'എന്നെ വണ്ടിയിൽ കയറ്റിയാൽ കുറ്റം, ഇറക്കിയാൽ കുറ്റം, പിണറായി വിജയനെ ഈ പരുവത്തിലാക്കിയത് മാധ്യമങ്ങൾ' -വെള്ളാപ്പള്ളി
text_fieldsതിരുവനന്തപുരം: എൽ.ഡി.എഫിന്റെ തെരഞ്ഞെടുപ്പ് തോൽവിയിൽ മാധ്യമങ്ങളെ പഴിച്ച് വെള്ളാപ്പള്ളി നടേശൻ. 10 വർഷം ഭരിച്ച പിണറായി വിജയനെ ഈ പരുവത്തിലാക്കിയത് മാധ്യമങ്ങളാണെന്നും അദ്ദേഹത്തെ വേട്ടയാടിയെന്നും വെള്ളാപ്പള്ളി നടേശൻ പറഞ്ഞു. ഇഷ്ട്ടമല്ലത്ത അച്ചി തൊടുന്നതെല്ലാം കുറ്റം എന്നായിരുന്നു. എന്നെ വണ്ടിയിൽ കയറ്റിയാൽ കുറ്റം, ഇറക്കിയാൽ കുറ്റം. പല നല്ലകാര്യങ്ങളും ചെയ്തു, അത് ജനം അനുഭവിക്കുന്നുണ്ട്. പ്രതിപക്ഷ നേതാവാകാൻ സാധ്യത പിണറായി വിജയനാണ്.
നല്ല ഭരണം കാഴ്ചവെക്കാൻ യു.ഡി.എഫിന് സാധിക്കട്ടെയെന്നും അദ്ദേഹം ആശംസിച്ചു. മുഖ്യമന്ത്രി പ്രഖ്യാപനം ഉടൻ പ്രതീക്ഷിക്കുന്നുണ്ടെന്നും മുഖ്യമന്ത്രി ആരാണെങ്കിലും സ്വീകരിക്കുമെന്നും വെള്ളാപ്പള്ളി പറഞ്ഞു.
അതേസമയം, സി.പി.എം നേതാവ് എ.എം. ആരിഫിന് മുസ് ലിം ലീഗിന്റെ സ്വരമാണെന്ന് വെള്ളാപ്പള്ളി നടേശൻ വിമർശിച്ചു. ആരിഫ് സി.പി.എമ്മിൽ നിന്ന് ചാടാൻ നിൽക്കുകയാണ്. എല്ലാം കിട്ടിയിട്ടും തൃപ്തനല്ല. ജയിക്കാൻ വേണ്ടി എന്റെ വീട്ടിൽ വന്നിട്ടാണ് തന്നെ കുറ്റം പറയുന്നതെന്നും അദ്ദേഹം പറഞ്ഞു. താൻ കാരണമാണെന്ന ചർച്ച സി.പി.ഐയിലും സി.പി.എമ്മിലും നടന്നിട്ടില്ല. തന്നെയും തന്റെ സമുദായത്തെയും അപകീർത്തിപ്പെടുത്താൻ ചിലർ നടത്തുന്ന പ്രചരണമാണിതെന്നും വെള്ളാപ്പള്ളി വ്യക്തമാക്കി. വെള്ളാപ്പള്ളി നടേശന്റെ വർഗീയ പരാമർശങ്ങളെ ചെറുക്കാൻ കഴിയാത്തത് സി.പി.എമ്മിന് തിരിച്ചടിയായെന്ന് എ.എം. ആരിഫ് പറഞ്ഞിരുന്നു.
