Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
working womwn mental stress relaxation tips,
cancel

ജോലിയോടൊപ്പം ഏറെ കായികാധ്വാനമുള്ളതും മാനസിക സമ്മർദമുണ്ടാക്കുന്നതുമായ ഗൃഹഭരണവും ചെയ്യേണ്ടിവരുന്ന സ്ത്രീകളെ കുറിച്ച് ഏറെ ചർച്ച ചെയ്യപ്പെടാറുണ്ട്. നമ്മുടെ നാട്ടിൽ ജോലി ചെയ്യുന്ന മിക്ക സ്ത്രീകളും അനുഭവിക്കുന്ന പ്രശ്നം എന്നനിലയിൽ ഇത് വളരെ പ്രധാനമാണ്. എന്നാൽ, ജെൻഡർ സ്റ്റീരിയോടൈപ്ഡ് ആയ റോളുകൾ പൂർണമായും സ്വയം ചെയ്യേണ്ടതാണ് എന്ന ചിന്തയിൽനിന്ന്‌ ഇന്ന് യുവതലമുറയിലെ സ്ത്രീകൾ മാറിയിട്ടുണ്ട്.

പലകാര്യങ്ങൾ ഒരുമിച്ച് ചെയ്യാൻ കഴിവുള്ളവരാണ് സ്ത്രീകൾ എന്നതരത്തിലുള്ള മഹത്ത്വവത്കരണം യഥാർഥത്തിൽ അവരുടെ മാനസിക സമ്മർദത്തെ അതിജീവിക്കാനുള്ള ശ്രമങ്ങളെ ദോഷകരമായാണ് ബാധിക്കുന്നത്. അമേരിക്കൻ സൈക്കോളജിക്കൽ അസോസിയേഷൻ പഠനങ്ങൾ തെളിയിക്കുന്നത് ഒരേ ജോലിചെയ്യുന്നവരിൽ പുരുഷന്മാരേക്കാൾ സ്ത്രീകൾ കൂടുതൽ സമ്മർദം അനുഭവിക്കുന്നു എന്നാണ്‌.

അതിന് നിരവധി കാരണങ്ങളുണ്ട്. സാമ്പത്തിക കാര്യങ്ങൾ, ആരോഗ്യം, ജോലിസുരക്ഷ, വ്യക്തിബന്ധങ്ങളിലെ പ്രശ്നങ്ങൾ തുടങ്ങി എല്ലാവരെയും ബാധിക്കുന്ന പ്രശ്നങ്ങൾക്കു പുറമെ കുടുംബബാധ്യതകൾ, കുട്ടികളെയും പ്രായമായവരെയും പരിചരിക്കൽ, സമൂഹത്തിലെ അരികുവത്കരിക്കപ്പെട്ട വിഭാഗങ്ങളിലെ സ്ത്രീകൾ പൊതുവായും സ്ത്രീകളെന്നനിലയിൽ സവിശേഷമായും അനുഭവിക്കുന്ന സാമൂഹിക വിവേചനങ്ങൾ എന്നിവയെല്ലാം തന്നെ സ്‌ത്രീകളുടെ മാനസിക സമ്മർദങ്ങൾക്ക് ആക്കംകൂട്ടുന്നു.


ബേൺ ഔട്ട്

മേൽപറഞ്ഞ വിവിധങ്ങളായ വേഷങ്ങളിൽ പ്രത്യക്ഷപ്പെടേണ്ടിവരുന്നതു കൊണ്ടുതന്നെ സ്‌ത്രീകളുടെ ജോലിസ്ഥലം, വീട്, സാമൂഹിക-രാഷ്ട്രീയ ഇടങ്ങൾ എന്നിവയൊക്കെ വലിയ വെല്ലുവിളികളും സമ്മർദങ്ങളും നിറഞ്ഞതാണ്. വിവിധ കർത്തവ്യങ്ങൾ ഉണ്ടാക്കുന്ന വെല്ലുവിളികൾ പലപ്പോഴും പൂർത്തിയാക്കാൻ കഴിയാതാവുമ്പോൾ, സ്ത്രീകൾക്ക് സ്വയം പരാജിതരാണ് എന്ന തോന്നലുണ്ടാകുന്നു.

