മട്ടന്നൂർ നഗരസഭയിൽ വോട്ടെടുപ്പ് തുടങ്ങി
text_fieldsമട്ടന്നൂർ നഗരസഭ ഇലക്ഷൻ പാലോട്ട് പള്ളി ബൂത്ത് 30 ൽ രാവിലെ വോട്ടർമാരുടെ തിരക്ക്
കണ്ണൂർ: മട്ടന്നൂർ നഗരസഭ ഭരണസമിതി തെരഞ്ഞെടുപ്പ് ശനിയാഴ്ച നടക്കും. 36 പോളിങ് സ്റ്റേഷനുകളാണ് തെരഞ്ഞെടുപ്പിനായി ഒരുക്കിയിരിക്കുന്നത്. 35 വാര്‍ഡുകളിലായി 111 സ്ഥാനാർഥികളാണുള്ളത്. 38,811 വോട്ടര്‍മാരാണ് മണ്ഡലത്തിലാകെയുള്ളത്. ഇതിൽ 20,608 സ്ത്രീകളും 18,201 പുരുഷന്മാരും രണ്ട് ട്രാന്‍സ്ജെൻഡറുമാണ് വോട്ടര്‍മാര്‍.
നിലവിലെ കക്ഷിനില പ്രകാരം 35 അംഗ ഭരണസമിതിയിൽ എൽ.ഡി.എഫിന് 28ഉം യു.ഡി.എഫിന് ഏഴും സീറ്റുകളാണുള്ളത്. എൽ.ഡി.എഫിൽ സി.പി.എമ്മിന് 25ഉം സി.പി.ഐ, ഐ.എൻ.എൽ, ജനതാദൾ എന്നീ കക്ഷികൾക്ക് ഓരോ സീറ്റു വീതവുമാണുള്ളത്.
യു.ഡി.എഫിൽ നാല് സീറ്റുകൾ കോൺഗ്രസിനും മൂന്നെണ്ണം മുസ്ലിം ലീഗിനുമാണ്. എൽ.ഡി.എഫിന് തന്നെയാണ് ഇക്കുറിയും ഭരണം ലഭിക്കാൻ സാധ്യത. തിങ്കളാഴ്ചയാണ് വോട്ടെണ്ണല്‍. ഉച്ചയോടെ ഫലം വ്യക്തമാകും.
സാധാരണ മറ്റു തദ്ദേശ സ്ഥാപനങ്ങളിലെ തെരഞ്ഞെടുപ്പ് കഴിഞ്ഞ് ഒന്നര വർഷം പിന്നിടുമ്പോഴാണ് മട്ടന്നൂരിൽ തെരഞ്ഞെടുപ്പിന് അരങ്ങൊരുങ്ങുന്നത്. മട്ടന്നൂർ പഞ്ചായത്തിനെ നഗരസഭയാക്കി ഉയർത്തിയ സംഭവത്തിലെ തർക്കങ്ങളും നിയമപോരാട്ടങ്ങളും സർക്കാർ തീരുമാനവുമാണ് ഒന്നര വർഷം തെറ്റിയുള്ള തെരഞ്ഞെടുപ്പിന് കാരണം.

