുറപ്പിക്കാനാകുന്ന തറയിൽനിന്ന്​ നിലയില്ലാക്കയത്തിലേക്കുള്ള വീഴ്ചയാകുമത്​. കുളങ്ങൾ ഉൾപ്പെടെ ഓപ്പൺ വാട്ടറിലെ പഠനമാണ്​ എപ്പോഴും നിങ്ങളിലെ നീന്തൽവിദഗ്​ധനെ വളർത്തുന്നത്​.


കുട്ടിക്കാലത്തേ നീന്തി തുടങ്ങാം

ചെറുപ്രായത്തിൽതന്നെ കുട്ടികളെ നീന്തൽ പഠിപ്പിക്കുന്നതാണ്​ എപ്പോഴും നല്ലത്​. നടക്കാൻ പഠിക്കുംമുമ്പ്​ നിലത്തിഴയുന്ന കുട്ടികൾക്ക്​ വെള്ളത്തിലെ നീന്തൽ സ്വാഭാവികമായും എളുപ്പമാകും. വ്യായാമം എന്നതിനപ്പുറം കുട്ടികൾക്ക്​ ആസ്വദിച്ച്​ ചെയ്യാൻ കഴിയുന്ന കളിയായും നീന്തൽ മാറ്റാനാകും.

കുട്ടികളിലെ മാനസികസമ്മർദമില്ലാതാക്കാൻ വലിയ പങ്ക് നീന്തലിന്​ വഹിക്കാനാകും. കൂടാതെ, നമ്മുടെ നാട്ടിലെ മുങ്ങിമരണങ്ങളിൽ കുട്ടികളാണ്​ കൂടുതൽ എന്നതും അവർക്കിടയിൽ നീന്തലിനോടുള്ള താൽപര്യം കൂട്ടേണ്ടതിന്‍റെ പ്രാധാന്യം വർധിപ്പിക്കുന്നു.

ഗർഭിണികൾക്ക്​ സുരക്ഷിതം

ഗർഭിണിക്കും വയറ്റിലെ കുഞ്ഞിനും ഏറെ അനുയോജ്യമായ വ്യായാമമാണ്​ നീന്തൽ. ഗർഭസ്ഥശിശുവിന്​ നാഡീരോഗമായ ഹൈപോക്സിമ ഇസ്കിമ പോലുള്ളവയിൽനിന്ന്​ സംരക്ഷണവും ഈ വ്യായാമം നൽകുന്നതായി പഠനങ്ങളുണ്ട്​. മറ്റ്​ അപകടാവസ്ഥയില്ലെങ്കിൽ ഗർഭാവസ്ഥയുടെ ഏതുമാസത്തിലും വെള്ളത്തിലിറങ്ങി ധൈര്യമായി നീന്താം. സ്വിമ്മിങ് പൂളുകളിലെ ക്ലോറിൻ വെള്ളത്തിൽനിന്ന്​ വിട്ടുനിൽക്കുന്നതാണ്​ ഉചിതം.

പ്രായമായവർ ഒന്ന്​ ശ്രദ്ധിക്കണേ

വയോധികരുടെ ആരോഗ്യസംരക്ഷണത്തിൽ നീന്തലിന്​ സുപ്രധാന പങ്കുണ്ട്​. ബ്ലഡ്​ പ്രഷർ, ഡയബറ്റിക്സ്​ പോലുള്ള ജീവിതശൈലീരോഗങ്ങളെ നീന്തൽ നിയന്ത്രിക്കും. സ്​ട്രോക്ക്, ഡിസ്ക്​ പ്രശ്നം കാരണമുള്ള നടുവേദന എന്നിങ്ങനെ രോഗങ്ങൾക്കും പ്രതിവിധിയാണ്​. അതേസമയം, ഗുരുതരമായ ആരോഗ്യപ്രശ്നങ്ങളുള്ളവർ വെള്ളത്തിൽ ഇറങ്ങുന്നത്​ കരുതലോടെ വേണം. ഒറ്റക്ക്​ ജലാശയങ്ങളിൽ ഇറങ്ങരുത്​. ആസ്ത്​മ രോഗികൾക്ക് നീന്തൽ ഫലപ്രദമാണ്. ഡോക്ടറുടെ നിർദേശം കൂടി കണക്കിലെടുത്ത്​ വേണം നീന്തൽ.