സ്വന്തം ആഗ്രഹങ്ങളും സ്വപ്നങ്ങളും മറ്റുള്ളവരുടെ പ്രതീക്ഷകളും പൂർത്തീകരിക്കാൻ കഴിയാതെവരുമ്പോൾ അത് തടുക്കാൻ കഴിയാത്ത പ്രശ്നങ്ങളുടെ കൂട്ടമായി മനസ്സിൽ കെട്ടിനിൽക്കുന്ന അവസ്ഥ ഉണ്ടാവുകയും സ്വന്തം ആവശ്യങ്ങളും മുൻഗണനകളും മാറ്റിവെച്ച് മറ്റുള്ളവരുടെ ആവശ്യങ്ങൾക്ക് പ്രാധാന്യം നൽകാൻ അവർ നിർബന്ധിതരാവുകയും ചെയ്യുന്നു.

തുടർച്ചയായ ഇത്തരം സാഹചര്യങ്ങൾ അവരെ 'ബേൺ ഔട്ട്' എന്ന അവസ്ഥയിൽ എത്തിക്കുന്നു. നിരന്തര സമ്മർദംമൂലം ഉണ്ടാകുന്ന ബേൺ ഔട്ട് വീട്ടമ്മമാരിലും കാണാം. പക്ഷേ, പുരുഷകേന്ദ്രീകൃത സമൂഹത്തിന്റെ വാർപ്പുമാതൃകകളും ആശയങ്ങളും മനസ്സിൽ ഉറച്ചുപോയ സ്ത്രീകൾ പലപ്പോഴും ഇത്തരം സമ്മർദങ്ങളും അത് തങ്ങളിലുണ്ടാക്കുന്ന പ്രതിഫലനവും തിരിച്ചറിയാതെ പോകും. ഇത് അവരിൽ ശാരീരികവും മാനസികവുമായ ആഘാതങ്ങൾ സൃഷ്ടിച്ചേക്കാം.

അതിനാൽതന്നെ സ്‌ട്രെസ് മാനേജ്മെന്റ് വളരെ അനിവാര്യമാണ്. ഇതിന്റെ ആദ്യപടി തങ്ങളനുഭവിക്കുന്ന മാനസിക പിരിമുറുക്കം തിരിച്ചറിയുകയാണ്‌. സ്ത്രീകൾക്ക് പലപ്പോഴും അസുഖങ്ങൾ വരുമ്പോൾ മാത്രമാണ് തിരക്കുകൾക്ക് ഇടവേള ലഭിക്കുന്നത്. ആ സമയത്ത് മാത്രമാണ് അവർക്ക് വിശ്രമം അല്ലെങ്കിൽ ഇടവേള ലഭിക്കുന്നത്. യഥാർഥത്തിൽ തിരക്കുകളിൽനിന്ന് മാറി ഇടവേളകൾ എടുക്കാൻ സ്ത്രീകൾക്ക് കഴിയേണ്ടതുണ്ട്.

കൂടുതൽ സമ്മർദം സ്ത്രീകൾക്ക്

പുതിയകാലത്തെ സ്ത്രീകൾ കുടുംബകാര്യങ്ങൾ ചെയ്യുന്നതിനൊപ്പംതന്നെ ജോലിയിലും വ്യക്തിബന്ധങ്ങളിലും സാമൂഹിക- രാഷ്ട്രീയരംഗത്തും തങ്ങളുടെ ഇടം കണ്ടെത്തുകയും അതിൽ മാനസിക സംതൃപ്തി നേടുന്നവരുമാണ്. എന്നാൽ, ഒരേ സാഹചര്യത്തിൽ ഇടപെടുകയും ഒരേ ഫലം ജോലിയിലും മറ്റും ഉണ്ടാക്കുകയും ചെയ്യുന്ന സാഹചര്യങ്ങളിൽ പുരുഷന്മാരേക്കാൾ 20 ശതമാനത്തിൽ കൂടുതൽ സമ്മർദം സ്ത്രീകൾ അനുഭവിക്കുന്നു എന്നാണ്‌ പഠനങ്ങൾ പറയുന്നത്.


കാരണം പലവിധം

ഇത്തരം അകാരണമായ സമ്മർദങ്ങൾക്ക് നിരവധി കാരണങ്ങളുണ്ട്. ജോലിസ്ഥലത്തെ ലിംഗപരമായ വിവേചനം, പൊതുവിൽ പുരുഷന്മാരെക്കാളും കഴിവ് കുറഞ്ഞവരാണ് സ്ത്രീകൾ എന്ന വാർപ്പുമാതൃകകൾ സൃഷ്ടിക്കുന്ന വെല്ലുവിളി തുടങ്ങിയ കാരണങ്ങളൊക്കെ സ്‌ത്രീകളുടെ ഫലപ്രദമായ പ്രവർത്തനത്തെ ബാധിക്കുകയും കൂടുതൽ സമ്മർദങ്ങൾക്ക് കാരണമാവുകയും ചെയ്യുന്നു.

