ഡോക്ടർക്കുനേരെ വീണ്ടും അക്രമം; ആറ്റിങ്ങലിൽ വനിതാ ഡോക്ടറെ ചെരിപ്പെറിഞ്ഞു
text_fieldsതിരുവനന്തപുരം: സംസ്ഥാനത്ത് ഡോക്ടർക്കുനേരെ വീണ്ടും അക്രമം. ഇത്തവണ വനിതാ ഡോക്ടർക്കുനേരെ ചെരിപ്പേറാണ് ഉണ്ടായത്. ആറ്റിങ്ങൽ ഗോകുലും മെഡിക്കൽ സെൻററിലാണ് അക്രമം നടന്നത്. സംഭവത്തിൽ രണ്ടു പേർ പിടിയിലായി.
ഡോ. ജയശാലിനിക്ക് നേരെ രണ്ടു പേർ ചെരിപ്പ് എറിയുകയും അസഭ്യം പറയുകയുമായിരുന്നു. സംഭവത്തിൽ ഡോക്ടർ ആറ്റിങ്ങൽ പൊലീസിൽ പരാതി നൽകി.
അർധരാത്രി കൈയിൽ മുറിവേറ്റ നിലയിൽ രണ്ടു പേർ ചികിത്സക്കെത്തി. എങ്ങിനെ സംഭവിച്ചതാണെന്നും ചെരിപ്പ് അഴിച്ച് കിടക്കാൻ പറയുകയും ചെയ്തപ്പോൾ ആണ് അക്രമം ഉണ്ടായതെന്നും ഡോക്ടർ പറയുന്നു. പിന്നീട് അസഭ്യം പറയുകയും ചെയ്തുവെന്നും ഡോക്ടർ പറഞ്ഞു.
ആലുവ എടത്തല ആശുപത്രിയിൽ ഡ്യൂട്ടിക്കിടെ ഡോക്ടറെ ആക്രമിച്ചയാൾ ഇന്നലെ അറസ്റ്റിലായതിന് പിന്നാലെയാണ് പുതിയ സംഭവം. ഭാര്യയെ പരിശോധിക്കവെ കുടുംബാംഗങ്ങളുടെ വിവരം അന്വേഷിച്ചതിൽ പ്രകോപിതനായ ഇയാൾ അസഭ്യം പറഞ്ഞെത്തി ഡോക്ടറെ മർദിക്കുകയായിരുന്നു.