വിയ്യൂർ ജയിൽ ലൈബ്രറിക്ക് സാഹിതി അക്ഷര നിധി പുരസ്കാരം
text_fieldsതൃശൂർ: സംസ്കാര സാഹിതി ജില്ല കമ്മിറ്റി ആഭിമുഖ്യത്തിൽ സംസ്ഥാനത്തെ വ്യത്യസ്തവും ശ്രദ്ധേയവുമായ ലൈബ്രറിക്ക് നൽകുന്ന പ്രഥമ ബാലചന്ദ്രൻ വടക്കേടത്ത് സ്മാരക സാഹിതി അക്ഷര നിധി പുരസ്കാരത്തിന് വിയ്യൂർ ജില്ല ജയിൽ ലൈബ്രറി അർഹമായി.
25,000 രൂപയുടെ പുസ്തകങ്ങളും പ്രശസ്തി പത്രവും ഫലകവും അടങ്ങുന്ന പുരസ്കാരം നിരൂപകൻ ബാലചന്ദ്രൻ വടക്കേടത്തിന്റെ ഓർമ ദിനത്തോടനുബന്ധിച്ച് ഒക്ടോബർ 20ന് രാവിലെ 10ന് സാഹിത്യ അക്കാദമി ചങ്ങമ്പുഴ മന്ദിരത്തിൽ നടക്കുന്ന ചടങ്ങിൽ സമ്മാനിക്കും. കെ.പി.സി.സി പ്രസിഡന്റ് സണ്ണി ജോസഫ് എം.എൽ.എയിൽ നിന്ന് സെൻട്രൽ പ്രിസൺ ആൻഡ് കറക്ഷണൽ ഹോം സൂപ്രണ്ട് കെ. അനിൽകുമാറിന് ഏറ്റുവാങ്ങും.
കെ. അനിൽകുമാർ ജില്ല ജയിൽ സൂപ്രണ്ടായിരിക്കെ 2022ൽ സദ്ഗമയ എന്ന പേരിൽ തടവുകാർക്കായി ഏകദിന ശിൽപശാല സംഘടിപ്പിച്ചിരുന്നു. ശിൽപശാലയിൽ പങ്കെടുത്ത 18 തടവുകാർ എഴുതിയ രചനകൾ ‘ചുവരുകളും സംസാരിക്കും’ എന്ന പേരിൽ ആറ് സെന്റീമീറ്റർ നീളവും നാല് സെന്റീമീറ്റർ വീതിയും മാത്രമുള്ള ഒരു എ ഫോർ ഷീറ്റ് പേപ്പർ കൊണ്ട് തയാറാക്കിയ 40 പേജുകളുള്ള മിനിയേച്ചർ പുസ്തകമാക്കി പ്രസിദ്ധീകരിച്ച് വിതരണം ചെയ്തു.
ഇതിലൂടെ പൊതുസമൂഹത്തിൽ നിന്ന്മൂന്ന് ലക്ഷം രൂപയുടെ പുസ്തകങ്ങൾ സമാഹരിക്കാൻ സാധിച്ചു. ജില്ല ജയിൽ ലൈബ്രറി സംസ്ഥാനത്തെ ഏറ്റവും സജീവമായ വായനാകേന്ദ്രമായി മാറാൻ ഇത് ഇടയാക്കുകയും ചെയ്തു. തടവുകാർക്ക് വായനയുടെ മഹിമയും എഴുത്തിന്റെ ആത്മവിശ്വാസവും പകർന്നുകൊടുത്ത കെ. അനിൽകുമാർ മുൻകൈയെടുത്ത് നടപ്പിൽ വരുത്തിയ ‘അക്ഷര ചികിത്സ’ എന്ന ഈ സംരംഭം ഏറെ ഫലപ്രദവും ശ്രദ്ധേയവുമായി മാറിയതിനാലാണ് പ്രഥമ സാഹിതി അക്ഷര നിധി പുരസ്കാരം അന്നത്തെ ജയിൽ സൂപ്രണ്ട് ആയിരുന്ന കെ. അനിൽകുമാറിന് കൈമാറുന്നതെന്ന് പുരസ്കാര സമിതി അംഗങ്ങളായ പി.വി. കൃഷ്ണൻ നായർ, ഡോ. പി. സരസ്വതി, പി.എൽ. ജോമി, സംസ്കാര സാഹിതി ജില്ല ചെയർമാൻ സത്താർ ആദൂർ, കൺവീനർ അനിൽ സമ്രാട്ട് എന്നിവർ വാർത്തസമ്മേളനത്തിൽ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

