തിരുവനന്തപുരം: പേരൂര്‍ക്കടയില്‍ കുട്ടിയെ കടത്തിയെന്ന സംഭവത്തില്‍ വനിത കമീഷൻ കേസെടുത്തു. വിഷയത്തിൽ ഡി.ജി.പി ഉടന്‍ റിപ്പോര്‍ട്ട് നല്‍കണമെന്ന് കമീഷൻ അധ്യക്ഷ പി. സതീദേവി നിർദേശിച്ചു. കക്ഷികളെ അടുത്ത സിറ്റിങ്ങില്‍ വിളിച്ചുവരുത്തും. കുട്ടിയുടെ മാതാവ് അനുപമ മുമ്പ് നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് കമീഷെൻറ ഇടെപടൽ. മാതാപിതാക്കള്‍ കുട്ടിയെ കടത്തിയെന്നായിരുന്നു യുവതിയുടെ പരാതി.
അതിനിടെ മാതാപിതാക്കൾക്കെതിരെ കഴിഞ്ഞദിവസം ആരോപണമുന്നയിച്ച അനുപമ ശിശുക്ഷേമസമിതി ഭാരവാഹികളെയും പ്രതിക്കൂട്ടിലാക്കുന്ന പുതിയ ആരോപണവുമായി രംഗത്തെത്തി. മാതാപിതാക്കൾക്ക് ഇഷ്ടമില്ലാത്ത ബന്ധത്തിലുണ്ടായ കുഞ്ഞിനെ കടത്താൻ ശിശുക്ഷേമസമിതിയും ചൈൽഡ് വെൽഫെയർ കമ്മിറ്റിയും (സി.ഡബ്ല്യു.സി) കൂട്ടുനിന്നെന്ന ആരോപണമാണ് ഉന്നയിച്ചത്. എസ്.എഫ്.െഎ പ്രവർത്തകയായിരുന്ന പേരൂര്‍ക്കട സ്വദേശിനി അനുപമ ശിശുക്ഷേമസമിതി ജനറല്‍ സെക്രട്ടറിയും ഡി.വൈ.എഫ്.ഐ നേതാവുമായ ഷിജുഖാനെതിരെയും ആരോപണമുന്നയിച്ചു.
നിലവിലെ നിയമങ്ങളെല്ലാം അട്ടിമറിച്ചാണ് ശിശുക്ഷേമസമിതി കുഞ്ഞിനെ സ്വീകരിച്ചതെന്നും പരസ്പരവിരുദ്ധ അഭിപ്രായങ്ങളാണ് ജനറല്‍ സെക്രട്ടറി ഷിജുഖാന്‍ പറയുന്നതെന്നും അനുപമ പറഞ്ഞു. പിതാവും സി.പി.എം ലോക്കൽ കമ്മിറ്റി അംഗവുമായ ജയചന്ദ്രനും ബ്രാഞ്ച് കമ്മിറ്റിയംഗമായ മാതാവ് സ്മിതാ ജയിംസും ഷിജുഖാനുമായി ചേർന്ന് കുഞ്ഞിനെ കടത്താന്‍ കൂട്ടുനില്‍ക്കുകയായിരുന്നു. കുഞ്ഞിനെ തട്ടിക്കൊണ്ടുപോയെന്ന് ഏപ്രിലില്‍ ചൈല്‍ഡ് വെല്‍ഫയര്‍ കമ്മിറ്റിക്ക് പരാതി നല്‍കിയിട്ടും നടപടിയെടുത്തില്ലെന്നും അനുപമ ആരോപിക്കുന്നു. പേരൂര്‍ക്കട പൊലീസ് നടത്തുന്ന അന്വേഷണം കേസ് അട്ടിമറിക്കാനാണ്. അന്വേഷണ മേല്‍നോട്ടമാവശ്യപ്പെട്ട് കോടതിയെ സമീപിക്കാനാണ് അനുപമയുടെ തീരുമാനം.
