മുസ്‍ലിം സ്ത്രീകൾ പൊതുസ്ഥലങ്ങളിൽ ഇറങ്ങുന്നത് ശരിയല്ല; കാന്തപുരത്തിന്റെ പ്രസ്താവന കൊട്ടിഘോഷിക്കേണ്ടതില്ലെന്നും വഖഫ് ബോർഡ് ചെയർമാൻ
text_fieldsകെ.എസ്. ഹംസ
ചെറുതുരുത്തി: മുസ്ലിം സ്ത്രീകൾ ആവശ്യമില്ലാതെ പൊതുസ്ഥലങ്ങളിൽ ഇറങ്ങുന്നതും ആഘോഷങ്ങളിൽ പങ്കെടുക്കുന്നതും ശരിയല്ലെന്ന് വഖഫ് ബോർഡ് ചെയർമാൻ കെ.എസ്. ഹംസ. ഇക്കാര്യത്തിൽ കാന്തപുരം അബൂബക്കർ മുസ്‌ലിയാർ പറഞ്ഞത് ആ സമുദായം അംഗീകരിച്ചിട്ടുണ്ട്. അതുതന്നെയാണ് എന്‍റെയും അഭിപ്രായം. പ്രസ്താവന ഇത്രയധികം കൊട്ടിഘോഷിക്കേണ്ട ആവശ്യമില്ലെന്നും ഹംസ പറഞ്ഞു.
കാന്തപുരം അബൂബക്കർ മുസ്‌ലിയാർ മതപണ്ഡിതൻ ആണ്. അദ്ദേഹം പറയുന്നത് മുസ്ലിം സമുദായം അംഗീകരിക്കുന്നുണ്ട്. ഒരു വിദ്യാഭ്യാസ സ്ഥാപനം നടത്തുന്ന എനിക്ക് ഓരോ അമ്മമാരുടെയും വിലാപം ദിനംപ്രതി കേൾക്കാം. ദൂരസ്ഥലങ്ങളിൽ പെൺകുട്ടികൾ പഠിക്കാൻ പോയി അവിടെവെച്ച് പലതും സംഭവിക്കുന്നത് നിരന്തരം കേൾക്കുന്നുണ്ട്. അതുകൊണ്ട് മുസ്ലിം സ്ത്രീകൾ ആവശ്യമില്ലാതെ പൊതു സ്ഥലങ്ങളിലും മറ്റും ഇറങ്ങേണ്ട -ഹംസ കൂട്ടിച്ചേർത്തു.
അതേസമയം, സ്ത്രീകളുടെ വിദ്യാഭ്യാസത്തിന് പ്രസ്ഥാനം മുന്തിയ പരിഗണന നൽകുമെന്ന് കാന്തപുരം എ.പി. അബൂബക്കർ മുസ്‌ലിയാർ പറഞ്ഞു. കേരള മുസ്‌ലിം ജമാഅത്ത് ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നടന്ന മീലാദ് കോൺഫറൻസിൽ മുഖ്യ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.
പെൺകുട്ടികൾക്ക് മാത്രമായി രാജ്യത്തുടനീളം നൂറുകണക്കിന് സ്ഥാപനങ്ങൾ തന്‍റെ നേതൃത്വത്തിൽ പ്രവർത്തിച്ചു വരുന്നു. അവിടെയെല്ലാം സൗജന്യമായാണ് വിദ്യാഭ്യസം നൽകുന്നത്. അത് തുടരുക തന്നെ ചെയ്യും.
രാജ്യത്ത് എല്ലാ വിഭാഗങ്ങൾക്കും അവരവരുടെ മതചിട്ട അനുസരിച്ച് ജീവിക്കാനുള്ള സ്വാതന്ത്ര്യമുണ്ട്. ഒരു വിഭാഗത്തോടും മതം അടിച്ചേൽപ്പിക്കുന്നില്ല. ഇതാണ് പ്രവാചക കൽപന. വർഗീയത പാടില്ല. മറ്റൊരാളെ നിർബന്ധിക്കാനും പാടില്ല. പ്രതിപക്ഷമില്ലാത്ത രാജ്യമായ മക്കയിൽ പ്രവാചകൻ എത്തിയപ്പോൾ ശത്രുക്കൾ ഭയപ്പെട്ടു. അവർക്കും മാപ്പ് നൽകി വിട്ടയച്ചു. ഇതാണ് പ്രവാചക മാതൃക. അതാണ് നാം പിൻപറ്റുന്ന വഴി -കാന്തപുരം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

