കേരളവർമയിൽ തിരുത്തുണ്ടാവുമോ?
text_fieldsതൃശൂർ: ശ്രീ കേരളവർമ കോളജ് യൂനിയൻ ചെയര്മാന് തെരഞ്ഞെടുപ്പിലെ റീ കൗണ്ടിങ് ശനിയാഴ്ച നടക്കും. കെ.എസ്.യു ചെയര്മാന് സ്ഥാനാര്‍ഥി എസ്. ശ്രീക്കുട്ടന് നല്കിയ ഹരജിയില്‍ ഹൈകോടതി നിർദേശ പ്രകാരമാണ് വീണ്ടും വോട്ടെണ്ണുന്നത്. രാവിലെ ഒമ്പതിന് പ്രിൻസിപ്പലിന്റെ ചേംബറിലാണ് വോട്ടെണ്ണൽ നടക്കുക.
എന്നാൽ എസ്.എഫ്.ഐയുടെ സ്ഥാനാർഥിയുടെ വിജയം റദ്ദാക്കുകയും അസാധുവോട്ടുകളടക്കം കൂട്ടിച്ചേർത്ത് എണ്ണിയതിൽ അപാകതയുള്ളതിനാൽ വീണ്ടും വോട്ടെണ്ണാനുമായിരുന്നു കോടതി നിർദേശം. ആദ്യ വോട്ടെണ്ണലിൽ ഇടക്കിടെ വൈദ്യുതി തകരാറിലായത് അട്ടിമറിയുടെ ഭാഗമാണെന്നായിരുന്നു കെ.എസ്.യു ആരോപണം.
പ്രിൻസിപ്പലിന്റെ ചേംബറിൽ ഇൻവെർട്ടർ സൗകര്യമടക്കമുണ്ട്. വൈദ്യുതി തകരാർ ഇവിടെ ബാധിക്കില്ല. വോട്ടെണ്ണൽ പൂർണമായും വിഡിയോയിൽ പകർത്താനും സൗകര്യമൊരുക്കിയിട്ടുണ്ട്.
ട്രഷറി ലോക്കറിലായിരുന്ന ബാലറ്റുകൾ കഴിഞ്ഞ ദിവസം കോളജ് സ്ട്രോങ്ങ് റൂമിലെ ലോക്കറിലേക്ക് മാറ്റിയിരുന്നു. ഇന്ന് രാവിലെ സ്ഥാനാർഥികളുടെയും പ്രതിനിധികളുടെയും സാന്നിധ്യത്തിൽ ഇത് തുറന്ന് ചേംബറിലെത്തിക്കും. മുഴുവൻ സ്ഥാനാർഥികളുടേയും പേര് ഒറ്റ ബാലറ്റിലായതിനാലാണ് അസാധു വോട്ടുകൾ മുമ്പ് പ്രത്യേകം സൂക്ഷിച്ചിരുന്നില്ല. ഇതാണ് വീഴ്ചയായി കോടതി വിമർശിച്ചത്.
അതിനാൽ ആദ്യം ചെയർമാൻ സ്ഥാനാർഥിയുടെ പേര് ബാലറ്റിൽ നിന്നും കീറി അസാധു വോട്ടുകൾ വേർതിരിക്കും. തുടർന്നാണ് സാധുവായവ എണ്ണുക. നവംബർ ഒന്നിന് നടന്ന തെരഞ്ഞെടുപ്പിൽ ശ്രീക്കുട്ടന് 896 വോട്ടും എസ്.എഫ്.ഐയുടെ ചെയര്മാന് സ്ഥാനാര്‍ഥി അനിരുദ്ധന് 895 വോട്ടുമാണ് ലഭിച്ചത്.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

