‘സര്‍ക്കാർ സ്വന്തക്കാരെ സംരക്ഷിക്കുന്നു’; ആര്യയെയും സച്ചിനെയും കുറ്റപത്രത്തിൽ നിന്ന് ഒഴിവാക്കിയതിൽ പ്രതിപക്ഷ നേതാവ്
text_fieldsപത്തനംതിട്ട: കെ.എസ്.ആർ.ടി.സി ബസ് തടഞ്ഞ കേസിൽ മേയർ ആര്യ രാജേന്ദ്രനെയും ഭർത്താവും ബാലുശ്ശേരി എം.എല്‍.എയുമായ സച്ചിൻദേവിനെയും ഒഴിവാക്കി കുറ്റപത്രം സമർപ്പിച്ചതിൽ രൂക്ഷ വിമർശനവുമായി പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. മേയര്‍ ആര്യ രാജേന്ദ്രനും ഭര്‍ത്താവ് സച്ചിന്‍ ദേവ് എം.എല്‍.എയും കെ.എസ്.ആര്‍.ടി.സി ഡ്രൈവറുമായി സംഘര്‍ഷമുണ്ടാക്കിയ സംഭവം എല്ലാവരും കണ്ടതാണെന്ന് വി.ഡി. സതീശൻ പറഞ്ഞു.
എന്നാല്‍, കുറ്റപത്രം നല്‍കിയപ്പോള്‍ അവര്‍ രണ്ടു പേരും കുറ്റക്കാരല്ല. വാദി പ്രതിയായ അവസ്ഥയാണ് ഇപ്പോള്‍. ഡ്രൈവറാണ് ഇപ്പോള്‍ കേസിലെ പ്രതി. സംസ്ഥാനത്ത് ഉടനീളെ സ്വന്തക്കാരെ സംരക്ഷിക്കുന്ന നിലപാടാണ് സര്‍ക്കാര്‍ സ്വീകരിക്കുന്നതെന്നും വി.ഡി. സതീശൻ വ്യക്തമാക്കി.
കെ.എസ്.ആർ.ടി.സി ബസ് തടഞ്ഞ കേസിൽ മേയർ ആര്യ രാജേന്ദ്രനെയും ഭർത്താവും ബാലുശ്ശേരി എം.എല്‍.എയുമായ സച്ചിൻദേവിനെയും ഒഴിവാക്കിയാണ് പൊലീസ് കുറ്റപത്രം സമർപ്പിച്ചത്. കാറോടിച്ച മേയറുടെ സഹോദരൻ അരവിന്ദ് മാത്രമാണ് പ്രതി. അതേസമയം, എഫ്.ഐ.ആറിൽ പേരുള്ള എല്ലാവരെയും പ്രതിയാക്കണമെന്നും കുറ്റപത്രം തള്ളണമെന്നും ആവശ്യപ്പെട്ട് നേമം സ്വദേശിയും മുൻ കെ.എസ്.ആർ.ടി.സി ബസ് ഡ്രൈവറുമായ യദു പുതിയ ഹരജി നൽകി. തിരുവനന്തപുര ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് ടാനിയ മറിയം ജോസാണ് കേസ് പരിഗണിക്കുന്നത്.
2024 ഏപ്രില്‍ 27നാണ് സംഭവം. വാഹനം കടത്തിവിട്ടില്ലെന്ന് ആരോപിച്ച് മേയറും ഭര്‍ത്താവും അടക്കമുള്ളവര്‍ സഞ്ചരിച്ച വാഹനം ഉപയോഗിച്ച് കെ.എസ്.ആർ.ടി.സി ബസ് തടയുകയും ഡ്രെവറുമായി വാക്ക് തര്‍ക്കം ഉണ്ടാവുകയും ചെയ്തുവെന്നാണ് കേസ്. ഡ്രൈവര്‍ അശ്ലീല ആംഗ്യം കാണിച്ചുവെന്നാരോപിച്ച് അന്ന് രാത്രിയിൽ മേയര്‍ മ്യൂസിയം പൊലീസിൽ പരാതി നല്‍കി. ഔദ്യോഗിക കൃത്യനിര്‍വഹണം തടസ്സപ്പെടുത്തി, അസഭ്യം പറഞ്ഞു തുടങ്ങിയവ ചൂണ്ടിക്കാട്ടി യദു പരാതി നല്‍കിയെങ്കിലും കേസെടുക്കാൻ പൊലീസ് കൂട്ടാക്കിയില്ല.
തുടർന്ന് കോടതി നിർദേശാനുസരണമാണ് മേയര്‍ ആര്യ രാജേന്ദ്രന്‍, സച്ചിന്‍ദേവ് എം.എല്‍.എ, മേയറുടെ സഹോദരൻ അരവിന്ദ്, അരവിന്ദിന്‍റെ ഭാര്യ ആര്യ, അരവിന്ദിന്റെ സുഹൃത്ത് എസ്.ആർ. രാജീവ് എന്നിവരെ പ്രതിയാക്കി കന്‍റോൺമെന്റ് പൊലീസ് കേസ് രജിസ്റ്റർ ചെയ്തത്. ഇതിൽ നാലുപേരെ ഒഴിവാക്കിയാണ് കുറ്റപത്രം സമർപ്പിച്ചത്. പ്രതി ചേർക്കപ്പെട്ടയാൾക്ക് പെറ്റി കേസ് മാത്രമാക്കി പിഴയിട്ടു.
അഞ്ച് പേരെയും തന്നോടൊപ്പം ഡ്യൂട്ടിയിലുണ്ടായിരുന്ന കണ്ടക്ടർ മാണിക്കൽ കട്ടക്കൽ കൊപ്പം ലൈല മൻസിലിൽ സുബിനെയും പ്രതിയാക്കണമെന്നാണ് യദുവിന്റെ ആവശ്യം. സുബിനാണ് ബസിലുണ്ടായിരുന്ന മെമ്മറി കാർഡ് മേയർ അടക്കമുള്ള പ്രതികളുടെ സമ്മർദത്തെ തുടർന്ന് നശിപ്പിച്ചതെന്നാണ് യദുവിന്റെ ആരോപണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

