ഡോ. ഷഹാനയുടെ വീട്ടിൽ ആശ്വാസവാക്കുകളുമായി വനിത കമീഷൻ
text_fieldsഡോ.ഷഹാനയുടെ വീട്ടിലെത്തിയ വനിത കമീഷന് അധ്യക്ഷ പി. സതീദേവി മാതാവിനോട്
വിവരങ്ങള്‍ ചോദിച്ചറിയുന്നു
വെഞ്ഞാറമൂട്: താമസ സ്ഥലത്ത് മരിച്ച നിലയില്‍ കാണപ്പെട്ട തിരുവനന്തപുരം മെഡിക്കല്‍ കോളജ് സര്‍ജറി വിഭാഗം പി.ജി വിദ്യാർഥിനി ഡോ. ഷഹാനയുടെ വീട്ടില്‍ വനിത കമീഷന് അധ്യക്ഷയും അംഗങ്ങളുമെത്തി ബന്ധുക്കളെ ആശ്വസിപ്പിച്ചു. വെഞ്ഞാറമൂടിനു സമീപം പുതൂരിലുള്ള വീട്ടിലാണ് ബുധനാഴ്ച വൈകിട്ടോടെ അധ്യക്ഷ പി. സതീദേവീ, അംഗങ്ങളായ എലിസബത്ത് മാമ്മന്‍ മത്തായി, ബി.ആര്. മഹിള മണി എന്നിവര്‍ എത്തിയത്. മകള്‍ ഒരാളുമായി ഇഷ്ടത്തിലായിരുന്നുവെന്നും വിവാഹത്തോട് അടുത്ത സാഹചര്യത്തില്‍ അയാള്‍ വാഗ്ദാനത്തില്‍ നിന്ന് പിന്മാറി.
സ്ത്രീധനം കുറഞ്ഞതാണ് കാരണമെന്നും പറയുകയും അതിനു ശേഷം മകള്‍ ദുഃഖിതയായിരുന്നുവെന്നും മരണത്തിന് കാരണമിതായിരുന്നുവെന്നുമാണ് ഷഹാനയുടെ മാതാവ് പറഞ്ഞത്. ഷഹാനയുടെ സഹോദരനും പോലീസില്‍ ഇക്കാര്യം കാണിച്ച് പരാതി നൽകി. ആരോപണം ശരിയാണന്ന് തെളിഞ്ഞാൽ സ്ത്രീധന നിരോധന നിയമപ്രകാരവും ആത്മഹത്യ പ്രേരണാ കുറ്റവും ചുമത്തി കേസെടുക്കുകയും കുറ്റക്കാരനായ ആള്‍ക്കെതിരെ നടപടി സ്വീകരിക്കുകയും ചെയ്യുമെന്ന് കമീഷന് അധ്യക്ഷ പറഞ്ഞു.