കൂടാതെ കരിയർ വളർച്ചക്ക് തടസ്സം സൃഷ്ടിക്കുന്ന വിവിധ ഘടകങ്ങൾ, ജോലിയിൽ എല്ലാകാലത്തും താഴേ തട്ടിൽ തുടരേണ്ടിവരുന്ന അവസ്ഥ എന്നിവ സ്ത്രീകളിൽ കടുത്ത മാനസിക സമ്മർദമുണ്ടാക്കുന്നു എന്ന് പല പഠനങ്ങളിലും കണ്ടെത്തിയിട്ടുണ്ട്.

ഈ കാരണങ്ങളും തൊഴിലും വ്യക്തിജീവിതവും സന്തുലിതമായി കൊണ്ടുപോകുന്നതിന്‌ സ്ത്രീകൾ വഹിക്കേണ്ടിവരുന്ന അധിക ശ്രമങ്ങളും മാനസിക സമ്മർദങ്ങൾക്ക് ഹേതുവാകുന്നു. ഇത്തരം നിരന്തര സമ്മർദങ്ങൾ ജോലിചെയ്യുന്ന സ്‌ത്രീകളുടെ ജീവിതനിലവാരത്തെ കാര്യമായി ബാധിക്കുകയും അവരുടെ തൊഴിൽപരമായ കഴിവ് കുറയാൻ കാരണമാവുകയും ചെയ്യുന്നു.

സമ്മർദമുണ്ടാക്കുന്ന സങ്കീർണതകൾ

വ്യക്തിജീവിതത്തിൽ, പലപ്പോഴും പരസ്പരബന്ധങ്ങളിൽ സ്‌ത്രീകളുടെ മാനസിക സമ്മർദങ്ങൾ പ്രതിഫലിക്കുന്നത് കുടുംബബന്ധങ്ങളിൽ പ്രശ്നങ്ങൾ സൃഷ്ടിച്ചുകൊണ്ടാവും. പ്രതിസന്ധിഘട്ടങ്ങളിൽ ആവശ്യമായ പിന്തുണ ലഭിക്കാതിരിക്കുന്നതിലെ നിരാശ, പുറമെയുള്ള പ്രശ്നങ്ങൾ ഉണ്ടാക്കുന്ന അമർഷം കുടുംബബന്ധങ്ങളിലേക്ക് വഴിമാറുന്നത്, മാനസിക സമ്മർദങ്ങൾ ഫലപ്രദമായി നേരിടാൻ കഴിയാത്തതുകൊണ്ടാവാം.

അമ്മമാരിൽ ഉണ്ടാകുന്ന സമ്മർദങ്ങൾ കുട്ടികളിൽ വൈകാരിക പ്രശ്നങ്ങൾക്ക് കാരണമാവുകയും സ്വഭാവ/പഠനപ്രശ്നങ്ങൾ ഉണ്ടാക്കുകയും ചെയ്യുന്നു. ഇതിനെല്ലാം പുറമെ മാനസിക പിരിമുറുക്കം സ്‌ത്രീകളുടെ മാനസികാരോഗ്യത്തിലും കാര്യമായ പ്രത്യാഘാതങ്ങൾ സൃഷ്ടിക്കുന്നു. ഉത്‌കണ്‌ഠ, വിഷാദം പോലുള്ള മനോരോഗങ്ങൾ ഇതുമൂലം ഉണ്ടാവാം. ഇത്തരം വലിയ മാനസിക സംഘർഷങ്ങളിലേക്ക് എത്താതിരിക്കാൻ ദൈനംദിന സമ്മർദങ്ങൾ ഫലപ്രദമായി പരിഹരിക്കേണ്ടത് അനിവാര്യമാണ്.


ലക്ഷണങ്ങളും പ്രതികരണവും വ്യത്യസ്തം

ഓരോരുത്തരിലും സമ്മർദ ലക്ഷണങ്ങൾ ഉണ്ടാകുന്നത് വിവിധ രൂപങ്ങളിലാണ്. ആളുകൾ സമ്മർദാവസ്ഥയോട് പ്രതികരിക്കുന്നതും പല വിധത്തിലാണ്. സമ്മർദങ്ങളെ നേരിടുന്നതിന്റെ ആദ്യപടി അതിന്റെ ലക്ഷണങ്ങളെ തിരിച്ചറിയുന്നതാണ്.