നീന്തും മുമ്പ് വെള്ളത്തെ അറിയണം

കേരളത്തിൽ പ്രതിവർഷം 1200ന്​ മുകളിലാണ്​ മുങ്ങിമരണം എന്നാണ്​ കഴിഞ്ഞകാല കണക്കുകൾ. ഇവരിൽ 80 ശതമാനം പേരും നീന്തൽ വശമുള്ളവർ തന്നെയാണ്. സ്വിമ്മിങ് പൂളിലോ കുളത്തിലോ എവിടെ നീന്തൽ പഠിച്ചവരായാലും അറിയാത്ത വെള്ളത്തിലേക്ക്​ എടുത്തുചാടും മുമ്പ്​ രണ്ടാമതൊന്ന്​ ആലോചിക്കുകതന്നെ വേണം. ​അപരിചിത സ്ഥലങ്ങളിൽ വെള്ളത്തിൽ ഇറങ്ങും​ മുമ്പ്​ പ്രദേശവാസികളോട്​ സുരക്ഷ ചോദിച്ചറിയണം.

കടൽ: ഉപ്പിന്‍റെ സാന്നിധ്യം കാരണം സാന്ദ്രതകൂടിയ ജലമാണ്​ കടലിൽ​. ഇത്​ ജലപ്പരപ്പിൽ ഏറെനേരം ഒഴുകിനടക്കാൻ സഹായിക്കുന്നു. പേടിക്കേണ്ടത്​ തിരകളെയാണ്​. തിരകളിൽപെട്ട്​ നിലതെറ്റാതെ എങ്ങനെ രക്ഷപ്പെടാം എന്നതിന്​ കടലിൽതന്നെ പ്രാക്ടീസ്​ ചെയ്യണം.

നവംബർ, ഡിസംബർ, ജനുവരി മാസങ്ങളിൽ കടൽ ശാന്തമായ കാലവും സമയവും നോക്കി അപകടരഹിതമായ തീരങ്ങളിൽ കടലിൽ നീന്തൽ പരിശീലിക്കാം. ഓരോ തീരത്തിന്‍റെയും സ്വഭാവം ഓരോ സമയത്തും വ്യത്യസ്തമായിരിക്കും എന്ന്​ ഓർക്കണം. ചിലതീരങ്ങളിൽ ആദ്യം കാലെടുത്തുവെക്കുന്നത്​ തന്നെ വലിയ താഴ്ചയിലേക്കായിരിക്കും.

കായൽ: നിശ്ചലമായ ജലമാണ്​ കായലിൽ. വേലിയേറ്റവും വേലിയിറക്കവും അനുസരിച്ച്​ വെള്ളംകയറുന്നതും ഇറങ്ങുന്നതും വ്യത്യാസപ്പെടും. പലയിടങ്ങളിലും ചളിനിറഞ്ഞ ആഴമേറിയ ഭാഗങ്ങൾ സാധാരണം.

പുഴ: ശക്തമായ ഒഴുക്ക്​ ആണ്​ പുഴവെള്ളത്തിന്‍റെ പ്രത്യേകത. പുറമെ ശാന്തമാകുമ്പോഴും അടിയൊഴുക്ക്​ ശക്തമാണ്​. പ്രതീക്ഷിതമായി ജലനിരപ്പ്​ ഉയരാനും കുറയാനും സാധ്യതയുണ്ട്​. ചുഴിയും കയങ്ങളും അപകടം ഒളിപ്പിച്ചിരിക്കും.

ഡാമുകൾ: കെട്ടിക്കിടക്കുന്ന ​വെള്ളമാണ്​. സ്​ട്രെസ്​ കൂടുതൽ ഉള്ള വെള്ളമാണ്​ ഡാമുകളിൽ. തുടക്കത്തിൽ തന്നെ വലിയ കുഴിയുണ്ടാകും. ചളിയിൽ പുതയാൻ സാധ്യത.

പാറക്കെട്ടുകൾ: ഉപേക്ഷിക്കപ്പെട്ട ​ക്വാറികൾ മഴവെള്ളം കെട്ടിനിന്ന്​ വലിയ ജലാശയങ്ങളായിമാറുന്നത് ആളുകളെ വലിയതോതിൽ ആകർഷിക്കുന്നുണ്ട്​. ഇവിടം ഒട്ടും സുരക്ഷിതമല്ല. ​വെള്ളത്തിന്​ തണുപ്പ്​ വളരെ കൂടുതലാണ്​. കൈയും കാലും പെട്ടെന്ന്​ കോച്ചിപ്പിടിക്കും.


