Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightതളിർത്തു, പൂക്കുന്നു...

തളിർത്തു, പൂക്കുന്നു പുതുജീവിതം: പക്ഷേ... മുണ്ടക്കൈ ഉരുൾദുരന്തത്തിന് നാളെ രണ്ടാണ്ട്

text_fields
bookmark_border
തളിർത്തു, പൂക്കുന്നു പുതുജീവിതം: പക്ഷേ... മുണ്ടക്കൈ ഉരുൾദുരന്തത്തിന് നാളെ രണ്ടാണ്ട്
cancel
camera_alt

ഉ​രു​ൾ​ദു​ര​ന്ത ബാ​ധി​ത​ർ​ക്കാ​യി സ​ർ​ക്കാ​ർ ക​ൽ​പ​റ്റ ബൈ​പ്പാ​സി​ൽ ഒ​രു​ക്കു​ന്ന ടൗ​ൺ​ഷി​പ്പി​ലെ വീ​ടു​ക​ൾ

മുണ്ടക്കൈ (വയനാട്): നഷ്ടങ്ങളുടെ നോവുകൾ ഹൃദയകോണിൽ ഒളിപ്പിച്ച അവരുടെ ജീവിതം വീണ്ടും തളിർത്തു. എല്ലാ വേരുകളും നഷ്ടമായവരുടെ പുതുജീവിതം പതുക്കെയെങ്കിലും പൂത്തുതുടങ്ങി. നാടും നാട്ടുകാരും അണച്ചുപിടിച്ചതിന്റെ ധൈര്യമാണവരെ മുന്നോട്ടുനയിക്കുന്നതെങ്കിലും സർക്കാർ സംവിധാനങ്ങളുടെ മെല്ലെപോക്കിൽ അവർ ഖിന്നരാണ്. ഒറ്റമനസ്സോടെ ഒരുമിച്ച് ജീവിച്ച 298 പേരെയും സകല സമ്പാദ്യങ്ങളെയും ഇല്ലാതാക്കിയ മുണ്ടക്കൈ ഉരുൾദുരന്തത്തിന് ജൂലൈ 30ന് രണ്ട് വർഷം തികയുന്നു. മരണപ്പെട്ടവരെ അടക്കിയ പുത്തുമല ഹൃദയഭൂമി ശ്മശാനത്തിൽ വ്യാഴാഴ്ച രാവിലെ ഏഴ് മുതൽ മേപ്പാടി പഞ്ചായത്തിന്റെ നേതൃത്വത്തിൽ സർവമതപ്രാർഥനയടക്കം നടത്തും.

2024 ജൂലൈ 30ന് പുലര്‍ച്ചെ ആർത്തലച്ചുവന്ന ഉരുൾ, മേപ്പാടി പഞ്ചായത്തിലെ 10, 11, 12 വാർഡുകളെയാണ് ഇല്ലാതാക്കിയത്. കാണാതായ 32 പേരെയും മരിച്ചെന്ന് കണക്കാക്കുകയായിരുന്നു. പുനരധിവാസത്തിനായി കൽപറ്റയിൽ സർക്കാർ പണിയുന്ന ടൗൺഷിപ്പിലെ 178 വീടുകളിൽ 150ലും അതിജീവിതർ താമസം തുടങ്ങി. അഞ്ച് സോണുകളിലായി ആകെ 410 വീടുകളാണ് ഇവിടെ നിര്‍മിക്കുക. രണ്ടാംഘട്ടത്തിലെ 149 വീടുകളുടെയും അനുബന്ധ സൗകര്യങ്ങളുടെയും പണികൾ ഇഴഞ്ഞുനീങ്ങുകയാണ്.

മേപ്പാടി വെള്ളിത്തോട്ടെ മുസ്‍ലിം ലീഗിന്റെ പുനരധിവാസ പദ്ധതിയിലെ 105 വീടുകളിലെ 51ലും താമസം തുടങ്ങി. ബാക്കിയുള്ളവയുടെ പണികൾ പുരോഗമിക്കുന്നു. കുന്നമ്പറ്റയിൽ കോൺഗ്രസിന്റെ വീടുകളുടെ പ്രാരംഭപണികൾ മാത്രമാണ് തുടങ്ങിയത്. സന്നദ്ധസംഘടനകളടക്കം മറ്റ് പലരും വിവിധയിടങ്ങളിൽ വീടുകൾ നിർമിച്ചുനൽകിയിട്ടുണ്ട്. വീട് കിട്ടാത്തവർ സർക്കാർ ഒരുക്കിയ വാടകവീടുകളിൽ കഴിയുകയാണിപ്പോഴും. ഇവരുടെ വീട്ടുവാടക, ഉപജീവനബത്ത, ഭക്ഷണ കൂപ്പൺ എന്നിവ മൂന്നുമാസത്തേക്ക് കൂടി സർക്കാർ നീട്ടിയിട്ടുണ്ട്. ഉപജീവനമാർഗങ്ങൾ അടക്കം ഇല്ലാതായ ദുരന്തബാധിതർ ഓട്ടോ ഓടിച്ചും കൂലിപ്പണിയെടുത്തും ചെറുകിട സംരംഭങ്ങൾ നടത്തിയുമാണ് ജീവിതം മുന്നോട്ടുകൊണ്ടുപോകുന്നത്.

അന്തിമപട്ടികയെവിടെ?