തലവേദന, ക്ഷീണം, വിശപ്പില്ലായ്മ തുടങ്ങിയ ശാരീരിക ലക്ഷണങ്ങൾ സ്ട്രെസ് മൂലം ഉണ്ടാകാം. ദേഷ്യം, ആകുലത, പെട്ടെന്ന് പ്രകോപിതമാകുന്ന അവസ്ഥ, വികാര വ്യതിയാനങ്ങൾ പോലുള്ള വൈകാരിക ലക്ഷണങ്ങളും ഉണ്ടായേക്കാം.

ഓർമക്കുറവ്, തീരുമാനങ്ങൾ എടുക്കുന്നതിലെ പ്രയാസം, നിരുത്സാഹം എന്നീ അവസ്ഥകളും കാണപ്പെടാം. ഒറ്റപ്പെടൽ കൂടുതലായി അനുഭവപ്പെടുക, വ്യക്തിബന്ധങ്ങളിൽ സന്തോഷം ഇല്ലാതിരിക്കുക,

സാമൂഹികമായി ഇടപെടാൻ തോന്നാതിരിക്കുക തുടങ്ങിയവയും സമ്മർദമനുഭവിക്കുന്നതിന്റെ ഭാഗമാവാം. ദൈവവിശ്വാസികളായ ആളുകൾക്ക് വിശ്വാസം കുറയുന്നതു പോലെയോ ജീവിതത്തിന് അർഥമില്ലാത്തതുപോലെയോ തോന്നുന്നതും മറ്റു ലക്ഷണങ്ങളാണ്.


സമ്മർദം രോഗകാരിയാവുമ്പോൾ

തുടർച്ചയായ സമ്മർദം മാനസിക/ശാരീരിക പ്രശ്നങ്ങൾ വർധിക്കാൻ കാരണമാകും. മാനസിക സമ്മർദത്തിന്റെ ലക്ഷണങ്ങൾ പതിയെ മനോരോഗങ്ങളിലേക്ക് നയിക്കപ്പെടുന്നു. ഉദാഹരണത്തിന്, പാനിക് ഡിസോർഡർ, ഒ.സി.ഡി പോലുള്ള മാനസിക അസുഖങ്ങളിലേക്കോ മൈ​ഗ്രെയിൻ, ഹൃദയസംബന്ധമായ രോഗങ്ങൾ പോലുള്ള ശാരീരിക അസുഖങ്ങളിലേക്കോ സമ്മർദ ലക്ഷണങ്ങൾ രൂപാന്തരപ്പെടാം.

മാത്രമല്ല, സ്ത്രീകളിൽ പ്രീ മെൻസ്ട്രൽ സിൻഡ്രോം പോലുള്ള അവസ്ഥകൾ മോശമാകുന്നതിലും ഗർഭധാരണത്തിനുള്ള പ്രയാസം കൂടുന്നതിലുമൊക്കെ മാനസിക സമ്മർദങ്ങൾക്ക് നിർണായകമായ പങ്കുണ്ട്.


സമ്മർദം പ്രതിരോധിക്കാൻ ഇതാ 10 വഴികൾ

മാനസിക സമ്മർദത്തിന്റെ വിവിധ ലക്ഷണങ്ങൾ തിരിച്ചറിഞ്ഞ് അപ്പപ്പോൾ പ്രതിരോധിക്കാൻ സാധിക്കണം. അതിൽ പൊതുവെ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ താഴെ പറയുന്നവയാണ്:

♦ മാനസിക സമ്മർദത്തിന്റെ ലക്ഷണങ്ങൾ തിരിച്ചറിഞ്ഞാൽ അല്ലെങ്കിൽ, നമ്മൾ സമ്മർദത്തിന് അടിപ്പെടുന്നു എന്ന് തോന്നിയാൽ സുഹൃത്തുക്കളോടും സഹപ്രവർത്തകരോടും തുറന്നുസംസാരിക്കാനും സഹായം തേടുന്നതിനും മടികാണിക്കരുത്.

♦ ജീവിതപങ്കാളിയോടും കുടുംബാംഗങ്ങളോടും ഉറ്റ സുഹൃത്തുക്കളോടും കാര്യങ്ങൾ തുറന്നുപറയാനും അവർക്ക് ചെയ്തുതരാനാവുന്ന കാര്യങ്ങൾ ആവശ്യപ്പെടാനും സാധിക്കുന്നവിധത്തിൽ തൊഴിലിടത്തെ കുറിച്ചും സമ്മർദങ്ങളെ കുറിച്ചും തുറന്നുസംസാരിക്കുന്ന രീതി പൊതുവെ സ്വീകരിക്കണം.