സംഭവത്തെക്കുറിച്ച് ശിശുക്ഷേമസമിതി ജനറൽ സെക്രട്ടറി ഷിജുഖാെൻറ അഭിപ്രായം തേടിയെങ്കിലും തൽക്കാലം പ്രതികരിക്കാനില്ലെന്നായിരുന്നു മറുപടി.
ഡി.വൈ.എഫ്.ഐ മേഖലാ പ്രസിഡന്‍റായിരുന്ന അജിത്തുമായി ഒരുമിച്ച് ജീവിക്കാൻ അനുപമ ആഗ്രഹിച്ചിരുന്നു. ദലിത് ക്രിസ്ത്യനായിരുന്ന അജിതുമായുള്ള ബന്ധത്തെ അനുപമയുടെ പിതാവ് സി.പി.എം പേരൂർക്കട ലോക്കൽ കമ്മിറ്റി അംഗമായ പി.എസ്. ജയചന്ദ്രനും, മാതാവ് സി.പി.എം ബ്രാഞ്ച് കമ്മിറ്റി അംഗവുമായ സ്മിതാ ജയിംസും എതിർത്തു. എന്നാൽ, ഈ ബന്ധത്തിൽ കഴിഞ്ഞ വർഷം ഒക്ടോബര്‍ 19ന് അനുപമ ആണ്‍കുഞ്ഞിന് ജന്മം നല്കി. തുടർന്ന്, സഹോദരിയുടെ വിവാഹം കഴിഞ്ഞ് തിരിച്ചേല്പിക്കാമെന്ന് പറഞ്ഞ് അച്ഛനും അമ്മയും കുട്ടിയെ കൊണ്ടുപോയെന്നാണ് അനുപമയുടെ പരാതി.
പിന്നീട് കുഞ്ഞിനെ ശിശുക്ഷേമ സമിതിയിൽ ഏൽപിക്കുകയായിരുന്നുവത്രെ. ദുരഭിമാനത്തെ തുടര്‍ന്നാണ് മാതാപിതാക്കൾ കുഞ്ഞിനെ കൊണ്ടുപോയതെന്നാണ് അനുപമയുടെ ആരോപണം. എന്നാൽ, അനുപമയുടെ സമ്മതത്തോടെയാണ് കുട്ടിയെ ശിശുക്ഷേമ സമിതിയില്‍ ഏല്പിച്ചതെന്നാണ് ജയചന്ദ്രൻ പറയുന്നത്.
നേരത്തെ വിവാഹിതനായിരുന്ന അജിത് കഴിഞ്ഞ ജനുവരിയിൽ വിവാഹ മോചിതനായി. കഴിഞ്ഞ മാർച്ച് മുതൽ അജിതും അനുപമയും ഒരുമിച്ചാണ് ജീവിക്കുന്നത്. ഏപ്രില്‍ 19നാണ് അനുപമ പേരൂര്‍ക്കട പൊലീസില്‍ പരാതി നല്‍കിയത്. പക്ഷേ, കേസെടുക്കാൻ പൊലീസ് തയാറായില്ല. അനുപമയുടെ പരാതി സ്വീകരിക്കാനാകില്ലെന്ന് ചൈല്‍ഡ് വെല്‍ഫയര്‍ കമ്മിറ്റിയും അറിയിച്ചു. തന്‍റെ കുഞ്ഞിനെ തിരിച്ചുകിട്ടാൻ സി.പി.എം നേതാക്കളെ കണ്ട് പരാതി പറഞ്ഞിരുന്നെങ്കിലും അവരാരും സഹായിക്കാൻ തയാറായില്ലെന്ന് അനുപമ പറഞ്ഞു.
പാർട്ടിയിൽ നിന്ന് സഹായമൊന്നും ലഭിക്കാതായതോടെ ഡി.ജി.പിക്ക് രണ്ട് തവണ പരാതി നൽകി. എന്നാൽ, അതിലും നടപടി ഉണ്ടായില്ല. സംഭവം മാധ്യമങ്ങളിൽ വാർത്തയായതോടെ ആറു മാസത്തിന് ശേഷം ഇപ്പോഴാണ് പൊലീസ് കേസെടുക്കാൻ തയാറായത്.