പ്രായം നോക്കാതെ നീന്താം

ചെറുപ്രായത്തിൽ നീന്തൽ പഠിച്ചില്ല, ഇനി നടക്കില്ല എന്ന ചിന്തയുള്ളവർ ധാരാളമുണ്ട്. ആ ചിന്ത ​വെറുതെയാണ്​.ഏത്​ പ്രായത്തിലും നീന്തൽ പഠിക്കാം, മനസ്സുണ്ടായാൽ മതി. ഒരുമണിക്കൂർ വീതം പ്രയത്നിച്ചാൽ മൂന്ന്​ ദിവസങ്ങൾ കൊണ്ട്​ നീന്തൽ പഠിച്ചെടുക്കാം. ശാസ്​ത്രീയമായ രീതിയിലും പരമ്പരാഗത രീതിയിലും നീന്തൽ പഠിപ്പിക്കുന്നവരുണ്ട്​.

ബാക്ക്​ സ്​ട്രോക്ക്, ബട്ടർഫ്ലൈ സ്​ട്രോക്ക്, ബ്രെസ്റ്റ്​​ സ്​ട്രോക്ക്​, സൈഡ്​ സ്​ട്രോക്ക്, ഫ്രീസ്​റ്റൈൽ എന്നിങ്ങനെ പലതരത്തിൽ നീന്താം. വ്യായാമത്തിന്​ നല്ലത്​ ഫ്രീസ്​റ്റൈൽ ആണ്. നീന്തുന്നതിന്​ ട്യൂബ്, ജാക്കറ്റ്​, ബോയ പോലുള്ള സുരക്ഷാ ഉപകരണങ്ങൾ എപ്പോഴും കരുതണം.

ഒന്നു നീന്താം, ഫിറ്റാകാം

● നീന്തൽ ശരീരം വഴക്കമുള്ളതാക്കും

● കലോറി ക​ുറക്കാൻ മികച്ചത്​

● ശ്വസനപ്രക്രിയ സുഗമമാക്കുന്നു. ശ്വാസകോശത്തിന്‍റെ കപ്പാസിറ്റി വർധിപ്പിക്കുന്നു

● ഹൃദയത്തിന്റെ‍ പ്രവർത്തനത്തിന്​ ഗുണകരം

● വാതരോഗം ഉള്ളവർക്ക്​ സഹായകരം

● സന്ധിവേദന മാറാൻ ഉത്തമം

● ഉറക്കമില്ലായ്മക്ക്​ മികച്ച പരിഹാരം

● മാനസിക സമ്മർദം കുറക്കും

● ചെലവ്​ കുറവ്​


നീന്താനിറങ്ങും മുമ്പ്​...

● ദിവസവും അരമണിക്കൂറെങ്കിലും നീന്തുക

● രാവിലെയും വൈകീട്ടുമാണ്​ മികച്ച സമയം

● ഭക്ഷണം കഴിച്ചയുടൻ നീന്തരുത്​. ഭക്ഷണത്തിന്​ നാല്​ മണിക്കൂർ ശേഷംമാത്രം നീന്തുന്നതാണ് നല്ലത്

● എപ്പോഴും സുരക്ഷാ ഉപകരണങ്ങൾ കരുതുക

● ജലാശയങ്ങൾ നീളത്തിൽ നീന്തിക്കടക്കാൻ ശ്രമിക്കരുത്​

● വാംഅപ്​ ചെയ്തതിന്​ ശേഷമാവണം​ നീന്തൽ ആരംഭിക്കാൻ

● ഒറ്റശ്രമത്തിൽ വലിയ ദൂരം നീന്താനുള്ള കഴിവ്​ വർഷങ്ങളുടെ പരിശീലനത്തിലൂടെ മാത്രമാണ്​ ലഭിക്കുന്നത്​

● സ്വിമ്മിങ് പൂളിൽ ക്ലോറിൻ വെള്ളമാണ്​​. സ്വിമ്മിങ് ഗ്ലാസും തലയിൽ കാപ്പും ഉപയോഗിക്കുക

വിവരങ്ങൾക്ക്

കടപ്പാട്:

● ഗിന്നസ്

ഡോൾഫിൻ രതീഷ്,

ലൈഫ് ഗാർഡ്

ആൻഡ് സ്വിമിങ്

ട്രെയിനർ, കൊല്ലം

● എം.എസ്​.

ഹരിലാൽ, മാള

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Healthmadhyamam kudumbamkudumbamSwimmingBest Full-Body Workout
News Summary - Swimming Is the Best Full-Body Workout for Your Health
Next Story