സെക്രട്ടേറിയറ്റ് അസിസ്റ്റന്റ് പരീക്ഷയിൽ ഹൈടെക് കോപ്പിയടി; പരിശോധനക്കിടെ ഇറങ്ങിയോടിയ യുവാവ് കസ്റ്റഡിയിൽ
text_fieldsകണ്ണൂർ: കണ്ണൂരില്‍ പി.എസ്.സി പരീക്ഷക്കിടെ ഹൈടെക് കോപ്പിയടി. മൈക്രോ കാമറ ഉപയോഗിച്ച് കോപ്പിയടിക്കുകയായിരുന്ന ഉദ്യോഗാര്‍ഥിയെ പി.എസ്.സി വിജിലന്‍സ് വിങ് പിടികൂടി. പെരളശ്ശേരി സ്വദേശി പി. മുഹമ്മദ് സഹദാണ് (27) അറസ്റ്റിലായത്.
പയ്യാമ്പലം ഗവ. ഗേള്‍സ് ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ ശനിയാഴ്ച നടന്ന സെക്രട്ടേറിയറ്റ് അസിസ്റ്റന്റ് പരീക്ഷയിലാണ് കോപ്പിയടി നടന്നത്. ഷര്‍ട്ടിന്റെ കോളറില്‍ ഘടിപ്പിച്ച മൈക്രോ കാമറ വഴി ഇയാൾ ചോദ്യ പേപ്പറിലെ ചോദ്യങ്ങൾ മറ്റൊരാൾക്ക് അയച്ചുകൊടുക്കുകയായിരുന്നു. തുടർന്ന് പുറമെയുള്ളയാൾ ഗൂഗ്ൾ നോക്കി ഉത്തരം കണ്ടെത്തി പറഞ്ഞുകൊടുത്തു. ചെവിയിൽ തിരുകിവെച്ച ഇയർഫോൺ വഴി ഉത്തരങ്ങൾ കേട്ട് മുഹമ്മദ് സഹദ് എഴുതുന്നതിനിടെയാണ് പി.എസ്.സി വിജിലൻസ് സ്ക്വാഡ് പരിശോധനക്കെത്തിയത്.
സ്ക്വാഡ് പിടികൂടാൻ ശ്രമിച്ചപ്പോൾ പുറത്തേക്ക് ഓടിരക്ഷപ്പെടാൻ ശ്രമിച്ച മുഹമ്മദ് സഹദിനെ കണ്ണൂർ ടൗൺ ഇൻസ്പെക്ടർ ശ്രീജിത്ത് കൊടേരിയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് കസ്റ്റഡിയിലെടുത്തത്. തുടർന്ന് ചോദ്യം ചെയ്ത ശേഷം അറസ്റ്റ് രേഖപ്പെടുത്തി. ഇയാളുടെ മൊബൈൽ ഫോൺ, കാമറ, ഇയർഫോൺ എന്നിവയെല്ലാം പൊലീസ് പിടികൂടിയിട്ടുണ്ട്.
പ്രതിയെ ചോദ്യം ചെയ്തതിൽനിന്ന് ബാഹ്യ സഹായം ലഭിച്ചിട്ടുണ്ടെന്ന് വ്യക്തമായിട്ടുണ്ട്. സഹദ് നേരത്തേ എഴുതിയ പരീക്ഷകളെക്കുറിച്ചും പി.എസ്.സി അന്വേഷണമാരംഭിച്ചിട്ടുണ്ട്. കഴിഞ്ഞ ആഗസ്റ്റ് 30ന് ഇയാൾ എഴുതിയ എസ്.ഐ പരീക്ഷയിലടക്കം ഹൈടെക് കോപ്പിയടി നടത്തിയിട്ടുണ്ട്. സഹദിനെ ഡീബാർ ചെയ്യാനാണ് തീരുമാനം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