രണ്ട് വർഷമായിട്ടും ദുരന്തബാധിതരുടെ അന്തിമ പട്ടിക തയാറാക്കാൻ സർക്കാറിന് കഴിഞ്ഞിട്ടില്ല. തദ്ദേശ വകുപ്പ് തയാറാക്കിയ സമഗ്ര മൈക്രോ പ്ലാൻ പ്രകാരം 1084 കുടുംബങ്ങളിലായി 4636 പേരെയാണ് ദുരന്തം നേരിട്ടോ അല്ലാതെയോ ബാധിച്ചത്. 1879 പേരുടെ ഉപജീവനമാർഗം പൂർണമായി ഇല്ലാതായി. ഇരകളെയെല്ലാം പുനരധിവസിപ്പിക്കുമെന്നാണ് സർക്കാർ ആദ്യം പറഞ്ഞതെങ്കിലും വാക്കുമാറി. നിലവിലെ പട്ടിക പ്രകാരം തന്നെ 75 കുടുംബങ്ങളെങ്കിലും പുറത്താണ്. ജോൺ മത്തായി കമീഷന്റെ ‘നോ ഗോ സോൺ’ മാനദണ്ഡത്തിൽ തട്ടിയാണ് അർഹർ പുറത്തായത്.

ഭൂമിയും കെട്ടിടങ്ങളും നഷ്ടപ്പെട്ടവരുടെ നൊമ്പരം

വീട് നിർമിക്കാൻ വാങ്ങിയ അഞ്ചും പത്തും സെന്റുമടക്കം കൃഷിചെയ്തുവന്ന ഏക്കറുകണക്കിന് സ്ഥലങ്ങളുമാണ് ഉരുളിൽ ഒലിച്ചുപോയത്. എന്നാൽ എല്ലാവർക്കും ഏഴു സെന്റ് മാത്രമേ ടൗൺഷിപ്പിലെ പുനരധിവാസത്തിൽ ലഭിക്കൂ. ദുരന്തഭൂമിയിൽ ഒരു ഏക്കറിന് മുകളിൽ സ്ഥലമുള്ള 20ഓളം പേരുണ്ട്. വീടുവെക്കാനായി അഞ്ചും പത്തും സെന്റും വാങ്ങിയ 50ഓളം പേരും. 54 പേരുടെ വാടകകെട്ടിടങ്ങൾ തകർന്നു. ഇതിൽ 150ഓളം കടമുറികളുണ്ടായിരുന്നു. വിപണി വിലയടക്കം കണക്കാക്കിയാൽ ഈയിനത്തിൽ 60 കോടി രൂപയുടെ നഷ്ടമുണ്ടായി. എന്നാൽ ഇവരുടെ കാര്യത്തിൽ അധികൃതർ കൈമലർത്തുകയാണ്.

കടം എഴുതിതള്ളും, പക്ഷേ തള്ളിയില്ല

ദുരന്തബാധിതരുടെ ബാങ്ക് കടം ഏറ്റെടുക്കുമെന്ന് സംസ്ഥാന സർക്കാർ പ്രഖ്യാപിച്ചിരുന്നു. എന്നാൽ ഇതിന്റെ നടപടിക്രമങ്ങളിൽ ജില്ല ഭരണകൂടം അനാസ്ഥയാണ് കാണിച്ചു. പ്രതിഷേധമുയർന്നപ്പോഴാണ് രേഖകൾ അടക്കം പരിശോധിക്കുന്നതിനുള്ള അദാലത്ത് തുടങ്ങിയത്. ദുരന്തമേഖലയിലെ ജനങ്ങളുടെ ആകെ ബാങ്ക് വായ്പ 35.30 കോടിയാണ്. എന്നാൽ 555 ഗുണഭോക്താക്കളുടെ 1620 വായ്പകളിലായുള്ള 18.75 കോടി രൂപ മാത്രമാണ് സർക്കാർ ഏറ്റെടുത്തത്. സർക്കാർ പട്ടികയിൽപെടാത്ത പടവെട്ടിക്കുന്ന്, അട്ടമല, പാടികളിൽ താമസിച്ചിരുന്നവരുടെയടക്കം കടബാധ്യത സർക്കാർ നടപടികൾക്ക് ശേഷവും ബാക്കിയാവും.

നെഞ്ചിടിപ്പേറ്റി തുരങ്കദുരന്തവും

മുണ്ടക്കൈ ഉരുൾദുരന്തപ്രദേശത്തുനിന്ന് ആറ് കിലോ മീറ്റർ അടുത്താണ് ജൂലൈ ഏഴിന് കള്ളാടി തുരങ്കദുരന്തമുണ്ടായത്. കള്ളാടി-ആനക്കാംപൊയിൽ തുരങ്കപാത നിർമാണ പ്രദേശത്തുണ്ടായ മലയിടിച്ചിൽ ദുരന്തത്തിൽ എട്ടുപേരാണ് മരണപ്പെട്ടത്. മുണ്ടക്കൈക്ക് രണ്ട് വർഷം തികയുന്നതിന് മുമ്പ് തന്നെയുണ്ടായ ഈ തുരങ്കദുരന്തത്തിൽ നാട് ഭയപ്പാടിലായി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Government of KeralaWayanad LandslideMundakai LandslideWayanad township
News Summary - മുണ്ടക്കൈ ഉരുൾദുരന്തത്തിന് നാളെ രണ്ടാണ്ട്
Next Story