അതേസമയം, പ്രതിപക്ഷ നേതൃസ്ഥാനത്തുണ്ടാകുമോ എന്ന മാധ്യമപ്രവർത്തരുടെ ചോദ്യത്തോട് പ്രതികരിക്കാതെ പിണറായി വിജയൻ. സി.പി.എം പോളിറ്റ് ബ്യൂറോ യോഗത്തിൽ പങ്കെടുക്കാനായി ഡൽഹി എ.കെ.ജി ഭവനിൽ എത്തിയതായിരുന്നു പിണറായി വിജയൻ. കേരളത്തിലെ തെരഞ്ഞെടുപ്പ് ഫലവും പ്രതിപക്ഷ നേതാവായി ആരെ തെരഞ്ഞെടുക്കണം എന്ന വിഷയവും പി.ബി ചർച്ച ചെയ്യും. മാധ്യമങ്ങളുടെ ചോദ്യങ്ങൾക്ക് മറുപടി നൽകാതെ യോഗം നടക്കുന്ന രണ്ടാം നിലയിലേക്ക് പിണറായി കയറിപ്പോവുകയായിരുന്നു. മാധ്യമ സംഘത്തിലെ കാമറന്മാരുടെ തിരക്കുകൂട്ടൽ കണ്ട് ആരും പിന്നോട്ടു നടന്ന് വീഴാതെ നോക്കണമെന്നും നമുക്ക് പിന്നെ കാണാമെന്നുമാണ് പിണറായി പറഞ്ഞത്.
പിണറായി പ്രതിപക്ഷ നേതൃസ്ഥാനം ഏറ്റെടുത്തില്ലെങ്കിൽ കേന്ദ്ര കമ്മിറ്റി അംഗം കെ.എൻ. ബാലഗോപാൽ സ്ഥാനത്തേക്കു വരും. വി.എസ്. അച്യുതാനന്ദൻ പ്രതിപക്ഷ നേതാവും കോടിയേരി ബാലകൃഷ്ണൻ ഉപനേതാവുമായതിന് സമാനമായി പിണറായി പ്രതിപക്ഷ നേതാവും കെ.എൻ. ബാലഗോപാൽ ഉപനേതാവുമാകാനും സാധ്യതയുണ്ട്. പദവിയിൽ പിണറായിയും പ്രയോഗത്തിൽ ബാലഗോപാലുമെന്നതാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.
അംഗസംഖ്യ 35 ആയി പരിമിതമായ പ്രതിപക്ഷ മുന്നണിയെ നയിക്കാൻ നിലവിലെ സാഹചര്യത്തിൽ പിണറായി തയാറാകില്ലെന്നും അങ്ങനെയെങ്കിൽ ബാലഗോപാൽ നേതൃസ്ഥാനത്തേക്കെത്തുമെന്നും കേൾക്കുന്നു. സി.പി.എമ്മിൽ ചർച്ച പുരോഗമിക്കുന്നതിനിടെ ഇതാദ്യമായി സി.പി.ഐ പ്രതിപക്ഷ ഉപനേതൃസ്ഥാനത്തിന് അവകാശവാദമുന്നയിച്ചിട്ടുണ്ട്. കെ. രാജന്‍റെ പേര് മുൻനിർത്തിയാണ് സി.പി.ഐ നീക്കം. ‘ഒരു വാക്കും ഒരു നേതാവും’ എന്ന എൽ.ഡി.എഫിനെ കുറിച്ച പൊതുപ്രതിഛായ മാറണമെന്ന നിലപാടിലാണ് സി.പി.ഐ. ഇടതുമുന്നണിയുടെ സീറ്റുനിലകൂടി മുൻനിർത്തിയാണ് സി.പി.ഐയുടെ അവകാശവാദം. സ്വതന്ത്രരടക്കം 86 എം.എൽ.എമാർ മത്സരിച്ച സി.പി.എമ്മിന് 26 പേരെയാണ് ജയിപ്പിക്കാനായത്. എന്നാൽ 25 സീറ്റിൽ മത്സരിച്ച സി.പി.ഐക്ക് എട്ടു എം.എൽ.എമാരുണ്ട്. പിണറായി പ്രതിപക്ഷ നേതൃസ്ഥാനത്തേക്ക് വരേണ്ടതില്ലെന്ന നിലപാട് കൂടി സി.പി.ഐ മുന്നോട്ടുവെച്ചിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

