തിരുവനന്തപുരം: എസ്.എഫ്.ഐ മുൻ നേതാവ് അനുപമയുടെ കുഞ്ഞിനെ സി.പി.എം നേതാവും ഭാര്യയും ഒളിപ്പിച്ച സംഭവത്തിൽ ഭരണ സംവിധാനങ്ങൾ പുലർത്തുന്ന മൗനത്തിനെതിരെ രൂക്ഷ പ്രതികരണവുമായി സാമൂഹ്യപ്രവര്‍ത്തക സുധ മേനോന്‍. സി.പി.എം പ്രാദേശിക നേതാക്കളായ അനുപമയുടെ അച്ഛനും അമ്മയും ചേർന്ന് കുഞ്ഞിനെ ഒളിപ്പിക്കുകയായിരുന്നു. ഒരുവർഷം കഴിഞ്ഞിട്ടും കുഞ്ഞിനെ തിരികെ നൽകാൻ അനുപമയുടെ രക്ഷിതാക്കൾ തയാറായില്ല. ഈ സംഭവത്തിലാണ് രൂക്ഷ പ്രതികരണവുമായി സാമൂഹ്യപ്രവർത്തക രംഗത്തെത്തിയിരിക്കുന്നത്.
ഒരമ്മ താൻ പ്രസവിച്ച കുഞ്ഞിനെ തേടി ആറുമാസമായി അലയുന്നത് പ്രബുദ്ധകേരളത്തിലാണെന്ന് ഓർമിപ്പിച്ചാണ് പോസ്റ്റ് ആരംഭിക്കുന്നത്. അവർ തെന്റ കുഞ്ഞിന് വേണ്ടി മുട്ടാത്ത വാതിലുകളില്ല. മുഖ്യമന്ത്രിയുടെ ഓഫീസിലും വനിതാകമ്മിഷനിലും പാർട്ടി ഓഫീസിലും അവർ കയറിയിറങ്ങി.കുട്ടിയെ തിരിച്ചു കിട്ടാൻ വേണ്ടി പോകാത്ത ഇടമില്ല. തട്ടാത്ത വാതിലുകൾ ഇല്ല. അനുപമക്ക് സ്വന്തം അച്ഛനിൽ നിന്നും പൊലീസിൽ നിന്നും സർക്കാർ സംവിധാനങ്ങളിൽ നിന്നും നീതി കിട്ടിയില്ല.
ഗർഭസ്ഥശിശുവിനെ 'ദുരഭിമാനക്കൊല' ചെയ്യാൻ തീരുമാനിച്ച മാതാ-പിതാക്കൾ ആണ് ഇടതുപക്ഷവും പുരോഗമനവും പറയുന്നത് എന്നോർക്കണമെന്നും സുധ മേനാൻ പറയുന്നു. അതെ മാതാപിതാക്കൾ തന്നെയാണ് പിഞ്ചുകുഞ്ഞിനെ അമ്മയിൽ നിന്നും അകറ്റിയതും. അച്ഛനും അമ്മയും ഉള്ള കുഞ്ഞിനെ അവരിൽ നിന്നും മാറ്റി അനാഥാലയത്തിൽ ഏൽപ്പിക്കുന്നത് എത്ര ഗുരുതരമായ കുറ്റവും കുഞ്ഞിനോടുള്ള നീതി നിഷേധവുമാണ് എന്നിട്ടും, നമ്മുടെ എല്ലാ ഭരണ സംവിധാനങ്ങളും ഒന്നടങ്കം മൗനം പാലിക്കുന്നു. മുഖം തിരിക്കുന്നു. എന്ത് ന്യായമാണിതെന്നും അവർ ചോദിക്കുന്നു.
ഗോത്രനീതി നിലനിർത്താൻ വേണ്ടിയാണെങ്കിൽ എന്തിനാണ് നമുക്ക് വനിതാകമ്മിഷനും നിരവധി വനിതാ നേതാക്കളും. നമ്മൾ അനുപമയോടൊപ്പം ഉപാധികൾ ഇല്ലാതെ, ചോദ്യങ്ങൾ ഇല്ലാതെ കൂടെ നിൽക്കേണ്ട സമയമാണിത്. അവർക്കു അവരുടെ കുട്ടിയെ തിരികെ കിട്ടും വരെ ഒപ്പം നിൽക്കണമെന്നും പറഞ്ഞാണ് കുറിപ്പ് അവസാനിക്കുന്നത്.
