Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightപ്രിയപ്പെട്ടവരെ...

പ്രിയപ്പെട്ടവരെ നഷ്ടപ്പെട്ട നോവിൽ മുണ്ടക്കൈ, ചൂരൽമല ജനങ്ങൾ; ‘ഈ മഴ കാണുമ്പോഴും പുഴയിൽ വെള്ളം പൊങ്ങുമ്പോഴും ഭയങ്കര പേടിയാണ്’

text_fields
bookmark_border
Mundakai, Churalmala
cancel
camera_alt

മുണ്ടക്കൈ, ചൂരൽമല

കൽപ്പറ്റ: മുണ്ടക്കൈ, ചൂരൽമല ഉരുൾപൊട്ടൽ ദുരന്തം നടന്നിട്ട് രണ്ട് വർഷം തികയുമ്പോൾ, ജീവൻ പൊലിഞ്ഞ ഉറ്റവരുടെ ഓർമകളിൽ വിറങ്ങലിച്ച് നിൽക്കുകയാണ് അതിജീവിതരായ നാട്ടുകാർ. കൽപ്പറ്റയിലെ ടൗൺഷിപ്പിൽ ഒത്തുകൂടിയ പലരുടെയും മനസ്സിൽ ഇന്നും ആ ദുരന്തരാത്രിയുടെ ഭീതി മാഞ്ഞിട്ടില്ല. ‘ഈ മഴ കാണുമ്പോഴും പുഴയിൽ വെള്ളം പൊങ്ങുമ്പോഴും ഭയങ്കര പേടിയാണ്’ എന്ന അവരുടെ വാക്കുകൾ ദുരന്തം ബാധിച്ചവരുടെ മാനസിക ആഘാതത്തിന്റെ ആഴം വ്യക്തമാക്കുന്നു.

വയനാട് മുണ്ടക്കൈ-ചൂരൽമല ഉരുൾപൊട്ടൽ ദുരന്തത്തിന് ഇന്ന് രണ്ട് വർഷം തികയുകയാണ്. 2024 ജൂലൈ 30ന് മുണ്ടക്കൈ, ചൂരൽമല, അട്ടമല, പുഞ്ചിരിമട്ടം പ്രദേശങ്ങളിലുണ്ടായ ഉരുൾപൊട്ടലിൽ പ്രകൃതി കവർന്നെടുത്തത് 298 ജീവനുകളാണ്. അന്ത്യകർമ്മങ്ങൾ പൂർത്തിയാക്കാൻ പേരിനൊരു ഉടൽ മാത്രം ലഭിച്ചവർ ഏറെയുണ്ടായിരുന്നു. ചിലർക്ക് കൈയിലിട്ട വളയും പച്ചകുത്തിയ അടയാളങ്ങളുമായിരുന്നു ബന്ധുകളെ തിരിച്ചറിയാനുള്ള ഏകമാർഗം.

ദുരന്തത്തിൽ ജീവൻ നഷ്ടമായ 298 പേരുടെ ചിത്രങ്ങൾക്ക് മുമ്പിൽ വിളക്കുകൊളുത്തി പുഷ്പങ്ങൾ അർപ്പിച്ച ചടങ്ങ് ഹൃദയഭേദകമായിരുന്നു. കൽപ്പറ്റയിലെ ടൗൺഷിപ്പിൽ ഫേസ് വൺ ലാൻഡ്സ്ലൈഡ് അസോസിയേഷന്റെ നേതൃത്വത്തിൽ രാവിലെ സംഘടിപ്പിച്ച പുഷ്പാർച്ചനയിൽ പങ്കെടുക്കാനെത്തിയവർക്ക് സങ്കടം അടക്കാനായില്ല. വിട്ടുപിരിഞ്ഞവരുടെ ചിത്രങ്ങൾക്ക് മുമ്പിൽ നിറകണ്ണുകളോടെ പുഷ്പങ്ങൾ അർപ്പിച്ച പലരും പൊട്ടിക്കരഞ്ഞു. നടുക്കം വിട്ടുമാറാത്ത പലർക്കും സംസാരിക്കാൻ പോലും കഴിയാത്ത അവസ്ഥയായിരുന്നു.

ദുരന്തത്തിന് ഇരയായവർ തങ്ങളുടെ അനുഭവങ്ങളും ഭയവും പങ്കുവെച്ചത് കണ്ണീരോടെയാണ്. ‘പറയാൻ പറ്റണില്ല, ഭയങ്കര വിഷമമുണ്ട്. ഒക്കെ നഷ്ടപ്പെട്ടുപോയി. നഷ്ടപ്പെട്ടതിൽ വിഷമമില്ല, കൂടെപ്പിറപ്പുകളും കൂട്ടുകാരും മരിച്ചുപോയത് സഹിക്കാൻ പറ്റില്ല. വീടൊക്കെ കിട്ടി, പക്ഷേ മനസ്സിൽ അവരൊക്കെയാണ്. വലിയ മഴ പെയ്യുമ്പോഴും കാറ്റടിക്കുമ്പോഴും ഞങ്ങൾക്ക് ഭയങ്കര പേടിയാണ്.

വൈകുന്നേരം വർത്തമാനം പറഞ്ഞ് പിരിഞ്ഞതാണ്. ഒന്ന് ഉറങ്ങിക്കഴിഞ്ഞപ്പോൾ പിള്ളേരൊക്കെ നഷ്ടപ്പെട്ടു. എല്ലാം നഷ്ടപ്പെട്ടു. അതൊന്നും മറക്കാൻ പറ്റുന്നില്ല. ഒരുമിച്ചു ചിരിച്ചുകളിച്ചു ജീവിച്ചവരാണ്. അത്രയും സ്നേഹത്തോടെ കഴിഞ്ഞവരാണ്. ഈ മഴ കാണുമ്പോഴും പുഴയിൽ വെള്ളം പൊങ്ങുമ്പോഴും ഭയങ്കര പേടിയാണ്. ഓരോരുത്തരും അവരുടെ വേദനയിലാണ് കഴിയുന്നത്. നിലവിൽ 9,000 രൂപയുടെ കൂപ്പൺ ലഭിക്കുന്നുണ്ടെന്നും എന്നാൽ സ്ഥിരമായി പണിയൊന്നുമില്ലാത്ത അവസ്ഥയാണെന്നും അവർ കൂട്ടിച്ചേർത്തു.

ദുരന്തബാധിതർക്കായി കൽപ്പറ്റയിലെ എൽസൺ എസ്റ്റേറ്റിൽ ഉയരുന്ന ടൗൺഷിപ്പിൽ ആകെ 410 കുടുംബങ്ങൾക്കാണ് സർക്കാർ തണലൊരുക്കുന്നത്. ഇതിനോടകം നിർമാണം പൂർത്തിയായ വീടുകളിലേക്ക് 165 കുടുംബങ്ങൾ താമസം ആരംഭിച്ചു കഴിഞ്ഞു. പുതിയ വീടുകൾ ലഭിച്ചുവെങ്കിലും ഉറ്റവരെ നഷ്ടപ്പെട്ടതിന്റെ വേദനയിലും കനത്ത മഴ പെയ്യുമ്പോഴുള്ള ഭീതിയിലും തന്നെയാണ് ഓരോ ദിവസവും ഇവർ തള്ളിനീക്കുന്നത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:FloodWayanad Landslidelandslide victimsLifelineMundakkai Chooralmala Township
News Summary - പ്രിയപ്പെട്ടവരെ നഷ്ടപ്പെട്ട നോവിൽ നീറി മുണ്ടക്കൈ, ചൂരൽമല ജനങ്ങൾ
Next Story