തുരങ്കപാത ഉപേക്ഷിക്കില്ല; മുഖ്യമന്ത്രിയുടെ പ്രഖ്യാപനത്തിൽ പ്രതീക്ഷയുമായി നാട്
text_fieldsകൽപറ്റ: വയനാട് തുരങ്കപാത ഉപേക്ഷിക്കില്ലെന്നും സുരക്ഷ ഉറപ്പുവരുത്തി നിർമാണം പുനരാരംഭിക്കുമെന്നും മുഖ്യമന്ത്രി വി.ഡി. സതീശൻ. കള്ളാടി-ആനക്കാംപൊയിൽ തുരങ്കപാത നിർമാണം വിദഗ്ധ സമിതി റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ആവശ്യമായ സുരക്ഷാ മാനദണ്ഡങ്ങൾ ഉറപ്പാക്കി പുനരാരംഭിക്കുന്നതിന് നടപടി സ്വീകരിക്കുമെന്നാണ് മുഖ്യമന്ത്രി നിയമസഭയിൽ പറഞ്ഞത്. ഇതോടെ തുരങ്കപാതയുമായി ബന്ധപ്പെട്ട പ്രതീക്ഷകൾ വീണ്ടും ഉയരുകയാണ്.
2026 ജൂലൈ ഏഴിനാണ് വയനാട് ജില്ലയിലെ മേപ്പാടി പഞ്ചായത്തിൽ തുരങ്കപാത നിർമാണ പദ്ധതി പ്രദേശത്തുണ്ടായ വലിയ മണ്ണിടിച്ചിൽ ദുരന്തത്തിൽ എട്ടുപേർ മരണപ്പെട്ടത്. മീനാക്ഷി മലയുടെ ഭാഗം ഇടിഞ്ഞ് തുരങ്കപാത നിർമാണത്തിനായി കൂട്ടിയിട്ട മൺകൂമ്പാരം താഴത്തേക്ക് ഇരച്ചെത്തിയാണ് വൻദുരന്തം ഉണ്ടായത്. ഇതോടെയാണ് തുരങ്കപാതയുടെ നിർമാണം സർക്കാർ നിർത്തിവെച്ചത്. ദുരന്തമുണ്ടായതോടെ പദ്ധതി തന്നെ പാടെ ഉപേക്ഷിക്കണമെന്ന ആവശ്യവും ചില കോണുകളിൽ നിന്നുയർന്നു. എന്നാൽ, ചുരത്തിൽ അടക്കം ദിനേനയുണ്ടാകുന്ന ഗതാഗതക്കുരുക്ക് മൂലം നട്ടം തിരിയുന്ന വയനാടിന്റെ നിനിലനിൽപ്പിന് തന്നെ തുരങ്ക പാത നിർണായകമാണെന്നും ഇതിനാൽ സുരക്ഷ ഉറപ്പുവരുത്തി നിർമാണം പുനരാംരംഭിക്കണം എന്നുമായിരുന്നു പൊതുആവശ്യം. കോഴിക്കോട്-വയനാട് ജില്ലകളെ ബന്ധിപ്പിക്കുന്നതാണ് തുരങ്കപാത.
നിർമാണോദ്ഘാടനം 2025 ആഗസ്റ്റ് 31ന് മുൻ മുഖ്യമന്ത്രി പിണറായി വിജയനാണ് നടത്തിയത്. കൊങ്കൺ റെയിൽവേ കോർപറേഷൻ ലിമിറ്റഡിന്റെ മേൽനോട്ടത്തിൽ ദിലീപ് ബിൽഡ്‌കോൺ കമ്പനിക്കാണ് നിർമാണച്ചുമതല. 298 പേർ മരിച്ച ചൂരൽമല ഉരുൾപൊട്ടൽ മേഖലയിലൂടെയാണ് ഭൂമി തുരന്നുള്ള പാത വരുന്നത്. മേപ്പാടിചൂരൽമല റോഡിൽ ആറു കി.മീറ്റർ അപ്പുറത്തുള്ള മീനാക്ഷി പാലത്തിനടുത്തുനിന്നാണ് പാതയുടെ വയനാട് ജില്ലയിലെ തുടക്കം. കോഴിക്കോട്ടെ ആനക്കാംപൊയിലിൽനിന്ന് മേപ്പാടി കള്ളാടി വരെയാണ് 8.73 കി.മീറ്ററുള്ള തുരങ്കപാത. കോഴിക്കോട് ജില്ലയിൽ 3.15 കി. മീറ്ററും വയനാട് ജില്ലയിൽ 5.58 കി. മീറ്ററുമാണുള്ളത്. പാത വന്നാൽ ആനക്കാംപൊയിലില്‍നിന്ന് 16 കി. മീറ്ററിൽ മേപ്പാടിയിലെത്താം. കോഴിക്കോട്, വയനാട്, മലപ്പുറം ജില്ലകളുടെ വികസനത്തിൽ കുതിച്ചുചാട്ടമുണ്ടാകും. കര്‍ണാടകയിലേക്കുള്ള ദൂരവും ഗണ്യമായി കുറയും. റോഡ് നിർമാണത്തിന് ഉണ്ടാകുന്ന പാരിസ്ഥിതിക പ്രശ്നങ്ങള്‍പോലും തുരങ്ക പാതക്കുണ്ടാകില്ലെന്നും പദ്ധതിയെ അനുകൂലിക്കുന്നവർ പറയുന്നു.
എന്നാൽ, ജിയളോജിക്കൽ സർവേ ഓഫ് ഇന്ത്യയുടെ പഠനങ്ങളിൽ പ്രകൃതിദുരന്തങ്ങളുടെ സാധ്യതാപട്ടികയിലുള്ള പ്രദേശത്തുകൂടിയാണ് തുരങ്കപാതയെന്നും മതിയായ പഠനങ്ങളില്ലാതെയാണ് പദ്ധതി നടപ്പാക്കുന്നതെന്നുമാണ് പ്രധാന വിമർശനം. 2024 മേയ് 25ന് പദ്ധതിപ്രദേശം സന്ദർശിച്ച സംസ്ഥാനതല വിദഗ്ധസമിതിയുടെ റിപ്പോർട്ട് നിരവധി ആശങ്കകൾ പങ്കുവെക്കുന്നുണ്ട്. അപ്രതീക്ഷിത നീരൊഴുക്ക്, ഭൂചലന സാധ്യത, തുരങ്കത്തിനായി നടത്തുന്ന പാറപൊട്ടിക്കലിന്റെ ഫലമായി ഭൂമി അസ്ഥിരമാകല്‍ എന്നിവ ഉണ്ടാകുമെന്നും റിപ്പോർട്ടിലുണ്ട്. ഏതായാലും മുഖ്യമന്ത്രി നിയമസഭയിൽ പ്രഖ്യാപനം നടത്തിയതോടെ സുരക്ഷ ഉറപ്പാക്കി തുരങ്കപാതയുടെ നിർമാണം പുനരാരംഭിക്കുമെന്നാണ് പ്രതീക്ഷ. താൻ ഒരിക്കലും തുരങ്കപാതക്ക് എതരല്ലെന്നും ഈ പാത വികസനവഴിയിൽ നാഴികക്കല്ലാണെന്നും എന്നാൽ, വേണ്ടത്ര വിദഗ്ധ പഠനം നടത്താതെ പദ്ധതി തുടങ്ങുന്നതിനെയാണ് താൻ പ്രതിപക്ഷ നേതാവായപ്പോൾ എതിർത്തതെന്നുമാണ് മുഖ്യമന്ത്രി നിയമസഭയിൽ പറഞ്ഞത്.

