എന്തുകൊണ്ട് തോറ്റു? ഇന്നുമുതൽ സി.പി.ഐ ജില്ലതല അവലോകനം
text_fieldsതിരുവനന്തപുരം: നിയമസഭ തെരഞ്ഞെടുപ്പിലെ തിരിച്ചടി ഉൾപ്പെടെ വിലയിരുത്താൻ സി.പി.ഐ ജില്ലതല അവലോകന യോഗങ്ങൾ വ്യാഴാഴ്ച ആരംഭിക്കും. സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം പങ്കെടുക്കുന്ന യോഗങ്ങളിൽ നേതൃത്വത്തിനെതിരെ രൂക്ഷവിമർശനം ഉയരാനാണ് സാധ്യത. ഇതിനകം പല ജില്ലകളിലും ചേർന്ന അടിയന്തര യോഗങ്ങളിൽ കടുത്ത വിമർശനമുണ്ടായിരുന്നു.
നേതൃത്വത്തിന്‍റെ നിലപാടുകളും സി.പി.എമ്മിനോടുള്ള വിധേയത്വവും പലയിടത്തും തിരിച്ചടിയായെന്ന വിലയിരുത്തൽ പാർട്ടിയിലുണ്ട്. പ്രതിപക്ഷ ഉപനേതാവ് സ്ഥാനം സംബന്ധിച്ച കാര്യങ്ങളും ചർച്ചയാകും. പാർട്ടിക്ക് വ്യക്തമായ സ്വാധീനമുള്ള വൈക്കം, ചാത്തന്നൂർ, ചടയമംഗലം, തൃശൂർ, കൊടുങ്ങല്ലൂർ എന്നിവിടങ്ങളിലെ തോൽവി പ്രത്യേകവും വിശദവുമായ ചർച്ചകൾക്ക് വഴിവെക്കും.
വ്യാഴാഴ്ച തിരുവനന്തപുരം ജില്ല അവലോകനത്തോടെയാണ് തുടക്കം. ജില്ലതല വിലയിരുത്തലിന്‍റെ അടിസ്ഥാനത്തിൽ ജൂൺ എട്ടിന് സംസ്ഥാന കൗൺസിൽ ചേർന്ന് പൊതുവിലയിരുത്തൽ നടത്തും. തെരഞ്ഞെടുപ്പിൽ 25 സീറ്റുകളിൽ മത്സരിച്ച സി.പി.ഐക്ക് എട്ടിടത്ത് മാത്രമാണ് ജയിക്കാനായത്. തെരഞ്ഞെടുപ്പിനുശേഷം ചേർന്ന എക്സിക്യൂട്ടിവ് യോഗത്തിൽ 15 സീറ്റുകളിൽ വരെ വിജയം പ്രതീക്ഷിച്ചിരുന്നു. എന്നാൽ, അതിലും വലിയ തിരിച്ചടിയാണുണ്ടായത്. അതിനാൽ വിശദ ചർച്ചകളുണ്ടാകും. മത്സരിച്ച നാല് മന്ത്രിമാരിൽ മൂന്നുപേരും ജയിച്ചതാണ് സി.പി.ഐക്ക് ആശ്വാസം. എൽ.ഡി.എഫിന്‍റെ 13 മന്ത്രിമാർ പരാജയപ്പെട്ടപ്പോഴാണിത്. അതേസമയം, ചടയമംഗലത്തെ മന്ത്രി ജെ. ചിഞ്ചുറാണിയുടെ പരാജയം പ്രത്യേകമായി ചർച്ച ചെയ്യുമെന്നാണ് വിവരം.
കാഞ്ഞങ്ങാട്, പട്ടാമ്പി, ഒല്ലൂർ, നാട്ടിക, കയ്പമംഗലം, ചേർത്തല, പുനലൂർ, നെടുമങ്ങാട് മണ്ഡലങ്ങളിലാണ് സി.പി.ഐ വിജയിച്ചത്. എന്നാൽ നാദാപുരം, തിരൂരങ്ങാടി, ഏറനാട്, മണ്ണാർക്കാട്, മഞ്ചേരി, കൊടുങ്ങല്ലൂർ, തൃശൂർ, വൈക്കം, പീരുമേട്, മൂവാറ്റുപുഴ, പറവൂർ, ഹരിപ്പാട്, അടൂർ, കരുനാഗപ്പള്ളി, ചാത്തന്നൂർ, ചടയമംഗലം, ചിറയിൻകീഴ് എന്നിവിടങ്ങളിലെ തോൽവിയിൽ കടുത്ത വിമർശനമാകും ഉയരുക.
പല തെറ്റായ തീരുമാനങ്ങളും തിരുത്തണമെന്ന ആവശ്യം ഉയരും. ചാത്തന്നൂർ, വൈക്കം എന്നിവിടങ്ങളിലെ പരാജയം നേതൃത്വത്തിന്‍റെ വീഴ്ചമൂലമാണെന്നാണ് വിമർശനം. പലയിടങ്ങളിലേയും സ്ഥാനാർഥി നിർണയം തെറ്റിയെന്ന അഭിപ്രായമുണ്ട്. സംസ്ഥാന നേതൃത്വത്തിന്‍റെ പ്രത്യേക താൽപര്യപ്രകാരം ചിലയിടങ്ങളിൽ സ്ഥാനാർഥികളെ തീരുമാനിച്ചെന്ന ആക്ഷേപവും പാർട്ടിയിൽ ഉയർന്നിരുന്നു. ഇക്കാര്യങ്ങളെല്ലാം അവലോകന യോഗങ്ങളിൽ ചർച്ചയാകും. എം.എൽ.എ ഉൾപ്പെടെ പല നേതാക്കളും പാർട്ടി വിടാൻ തീരുമാനിച്ചപ്പോൾ അവരെ പിന്തിരിപ്പിക്കാൻ നേതൃത്വത്തിന്‍റെ ഭാഗത്തുനിന്ന് ഇടപെടലുണ്ടായില്ലെന്ന ആക്ഷേപവുമുണ്ട്. തിരുത്തൽ തുടങ്ങേണ്ടത് മുകൾതട്ടിൽ നിന്നാണെന്ന ആവശ്യവും ഉയർന്നിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

