'ഞങ്ങളെ മാറ്റാൻ നീ ആരാടാ?'; മാനവീയം വീഥിയിൽ പൊലീസുകാരന്റെ തലക്കടിച്ച് യുവാവ്
text_fieldsതിരുവനന്തപുരം: മാനവീയം വീഥിയിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസ് ഉദ്യോഗസ്ഥന് നേരെ യുവാവിന്റെ ആക്രമണം. എസ്.എ.പി ക്യാമ്പിലെ സി.പി.ഒ ശ്രീജിത്തിനാണ് ഹെൽമെറ്റ് കൊണ്ടുള്ള അടിയേറ്റത്. സംഭവത്തിൽ അഖിൽ കൃഷ്ണദേവ് എന്ന യുവാവിനെ മ്യൂസിയം പൊലീസ് കസ്റ്റഡിയിലെടുത്തു.
ഓണാഘോഷ പരിപാടികളുടെ സമയപരിധി കഴിഞ്ഞതിനെ തുടർന്ന് മാനവീയം വീഥിയിൽ കൂട്ടംകൂടി നിന്നവരോട് പിരിഞ്ഞുപോകാൻ പൊലീസ് ആവശ്യപ്പെട്ടിരുന്നു. സ്ഥലത്തുനിന്ന് മടങ്ങിപ്പോയ യുവാക്കളിലൊരാളായ അഖിൽ അൽപ്പസമയത്തിന് ശേഷം തിരികെയെത്തി പ്രകോപനമില്ലാതെ പൊലീസുകാരനെ ആക്രമിക്കുകയായിരുന്നു എന്നാണ് പ്രാഥമിക വിവരം. "ഞങ്ങളെ ഇവിടെനിന്ന് മാറ്റാൻ നീ ആരാടാ" എന്ന് ആക്രോശിച്ചുകൊണ്ടായിരുന്നു ശ്രീജിത്തിന്റെ തലയ്ക്ക് പ്രതി ഹെൽമെറ്റ് കൊണ്ട് അടിച്ചത്.
തലയ്ക്ക് പിന്നിൽ പരിക്കേറ്റ ശ്രീജിത്തിനെ ഉടൻ തന്നെ തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അദ്ദേഹത്തിന്റെ തലയിൽ തുന്നലുകളുണ്ട്. പരിക്ക് ഗുരുതരമല്ലെന്നാണ് ആശുപത്രി വൃത്തങ്ങൾ നൽകുന്ന വിവരം. കസ്റ്റഡിയിലുള്ള പ്രതിയെ മ്യൂസിയം പൊലീസ് സ്റ്റേഷനിൽ ചോദ്യം ചെയ്തുവരികയാണ്. ഔദ്യോഗിക കൃത്യനിർവഹണം തടസ്സപ്പെടുത്തിയതിനും പൊലീസിനെ ആക്രമിച്ചതിനും ഇയാൾക്കെതിരെ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്ത് തുടർനടപടികൾ സ്വീകരിക്കുമെന്ന് പൊലീസ് അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

