മതരാഷ്ട്രവാദത്തിൽനിന്ന് വിട്ടുനിൽക്കണം; ഇസ്ലാമിക രാഷ്ട്രം കെട്ടിപ്പടുക്കുക എന്നത് പ്രായോഗികമല്ല -കാന്തപുരം
text_fieldsകോഴിക്കോട്: മതരാഷ്ട്ര വാദത്തിൽനിന്ന് ഹിന്ദു, മുസ്ലിം സമൂഹം വിട്ടുനിൽക്കണമെന്ന് സമസ്ത ജന. സെക്രട്ടറി കാന്തപുരം അബൂബക്കർ മുസ്ലിയാർ വാർത്തസമ്മേളനത്തിൽ ആവശ്യപ്പെട്ടു. രാജ്യത്തെ ഭരണഘടനക്ക് വിരുദ്ധമായി ഏതെങ്കിലും മതത്തിന്റെ താൽപര്യം മാത്രം നടപ്പാക്കണമെന്ന് പറയുന്നത് ശരിയല്ല. ഇസ്ലാമിക രാഷ്ട്രം കെട്ടിപ്പടുക്കുക എന്നത് പ്രായോഗികമല്ല.
അത് സമാധാനത്തിന് ഭംഗം വരുത്തും. ജമാഅത്തെ ഇസ്ലാമി അവരുടെ നേതാവിനെ തള്ളിയതുകൊണ്ടായില്ലെന്നും നേതാവിന്റെ ആശയം ഉപേക്ഷിക്കുകയാണ് വേണ്ടതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. മതത്തിന് ഹാനികരമായതൊന്നും രാഷ്ട്രീയക്കാർ കൊണ്ടുവരാൻ പാടില്ല. അങ്ങനെ ചെയ്താൽ നീതിയുടെയും യുക്തിയുടെയും അടിസ്ഥാനത്തിൽ ചോദ്യംചെയ്യും. സമസ്ത നൂറാം വാർഷികത്തോടനുബന്ധിച്ച് 8000 യൂനിറ്റ് കേന്ദ്രങ്ങളിൽ വ്യാഴാഴ്ച പതാക ഉയർത്തും. സമസ്തക്ക് കീഴിലെ മദ്റസകളിലും സ്കൂളുകളിലും പ്രത്യേക അസംബ്ലി ചേരുകയും യുദ്ധവിരുദ്ധ പ്രതിജ്ഞ എടുക്കുകയും ചെയ്യും. വൈകീട്ട് 700 സർക്ൾ കേന്ദ്രങ്ങളിൽ ‘യുദ്ധം പരിഹാരമല്ല’ എന്ന സന്ദേശമുയർത്തി സമാധാന റാലികൾ നടത്തുമെന്നും കാന്തപുരം പറഞ്ഞു.
സമസ്ത പ്രസിഡന്റ് ഇ. സുലൈമാൻ മുസ്ലിയാർ, സെക്രട്ടറിമാരായ ഇബ്രാഹീം ഖലീലുൽ ബുഖാരി, പേരോട് അബ്ദുറഹ്മാൻ സഖാഫി, പൊന്മള അബ്ദുൽ ഖാദർ മുസ്ലിയാർ എന്നിവരും വാർത്തസമ്മേളനത്തിൽ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