കുഞ്ഞിനെ ഒളിപ്പിച്ച അനുപമയുടെ പിതാവും സി.പി.എം പേരൂർക്കട ലോക്കൽ കമ്മിറ്റി അംഗവുമായ പി.എസ്. ജയചന്ദ്രന്, മാതാവും സി.പി.എം ബ്രാഞ്ച് കമ്മിറ്റി അംഗവുമായ സ്മിതാ ജയിംസ് എന്നിവർക്കെതിരെ കേസെടുത്തിരുന്നു. അനുപമയുടെ സഹോദരി അഞ്ജു, സഹോദരീ ഭർത്താവ് അരുൺ, ജയചന്ദ്രെൻറ സുഹൃത്തുക്കളും സി.പി.എം പ്രാദേശിക നേതാക്കളുമായ രമേശൻ, അനിൽകുമാർ എന്നിവർക്കെതിരെയും പേരൂർക്കട പൊലീസ് കേസെടുത്തിട്ടുണ്ട്. അനുപമയുടെ കുഞ്ഞിനെ കാണാതായ സംഭവത്തില്‍ പരാതി നൽകി ആറ് മാസത്തിന് ശേഷമാണ് പൊലീസ് എഫ്.ഐ.ആര് രജിസ്റ്റര്‍ ചെയ്തത്.
ഡി.വൈ.എഫ്.ഐ മേഖലാ പ്രസിഡന്‍റായിരുന്ന അജിത്തുമായി ഒരുമിച്ച് ജീവിക്കാൻ അനുപമ ആഗ്രഹിച്ചിരുന്നു. ദലിത് ക്രിസ്ത്യനായിരുന്ന അജിതുമായുള്ള ബന്ധത്തെ അനുപമയുടെ മാതാപിതാക്കൾ എതിർത്തു. എന്നാൽ, ഈ ബന്ധത്തിൽ കഴിഞ്ഞ വർഷം ഒക്ടോബര്‍ 19ന് അനുപമ ആണ്‍കുഞ്ഞിന് ജന്മം നല്കി. ശേഷം, സഹോദരിയുടെ വിവാഹം കഴിഞ്ഞ് തിരിച്ചേല്പിക്കാമെന്ന് പറഞ്ഞ് അച്ഛനും അമ്മയും കുട്ടിയെ കൊണ്ടുപോയെന്നാണ് അനുപമയുടെ പരാതി. പിന്നീട് കുഞ്ഞിനെ ശിശുക്ഷേമ സമിതിയിൽ ഏൽപിക്കുകയായിരുന്നുവത്രെ. ദുരഭിമാനത്തെ തുടര്‍ന്നാണ് രക്ഷാകർത്താക്കള് കുഞ്ഞിനെ കൊണ്ടുപോയതെന്നാണ് അനുപമയുടെ ആരോപണം. എന്നാൽ, അനുപമയുടെ സമ്മതത്തോടെയാണ് കുട്ടിയെ ശിശുക്ഷേമസമിതിയില്‍ ഏല്പിച്ചതെന്നാണ് ജയചന്ദ്രൻ പറയുന്നത്.
നേരത്തെ വിവാഹിതനായിരുന്ന അജിത് കഴിഞ്ഞ ജനുവരിയിൽ വിവാഹ മോചിതനായി. കഴിഞ്ഞ മാർച്ച് മുതൽ അജിതും അനുപമയും ഒരുമിച്ചാണ് ജീവിക്കുന്നത്. ഏപ്രില്‍ 19നാണ് അനുപമ പേരൂര്‍ക്കട പൊലീസില്‍ പരാതി നല്‍കിയത്. പക്ഷേ, കേസെടുക്കാൻ പൊലീസ് തയാറായില്ല. അനുപമയുടെ പരാതി സ്വീകരിക്കാനാകില്ലെന്ന് ചൈല്‍ഡ് വെല്‍ഫയര്‍ കമ്മിറ്റിയും കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു.
തന്‍റെ കുഞ്ഞിനെ തിരിച്ചു കിട്ടാൻ നേരത്തെ സി.പി.എം നേതാക്കളെ കണ്ട് പരാതി പറഞ്ഞിരുന്നെങ്കിലും അവരാരും സഹായിക്കാൻ തയാറായില്ലെന്ന് അനുപമ പറഞ്ഞു. പാർട്ടിയിൽ നിന്ന് സഹായമൊന്നും ലഭിക്കാതായതോടെ ഡി.ജി.പിക്കടക്കം പരാതി നൽകിയിരുന്നു. എന്നാൽ, അതിലും നടപടി ഉണ്ടായില്ല. സംഭവം മാധ്യമങ്ങളിൽ വാർത്തയായ ശേഷമാണ് പൊലീസ് കേസെടുക്കാൻ തയാറായത്.