♦ ജോലിയിൽ കൂടുതൽ വൈദഗ്ധ്യമോ പരിശീലനമോ ആവശ്യമുണ്ടെന്ന് തോന്നിയാൽ അതിൽ വിദഗ്ധരായ ആളുകളിൽനിന്ന് സഹായങ്ങൾ സ്വീകരിക്കുന്നതിനും പരിശീലന പരിപാടികളിൽ പങ്കെടുക്കുന്നതിനും സ്വയം പുതുക്കുന്നതിനും സമയം കണ്ടെത്തണം.


♦ വീട്ടിൽ സമ്മർദം തോന്നുന്ന ജോലികളോ ഉത്തരവാദിത്തങ്ങളോ കുടുംബാംഗങ്ങളുമായി പങ്കുവെക്കുക. ആവശ്യമെങ്കിൽ സഹായിയെ നിയമിക്കുക. ഇത്തരം ചെറിയ കാര്യങ്ങൾ പോലും മാനസിക സമ്മർദം കുറക്കാൻ സഹായിക്കും.

♦ സുഹൃത്തുക്കളും സഹപ്രവർത്തകരുമായും ആരോഗ്യപരമായ സൗഹൃദങ്ങളും ബന്ധങ്ങളും കാത്തുസൂക്ഷിക്കുക. നമ്മുടെ വികാരങ്ങളും ഇഷ്ടാനിഷ്ടങ്ങളും മനസ്സിലാക്കുന്ന ആളുകളുമായി ആഴത്തിലുള്ള ബന്ധങ്ങൾ ഉണ്ടാകുന്നതും സമ്മർദങ്ങളെ അതിജീവിക്കുന്നതിന് സഹായിക്കും.

♦ പ്ലാൻ ചെയ്ത് ജോലിയിൽനിന്ന് കൃത്യമായ ഇടവേളകൾ എടുക്കുക. അത്തരം സന്ദർഭങ്ങളിൽ മറ്റു സമ്മർദങ്ങളിൽനിന്നും ദൈനംദിന ജീവിതപ്രവൃത്തികളിൽനിന്നും മാറി മാനസിക ഉല്ലാസത്തിന് സഹായകമാകുന്ന ആനന്ദങ്ങളിൽ ഏർപ്പെടുക.

♦ സാധ്യമല്ലാത്ത ജോലികളോട് നോ പറയാനും സ്മാർട്ട് ഫോണിൽനിന്നും സോഷ്യൽ മീഡിയയിൽനിന്നും സമയബന്ധിതമായി മാറിനിൽക്കാനും ശ്രദ്ധിക്കുക. ജോലിയും വ്യക്തിപരമായ കാര്യങ്ങളും തമ്മിൽ കൃത്യമായ അതിർവരമ്പുകൾ സൂക്ഷിക്കാനും അതിൽ ഉറച്ചനിലപാടുകളെടുക്കാനും സാധിക്കുകയും വേണം.

♦ മാനസികാരോഗ്യം ഉറപ്പുവരുത്തുന്നതിന് ചികിൽസ ഉൾപ്പെടെയുള്ള പ്രഫഷനൽ സഹായം തേടുകയും ശാസ്ത്രീയമായ മെഡിറ്റേഷൻ രീതികൾ സ്വീകരിക്കുകയും ചെയ്യണം.

♦ ആത്മീയത അഥവാ ദൈവികശക്തിയോടുള്ള മാനസിക അടുപ്പം വിശ്വാസികളെ സമ്മർദങ്ങൾ അതിജീവിക്കുന്നതിന് സഹായിക്കും.

♦ ദിനവും വ്യായാമം ചെയ്യുക, കൃത്യമായ ഡയറ്റ് പാലിക്കുക, ഉറങ്ങുക തുടങ്ങിയ ചിട്ടയായ ജീവിതശൈലികൾ ആർജിച്ചെടുക്കുക. ശാരീരിക ആരോഗ്യം, മാനസിക ആരോഗ്യവും നിലനിർത്തുന്നതിനും വീണ്ടെടുക്കുന്നതിനുമുള്ള ആദ്യ ഉപാധിയാണിത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:working womentipsrelaxationmental stress
News Summary - working womwn mental stress relaxation tips,
Next Story