കാന്തപുരത്തിന്റെ കേരളയാത്രയിൽ മാറാട് കലാപം ഓർമിപ്പിച്ച് മുഖ്യമന്ത്രി; കാറിൽ ആളെ കയറ്റുന്നത് സൂക്ഷിച്ച് വേണമെന്ന് സതീശൻ, ഒരു വേദിയിൽ 'ഏറ്റുമുട്ടി' മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും
text_fieldsതിരുവനന്തപുരം: കാന്തപുരം എ.പി. അബൂബക്കർ മുസലിയാർ നയിച്ച കേരള യാത്രയുടെ സമാപന ചടങ്ങിൽ മുഖ്യമന്ത്രിക്കെതിരെ പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. വർഗീയതയെ ഇടതുപക്ഷം ചെറുത്തതിനെക്കുറിച്ച് പിണറായി ഇതേ വേദിയിൽ നടത്തിയ പരാമർശങ്ങൾക്കാണ് സതീശൻ മറുപടി നൽകിയത്.
നമുക്ക് മതേതരത്വം പറയാൻ എളുപ്പമാണ്. പ്രസംഗിക്കാനും എളുപ്പമാണ്. നമുക്കൊരുപാട് കാര്യങ്ങൾ പറയാം. മതേതരത്വം ഒരുവശത്ത് പറഞ്ഞുകൊണ്ട് മറ്റൊരുവശത്ത് വിദ്വേഷപ്രസംഗം നടത്തുന്നവരെ നമ്മൾ പൊന്നാടയിട്ട് സ്വീകരിക്കരുത്. നമ്മൾ കാറിൽ കയറ്റിയാലൊന്നും കുഴപ്പമില്ല. പക്ഷേ കാറിൽ കയറ്റുന്നവരെ സൂക്ഷിച്ചുവേണം കയറ്റാൻ -സതീശൻ പറഞ്ഞു.
മതേതരത്വത്തെ തൊട്ടുകളിച്ചാൽ വിട്ടുവീഴ്ചയില്ലാത്ത നിലപാട് സ്വീകരിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അയ്യപ്പസംഗമ പരിപാടിക്കിടെ എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെ മുഖ്യമന്ത്രി പിണറായി വിജയൻ കാറിൽ കയറ്റിയതിനെ പരോക്ഷമായി പരാമർശിച്ചായിരുന്നു സതീശൻ്റെ പ്രതികരണം.
ന്യൂനപക്ഷങ്ങൾ വേട്ടയാടപ്പെടുന്നിടത്ത് ഓടിയെത്തുന്നത് ഇടതുപക്ഷം -പിണറായി
രാജ്യത്ത് ന്യൂനപക്ഷങ്ങൾക്കായി ശബ്ദമുയർത്തുന്നതും അവർ വേട്ടയാടപ്പെടുന്നിടത്ത് ഓടിയെത്തുന്നതും ഇടതുപക്ഷമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ കേരള മുസ്‌ലിം ജമാഅത്തിന്റെ കേരളയാത്രയുടെ സമാപന സമ്മേളനത്തിൽ പറഞ്ഞു. ന്യൂനപക്ഷങ്ങൾക്ക് ജീവിതം ദുസ്സഹമാകുന്ന അവസ്ഥയാണ് രാജ്യത്ത് പലഭാഗങ്ങളിലുമുള്ളത്. ക്രൈസ്തവ സമൂഹത്തിനെതിരെയും അതിക്രമങ്ങളുണ്ടാകുന്നു. കേരളത്തിൽ ന്യൂനപക്ഷങ്ങൾക്ക് സുരക്ഷിതമായി ജീവിക്കാനുള്ള സാഹചര്യമാണുള്ളത്. മറ്റ് സംസ്ഥാനങ്ങളിലെപ്പോലെ വേവലാതിപ്പെടേണ്ട കാര്യമില്ല.
സംസ്ഥാനത്ത് ഒരു പതിറ്റാണ്ടായി വർഗീയ സംഘർഷങ്ങളില്ലാത്തത് സർക്കാർ തുടരുന്ന സമീപനത്തിന്‍റെ ഭാഗമായാണ്. എല്ലാ വർഗീതയയോടും കർക്കശ നിലപാടാണ് സ്വീകരിക്കുന്നത്. ഒരു വർഗീയത കൊണ്ട് മറ്റൊന്നിനെ നേരിടാനാവില്ല. ഭൂരിപക്ഷ വർഗീയതയെ ന്യൂനപക്ഷ വർഗീയതകൊണ്ട് ചെറുക്കാൻ ന്യൂനപക്ഷത്തിലെ ഒരുകൂട്ടർ ശ്രമിച്ചാൽ അത് ആത്മഹത്യാപരമാകുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
സംസ്ഥാനത്ത് നടന്ന വർഗീയ കലാപങ്ങളും മുഖ്യമന്ത്രി ഓർമ്മിപ്പിച്ചു. ഒന്നാം കലാപത്തിൽ അഞ്ചുപേർ കൊല്ലപ്പെട്ടുവെന്ന് ചൂണ്ടിക്കാണിച്ച മുഖ്യമന്ത്രി രണ്ടാം കലാപത്തിൽ ഒൻപത് പേർ കൊല്ലപ്പെട്ടതും ഓർമ്മിപ്പിച്ചു, വീടുകൾ ആക്രമിക്കപ്പെട്ടുവെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു. പൂവാറിൽ ഒട്ടനവധി വീടുകൾ തീവച്ചു. ചെറിയതുറയിലെ സംഘർഷത്തിൽ ആറു പേരാണ് കൊല്ലപ്പെട്ടത്. കാസർഗോഡ് നിരവധി തവണ കലാപങ്ങൾ നടന്നു. പൂന്തുറയിൽ നിരവധി വീടുകൾ ആക്രമിച്ചു. എല്ലാം നമ്മുടെ കേരളത്തിൽ സംഭവിച്ചതാണെന്ന് ചൂണ്ടിക്കാണിച്ച മുഖ്യമന്ത്രി ഇപ്പോൾ വർഗീയ സംഘർഷങ്ങളെ നമുക്ക് അകറ്റി നിർത്താൻ കഴിഞ്ഞുവെന്നും വ്യക്തമാക്കി.
വഖഫ് വിഷയത്തിൽ ഇടതുപക്ഷം ശക്തമായ നിലപാട് എടുത്തുവെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. പൗരത്വ നിയമത്തിൽ മുസ്‌ലിം ജനതയ്ക്ക് ഇടമില്ല. മുസ്‌ലിം ജനതയ്ക്ക് പൗരത്വം നിഷേധിക്കുന്നു. കശ്മീരിൻ്റെ പ്രത്യേക പദവി എടുത്തു കളഞ്ഞു. അത് എന്തിനാണെന്ന് നമ്മൾ മനസിലാക്കി. വിഭജന കാലത്ത് കൾമീർ ജനത ഇന്ത്യക്കൊപ്പം ഉറച്ചു നിന്നവരാണെന്നും മുഖ്യമന്ത്രി പറഞ്ഞു. വർഗീയതയുമായി ഒരു തരത്തിലുള്ള വിട്ടു വീഴ്ചയും സ്വീകരിക്കാൻ പാടില്ലെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

