കെ.എസ്.ആർ.ടി.സി ഡ്രൈവറെ തടഞ്ഞ കേസ്: മേയർ ആര്യ രാജേന്ദ്രനെയും ഭർത്താവ് സച്ചിൻ ദേവ് എം.എൽ.എയേയും കുറ്റപത്രത്തിൽനിന്ന് ഒഴിവാക്കി
text_fieldsതിരുവനന്തപുരം: കെ.എസ്.ആര്‍.ടി.സി ബസ് തടഞ്ഞ് ഡ്രൈവറുമായി വാക്കുതർക്കമുണ്ടായ കേസിന്‍റെ കുറ്റപത്രത്തിൽനിന്ന് മേയർ ആര്യ രാജേന്ദ്രനെയും ഭർത്താവ് സച്ചിൻ ദേവ് എം.എൽ.എയെയും ഒഴിവാക്കി. മേയറുടെ സഹോദരൻ അരവിന്ദ് മാത്രമാണ് കേസിൽ പ്രതി. തിരുവനന്തപുര ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയാണ് കേസ് പരിഗണിക്കുന്നത്.
ആര്യക്കും സച്ചിൻദേവിനും പൊലീസ് നേരത്തെ ക്ലീൻ ചിറ്റ് നൽകിയിരുന്നു. മേയറും എം.എൽ.എയും മോശം പദപ്രയോഗം നടത്തിയതിനോ ബസിൽ അതിക്രമിച്ചു കയറിയതിനോ തെളിവില്ലെന്ന് വ്യക്തമാക്കിയാണ് കന്‍റോൺമെന്‍റ് പൊലീസ് കോടതിയില്‍ റിപ്പോർട്ട് നൽകിയത്. ബസിന്‍റെ വാതിൽ ഡ്രൈവർ യദു തന്നെയാണ് തുറന്നു കൊടുത്തതെന്നും റിപ്പോർട്ടിലുണ്ട്.
അതസേമയം, ഡ്രൈവർ യദുവിനെതിരെ കുറ്റപത്രം ഉടൻ സമർപ്പിക്കും. മേയറേയും മറ്റുള്ളവരെയും അശ്ലീല ആംഗ്യം കാണിച്ചുവെന്ന് മ്യൂസിയം പൊലീസാണ് കുറ്റപത്രം നൽകുന്നത്.
2024 ഏപ്രില്‍ 27ന് രാത്രി 10ഓടെയാണ് പാളയം സാഫല്യം കോംപ്ലക്സിന് മുന്നില്‍ മേയറും ഭര്‍ത്താവും അടക്കമുള്ളവര്‍ സഞ്ചരിച്ച സ്വകാര്യ വാഹനം കെ.എസ്.ആര്‍.ടി.സി ബസ് തടയുകയും തുടർന്ന് ഡ്രൈവറുമായി വാക്കേറ്റമുണ്ടായതുമാണ് കേസിനാസ്പദമായ സംഭവം. പ്ലാമൂട് വെച്ച് ആദ്യം ബസ് കാറിനെ ഇടിക്കുന്ന രീതിയില്‍ ഓടിച്ചെന്നും പിന്നാലെ ഡ്രൈവര്‍ തന്നെയും സഹോദര ഭാര്യയെയും അശ്ലീല ചുവയുള്ള ആംഗ്യം കാണിച്ചെന്നും മേയറും പരാതി നൽകി.
ആര്യ രാജേന്ദ്രന്‍റെ പരാതിയില്‍ യദുവിനെതിരെ കേസെടുത്ത് വേഗത്തിൽ നടപടികളിലേക്ക് കടന്ന പൊലീസ്, അന്ന് യദു പരാതി നല്‍കിയിരുന്നെങ്കിലും കേസെടുക്കാന്‍ ആദ്യം തയാറായിരുന്നില്ല. പിന്നീട് കോടതിയെ സമീപിച്ചതോടെയാണ് മേയര്‍ക്കും ഭര്‍ത്താവ് സച്ചിന്‍ദേവ് എം.എല്‍.എക്കുമെതിരെ കേസെടുത്തത്. സംഭവത്തിന്‍റെ ദൃശ്യങ്ങൾ പതിഞ്ഞ ബസിലെ ക്യാമറയുടെ മെമ്മറി കാർഡ് കാണാതായ കേസിൽ അന്വേഷണം ഇതുവരെ എങ്ങുമെത്തിയിട്ടില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

